Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാൻ അനുവദിക്കില്ല; ഭരണത്തുടർച്ചയുണ്ടായാലും ഉമ്മൻ ചാണ്ടിയെ നായകനായി കാണാൻ ചെന്നിത്തലയ്ക്ക ബുദ്ധിമുട്ട്; നേതാവിനെ എംഎൽഎമാർ തെരഞ്ഞെടുക്കട്ടേ എന്ന വാദവുമായി ഐ ഗ്രൂപ്പ്; വിവാദങ്ങളുണ്ടാക്കാതെ ലക്ഷ്യം നേടാനുറച്ച് എ വിഭാഗവും

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാൻ അനുവദിക്കില്ല; ഭരണത്തുടർച്ചയുണ്ടായാലും ഉമ്മൻ ചാണ്ടിയെ നായകനായി കാണാൻ ചെന്നിത്തലയ്ക്ക ബുദ്ധിമുട്ട്; നേതാവിനെ എംഎൽഎമാർ തെരഞ്ഞെടുക്കട്ടേ എന്ന വാദവുമായി ഐ ഗ്രൂപ്പ്; വിവാദങ്ങളുണ്ടാക്കാതെ ലക്ഷ്യം നേടാനുറച്ച് എ വിഭാഗവും

ബി രഘുരാജ്‌

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരും സൗഹൃദ പോരുകളും യുഡിഎഫിന് മുൻതൂക്കം നഷ്ടമാക്കുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിനുള്ള രമേശ് ചെന്നിത്തല വിഭാഗം കരുനീക്കം ശക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടുന്നതിനെ ഐ വിഭാഗം അംഗീകരിക്കില്ല. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ഒരു പോലെ ഉയർത്തിക്കാട്ടണമെന്നാണ് ആവശ്യം. നിയമസഭാ കക്ഷിയിൽ ഏത് ഗ്രൂപ്പിനാണോ മുൻതൂക്കം അതായിരിക്കണം മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള മാനദണ്ഡമെന്ന വാദമാകും ഉയർത്തുക. കേന്ദ്രത്തിൽ അധികാരം പോയതോടെ ഹൈക്കമാണ്ട് ദുർബലമായെന്നും അതുകൊണ്ട് അംഗബലത്തിലൂടെ മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാനുമാണ് ചെന്നിത്തലയുടെ നീക്കം. കെപിസിസി അധ്യക്ഷ പദവും മത്സരത്തിലൂടെ പിടിച്ചെടുക്കാനാണ് തീരുമാനം. കെ മുരളീധരനെ കെപിസിസി അധ്യക്ഷനായി ഉയർത്തിക്കാട്ടാനും ഏകദേശ ധാരണയായിട്ടുണ്ട്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ഉമ്മൻ ചാണ്ടിയാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷനായ വി എം സുധീരൻ പറഞ്ഞിരുന്നു. ഇതോടെയാണ് നേതൃത്വ ചർച്ചകൾ കോൺഗ്രസിൽ സജീവമായത്. ഭരണതുടർച്ചയുണ്ടായാൽ സ്വാഭാവികമായും മുഖ്യമന്ത്രി കസേര ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണെന്ന തരത്തിലായിരുന്നു പരമാർശം. ഇത് തന്നെയാണ് എ വിഭാഗവും ലക്ഷ്യമിടുന്നത്. ബിജെപിയുടേയും എസ്എൻഡിപിയുടേയും കൂട്ടുകെട്ട് സിപിഎമ്മിന് ക്ഷീണമുണ്ടാക്കുമെന്നും അതുകൊണ്ട് തന്നെ ജയിച്ച് കയറാമെന്നുമാണ് വിലയിരുത്തൽ. ഈ തന്ത്രം വിജയിപ്പിക്കാനുള്ള നീക്കമാണ് അരുവിക്കരയിൽ പരീക്ഷിച്ചതും ഫലം കണ്ടതും. ഈ സാഹചര്യത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലായി ഉമ്മൻ ചാണ്ടി ക്യാമ്പ്. തദ്ദേശത്തിൽ കൂടി മുൻതൂക്കം നേടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കുന്ന ഫോർമുലയും തയ്യാറാക്കി. ഇതിന് സുധീരന്റെ പിന്തുണയും തേടി. സുധീരനെ കെപിസിസി അധ്യക്ഷനാക്കി കൊണ്ടുള്ള ഒത്തു തീർപ്പാണ് തയ്യാറായത്.

ഇത് തിരിച്ചറിഞ്ഞതോടെയാണ് സമ്മർദ്ദവുമായി ഐ ഗ്രൂപ്പ് രംഗത്ത് വന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിക്കുന്ന കീഴ് വഴക്കം കോൺഗ്രസിൽ ഇല്ല. നിയമസഭാ കക്ഷിയാണ് അത് തീരുമാനിക്കുക. ഹൈക്കമാണ്ട് നിലപാടും ഇതിനെ സ്വാധീനിക്കും. ആ മാതൃക വീണ്ടും അവതരിപ്പിച്ചാൽ മതിയെന്നാണ് നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം മനസ്സിൽ വച്ചാണ് നിയമസഭയിലേക്ക് ചെന്നിത്തല മത്സരിച്ചത്. എന്നാൽ കോൺഗ്രസിൽ നിന്ന് ജയിച്ച 40 പേരിൽ ബഹുഭൂരിഭാഗവും എ ഗ്രൂപ്പുകാരായി. ഇതിനൊപ്പം ഘടകക്ഷികളും ഉമ്മൻ ചാണ്ടിയെ പിന്തുണച്ചു. അടുത്ത തവണ ഈ സാഹചര്യം ഒഴിവാക്കാനാണ് നീക്കം. പരമാവധി ഐ ഗ്രൂപ്പുകാരുടെ വിജയം ഉറപ്പാക്കും. ഇതിലൂടെ നിയമസഭാ കക്ഷിയിൽ ഐ വിഭാഗത്തിന് ഭൂരിപക്ഷം ഉറപ്പാക്കും. അതോടെ മുഖ്യമന്ത്രി പദത്തിൽ ഉമ്മൻ ചാണ്ടിയുടെ തുടർച്ച ഇല്ലാതാക്കാമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടിയുള്ള വോട്ട് പിടിത്തം ചെന്നിത്തല അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലേക്കുള്ള നായകനെ നിശ്ചയിക്കാമെന്ന സുധീരന്റെ വാക്കുകളിലെ ചതി തിരിച്ചറിഞ്ഞാണ് പുതിയ നീക്കം.

ഇതിന്റെ ഭാഗമായാണ് കെ മുരളീധരനെ തന്നെ രംഗത്തിറക്കി നിലപാട് വിശദീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കൂട്ടി നേതാവിനെ നിശ്ചയിക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ലെന്നും നിയമസഭാ കക്ഷിയാണ് നേതാവിനെ നിശ്ചയിക്കുന്നതെന്നുമാണ് മുരളീധരൻ വിശദീകരിച്ചത്. ഫലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിർദ്ദേശത്തെ മുളയിലേ നുള്ളൂകയാണ് ഐ ഗ്രൂപ്പ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായത് ചോദിച്ച് വാങ്ങും. അതിന് ശേഷം പരമാവധി പേരെ ജയിപ്പിച്ചെടുക്കും. ഭൂരിപക്ഷ രാഷ്ട്രീയമാണ് ഐ ഗ്രൂപ്പിന്റെ കരുത്ത്. ബിജെപി-എസ്എൻഡിപി നീക്കങ്ങളെ അതുകൊണ്ട് തന്നെ സസൂക്ഷ്മം വീക്ഷിക്കും. കരുതലോടെയുള്ള പ്രവർത്തനങ്ങളുമായി പ്രവർത്തിച്ച് ഐ ഗ്രൂപ്പുകാരെ ജയിപ്പിക്കാനാണ് നീക്കം. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖർ മത്സര രംഗത്തുണ്ടാകും. എന്നാൽ കെപിസിസി അധ്യക്ഷനായാൽ കെ മുരളീധരൻ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. എന്നാൽ കെപിസിസി പുനഃസംഘടനയിൽ നേടുന്ന മേൽകൈയാകും ഇതിലെല്ലാം നിർണ്ണായകമാവുക.

ഈ സാഹചര്യത്തിൽ കരുതലോടെയാണ് എ ഗ്രൂപ്പിന്റേയും പോക്ക്. വിവാദങ്ങളുണ്ടാക്കുന്ന തരത്തിൽ പ്രതികരണങ്ങൾ ഉണ്ടാവില്ല. എന്നാൽ മുഖ്യമന്ത്രി പദം കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെച്ചൊല്ലി വിവാദമുണ്ടാക്കാൻ താൽപര്യമില്ലെന്നും നായകൻ ആരെന്നത് ചർച്ചാവിഷയമല്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. നായകനെ സംബന്ധിച്ച ചർച്ച ഇപ്പോൾ യു.ഡി.എഫിന്റെ അജണ്ടയിലില്ല. കോൺഗ്രസിന് എല്ലാകാലത്തും അതിന്റേതായ നടപടിക്രമമുണ്ട്. ആ നടപടി ക്രമമാണ് കോൺഗ്രസ് പുലർത്തിപ്പോരുന്നത്. ഹൈക്കമാൻഡ് ഒക്കെ ഇടപെടുന്ന വിഷയാണ് അതെന്നും ഉമ്മൻ ചാണ്ടി പറയുന്നു. അതായത് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന് അപ്പുറമുള്ള കാര്യങ്ങളുണ്ടെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞുവയ്ക്കുന്നത്. ഹൈക്കമാണ്ടിൽ എകെ ആന്റണിയുടെ സ്വാധീനമാണ് പ്രതീക്ഷകൾക്ക് ആധാരം. കെപിസിസി അധ്യക്ഷനായി സുധീരനെ വീണ്ടുമെത്തിച്ച് ആന്റണിയുടെ മനസ്സ് അനുകൂലമാക്കാൻ എ ഗ്രൂപ്പ് തയ്യാറാകുന്നതും അതുകൊണ്ട് തന്നെയാണ്. ഏതായാലും ഐ ഗ്രൂപ്പുമായി സഹകരിച്ച് പോയാൽ മുഖ്യമന്ത്രി പദം വീണ്ടും സ്വന്തമാക്കാൻ കഴിയില്ലെന്ന വിലയിരുത്തലിൽ ഉമ്മൻ ചാണ്ടി എത്തിക്കഴിഞ്ഞു.

എന്നാൽ ഇതിന്റെ പേരിൽ തർക്കമുണ്ടായാൽ യുഡിഎഫിന്റെ സാധ്യതകൾ പോലും തകരും. അതിനാൽ പരസ്യമായി നേതൃത്വ വിവാദം എ ഗ്രൂപ്പ് ചർച്ചയാക്കില്ല. സുധീരനോടും ഈ നിർദ്ദേശം വച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം ഉണ്ടായാൽ ഹൈക്കമാണ്ടിലെ സമ്മർദ്ദം അനിവാര്യമായി വരും. എല്ലാത്തിനുപരി എംഎൽഎമാരുടെ അംഗബലവും. ഇതു രണ്ടിലും ഐ ഗ്രൂപ്പിനേക്കാൾ മുന്നിലെത്തിയേ മതിയാകൂ എന്നും ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. അതുകൊണ്ട് എ ഗ്രൂപ്പ് നേതാക്കളുടെ നിയമസഭയിലേക്കുള്ള ജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് കരുക്കൾ നീക്കം. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ എ ഗ്രൂപ്പ് നേതാക്കളുടെ പ്രചരണത്തിൽ മുഖ്യന്ത്രി പ്രധാന പങ്കുവഹിക്കും. സമുദായ സമവാക്യങ്ങളും വികസന പ്രശ്‌നങ്ങളിലും മണ്ഡലത്തിന് അനുകൂല തീരുമാനം ഉണ്ടാകും. എ ഗ്രൂപ്പിലെ സിറ്റിങ് എംഎൽഎമാരുടെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസന പദ്ധതികൾ പ്രത്യേകമായി എത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇത്തരം പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകും. നിയമസഭയിലെ ഇപ്പോഴത്തെ വിശ്വസ്തരെല്ലാം വീണ്ടും ജയിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വി എസ് അച്യൂതാനന്ദൻ നയിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ മത്സരം തീപാറും. നിലവിലെ എംഎൽഎമാർ തോൽക്കാതിരുന്നാൽ തന്നെ നിയമസഭാ കക്ഷിയിൽ എ ഗ്രൂപ്പിന് മേധാവിത്വം ഉറപ്പാകും. സുധീരനെ അനുകൂലിക്കുന്ന എംഎൽഎമാരും കൂടി പിന്തുണച്ചാൽ ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങളെ പൊളിക്കാമെന്നാണ് ഉമ്മൻ ചാണ്ടി ക്യാമ്പിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP