Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർഫനേജും സ്വത്തും നൽകിയാൽ സംരക്ഷണം ഏറ്റെടുക്കുമെന്ന് വാക്ക് നൽകിയത് മുൻ പരമാധ്യക്ഷൻ ദ്വിതീയൻ ബാവ; ഒന്നര ഏക്കർ ബിഷപ്പ് മാർ ഗ്രിഗോറിയോസ് രജിസ്റ്റർ ചെയ്തത് സ്വന്തം പേരിലും; സ്ഥലം കൈവശമായപ്പോൾ കിടപ്പിലായ ഗൃഹനാഥനോട് കാട്ടിയത് അവഗണന; പോരാത്തതിന് ബാക്കി സ്ഥലം കൂടി ലഭിക്കാനുള്ള സമ്മർദ്ദവും; ഒടുവിൽ നീതി തേടി വൃദ്ധർ ഹൈക്കോടതിയിൽ; ചാത്തന്നൂരിലെ ഗീവർഗീസ് കോശി-ലീലാമ്മ ഗീവർഗീസ് ദമ്പതികളെ തിരുവനന്തപുരം മലങ്കര ഓർത്തഡോക്സ് രൂപത ചതിച്ച കഥ

ഓർഫനേജും സ്വത്തും നൽകിയാൽ സംരക്ഷണം ഏറ്റെടുക്കുമെന്ന് വാക്ക് നൽകിയത് മുൻ പരമാധ്യക്ഷൻ ദ്വിതീയൻ ബാവ; ഒന്നര ഏക്കർ ബിഷപ്പ് മാർ ഗ്രിഗോറിയോസ് രജിസ്റ്റർ ചെയ്തത് സ്വന്തം പേരിലും; സ്ഥലം കൈവശമായപ്പോൾ കിടപ്പിലായ ഗൃഹനാഥനോട് കാട്ടിയത് അവഗണന; പോരാത്തതിന് ബാക്കി സ്ഥലം കൂടി ലഭിക്കാനുള്ള സമ്മർദ്ദവും; ഒടുവിൽ നീതി തേടി വൃദ്ധർ ഹൈക്കോടതിയിൽ; ചാത്തന്നൂരിലെ ഗീവർഗീസ് കോശി-ലീലാമ്മ ഗീവർഗീസ് ദമ്പതികളെ തിരുവനന്തപുരം മലങ്കര ഓർത്തഡോക്സ് രൂപത ചതിച്ച കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: വാർധക്യകാലത്ത് സംരക്ഷണം നൽകാമെന്നു സഭയുടെ പരമാധ്യക്ഷൻ നൽകിയ ഉറപ്പിന്റെ പേരിൽ സ്വത്തിന്റെ ഒരു ഭാഗവും സ്വന്തമായി നടത്തിയിരുന്ന ഓർഫനേജ് കെട്ടിടവും വിട്ടു കൊടുത്തിട്ടും മലങ്കര ഓർത്തഡോക്സ് സഭ ചതിച്ചതായി വൃദ്ധദമ്പതികളുടെ പരാതി. സ്വത്തുക്കൾ എഴുതി വാങ്ങിയ ശേഷം തിരിഞ്ഞു നോക്കാത്ത സമീപനം സഭ പിന്തുടർന്നതിനെ തുടർന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൊല്ലം ചാത്തന്നൂരിലെ ഗീവർഗീസ് കോശി-ലീലാമ്മ ഗീവർഗീസ് ദമ്പതികൾ. ദമ്പതികളുടെ ഹർജി ഫയലിൽ സ്വീകരിച്ചതിനെ തുടർന്ന് എതിർ കക്ഷിയായ മലങ്കര ഓർത്തഡോക്സ് സഭാ തിരുവനന്തപുരം രൂപതാ ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഒന്നുകിൽ കിടപ്പിലായ ഭർത്താവിന്റെ ചികിത്സാ സംരക്ഷണ ചെലവ് പ്രമാണത്തിലെ ഉടമ്പടി പ്രകാരം സഭ ഏറ്റെടുക്കണം. അല്ലെങ്കിൽ കരാർ ലംഘനം വന്നതിനെ തുടർന്ന് തങ്ങൾ സഭയ്ക്ക് നൽകിയ ഒന്നര ഏക്കർ സ്ഥലം തിരിച്ചു നൽകണം. ഇതാണ് വൃദ്ധ ദമ്പതികളുടെ ആവശ്യം. ഈ പരാതി ഇപ്പോൾ പരിഗണിക്കുന്ന കൊല്ലം ആർഡിഒയ്ക്ക് കേസിൽ തീർപ്പ് കൽപ്പിക്കാൻ എത്രയും വേഗം നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടു വയോജന സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ലക്ഷത്തോളം രൂപ ചികിത്സാ ചെലവായി ഭർത്താവിനു ഒരു മാസം ആവശ്യമുണ്ട്. ഇത് നൽകാതിരിക്കാൻ ആർഡിഒയ്ക്ക് മുന്നിലുള്ള കേസ് സഭ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ്. പരാതിയിൽ എത്രയും വേഗം തീർപ്പ് കൽപ്പിക്കാൻ ഇടപെടണം എന്നാണ് വൃദ്ധ ദമ്പതികൾ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ചാത്തന്നൂരിലെ കണ്ണായ സ്ഥലത്ത് ഒന്നര ഏക്കർ സ്ഥലവും അവിടെ നടത്തിയിരുന്ന ഓർഫനേജ് കെട്ടിടവുമാണ് തങ്ങളുടെ സംരക്ഷണം ഏറ്റെടുക്കും എന്നു സഭ നൽകിയ ഉറപ്പിന്മേൽ ഇവർ സഭയ്ക്ക് എഴുതി നൽകിയത്. താമസിച്ചു വന്ന അഞ്ചേക്കർ സ്ഥലത്ത് മൂന്നു തവണയായി ഒന്നര ഏക്കറോളം സ്ഥലമാണ് ഇവർ സഭയ്ക്ക് വേണ്ടി നൽകിയത്. സ്ഥലം കൈവശമാക്കിയെങ്കിലും കിടപ്പിലായ ഗീവർഗീസിന്റെ ആശുപത്രി ചെലവ് വഹിക്കാതെ ശുശ്രൂഷകൾ നടത്താതെ സഭ മുന്നോട്ടു പോയപ്പോൾ നീതി തേടി ഇവർ ആദ്യം കൊല്ലം കളക്ടറെയാണ് സമീപിച്ചത്. കളക്ടർ ആർഡിഒയ്ക്ക് വിട്ട പരാതിയിൽ ഇവരുടെ സംരക്ഷണം സഭ ഏറ്റെടുക്കണം എന്ന് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന് ആർഡിഒ താത്കാലിക ഉത്തരവ് നൽകിയെങ്കിലും ഇത്തരമൊരു ഉത്തരവ് നൽകാൻ ആർഡിഒയ്ക്ക് അധികാരമില്ലെന്നു പറഞ്ഞു തുടർവാദം നടത്തുകയാണ് ബിഷപ്പ് ചെയ്തത്. ഒരു വർഷമായിട്ടും കേസ് അനന്തമായി നീണ്ടുപോകുകയാണെന്ന് കണ്ടതോടെയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. വയോജന സംരക്ഷണ നിയമപ്രകാരം എത്രയും വേഗം തീർപ്പ് കല്പിക്കേണ്ട പരാതിയാണ് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് സഭ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത്.

സഭയുടെ പരമാധ്യക്ഷന്റെ നിർദ്ദേശം അനുസരിച്ച് ഈ പ്രശൻത്തിൽ ഇടപെട്ട തിരുവനന്തപുരം രൂപതാ ബിഷപ്പ് ചതി നിറഞ്ഞ സമീപനമാണ് ആദ്യം മുതൽ സ്വീകരിച്ചത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയ്ക്കാണ് ഇവർ ഒന്നര ഏക്കർ സ്ഥലവും ഓർഫനേജും ഉൾപ്പെടെ നൽകിയത്. എന്നാൽ ബിഷപ്പ് സ്ഥലം രജിസ്റ്റർ ചെയ്തത് സ്വന്തം പേരിലാണ്. ഓർഫനേജ് പ്രശ്നവും സ്ഥലം ഏറ്റെടുക്കൽ പ്രശനവും വന്നതിനെ തുടർന്ന് ബിഷപ്പ് ഇടയ്ക്കിടെ ഇവരുടെ ചാത്തന്നൂരെ വീട്ടിൽ എത്തിയിരുന്നു. ബിഷപ്പിനെ വിശ്വാസത്തിൽ എടുത്തതോടെ ബിഷപ്പിനെയാണ് ആധാരം രജിസ്റ്റർ ചെയ്യാൻ ദമ്പതികൾ ചുമതലപ്പെടുത്തിയത്. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഓർഫനേജും സ്ഥലവും എഴുതി നൽകുന്നതിനു പകരം ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് സ്വന്തം പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തത്. മൂന്നു തവണ ഈ രീതിയിൽ രജിസ്ട്രേഷൻ കഴിഞ്ഞു.

90 സെന്റ് ആണ് ആദ്യം നൽകിയത്. തുടർന്ന് വീണ്ടും വീണ്ടും സ്ഥലം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതോടെയാണ് ഇവർ മൂന്നു തവണ സ്ഥലം സഭയ്ക്ക് നൽകിയത്. സ്ഥലം ആദ്യം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച സമയം ഗൃഹനാഥനായ ഗീവർഗീസ് കോശിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. പട്ടത്തെ ഒരു ആശുപത്രിയിൽ ഹൃദയത്തിലെ ബ്ലോക്ക് നീക്കാനായി സർജറി നടത്തിയതോടെ ഒരു മന്ദത ഗീവർഗീസിന് വന്നു. ഇതോടെ ബിഷപ്പ് പറഞ്ഞ പ്രകാരം ഒപ്പിടേണ്ട സ്ഥലത്ത് ഗീവർഗീസ് ഒപ്പിടുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീടാണ് പ്രമാണം ഇവർക്ക് ലഭിക്കുന്നത്. ഇത് പരിശോധിച്ചതോടെയാണ് രജിസ്ട്രേഷൻ കാര്യത്തിൽ വന്ന ചതി കുടുംബം മനസിലാക്കുന്നത്. സഭയുടെ ഉന്നത തലങ്ങളിൽ ഇവർ പരാതി പറഞ്ഞെങ്കിലും അവർ നിസ്സഹായരായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

സ്ഥലം ബിഷപ്പിന് എഴുതി നൽകിയതോടെ ഗീവർഗീസ് ശയ്യാവലംബിയായി. ആശുപത്രി ചെലവ് പ്രതിമാസം രണ്ടു ലക്ഷം രൂപയോളം വേണം. സഭയുമായി നിലനിർത്തിയ ഉടമ്പടി പ്രകാരം ആശുപത്രി ചിലവുകളും ഭക്ഷണവും ഉൾപ്പെടെ സഭ വഹിക്കേണ്ടതായിരുന്നു. പക്ഷെ സഭ തിരിഞ്ഞു നോക്കിയില്ല. സ്ഥലം സഭയ്ക്ക് നൽകുകയും വൃദ്ധ ദമ്പതികളുടെ ചികിത്സാ ചെലവ് ഉൾപ്പെടെ കുടുംബത്തിനു തന്നെ വഹിക്കേണ്ടി വന്നു. ഇതോടെയാണ് ദമ്പതികളും ബിഷപ്പും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതിന്നിടയിൽ ദമ്പതികൾ ഒരു ആൺകുട്ടിയെ ഗീവർഗീസിന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി ദത്തെടുത്ത രീതിയിൽ കൂടെ നിർത്തി. ഇതോടെ വൃദ്ധ ദമ്പതികൾക്ക് ശേഷം ഈ ആൺകുട്ടിക്ക് കൂടി സ്വത്തിൽ അവകാശം വരുമെന്ന് ബിഷപ്പ് മനസിലാക്കി.

ഇതോടെ ബിഷപ്പ് കൂടുതൽ അകന്നു. ബന്ധുക്കൾ പറയുന്നത് പ്രകാരം അഞ്ചേക്കർ സ്ഥലത്ത് ഒന്നര ഏക്കർ സ്ഥലമാണ് സഭയ്ക്ക് നൽകിയത്. മൂന്നര ഏക്കർ സ്ഥലം ദമ്പതികളുടെ കൈവശമാണ്. ഈ സ്ഥലം കൂടി ബിഷപ്പ് കണ്ണ് വെച്ചിരുന്നു. അഞ്ചേക്കർ സ്ഥലം പൂർണമായി തങ്ങൾക്ക് നൽകിയതായി ബിഷപ്പ് പള്ളിയിൽ വെച്ച് പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷെ സ്ഥലത്തിൽ ഒന്നര ഏക്കർ മാത്രമാണ് നൽകിയത്. അഞ്ചേക്കർ നൽകിയിരുന്നില്ല. പൂർണമായി ലഭിക്കുമെന്ന് കരുതിയ സ്ഥലം സഭയ്ക്ക് ലഭിക്കില്ലെന്നു മനസിലാക്കിയാണ് ബിഷപ്പ് ദമ്പതികളുമായി അകന്നത്. ഇതോടെ ദമ്പതികളുടെ കാര്യത്തിൽ ഒരു ശ്രദ്ധയും സഭ ചെലുത്താതായി. ഇതോടെയാണ് ആദ്യം നീതി തേടി കൊല്ലം കളക്ടറെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുന്നത്.

ഓർഫനേജ് തുടങ്ങാൻ തീരുമാനിച്ചത് മുൻ പരമാധ്യക്ഷന്റെ നിർദ്ദേശ പ്രകാരം; ചതി വന്നത് ബിഷപ്പിൽ നിന്നും: ബന്ധുക്കൾ

കാലം ചെയ്ത ഓർത്തഡോക്സ് പരമാധ്യക്ഷൻ ദ്വിതീയൻ ബാവയുമായി അടുപ്പമുണ്ടായിരുന്ന സമയത്ത് ബാവയുടെ നിർദ്ദേശം അനുസരിച്ചാണ് വൃദ്ധ ദമ്പതികൾ ഒരു ഓർഫനേജ് തുടങ്ങാൻ തീരുമാനിച്ചത്. കുട്ടികൾ ഇല്ലാത്ത ഇവരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇവർ താമസിച്ച അഞ്ചേക്കർ സ്ഥലത്ത് ഓർഫനേജ് തുടങ്ങാൻ മുൻ പരമാധ്യക്ഷൻ ദ്വിതീയൻ ബാവ ചൂണ്ടിക്കാട്ടിയത്. കൊല്ലം ഭദ്രാസനത്തിൽ കൂറിലോസ് തിരുമേനി ആയിരുന്നപ്പോൾ തുടങ്ങിയപ്പോൾ അടുപ്പമാണ്. ഈ അടുപ്പം ആ തിരുമേനിയുടെ കാലത്ത് ഇവർ നിലനിർത്തിയിരുന്നു. ഇവരുടെ കാര്യം ഇപ്പോഴത്തെ പരമാധ്യക്ഷനുമായി അദ്ദേഹം സംസാരിച്ചിരുന്നു.

അതിൻ പ്രകാരമാണ് തിരുവനന്തപുരം രൂപതയുടെ ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന് ഈ പ്രശ്നത്തിൽ ഇടപടാൻ ബാവ തിരുമേനി നിർദ്ദേശം നൽകുന്നത്. ഇതോടെയാണ് ബിഷപ്പ് സ്ഥലം രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു ചാത്തന്നൂരെ വൃദ്ധ ദമ്പതികളുടെ വസതിയിൽ എത്തുന്നത്. ഇവർ സ്വന്തമായി ആദ്യം ഒരു ഓർഫനേജ് തുടങ്ങി. സ്നേഹ ഭവനം എന്ന പേരിലുള്ള ഓർഫനേജ് ആണ് തുടങ്ങിയത്. അതിനു രജിസ്ട്രേഷനും എടുത്തിരുന്നു. ഈ ഓർഫനേജിൽ കുട്ടികളുമുണ്ട്. ഈ ഓർഫനേജ് സഭ ഏറ്റെടുക്കാൻ നീക്കം തുടങ്ങി. ഏവർക്കും അത് സമ്മതമായിരുന്നു. ആ ഘട്ടത്തിൽ ബാവ തിരുമേനി കാലം ചെയ്തു. ഇപ്പോഴത്തെ തിരുവനന്തപുരത്തെ രൂപതാ ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസിനോട് നിലവിലെ ബാവ തിരുമേനി ഈ കാര്യം പറഞ്ഞു. ഇതോടെ ബിഷപ്പ് വീട്ടിൽ വന്നു കാര്യങ്ങൾ തിരക്കി. ചാത്തന്നൂർ ഇടവക ഈ തിരുമേനിയുടെ അധീനതയിലാണ്. അതിനാലാണ് ബിഷപ്പ് എത്തിയത്.

ഓർഫനേജ് സഭയെ ഏൽപ്പിച്ചാൽ ഉള്ള ഗുണങ്ങൾ ബിഷപ്പ് എണ്ണിയെണ്ണി പറഞ്ഞു. കുട്ടികൾ ഇല്ലാത്തതിനാൽ ഇവരുടെ സകല ആവശ്യങ്ങളും സഭ നിറവേറ്റും എന്ന് ഉറപ്പ് നൽകി. അതിനാൽ ഓർഫനേജ് സഭയ്ക്ക് വിട്ടു നൽകാൻ ആവശ്യപ്പെട്ടു. അഞ്ചേക്കർ സ്ഥലത്ത് ഒരേക്കർ 26 സെന്റ് സ്ഥലം മൂന്നു തവണയായി സഭയ്ക്ക് കൊടുത്തു. അതിനു ആദ്യം ഒരു പ്രമാണം തയ്യാറാക്കി നൽകിയിരുന്നു. ആദ്യം ഓർഫനേജ് ഉള്ള വീട് ഉൾപ്പെടെ 90 സെന്റ് സ്ഥലമാണ് നൽകിയത്. അപ്പോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഗീവർഗീസിനു വന്നു. പട്ടത്തെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. ഏഴു ബ്ലോക്കുകൾ ഉണ്ട് എന്നാണ് പറഞ്ഞത്. 2011-ൽ ആയിരുന്നു ഇത്. സർജറി കഴിഞ്ഞത് മുതൽ ഗീവർഗീസിന് മൗനം വന്നു. ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്തപ്പോൾ മുതൽ ഇതാണ് അവസ്ഥ. ബിഷപ്പ് ആ ഘട്ടത്തിലാണ് വസ്തു പ്രമാണം ചെയ്യുന്നത്. പ്രമാണം ചെയ്യുമ്പോൾ വിശദാംശങ്ങൾ ബിഷപ്പ് വെളിപ്പെടുത്തിയില്ല. ഗീവർഗീസ് അതെല്ലാം ഒപ്പിട്ട് നൽകി.

മലങ്കര ഓർത്തഡോക്സ് സഭയുടെ പേരിലല്ല. ബിഷപ്പ് ഗബ്രിയേലിന്റെ പേരിലാണ് ഓർഫനേജ് രജിസ്റ്റർ ചെയ്തത്. കുറെ കഴിഞ്ഞാണ് പ്രമാണം ലഭിക്കുന്നത്. അപ്പോഴാണ് ഞങ്ങൾ ഈ വസ്തുത മനസിലാക്കുന്നത്. പക്ഷെ ഗീവർഗീസിന്റെ കുടുംബത്തിന്റെ പരിരക്ഷ മുഴുവൻ പ്രമാണത്തിൽ ഉറപ്പാക്കിയിരുന്നു,. ഇവരുടെ കാലശേഷം മാത്രമേ ഭൂമി ബിഷപ്പിന്റെ പേരിൽ വരുകയുള്ളൂ എന്ന് പ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ ഘട്ടത്തിൽ ഗീവർഗീസിന് ഓർമ്മ പതുക്കെ നഷ്ടമായി വരുകയായിരുന്നു. ഒരു സ്ട്രോക്കും വന്നിരുന്നു. ഇതോടെ ഗീവർഗീസ് കിടക്കയിലായി. ഇതിന്നിടയിൽ രണ്ടു തവണ കൂടി വസ്തു എഴുതി വാങ്ങി. അങ്ങിനെയാണ് ഒരേക്കർ 26 സെന്റ് സ്ഥലം സഭയുടെ കൈകളിലേക്ക് വരുന്നത്. മൂന്നു സെറ്റിൽമെന്റുകൾ ആണ് ഇതിൽ വന്നത്. എല്ലാം എഴുതിയത് ബിഷപ്പിന്റെ പേരിലാണ്.

ഇത് ഞങ്ങൾ ബാവ തിരുമേനിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. പക്ഷെ നിസ്സഹായമായ അവസ്ഥയാണ് ബാവ കൈക്കൊണ്ടത്. സ്ഥലം സഭ ഏറ്റെടുത്തെങ്കിലും ഒരു സഹായവും സഭയുടെ ഭാഗത്ത് നിന്നും ഓർഫനെജിൽ നിന്നും കുടുംബത്തിനു ലഭിച്ചില്ല. ആ കാലത്ത് ഒന്നും രണ്ടു തവണ മാസത്തിൽ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വന്നു. പക്ഷെ ഒരു സഹായവും നൽകിയില്ല. സ്ഥലം എഴുതി നൽകിയ പ്രകാരം ആകെ വന്നത് ഓർഫനെജിലെ ഭക്ഷണം കൊണ്ടുവരും എന്നുള്ളതാണ്. പക്ഷെ ക്വാളിറ്റിയില്ലാത്ത ഭക്ഷണമാണ് നൽകാറ്. രോഗിക്ക് കൊടുക്കേണ്ട ഭക്ഷണമാണേന്ന ഒരു പരിഗണനയും നൽകാതെയുള്ള ഭക്ഷണമാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്.

കന്യാസ്ത്രീകളും കുട്ടികളുമാണ് ഓർഫനേജിൽ ഇവിടെ ഉള്ളത്. പകപോക്കൽ രീതിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നും വന്നത്. ദമ്പതികൾ ഒരു ആൺകുട്ടിയെ ദത്തെടുത്തിരുന്നു. ഇത് ബിഷപ്പിന് ഇഷ്ടമായിരുന്നില്ല. ഇതോടെ ഉണ്ടായിരുന്ന സഹകരണം മുഴുവൻ ബിഷപ്പ് ഒഴിവാക്കി. അഞ്ചേക്കർ സ്ഥലം മുഴുവനായും കണ്ണുവെച്ചിരുന്ന ബിഷപ്പിന് ദമ്പതികളുടെ കാലശേഷം സ്ഥലം മുഴുവൻ കിട്ടില്ലെന്ന് തോന്നി. ഒരേക്കർ 26 സെന്റ് സ്ഥലമാണ് ഇപ്പോൾ ബിഷപ്പിന്റെ പേരിൽ കിടക്കുന്നത്. അതിന്നിടയിൽ പള്ളിയിൽ ബിഷപ്പ് ഒരു പ്രഖ്യാപനവും നടത്തി. അഞ്ചേക്കർ സ്ഥലം മുഴുവൻ സഭയ്ക്ക് നൽകി എന്നാണ് പറഞ്ഞത്. പക്ഷെ മുഴുവൻ സ്ഥലം സഭയ്ക്ക് നൽകിയിട്ടില്ല. പക്ഷെ പള്ളിയിൽ പ്രഖ്യാപനം വന്നശേഷം ബന്ധുക്കളും തിരിഞ്ഞു നോക്കുന്നില്ല. സഭയ്ക്ക് സ്ഥലം നൽകിയതിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ട്. അതിന്നിടയിലാണ് മുഴുവൻ സ്ഥലവും നൽകിയതായി ബിഷപ്പ് പ്രഖ്യാപനം നടത്തുന്നത്. ഇത് ബന്ധുക്കൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതോടെ ബന്ധുക്കൾ മുഴുവൻ അകന്നു. സഭയിൽ നിന്നും സഹായവും ലഭിക്കുന്നില്ല. ഇതാണ് നിലവിലെ അവസ്ഥ.

സെറ്റിൽമെന്റ് ഡീഡിൽ പറഞ്ഞ മാതാ മറിയം മഠം രജിസ്റ്റർ ചെയ്തിട്ടില്ല

മാതാ മറിയം മഠം നടത്തുമെന്നാണ് സെറ്റിൽമെന്റ് ഡീഡിൽ പറഞ്ഞത്. പക്ഷെ ഇന്നുവരെ മഠം രജിസ്റ്റർ ചെയ്തിട്ടില്ല. സ്നേഹഭവനം തന്നെയാണ് ഇപ്പോഴും സഭ നടത്തുന്നത്. പരിചരിക്കാം എന്ന ഉറപ്പിൽ സഭയ്ക്ക് സ്ഥാപനം നൽകിയപ്പോൾ സഭ അനുവർത്തിച്ചത് തിരിഞ്ഞു നോക്കാത്ത സമീപനം. ഇതോടെയാണ് കൊല്ലം കളക്ടർക്ക് പരാതി നൽകിയത്. പരാതി കളക്ടർ ആർഡിഒയ്ക്ക് കൈമാറി. പരാതി പരിഗണിച്ചപ്പോൾ ബിഷപ്പിന്റെ അഭിഭാഷകൻ പറഞ്ഞത് ഗീവർഗീസ് കോശിയുടെയും ദത്തെടുത്ത പുത്രന്റെയും സ്വഭാവം ശരിയല്ലാത്ത കാരണമാണ് കന്യാസ്ത്രീകളും കുട്ടികളും ഇവരുടെ വീട്ടിൽ പോകാത്തത് എന്നാണ്.

സുഖമില്ലാതെ കട്ടിലിൽ കിടക്കുന്ന ഗീവർഗീസിനെ കുറിച്ചാണ് ഈ രീതിയിൽ ആർഡിഒയ്ക്ക് മുൻപിൽ ബിഷപ്പിന്റെ അഭിഭാഷകൻ വാദിച്ചത്. ആശുപത്രി പരിചരണം അടക്കം ഗീവർഗീസ് കുടുംബത്തിനു വേണ്ടി ബിഷപ്പ് ചെയ്ത കാര്യങ്ങളുടെ ബിൽ ആർഡിഒ ആവശ്യപ്പെട്ടപ്പോൾ ഒരു ബില്ലും നൽകാൻ ബിഷപ്പിന് കഴിഞ്ഞില്ല. ഗീവർഗീസ് കുടുംബത്തിനു പ്രമാണത്തിൽ പറഞ്ഞ പ്രകാരം പൂർണ സംരക്ഷണം നൽകണം എന്നാണ് ആർഡിഒ ഉത്തരവിറക്കിയത്. പക്ഷെ ബിഷപ്പ് തിരിഞ്ഞു നോക്കിയില്ല. പുതിയ ആർഡിഒയ്ക്ക് മുന്നിൽ പരാതി വന്നപ്പോൾ സംരക്ഷണം നൽകാൻ ഉത്തരവിടാൻ ആർഡിഒയ്ക്ക് കഴിയില്ലെന്നാണ് ബിഷപ്പ് ഏർപ്പെടുത്തിയ പുതിയ വക്കീൽ വാദിച്ചത്. ഇതോടെയാണ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

വൃദ്ധ ദമ്പതികളുടെ പ്രശ്നവുമായി ബന്ധപ്പെട്ടു മലങ്കര ഓർത്തഡോക്സ് സഭാ തിരുവനന്തപുരം രൂപതാ ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസിനോട് മറുനാടൻ പ്രതികരണം തേടിയിരുന്നു. ആദ്യം പ്രശ്നത്തെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞപ്പോൾ ഗീവർഗീസ് കൊല്ലം കലക്ടർക്ക് നൽകിയ പരാതിയെക്കുറിച്ച് പറഞ്ഞപ്പോൾ നേരിട്ട് വന്നാൽ മാത്രമേ ഈ കാര്യം സംസാരിക്കാൻ കഴിയൂ എന്നാണ് ബിഷപ്പ് പറഞ്ഞത്. കോവിഡ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ബിഷപ്പിനെ നേരിട്ട് കണ്ടു പ്രതികരണം തേടുന്നതിൽ നിന്നും ഞങ്ങൾ പിൻവാങ്ങുകയായിരുന്നു. പക്ഷെ ഫോണിൽ പ്രതികരണം നൽകാൻ ബിഷപ്പ് തയ്യാറായതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP