Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോൺ കോൾ പരിശോധനയിൽ തെളിഞ്ഞത് പാമ്പു പിടിത്തക്കാരൻ ചാവറുകാവ് സുരേഷിന്റെ നമ്പർ; ഇന്റർനെറ്റിലെ പരതലിനൊപ്പം കല്ലുവാതുക്കലിലേക്ക് അന്വേഷണമെത്തിയപ്പോൾ പൊളിഞ്ഞത് സൂരജിന്റെ കുബുദ്ധി; പാമ്പ് വില കൊടുത്ത് വാങ്ങിയത് യൂട്യൂബിൽ അപ് ലോഡ് ചെയ്ത് പണമുണ്ടാക്കാനെന്ന കള്ളം പറഞ്ഞും; ഉത്രാ കൊലക്കേസിൽ മുഖ്യസാക്ഷിയായി ചാവറുകാവ് സുരേഷ് മാറിയേക്കും; അഞ്ചൽ പാമ്പു കടി കൊലയിൽ പഴുതുകൾ അടയ്ക്കാൻ കരുതലോടെ പൊലീസ്; നിർണ്ണായകമായത് അണലി സ്‌പെഷ്യലിസ്റ്റിന്റെ മൊഴി തന്നെ

ഫോൺ കോൾ പരിശോധനയിൽ തെളിഞ്ഞത് പാമ്പു പിടിത്തക്കാരൻ ചാവറുകാവ് സുരേഷിന്റെ നമ്പർ; ഇന്റർനെറ്റിലെ പരതലിനൊപ്പം കല്ലുവാതുക്കലിലേക്ക് അന്വേഷണമെത്തിയപ്പോൾ പൊളിഞ്ഞത് സൂരജിന്റെ കുബുദ്ധി; പാമ്പ് വില കൊടുത്ത് വാങ്ങിയത് യൂട്യൂബിൽ അപ് ലോഡ് ചെയ്ത് പണമുണ്ടാക്കാനെന്ന കള്ളം പറഞ്ഞും; ഉത്രാ കൊലക്കേസിൽ മുഖ്യസാക്ഷിയായി ചാവറുകാവ് സുരേഷ് മാറിയേക്കും; അഞ്ചൽ പാമ്പു കടി കൊലയിൽ പഴുതുകൾ അടയ്ക്കാൻ കരുതലോടെ പൊലീസ്; നിർണ്ണായകമായത് അണലി സ്‌പെഷ്യലിസ്റ്റിന്റെ മൊഴി തന്നെ

ആർ പീയൂഷ്

കൊല്ലം: ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് മുൻപാകെ നൽകിയ മൊഴി. ഇയാൾക്കൊപ്പം പാമ്പുപിടുത്തക്കാരൻ ചാവറുകാവ് സുരേഷിന്റെയും അറസ്റ്റ് ഉണ്ടാകും. അണലിയെ പിടികൂടുന്നതിൽ സ്‌പെഷ്യലിസ്റ്റാണ് ചാവറുകാവ് സുരേഷ്. ആദ്യം അണലിയെ കൊണ്ടാണ് സൂരജ് ഭാര്യ ഉത്രയെ കടിപ്പിച്ചത്. ഇത് വിജയം കണ്ടില്ല. ഇതോടെയാണ് മൂർഖനെ വിലയ്ക്ക് വാങ്ങിയത്.

സൂരജിന്റെ ഫോൺ കോളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാമ്പ് കടി കൊലപാതകമാണെന്ന് പൊലീസിന് മുന്നിൽ സൂരജ് സമ്മതിച്ചത്. സുരേഷിന്റെ പക്കൽ നിന്നും വാങ്ങിയ പാമ്പിനെ രാത്രിയിൽ ഉത്രയെ കടിപ്പിക്കുകയായിരുന്നു. ഉത്രയെ കടിച്ച ആദ്യ പാമ്പും സൂരജിന് നൽകിയത് സുരേഷ് എന്നാണ് സൂചന.

പാമ്പിനെ വെച്ചുള്ള വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ സൂരജിന്റെ മറ്റൊരു അകന്ന ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സൂരജും ബന്ധുവുമാണ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പാമ്പുപിടുത്തക്കാരൻ പ്രധാനസാക്ഷിയായി മാറിയേക്കുമെന്നാണ് വിവരം. രണ്ടുതവണയാണ് ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽവച്ചാണ് ആദ്യം പാമ്പ് കടിച്ചത്. രാത്രിയായിരുന്നു സംഭവം. അണലി വർഗത്തിലുള്ള പാമ്പാണ് കടിച്ചത്. പിന്നീട് ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടിൽ എത്തിയപ്പോഴാണ് ഉത്രയെ രണ്ടാമതും പാമ്പ് കടിച്ചത്. രണ്ടാംവട്ടം മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്.

കുടുംബം ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു. സൂരജിന് ഒന്നിലധികം ആളുകളുടെ സഹായം ലഭിച്ചതായി സംശയിക്കുന്നു. നിലവിൽ അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സൂരജിന്റ മാതാപിതാക്കൾ പറഞ്ഞു.സത്യം വൈകാതെ പുറത്തുവരും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അവർ പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് ഉത്രയുടെ ഭർത്താവ് സൂരജിനെയും പാമ്പു പിടുത്തക്കാരൻ ചാവറുകാവ് സുരേഷിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ തുടങ്ങിയത്. മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിൽ സുരേഷിന്റെ പക്കൽ നിന്നും പാമ്പിനെ പതിനായിരം രൂപ കൊടുത്തു വാങ്ങി എന്ന് അന്വേഷണ സംഘം കണ്ടെത്തി. പിന്നീടാണ് സൂരജ് കുറ്റം സമ്മതിച്ചത്. വെറും ഒരു പാമ്പു കടി മാത്രമാണ് മരണ കാരണം എന്ന് കരുതിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു.

പിന്നാലെ ഇതേ സംശയമുന്നയിച്ച് നിരവധിപേർ സമൂഹ മാധ്യമങ്ങളിലും മുന്നോട്ട് വന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം കൃത്യമായ തെളിവുകളോടെ ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അഞ്ചൽ പൊലീസ് അന്വേഷിക്കുന്നതിനിടയിൽ സൂരജ് കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന് മുൻപാകെ ഉത്രയുടെ മരണത്തിന് പിന്നിൽ സഹോദരനാണ് എന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതാണ് വെറും ഒരു പാമ്പു കടി മരണം കൊലപാതകമാണെന്ന് തെളിയാനിടയായത്.

കഴിഞ്ഞ ഏഴിനാണ് അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ വിജയസേനൻ - മണിമേഖലാ ദമ്പതികളുടെ മകൾ ഉത്ര (25) പാമ്പ് കടിയേറ്റു മരിച്ചത്. മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തിൽ തന്നെയായതിനാൽ കടിയേറ്റതറിഞ്ഞില്ല. തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ഉത്ര. രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. പിറ്റേന്ന് രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോൾ അനക്കമില്ലായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാർ അറിഞ്ഞത്.

മാർച്ച് രണ്ടിനാണ് ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ ആദ്യമായി പാമ്പ് കടിക്കുന്നത്. വീടിന് പുറത്ത് വച്ച് രാത്രിയിൽ അണലി കടിക്കുകയായിരുന്നു. ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയതിനാൽ രക്ഷപെടുകയായിരുന്നു. അന്ന് അണലിയാമെന്ന് തിരിച്ചറിഞ്ഞതിനാലാണ് വേഗം തന്നെ മറുമരുന്ന് നൽകി സുഖപ്പെടുത്താൻ കഴിഞ്ഞത്. സാധാരണ അണലി കടിച്ചാൽ ജീവൻ തിരികെ കിട്ടില്ലാ എന്നിരിക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഉത്ര ജീവിതത്തിലേക്ക് തിരികെ എത്തിയത്. ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളേജിൽ ദീർഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു.

ചികിത്സയ്ക്കു ശേഷം ഒരു വയസുള്ള മകൻ ധ്രുവിനെ ഭർതൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്. ഉത്രയെ തുടർ ചികിത്സയ്ക്കായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബുധനാഴ്ച ഭർത്താവ് സൂരജും എത്തി. വീട്ടിലെ രണ്ടു കട്ടിലിൽ ആണ് ഇവർ കിടന്നിരുന്നത്. ഇതിനിടയിലാണ് പാമ്പ് കടിയേറ്റത്. 2018ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. നൂറു പവൻ സ്വർണവും വലിയൊരു തുക സ്ത്രിധനവും നൽകിയതായി ബന്ധുക്കൾ പറയുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് ഉത്രയെ സൂരജ് നിരവധിതവണ മാനസ്സികമായി പീഡിപ്പിച്ചുവെന്ന് പൊലീസിന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

അതേ സമയം പൊലീസ് ചോദ്യം ചെയ്യൽ തുടർന്നു വരികയാണ്. ഇന്ന് വൈകുന്നേരത്തോടു കൂടിയെ ഇവരുടെ അറസ്റ്റ് ഉണ്ടാകൂ. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യുകയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മകന് നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും നൽകണമെന്ന് സൂരജിന്റെ മാതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചികരിച്ചിരുന്നു. എന്തായാലും വളരെ വേഗം തന്നെ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയ കൊല്ലം റൂറൽ പൊലീസിന് ജനങ്ങൾ അഭിനന്ദനം അറിയിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP