Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോവയെ കൈവള്ളയിലിട്ട് അമ്മാനമാടിയ അലിമാവോ സഹോദരങ്ങളിലൊന്നിനെ തൊട്ടപ്പോൾ കസ്റ്റംസിന് കൈപൊള്ളിയത് 29 വർഷം മുമ്പ്; ചർച്ചിൽ അലിമാവോയുടെ സഹോദരൻ അൽവെർനാസിനെ ഏറ്റമുട്ടലിനിടെ വകവരുത്തിയത് കസ്റ്റംസ് ഓഫീസർ ഫെർണാണ്ടസ്; സുപ്രീംകോടതി വിധി അനുകൂലമായെങ്കിലും പതിറ്റാണ്ടുകൾ ആയുധമണിയാൻ വിമുഖത; ഇനി ചുണക്കുട്ടന്മാരായി ആയുധം കൈയിലെടുക്കാൻ കസ്റ്റംസിനും ഡിആർഐക്കും കേന്ദ്രനിർദ്ദേശം; സ്വർണക്കടത്ത്-ലഹരി മരുന്നു സംഘങ്ങളോട് മല്ലിടാൻ അത്യാധുനിക ആയുധങ്ങളും

ഗോവയെ കൈവള്ളയിലിട്ട് അമ്മാനമാടിയ അലിമാവോ സഹോദരങ്ങളിലൊന്നിനെ തൊട്ടപ്പോൾ കസ്റ്റംസിന് കൈപൊള്ളിയത് 29 വർഷം മുമ്പ്; ചർച്ചിൽ അലിമാവോയുടെ സഹോദരൻ അൽവെർനാസിനെ ഏറ്റമുട്ടലിനിടെ വകവരുത്തിയത് കസ്റ്റംസ് ഓഫീസർ ഫെർണാണ്ടസ്; സുപ്രീംകോടതി വിധി അനുകൂലമായെങ്കിലും പതിറ്റാണ്ടുകൾ ആയുധമണിയാൻ വിമുഖത; ഇനി ചുണക്കുട്ടന്മാരായി ആയുധം കൈയിലെടുക്കാൻ കസ്റ്റംസിനും ഡിആർഐക്കും കേന്ദ്രനിർദ്ദേശം; സ്വർണക്കടത്ത്-ലഹരി മരുന്നു സംഘങ്ങളോട് മല്ലിടാൻ അത്യാധുനിക ആയുധങ്ങളും

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് സംഘങ്ങൾ ജാഗ്രതൈ. ഇതുവരെ കണ്ട കസ്റ്റംസ്-ഡിആർഐ സംഘങ്ങളെയാവില്ല നിങ്ങൾക്ക് നേരിടേണ്ടി വരുക. സർവസജ്ജരായ ആയുധങ്ങൾ സഹിതമുള്ള കസ്റ്റംസ് സംഘങ്ങൾ ആകും ഇനി നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക. രക്ഷപ്പെടാൻ ശ്രമിച്ചാൽ കസ്റ്റംസ്-ഡിആർഐ തോക്കുകൾ നിങ്ങൾക്ക് നേർക്ക് ഇനി തീ തുപ്പുകയും ചെയ്യും. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ഭീകരബന്ധം തെളിഞ്ഞതോടെയാണ് രക്ഷപ്പെടാനും കസ്റ്റംസ്-ഡിആർഐ വിഭാഗങ്ങളെ ആക്രമിക്കാനും ശ്രമിക്കുന്ന സംഘങ്ങളെ കരുണയേതുമില്ലാതെ വെടിവെച്ചിടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഈ ഉത്തരവോടെ കസ്റ്റംസ്-ഡിആർഐ വിഭാഗങ്ങൾ വീണ്ടും ആയുധമണിയുകയാണ്.

വെറുമൊരു ആയുധമണിയൽ മാത്രമല്ല നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പ്രതികൾക്ക് കസ്റ്റംസ്-ഡിആർഐ തോക്കുകൾ ഇനി തീ തുപ്പുക തന്നെ ചെയ്യും. പ്രതികൾ ആക്രമിക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ അരയിലെ തോക്കിന് വിശ്രമം നൽകേണ്ടതില്ല എന്നാണ് ഏജൻസികൾക്ക് ലഭിച്ച നിർദ്ദേശം. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. കൈവശമുള്ള ആയുധങ്ങൾ പൊടിതട്ടിയെടുക്കാൻ നിർദ്ദേശിച്ചതിനൊപ്പം നവീനമായ ആയുധങ്ങൾ ഏജൻസികൾക്ക് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കസ്റ്റംസ്-ഡിആർഐ-എൻസിബി ഏജൻസികൾക്ക് നൂതന ആയുധങ്ങളാണ് ലഭ്യമാക്കുന്നത്.

രാജ്യത്തെ എല്ലാ ഓഫീസുകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആയുധങ്ങൾ ഇപ്പോൾ തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉത്തരവ് ഇറങ്ങുകയും ആയുധങ്ങൾ ലഭ്യമാക്കി തുടങ്ങുകയും ചെയ്തത് ഈ ഏജൻസികളുടെ ചരിത്രത്തിലെ അസാധാരണമായ
നടപടികളായാണ് വിലയിരുത്തുന്നത്. ഓപ്പറെഷൻസിന്നിടയിൽ വെഹിക്കിൾ, എയർക്രാഫ്റ്റ്, കപ്പൽ എന്നിവ തടഞ്ഞു നിർത്താനുള്ള അനുവാദം കൂടി കസ്റ്റംസ്-ഡിആർഐഏജൻസികൾക്ക് നൽകിയിട്ടുണ്ട്. പൊലീസിനു പോലും നൽകാത്ത പവർ ആണ് കസ്റ്റംസ്-ഡിആർഐ വിഭാഗങ്ങൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഇന്നലെ ജോധ്പൂരിൽ അഞ്ചു കിലോ സ്വർണം പിടിക്കാൻ എത്തിയ ഡിആർഐ-സിജിഎസ്ടി ഉദ്യോഗസ്ഥർക്ക് നേരെ കള്ളക്കടത്ത് സംഘം വെടിയുതിർത്തിരുന്നു. ഈ വെടിവെപ്പ് കൂസാതെ അഞ്ചു കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ചവരെ പിന്തുടർന്ന ഡിആർഐ ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചു കൊല്ലാൻ കള്ളക്കടത്ത് സംഘം ശ്രമിച്ചിരുന്നു. തലനാരിഴയ്ക്കാണ് ഡിആർഐ ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. രണ്ടു ഡിആർഐ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്വർണവുമായി പുറത്തെത്തിയ കാറിനു ഡിആർഐ സംഘം കൈകാണിച്ചെങ്കിലും കാർ മുന്നോട്ടെടുത്ത് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അനഭിലഷണീയമായ പ്രവണതകൾ തലപൊക്കുകയും ഉദ്യോഗസ്ഥർ മാർക്ക് ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം നിലനിൽക്കെയാണ് കസ്റ്റംസ്-ഡിആർഐ-എൻസിബി ഏജൻസികളെ സായുധരാക്കി കേന്ദ്രത്തിന്റെ ഉത്തരവ് വരുന്നത്.

സ്വർണ്ണക്കടത്തിന്റെ തോത് കുതിച്ചുയരുകയും സ്വർണ്ണക്കടത്തിനു തീവ്രവാദ ബന്ധങ്ങൾ ഉണ്ടെന്നും തെളിയുകയും ചെയ്ത സാഹചര്യങ്ങളും നിലനിൽക്കുന്നു. മുംബൈയിൽ ഹാജി മസ്താന്റെ നേതൃത്വത്തിൽ അധോലോകം ശക്തി പ്രാപിച്ച ഘട്ടത്തിലാണ് ഇതിനു മുൻപ് ആയുധമെടുത്ത് ഏജൻസികൾ റെയിഡിനു ഇറങ്ങിയത്. ഇപ്പോൾ പതിറ്റാണ്ടുകൾക്ക് ശേഷം ഏജൻസികൾ ആയുധമണിയുകയാണ്. ഇനി മുതൽ സർവസജ്ജമായ കസ്റ്റംസ് വിഭാഗങ്ങളാണ് റെയിഡുകളിൽ പങ്കെടുക്കുക. റെയിഡിന്നിടയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമം വന്നാൽ പ്രതികൾക്ക് നേരെ നിറയൊഴിക്കാൻ മടിക്കേണ്ടതില്ലെന്നാണ് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.

ചർച്ചിൽ അലിമാവോ സഹോദരന്മാരിൽ ഒരാളായ അൽവെർനാസ് അലിമാവോയെ 1992-ൽ കസ്റ്റംസ് ഓഫീസർ വെടിവെച്ച് കൊന്ന ശേഷം ആയുധമേടുക്കാൻ മടിച്ച ഏജൻസികളാണ് മൂന്നു പതിറ്റാണ്ടിനു ശേഷം വീണ്ടും ആയുധമണിയുന്നത് എന്ന പ്രത്യേകതയുണ്ട്. അൽവെർനാസ് അലിമാവോയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അലിമാവോ സഹോദരന്മാർ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയെങ്കിലും കസ്റ്റംസ് ഓഫീസറുടെ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയാണ് ചെയ്തത്. അൽവെർനാസിനെ വെടിവെച്ചു കൊന്ന കസ്റ്റംസ് ഓഫീസർ ഫെർണാണ്ടസിന് എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും സുപ്രീംകോടതി കേസ് റദ്ദ് ചെയ്യുകയാണ് ഉണ്ടായത്. ഈ വിവാദങ്ങൾ കസ്റ്റംസിനെ ഉലച്ചിരുന്നു. അതിനുശേഷം ആയുധങ്ങൾ ഉപയോഗിക്കാൻ അ നുമതിയുണ്ടെങ്കിലും കസ്റ്റംസ് ഡിആർഐ ഏജൻസികൾ ആയുധമണിഞ്ഞിരുന്നില്ല. ഈ നിലപാടിനാണ് ഇപ്പോൾ മാറ്റം വരുന്നത്.

സ്വർണ്ണക്കടത്തിനു തീവ്രവാദ ബന്ധം വരുകയും രാജ്യമാസകലം ആണ്ടു കിടക്കുന്ന ഈ വേരുകൾ അറുത്തെറിയാൻ എൻഐഎ-ഇഡി-എൻസിബി-ഡിആർഐ-കസ്റ്റംസ്-ഐബി ഏജൻസികൾ കൈകോർക്കുകയും ചെയ്തിരിക്കെയാണ് കേന്ദ്ര ഏജൻസികളോട് ആയുധം അണിയാനും അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ മടിക്കേണ്ടതില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP