Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൂപ്പർതാരത്തിന്റെ സൂപ്പർ കൈയേറ്റം; മലയാളത്തിലെ മഹാനടന്റെ മകന് വേനൽക്കാലവസതിക്കായി അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തൽ; ചിലവന്നൂർ കായൽ പുറമ്പോക്കിലെ ടിപ്പർ പ്രയോഗം ഷാഡോ പൊലീസ് തടഞ്ഞു; കേസ് എടുക്കാതിരിക്കാൻ കടവന്ത്ര പൊലീസിൽ ഉന്നതതല സമ്മർദ്ദം

സൂപ്പർതാരത്തിന്റെ സൂപ്പർ കൈയേറ്റം; മലയാളത്തിലെ മഹാനടന്റെ മകന് വേനൽക്കാലവസതിക്കായി അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തൽ; ചിലവന്നൂർ കായൽ പുറമ്പോക്കിലെ ടിപ്പർ പ്രയോഗം ഷാഡോ പൊലീസ് തടഞ്ഞു; കേസ് എടുക്കാതിരിക്കാൻ കടവന്ത്ര പൊലീസിൽ ഉന്നതതല സമ്മർദ്ദം

കൊച്ചി: മലയാളത്തിലെ മഹാനടന്റെ റിയൽ എസ്റ്റേറ്റ് ഇടപാടിന് കൊച്ചി ഷാഡോ പൊലീസിന്റെ ചക്രപ്പൂട്ട്. പ്രമുഖനായ സൂപ്പർ താരത്തിന്റെ ഭൂമി മണ്ണടിച്ചുനികത്താനുള്ള ശ്രമം ഷാഡോ പൊലീസ് തടഞ്ഞു. കടവന്ത്ര മന്തേലിപ്പാടം റോഡിലെ താരത്തിന്റെതായുള്ള ഭൂമിയിലാണ് ടിപ്പർ ഉപയോഗിച്ച് നികത്തിയെടുത്തിരുന്നത്.

ശനിയാഴ്ച വൈകീട്ടോടെ രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഷാഡോ പൊലീസ് സംഘം ടിപ്പറും മണ്ണടി സാമഗ്രികളും പിടിച്ചെടുത്തു.എന്നാൽ താരത്തിന്റെ പേരിൽ കെസെടുക്കാൻ ഇതുവരെ കടവന്ത്ര പൊലീസ് തയ്യാറായിട്ടില്ല. മണ്ണടിച്ചു നികത്തുന്നതു സംബന്ധിച്ച് ഒരുകേസ് മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നാണ് കടവന്ത്ര പൊലീസിന്റെ ഈ വിഷയത്തിലുള്ള വിശദീകരണം. ആരുടേതാണ് ഭൂമിയെന്ന കാര്യത്തിലും വ്യക്തമായ മറുപടി നൽകാൻ അവർ തയ്യാറായിട്ടില്ല. മണ്ണടിച്ചു നികത്തിയതുമായി ബന്ധപ്പെട്ട് തങ്ങൾ രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങൾ വില്ലേജ് ഓഫീസറേയും റവന്യൂ വകുപ്പിനേയും അറിയിക്കുമെന്നാണ് കടവന്ത്ര പൊലീസിന്റെ നിലപാട്.

ഇതുസംബന്ധിച്ച് ആരേയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായിട്ടുമില്ല. ഷാഡോ പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതിന് ശേഷം കടവന്ത്ര പൊലീസിനെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കടവന്ത്ര എസ്‌ഐ പ്രജീഷ് ശശിയും സംഘവും സ്ഥലത്തെത്തിയാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. സൂപ്പർ താരം മകന് വേനൽക്കാല വസതിക്കായാണ് ഈ സ്ഥലം ഉപയോഗിക്കുന്നതെന്നാണ് വിവരം. 80 സെന്റിലാണ് താരം അത്യാധുനിക സൗകര്യത്തോടെയുള്ള വസതിയൊരുക്കുന്നത്. കഴിഞ്ഞ ദിവസവും താരവും ഭാര്യയും കടവന്ത്രയിലെ ഭൂമിയിൽ സന്ദർശനം നടത്തിയിരുന്നു.

ഇതിനു പിറകെയാണ് നികത്തൽ ആരംഭിച്ചതെന്നാണ് സൂചന. എന്തായാലും 20 വർഷം മുൻപ് താരം വാങ്ങിയതാണ് ഈ സ്ഥലമെന്ന് ഏതാണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതിൽ 18 സെന്റോളം ചിലവന്നൂർ കായൽ പുറമ്പോക്കാണെന്ന് കാണിച്ച് ഒരു പരാതിയും നിലനിൽക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സൂപ്പർ താരം തയ്യാറായിട്ടുമില്ല. അണിയറയിൽ ചിലർ കേസ് ഒതുക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്.

അതീവ പരിസ്ഥിതി ദുർബല പ്രദേശമായി കണ്ടെത്തിയ ഇവിടെ തീരദേശ പരിപാലന അഥോറിറ്റിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാകൂ എന്നാണറിയുന്നത്. ഇത് നിലനിൽക്കെയാണ് താരം മണ്ണടിച്ച് നികത്തി വീട് നിർമ്മിക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. മകനും കുടുംബവും ഇപ്പോൾ എറണാകുളം നഗരത്തിലുള്ള താരത്തിന്റെ വീട്ടിലാണ് താമസം.

വർഷങ്ങൾക്ക് മുൻപ് വാങ്ങിച്ച ഭൂമിയായതിനാൽ അതിന് അദ്ദേഹത്തിന്റെ പേരിൽ പട്ടയം ഉണ്ടെന്നാണ് പരിസരവാസിയായ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. പട്ടയം ഉണ്ടെങ്കിലും നിയമവിരുദ്ധമായി നികത്തിയെടുക്കുന്നത് ക്രിമിനൽ കേസ് തന്നെയാണ്. താരവും  മകനും പ്രദേശത്ത് താമസിക്കാൻ വരുന്നതിലുള്ള ചിലരുടെ അസൂയയാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നാണ് അയൽവാസികളിൽ ചിലരുടെ അഭിപ്രായം. എന്തായാലും ഇനി വില്ലേജ് ഓഫീസർ വന്ന് പരിശോധിക്കാതെ യാതൊരുരു നിർമ്മാണ പ്രവർത്തനവും സ്ഥലത്ത് അനുവദിക്കാനാകില്ല.

സൂപ്പർ താരം ചുമതലപ്പെടുത്തിയ സൂപ്പർവൈസർ ആണ് സ്ഥലത്ത് മണ്ണടിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നതെന്ന് നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു. മലയാളത്തിലെ ഈ മഹാനടൻ സ്വന്തമാക്കിയ ഭൂമി ആരുടെ പേരിലാണെന്നു പോലും അന്വേഷിച്ചു നോക്കാതെ കേസ് തങ്ങളിൽ നിന്നൊഴിവാക്കാനുള്ള കടവന്ത്ര പൊലീസിന്റെ നീക്കവും സംശയാസ്പദമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP