Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202415Saturday

എകെജി സെന്ററിന് തൊട്ടു മുന്നിലുള്ള ഫ്‌ളാറ്റിൽ ഓഫീസ്; സഖാക്കളുടെ താമസയിടത്ത് പ്രവർത്തിച്ചിട്ടും വാരികയിലെ ജൈവ ബുദ്ധി ജീവികൾ ആ മരണം അറിഞ്ഞില്ല; ഡോ തോമസ് ഐസക് ചീഫ് എഡിറ്ററായ ചിന്താ വാരിക ഇപ്പോഴും പ്രിന്റ് ചെയ്യുന്നത് സഖാവ് കോടിയേരിക്ക് വേണ്ടി! സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ

എകെജി സെന്ററിന് തൊട്ടു മുന്നിലുള്ള ഫ്‌ളാറ്റിൽ ഓഫീസ്; സഖാക്കളുടെ താമസയിടത്ത് പ്രവർത്തിച്ചിട്ടും വാരികയിലെ ജൈവ ബുദ്ധി ജീവികൾ ആ മരണം അറിഞ്ഞില്ല; ഡോ തോമസ് ഐസക് ചീഫ് എഡിറ്ററായ ചിന്താ വാരിക ഇപ്പോഴും പ്രിന്റ് ചെയ്യുന്നത് സഖാവ് കോടിയേരിക്ക് വേണ്ടി! സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ താത്വിത രാഷ്ട്രീയ രംഗത്തെ പ്രചരണോപാധിയാണ് ചിന്ത. സാർവ്വ ദേശീയ രംഗത്തെ മാറ്റങ്ങളെ അണികളിലെത്തിക്കേണ്ട മാധ്യമം. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ചിന്താ വാരികയുടെ പ്രവർത്തനം. എല്ലാ ആഴ്ചയും ഇടത് രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനായി ചിന്തയെത്തും. എന്നാൽ 'ചിന്ത'യ്ക്ക് പിന്നിലുള്ളവർ ഇനിയും ആ സത്യം ഉൾക്കൊണ്ടിട്ടില്ല. മാറ്റുവിൻ ചട്ടങ്ങളേ എന്ന മുദ്രാവാക്യവുമായി വിപ്ലവ വഴിയിൽ നീങ്ങുന്ന പ്രസ്ഥാനത്തിന്റെ ബൗദ്ധിക-സൈന്താദ്ധിക വാരിക. പക്ഷേ മാറ്റങ്ങൾക്ക് വേണ്ടി നൽക്കുന്ന അവർ ഇനിയും ആ സത്യം ഉൾക്കൊണ്ടിട്ടില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. കാരണം ഇപ്പോഴും അവർ ചിന്താ വാരിക ഇറക്കുന്നത് സഖാവ് കോടിയേരി ബാലകൃഷ്ണനാണ്. ചീഫ് എഡിറ്റർ തോമസ് ഐസക്കും.

രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസീദ്ധീകരണങ്ങളിലും പ്രിന്റ് ലൈൻ അനിവാര്യതയാണ്. കൃത്യമായ വസ്തുകൾ തന്നെ അതിൽ നൽകണം. വാരികയുടെ അഡ്രസും പ്രിന്റ് ചെയ്യുന്നത് ആർക്ക് വേണ്ടിയെന്നും വ്യക്തമാക്കണം. ചീഫ് എഡിറ്ററെ കുറിച്ചും പ്രതിപാദിക്കണം. ഈ പ്രിന്റ് ലൈനിലാണ് കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണ് ഇപ്പോഴും ചിന്ത പ്രസിദ്ധീകരിക്കുന്നതെന്ന് വ്യക്തമാകുന്നത്. പ്രിന്റഡ് ആൻഡ് പബ്ലിഷ്ഡ് ബൈ കെ എ വേണുഗോപാലൻ ഫോർ കോടിയേരി ബാലകൃഷ്ണൻ ആർഡ് അദേഴ്‌സ് ഫോർ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്)-ഇതാണ് അച്ചടിച്ച് വച്ചിരിക്കുന്നത്. ജൈവ ബുദ്ധി ജീവികൾക്ക് ഇതു എന്തു പറ്റിയെന്നതാണ് ഉയരുന്ന ചോദ്യം.

തിരുവനന്തപുരത്ത് എകെജി സെന്ററിലാണ് സിപിഎം സംസ്ഥാന സമിതിയുടെ ആസ്ഥാനം. ഇതിന് തൊട്ടു മുന്നിലാണ് ചിന്തയുടെ ഓഫീസ്. പാർട്ടി നേതാക്കൾക്ക് താമസിക്കാൻ വേണ്ടി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ഛയത്തിലാണ് ചിന്ത പ്രവർത്തിക്കുന്നത്. അത്രമേൽ പാർട്ടിയുമായി അടുത്തു നിൽക്കുന്ന വാരികയാണ് ചിന്ത. എന്നിട്ടും കോടിയേരിയുടെ മരണം അറിഞ്ഞ ഭാവം അവർ കാണിക്കുന്നില്ല. ഇപ്പോഴും ചിന്തയുടെ എല്ലാമെല്ലാമായി കോടിയേരി തുടരുന്നു.

2022 ഒക്ടോബറിൽ കോടിയേരി അന്തരിച്ചു. പിന്നാലെ പുതിയ പാർട്ടി സെക്രട്ടറിയായി എംവി ഗോവിന്ദൻ വന്നു. അതുകൊണ്ട് തന്നെ കോടിയേരിയുടെ പേരു മാറ്റി എംവി ഗോവിന്ദന്റെ പേരു വയ്‌ക്കേണ്ടതാണ്. എന്നാൽ ഈ മാറ്റം സാർവ്വദേശീയ ചലനങ്ങൾ പാർട്ടി സഖാക്കളെ അറിയിക്കുന്ന വാരിക ഇനിയും ഉൾക്കൊള്ളുന്നില്ല. ചീഫ് എഡിറ്ററായി ഡോ ടിഎം തോമസ് ഐസക്കിന്റെ പേരാണ് ഉള്ളതെന്നതും വ്യക്തമാണ്. 2023 ജൂൺ 23നുള്ള പതിപ്പിലും കോടിയേരിക്ക് വേണ്ടിയാണ് ചിന്ത അച്ചടിക്കുന്നതെന്ന് വ്യക്തം.

ഗുസ്തി താരങ്ങളുടെ സമരത്തിന്റെ രാഷ്ട്രീയമാണ് ജൂൺ 23 എന്ന തീയതിയിൽ പുറത്തിറങ്ങുന്ന ചിന്തയുടെ രാഷ്ട്രീയ ചർച്ചാ വിഷയം. സുഭാഷിണി അലിയും നിതീഷ് നാരായണനും ജി പി രാമചന്ദ്രനും യോഗേന്ദ്ര ആഹൂജയും അടക്കമുള്ളവർ ലേഖനം എഴുതുന്നു. ഇതിനൊപ്പം നാലാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിക്കുന്നു. വികസനത്തിന്റെ തുരങ്കം വയ്ക്കുന്ന യുഡിഎഫ് സമീപനത്തിൽ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനവുമുണ്ട്. എംഎ ബേബിയും ചിലിയിലെ സമകാലിക രാഷ്ട്രീയ സങ്കീർണ്ണതകൾ എഴുതുന്നു. അങ്ങനെ കേരളത്തിലെ സിപിഎമ്മിലെ പ്രമുഖർ എഴുതുന്ന വാരികയിലാണ് ഈ പിഴവുള്ളത്. ആരും ചിന്തയിൽ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നതിന് തെളിവാണ് ഇതെല്ലാം.

രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സിനെ അറിയിച്ച് പത്രങ്ങളിലും വാരികയിലും എല്ലാം മാറ്റങ്ങൾ അപ്പോഴപ്പോൾ വരുത്തണം. ജില്ലാ തലത്തിൽ എഡിഎമ്മുമാർക്കാണ് ചുമതല. ഇവരെ അറിയിച്ച് കോടിയേരിയുടെ മരണവും അടുത്ത ആളിന്റെ ചുമതല ഏറ്റെടുക്കലും പ്രിന്റ് ലൈനിൽ എത്തിക്കേണ്ടത് അനിവാര്യതയായിരുന്നു. എന്നാൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ പ്രസിദ്ധീകരണം അത് അറിയാതെ പോയി. ഇപ്പോഴും കോടിയേരിയുടെ പേര് പ്രിന്ററും പബ്ലിഷറുമാകുന്നു. വലിയ ഗുരുതര പിഴവാണ് സംഭവിച്ചിരിക്കുന്നത്. വാരികയുടെ അംഗീകാരം പോലും റദ്ദാകാൻ പോന്നതാണ് പിഴവ്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത് അർബുദബാധയെ തുടർന്നാണ്. രോഗബാധയെ തുടർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാർച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്. ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളിൽനിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാപ്രവർത്തനം, പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാർട്ടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം. ഇവയെല്ലാം കോടിയേരിയിൽ ഉൾച്ചേരുന്നു.

2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന് 2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു.

രോഗനില വഷളായതോടെ ആഗസ്റ്റിൽ ചുമതല ഒഴിഞ്ഞു. തുടർന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ഇതൊന്നും ചിന്ത എന്ന സിപിഎം വാരിക മാത്രം അറിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP