Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാവങ്ങളെ സഹായിക്കാനായി ആടും കോഴിയും വിതരണം ചെയ്യാനെന്ന് പറഞ്ഞ് കാനഡയിൽ നിന്നും പിരിച്ചത് കോടികൾ; പിരിച്ചെടുത്ത പണം സാധുക്കളെ സഹായിക്കാതെ വകമാറ്റി ചിലവഴിച്ചെന്നും ആരോപണം; അമേരിക്കയിലെ കേസിന് പിന്നാലെ കാനഡയിലും ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ നിയമ നടപടി; കോവിഡ് കാരണം സംഭാവനകൾ ലഭിക്കുന്നില്ലെന്നും പണം നൽകാനുള്ള സാമ്പത്തികാവസ്ഥ ഇല്ലെന്നും കാണിച്ചു കടക്കാരിൽ നിന്നും സംരക്ഷണം തേടി ബിഷപ്പ് കെ പി യോഹന്നാന്റെ സ്ഥാപനം കോടതിയിൽ

പാവങ്ങളെ സഹായിക്കാനായി ആടും കോഴിയും വിതരണം ചെയ്യാനെന്ന് പറഞ്ഞ് കാനഡയിൽ നിന്നും പിരിച്ചത് കോടികൾ; പിരിച്ചെടുത്ത പണം സാധുക്കളെ സഹായിക്കാതെ വകമാറ്റി ചിലവഴിച്ചെന്നും ആരോപണം; അമേരിക്കയിലെ കേസിന് പിന്നാലെ കാനഡയിലും ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ നിയമ നടപടി; കോവിഡ് കാരണം സംഭാവനകൾ ലഭിക്കുന്നില്ലെന്നും പണം നൽകാനുള്ള സാമ്പത്തികാവസ്ഥ ഇല്ലെന്നും കാണിച്ചു കടക്കാരിൽ നിന്നും സംരക്ഷണം തേടി ബിഷപ്പ് കെ പി യോഹന്നാന്റെ സ്ഥാപനം കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലിവേഴ്സ് ചർച്ച് മേധാവിയും ഗോസ്പൽ ഫോർ ഏഷ്യ തലവനുമായ ബിഷപ്പ് കെ.പി.യോഹന്നാനും മകനുമെതിരെ കാനഡയിൽ കേസ് ഫയൽ ചെയ്തത് മാസങ്ങൾക്ക് മുമ്പാണ്. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ കോവിഡുകാലത്ത് കടക്കാരന്റെ ആനുകൂല്യം തേടുകയാണ് ബിഷപ്പെന്നാണ് റിപ്പോർട്ട്. സാമൂഹ്യ - സന്നദ്ധ പ്രവർത്തനത്തിന്റെ പേരു പറഞ്ഞ് വൻതുക പിരിച്ചെടുത്ത ശേഷം അത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കാനഡ സ്വദേശിയായ ഗ്രേഗ് സ്റ്റ്നർ നോവ സ്‌കോട്ടിയ സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളത്. അതിനിടെ കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഫണ്ട് വരവിലെ കുറവുമെല്ലാം ഉയർത്തി ആരോപണങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ബിലിവേഴ്സ് ചർച്ച്.

ഗോസ്പൽ ഫോർ ഏഷ്യ, ഗോസ്പൽ ഫോർ ഏഷ്യ വേൾഡ്, കെ.പി.യോഹന്നാന്റെ മകൻ ഡാനിയൽ പുന്നൂസ്, ഡേവിഡ് കാരൻ, പാറ്റ് എമിറിക്ക് എന്നിവരെ എതിർകക്ഷികളാക്കിയാണ് കാനഡ സ്വദേശിയായ ഗ്രേഗ് സ്റ്റ്നർ കോടതിയെ സമീപിച്ചിട്ടുള്ളത്. ഇന്ത്യയിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പിരിച്ച സംഭാവന സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. അമേരിക്കയിൽ യോഹന്നാന് താമസിക്കാനും ജിഎഫ്എ ഓഫീസ് നിർമ്മാണത്തിനുമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിരിച്ച തുക വകമാറ്റിയെന്നാണ് പ്രധാന ആരോപണം. കനേഡിയൻ മാധ്യമങ്ങളിൽ ഗോസ്പൽ ഫോർ ഏഷ്യക്കെതിരായ പരാതിയുടെ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ശുദ്ധജലം എത്തിക്കാനായി കിണറുകൾ, പാവങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ആടും കോഴിയും വിതരണം ചെയ്യാൻ എന്നൊക്കെ പറഞ്ഞാണ് ഗോസ്പൽ ഫോർ ഏഷ്യ കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും പണം പിരിച്ചത്. അേേമരിക്കയിൽ നിന്നും പണം പിരിച്ച 2015ലെ അതേകാലയളവിൽ കാനഡയിൽ നിന്നും 43,370 ഡോളർ വരെ പ്രതിദിനം ഗോസപൽ ഫോർ ഏഷ്യ പിരിച്ചെടുത്തിയിരുന്നു. തങ്ങൾ സംഭാവനയായി നൽകിയ പണം ശരിയായ ആവശ്യങ്ങൾക്ക് വിനിയോഗിച്ചില്ലെന്നാണ് കാനഡയിൽ പണം നൽകിയവരും പരാതിപ്പടുന്നത്. ഇക്കാര്യം കാനഡയിലെ മാധ്യമമായ സിബിസിയോട് സംഭാവന നൽകിയവർ തന്നെ വെളിപ്പെടുത്തുന്നു.

കാനഡയിലെ നിയമങ്ങളനുസരിച്ച് ഏത് ആവശ്യങ്ങൾക്കാണോ സംഭാവന പിരിച്ചത് അത് ഉപയോഗിക്കപ്പെട്ടതിന്റെ കണക്കുകൾ ഹാജരാക്കണമെന്നാണ്. സംഭാവന വഴി മാറ്റി ചെലവഴിച്ചാൽ ഗുരുതര നിയമ ലംഘനമാകും. ക്രമക്കേടിന്റെ പേരിൽ സംഭാവന തിരിച്ചുനൽകുകയോ, ശിക്ഷാ നടപടികൾ എറ്റു വാങ്ങുകയോ ചെയ്യേണ്ടി വരും. അമേരിക്കൻ കോടതിയിൽ നിന്നും സമാനമായ നടപടികൾ ഗോസ്പൽ ഫോർ ഏഷ്യ നേരിട്ടിരുന്നു. ഈ കേസ് ഒത്തുതീർപ്പിലായി. ഇതിന് പിന്നാലെയാണ് പുതിയ നിയമ നടപടികൾ കാനഡയിലും നേരിടേണ്ടി വരുന്നത്.

അതേസമയം കേസ് മുറുകിയതോടെ കടക്കാരന്റെ സംരക്ഷണത്തിനുള്ള അവകാശം തേടുകയാണ് ഇപ്പോൾ ബിലിവേഴ്സ് ചർച്ച് കാനഡയിൽ. നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ശ്രമം. ഇതിനായി 170 മില്യൺ ഡോളർ നൽകാൻ ശേഷിയില്ലെന്ന് കാണിച്ച് 'ക്രെഡിറ്റ് പ്രൊട്ടക്ഷൻ സ്യൂട്ട്' ഫയൽ ചെയ്തു. കൊറോണ വൈറസ് കാരണവും നെഗറ്റീവ് പബ്ലിസിറ്റി കാരണവും ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് ഇപ്പോൾ സംഭാവനകൾ ലഭിക്കുന്നില്ലെന്നും സാമ്പത്തികാവസ്ഥ മോശമാണെന്നുമാണ് ക്രെഡിറ്റ് പ്രൊട്ടക്ഷൻ ലോ സ്യൂട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കാനഡയിലെ ഗോസ്പൽ ഫോർ ഏഷ്യയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഹാമിൽട്ടന് പുറത്തായി ഒന്റോറിയോയിലെ സ്റ്റോണി ക്രീക്കിലാണ്. ഗോസപൽ ഫോർ ഏഷ്യായുടെ അപേക്ഷ അനുസരിച്ച് സംഘടയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനായി പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹർജിയിലെ ആരോപണങ്ങൾ തെളിഞ്ഞാൽ കാനഡയിലെ കേസും ബിഷപ്പിന് തലവേദനയാകും. അമേരിക്കയിലെ ടെക്സാസിൽ 350 ഏക്കർ സ്ഥലത്ത് ആഡംബര വസതിക്കും, ഓഫീസ് നിർമ്മാണത്തിനും വൻ തുക വകമാറ്റിയെന്നും പരാതിക്കാരൻ കുറ്റപ്പെടുത്തുന്നു. പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ട സംഭാവന ഉപയോഗിച്ച് റബ്ബർ പ്ലാന്റേഷൻ, പ്രൈവറ്റ് സ്‌കൂളുകൾ, പ്രൈവറ്റ് കോളേജുകൾ തുടങ്ങിയവ വാങ്ങി. ഇതിൽ ചെറുവള്ളി എസ്റ്റേറ്റും ഉൾപ്പെടുന്നതായാണ് പരാതിയുണ്ട്. ലാഭമുണ്ടാക്കുന്ന പദ്ധതികൾ ആരംഭിച്ചു എന്നത് ഉൾപ്പെടെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് ബിലിവേഴ്സ് ചർച്ച് മേധാവിക്കും, ജിഎഫ്എ ക്കുമെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ദരിദ്രർക്ക് വേണ്ടി യോഹന്നാനും ജിഎഫ്എ യും കാനഡയിൽ നിന്നു മാത്രം സാമൂഹ്യ സേവനത്തിന്റെ മറവിൽ നടക്കുന്ന സംഭാവന പിരിവിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കാനഡ റവന്യൂ ഏജൻസിക്ക് നൽകിയ വിവരങ്ങൾ അനുസരിച്ച് 2008 മുതൽ 2017 വരെ ഗോസ്പൽ ഫോർ ഏഷ്യ 120 കോടി ഡോളർ ഉദ്ദേശം 876 കോടി രൂപ ഇന്ത്യയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി സംഭാവന പിരിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ സാമൂഹിക പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് ഉദാരമതികളിൽ നിന്ന് ഇത്ര വലിയ സംഭാവന പിരിച്ചെടുത്തത്. ഇന്ത്യയിലെ പാവപ്പെട്ടവർക്ക് അടിയന്തിര സഹായം നൽകാനാണെന്ന് പറഞ്ഞ് പിരിച്ച തുക പക്ഷെ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. പകരം ഭീമമായ തുക യോഹന്നാനും കൂട്ടരും അക്കൗണ്ടിൽ സൂക്ഷിച്ചു വച്ചുവെന്നാണ് ആരോപണം. എന്നാൽ കേസിൽ കഴമ്പില്ലെന്നാണ് ബിലീവേഴ്സ് ചർച്ച് മറുനാടനോട് പ്രതികരിച്ചത്.

ബിലീവേഴ്സ് ചർച്ച് വക്താവിന്റെ പ്രതികരണം:

അമേരിക്കൻ കോടതിയിൽ തീർപ്പായ കേസ് ആണിത്. അമേരിക്കൻ കോടതിയിൽ ഇവർ വിചാരിച്ച രീതിയിൽ തീർപ്പാക്കാൻ കഴിയാത്തത് കാരണം അതേ അഭിഭാഷകൻ തന്നെ കാനഡയിൽ പോയി വീണ്ടും നൽകിയ കേസ് ആണിത്-ബിലീവേഴ്സ് ചർച്ച് പിആർഒ സിജോ പന്തപള്ളിൽ മറുനാടനോട് പറഞ്ഞു. മാർക്സാലി ഇന്ത്യയിൽ വന്നിരുന്നു. ഞങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ കാര്യങ്ങൾ മുഴുവൻ പരിശോധിച്ച് തിരിച്ചുപോയ ആളാണ്. അഭിഭാഷകരുടെ ഫീസ് അടച്ചാൽ മതി എന്നാണ് മാർക്സാലി ഞങ്ങളോട് പറഞ്ഞത്. അങ്ങനെ അമേരിക്കൻ കോടതിയിൽ നടന്ന കേസ് ഫീസ് അടച്ച് ഞങ്ങൾ സെറ്റിൽ ചെയ്തു. കോടതി ഉത്തരവിട്ടിട്ടുണ്ട്. അങ്ങനെയാണ് കേസ് ക്ലോസ് ആകുന്നത്. വിചാരിച്ച നേട്ടം ഇയാൾക്ക് വന്നില്ല എന്ന് തോന്നിയത്കൊണ്ടാണ് കാനഡയിൽ പോയി കേസ് കൊടുക്കുന്നതെന്നാണ് ബിലീവേഴ്സ് ചർച്ച് വക്താവ് പറയുന്നത്.

നോവസ് കോട്ടിയയിൽ ആണ് കേസ് നൽകുന്നത്. ഞങ്ങൾ അത് മാറ്റി കാനഡ സിറ്റിയിലേക്ക് കോടതി മാറ്റി. അമേരിക്കൻ കോടതിയിൽ നൽകിയ അതെ കേസ് ആണ് റിപ്പീറ്റ് ചെയ്ത് കാനഡയിൽ കൊടുത്തത്. ഇത് അമേരിക്കയിൽ വെച്ച് നടന്ന ധാരണയ്ക്ക് നേരെ വിരുദ്ധമാണ്. അമേരിക്കൻ കോടതിയിൽ കേസ് നൽകുമ്പോൾ നിരത്തിയ ആരോപണങ്ങൾ അതേപോലെ ആവർത്തിക്കുകയാണ് മാർക്സാലി ചെയ്തിരിക്കുന്നത്. കേസ് കാനഡ കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. ഞങ്ങൾ അത് അഡ്‌മിറ്റ് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു കാനഡ കോടതിയെ സമീപിക്കാൻ പോവുകയാണ്. മാർക്സാലി അമേരിക്കൻ കോടതിയിൽ ചോദിച്ചത് ആയിരം കോടിയാണ്. ഈ കേസ് ഇനി അമേരിക്കയിൽ ഇയാൾക്ക് കൊടുക്കാൻ കഴിയില്ല.

പാപ്പർസ്യൂട്ട് ഒന്നും അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. കോടതി കേസ് ഫയലിൽ സ്വീകരിച്ചാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഇപ്പോൾ നോട്ടീസ് മാത്രമേ വന്നിട്ടുള്ളൂ. കേസ് ടോറന്റോ സിറ്റിയിൽ വേണം എന്ന് ഞങ്ങൾ പറഞ്ഞത് കോടതി സ്വീകരിച്ചിട്ടുണ്ട്. കോടതി കേസ് സ്വീകരിച്ചാൽ ഞങ്ങൾ വിശദീകരണം നൽകും-സിജോ പന്തപള്ളിൽ പറയുന്നു.

ആരോപണം ഗുരുതരം

കാനഡ ഏജൻസികൾക്ക് നൽകിയ കണക്കുകൾ അനുസരിച്ച് 2014 മുതൽ 2017 വരെ ഗോസ്പെൽ ഫോർ ഏഷ്യ കാനഡക്ക് 100 കോടി ഡോളർ [ഉദ്ദേശം 730 കോടി രൂപ ] സംഭാവനയായി ലഭിച്ചു. ജിഎഫ് എ കാനഡ, സമർപ്പിച്ച T.3010 റിട്ടേൺ ഫോം പ്രകാരം 90 കോടി ഡോളർ [ഉദ്ദേശം 630 കോടി ] ചെലവഴിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. അവശേഷിക്കുന്നത് 10 കോടി ഡോളറാണ്. സന്നദ്ധ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ ഭീമമായ തുക യോഹന്നാനും കൂട്ടരും വകമാറ്റി ചിലവഴിച്ചെന്നാണ് പരാതി.

ഇതിൽ 20 കോടി ഡോളർ [ഉദ്ദേശം 143 കോടി രൂപ ] ഗോസ്പൽ ഫോർ ഏഷ്യ ഇന്ത്യയുടെ പേരിലുള്ള ബാങ്ക് അകൗണ്ടിലേക്ക് മാറ്റിയിരുന്നു. ഈ തുക പിന്നീട് ജിഎഫ്എ യുഎസ്എ അക്കൗണ്ടിലേക്ക് മാറ്റി വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി.ടെക്സാസിലെ വീൽസ് പോയിന്റിലുള്ള 350 ഏക്കർ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റിൽ ഗോസ്പൽ ഫോർ ഏഷ്യയുടെ കേന്ദ്ര ഓഫീസ് നിർമ്മിക്കാനും യോഹന്നാന് താമസിക്കാനായി ആർഭാട വീടു പണിയാനും ഈ തുക ഉപയോഗിച്ചെന്ന ഗുരുതരമായ ആരോപണം ഹർജിക്കാരൻ ഉയർത്തി.

ഗോസ്പൽ ഫോർ ഏഷ്യ ഇന്ത്യ അക്കൗണ്ടിൽ എത്തിയ 20 കോടി ഡോളർ നിക്ഷേപത്തെ കുറിച്ച് ഇന്ത്യൻ ഗവൺമെന്റിന് സംഘടന കണക്കുകൾ നൽകിയിട്ടില്ല. കാനഡ സർക്കാറിനും ഈ തുകയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. വലിയ സാമ്പത്തിക ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളത്.ഈ സാഹചര്യത്തിൽ 20 കോടി ഡോളർ [ഉദ്ദേശം 143 കോടി ] സംഭാവന നൽകിയവർക്ക് തിരിച്ചുനൽകണമെന്ന ആവശ്യവും കോടതിക്ക് മുമ്പിലുണ്ട്. കേസ്സുമായി ബന്ധപ്പെട്ടു വരുന്ന ചെലവുകളും നഷ്ടപരിഹാരമായി വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയിലെ പാവപ്പെട്ടവർക്ക് പുതപ്പു വാങ്ങുന്നതിനും, കുടിവെള്ള സ്രോതസ്സുകൾ സൃഷ്ടിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പോത്തുകളെ വാങ്ങാൻ സഹായം തുടങ്ങിയ വിവിധ പദ്ധതികളാണ് സംഭാവനക്കായി സംഘടന മുന്നോട്ടു വച്ചിരിക്കുന്നത്. കൊറോണ വൈറസും 170 മില്യൺ ഡോളറിൽ നിന്നുള്ള ക്ലെയിമുകളിൽ നിന്നുള്ള നെഗറ്റീവ് പബ്ലിസിറ്റിയും സംഭാവന കുറയാൻ കാരണമായി എന്ന് വാദിക്കുകയാണ് ഇപ്പോൾ ബിലിവേഴ്സ് ചർച്ച. സിബിസി ന്യൂസ് അന്വേഷണത്തിൽ ഡസൻ കണക്കിന് മുൻ ദാതാക്കളും ജിഎഫ്എ സ്റ്റാഫും ബോർഡ് അംഗങ്ങളും സംഘടന സ്വീകരിച്ച പണം യഥാർത്ഥത്തിൽ എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് കണ്ടെത്തി. ഏഷ്യയിലെ ദരിദ്രരെ ഉദ്ദേശിച്ചുള്ള ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമായി എന്ന് അവർ വിശ്വസിക്കുന്നു. ഫെബ്രുവരിയിൽ, വുഡ്ബേണിലെ വാദി ഗ്രെഗ് സെന്റ്നർ, ക്ലാസ്-ആക്ഷൻ കേസ് ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP