Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൻകിട സ്ഥാപനങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ഇടനിലക്കാരായി ഉപയോഗിക്കുന്നത് ചാർട്ടഡ് അക്കൗണ്ടുമാരെ; സിബിഐ വിരട്ടിയപ്പോൾ വിവരങ്ങൾ എല്ലാം മാന്യമായി പറഞ്ഞ് മാപ്പുസാക്ഷിയായി പൊടിയുംതട്ടി രക്ഷപെടുമ്പോൾ പെട്ടുപോകുന്നത് കൈക്കൂലി വാങ്ങിയവരും കൊടുത്തവരും; മാപ്പുസാക്ഷികളുടെ എണ്ണം പെരുകുന്നു

വൻകിട സ്ഥാപനങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ഇടനിലക്കാരായി ഉപയോഗിക്കുന്നത് ചാർട്ടഡ് അക്കൗണ്ടുമാരെ; സിബിഐ വിരട്ടിയപ്പോൾ വിവരങ്ങൾ എല്ലാം മാന്യമായി പറഞ്ഞ് മാപ്പുസാക്ഷിയായി പൊടിയുംതട്ടി രക്ഷപെടുമ്പോൾ പെട്ടുപോകുന്നത് കൈക്കൂലി വാങ്ങിയവരും കൊടുത്തവരും; മാപ്പുസാക്ഷികളുടെ എണ്ണം പെരുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റുമാരും കൈക്കൂലിക്കേസിൽ കുടുങ്ങുന്ന സംഭവങ്ങൾ കേരളത്തിൽ കൂടുന്നു. നികുതിവെട്ടിക്കുന്നതിന് സ്ഥാപന ഉടമകളും വ്യക്തികളും ചില ചാർട്ടേഡ് അക്കൗണ്ടന്റുമാർ വഴിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പണം കൈമാറുന്നതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി നടന്നത്. എന്നാൽ കേസിൽപെടുന്ന മറ്റുള്ളവർ പ്രതികളാകുമ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റുമാർ രക്ഷപ്പെടാറാണ് പതിവ്.

സിബിഐയ്ക്ക് മുമ്പാകെയും കോടതിയിലും മാപ്പ് സാക്ഷിയായിക്കൊണ്ടാണ് ഈ രക്ഷപ്പെടൽ. സിബിഐയിലും കോടതിയിലും ഇവർ കുറ്റമെല്ലാം ഏറ്റുപറയും. സ്ഥാപനഉടമയിൽ നിന്നും വ്യക്തികളിൽ നിന്നും പണംവാങ്ങിയതും അത് ഉദ്യോഗസ്ഥർക്ക് കൈമാറിയതും തങ്ങളാണെന്ന് സമ്മതിക്കും. അങ്ങനെ കുറ്റംചെയ്തുവെന്ന് സ്വയംസമ്മതിക്കുമെങ്കിലും മാപ്പ് സാക്ഷിയെന്ന പരിഗണനയിൽ കോടതിയിൽ ഇവരെ വെറുതെ വിടാറാണ് പതിവ്. തിരുവനന്തപുരം പ്രിൻസിപ്പൽ ഇൻകം ടാക്‌സ് കമ്മീഷണറായിരുന്ന ശൈലേന്ദ്ര മമ്മിടി പ്രതിയായ കേസ് ഉദാഹരണമാണ്. ഒരു സ്വർണ്ണവ്യാപാര സ്ഥാപനത്തിന് നികുതി കുറച്ച് നൽകാമെന്ന് കാണിച്ച് കോട്ടയം സ്വദേശിയായ എം.കെ. കുരുവിളയെന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ജുവലറി ഉടമയിൽ നിന്ന് പണം വാങ്ങിച്ചു.

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനാണ് പണമെന്നാണ് കുരുവിള പറഞ്ഞത്. പണം നൽകിയാൽ നികുതിയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ബോധ്യപ്പെടുത്തി. എന്നാൽ, കൈക്കൂലിക്കാരെ സിബിഐ കൈയോടെ പിടികൂടി .ജുവലറി ഉടമയും പ്രിൻസിപ്പൽ ഇൻകംടാക്‌സ് കമ്മീഷണറും ചാർട്ടേഡ് അക്കൗണ്ടന്റും കേസിൽ പ്രതികളായി. എന്നാൽ ചാർട്ടേഡ് അക്കൗണ്ടന്റ് കുരുവിളയാകട്ടെ സിബിഐയ്ക്ക് മുമ്പാകെ കുറ്റസമ്മതമൊഴി നൽകി. അങ്ങനെ കുരുവിളയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി മാപ്പ് സാക്ഷിയാക്കിയായാണ് സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്. കോടതിയിലും കുരുവിള മൊഴി ആവർത്തിച്ചു. താൻ കൈക്കൂലി വാങ്ങിച്ചതായും അത് ഇൻകംടാക്‌സ് ഉദ്യോഗസ്ഥർക്ക് നൽകിയതായും സമ്മതിച്ചു. ഫലത്തിൽ കുടുങ്ങിയതാകട്ടേ ജുവലറി ഉടമയും ഇൻകംടാക്‌സ് ഉദ്യോഗസ്ഥനും.

സമാനമായ സംഭവമാണ് എറണാകുളത്ത് നടന്നത്. രണ്ട് ഇൻകംടാക്‌സ് ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസിൽ സിബിഐ പിടികൂടി. തുടർ അന്വേഷണത്തിൽ കേരള സ്വദേശിയായ ടോമി എന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് ഇൻകംടാക്‌സ് ഉദ്യോഗസ്ഥർക്ക് പണം കൈമാറിയതെന്ന് കണ്ടെത്തി. ടോമിയെ പിടികൂടിയപ്പോൾ ടോമി കുറ്റംസമ്മതിച്ചു. താനാണ് ചിലരുടെ നികുതി വെട്ടിപ്പ് നടത്താൻ ഇൻകംടാക്‌സ് ഉദ്യോഗസ്ഥർക്ക് പണം കൈമാറിയതെന്ന് ടോമി സമ്മതിച്ചു. സിബിഐ കോടതിയിൽ കുറ്റപത്രം വന്നപ്പോൾ ടോമി മാപ്പ് സാക്ഷി. കോടതിയിൽ ടോമി കുറ്റംസമ്മതിച്ചു. ടോമിയെയും കോടതി വെറുതെവിട്ടു.

തിരുവനന്തപുരത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റും കോട്ടയത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റും ഇപ്പോൾ സമാനമായ മൊഴികൾ സിബിഐയ്ക്ക് നൽകിയിരിക്കുന്നതായാണ് വിവരം. ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ പ്രതികളായ കേസുകളാണ് ഇത്. ടാക്‌സ് അടയ്‌ക്കേണ്ടതിൽ നിന്ന് പണംകൈപ്പറ്റി ടാക്‌സ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാമെന്ന് കാണിച്ച് ഇൻകംടാക്‌സ് ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെയുള്ള കേസ്. പണംവാങ്ങിയതായും ഇൻകംടാക്‌സ് ഉദ്യോഗസ്ഥർക്ക് പണംനൽകിയതായും ചാർട്ടേഡ് അക്കൗണ്ടന്റുമാർ സിബിഐയ്ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെയും മാപ്പ് സാക്ഷിയാക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്.

ഇങ്ങനെ കൈക്കൂലി വാങ്ങുകയും കേസിൽ പ്രതികളാകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ പ്രാക്ടീസ് പുനരാരംഭിക്കുകയാണ് ചെയ്യുന്നത്. ഇവർക്കെതിരെ നടപടിവേണമെന്നാണ് ആവശ്യം ഉയർന്നുവന്നിരിക്കുന്നത്. കുറ്റംചെയ്തുവെന്ന് സമ്മതിച്ച്, കൈക്കൂലി വാങ്ങിയെന്ന് തുറന്ന് പറഞ്ഞ്, കോടതിയുടെ മുമ്പിൽ കുറ്റവാളിയായ ഒരാൾ മാപ്പ് സാക്ഷിയായി എന്നതുകൊണ്ടുമാത്രമാണ് ശിക്ഷയിൽനിന്ന് രക്ഷപ്പെട്ട് പോരുന്നത്. യഥാർത്ഥത്തിൽ ഈ ചാർട്ടേഡ് അക്കൗണ്ടന്റുമാർ കുറ്റം ചെയ്തുവെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടതാണ്.

ഇത്തരക്കാരെ പിന്നെയെങ്ങനെ പ്രാക്ടീസ് തുടരാൻ അനുവദിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ അഖിലേന്ത്യാസംഘടന ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. അതിനിടെ കേരളത്തിലെ ഒരു സന്നദ്ധസംഘടന ഇത്തരം ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP