Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളാറ്റ് തട്ടിപ്പു നടത്തിയ ഹീര ബാബുവിനെ പൂട്ടാൻ സിബിഐയും; ഹീര ബിൽഡേഴ്‌സ് ഉടമയെയും കുടുംബത്തെയും പ്രതികളാക്കി എഫ്‌ഐആർ ഇട്ട് അന്വേഷണം തുടങ്ങി സിബിഐ; ആക്കുളത്തെ ലേക്ക്ഫ്രണ്ട് പ്രൊജക്ടിന്റെ എസ്‌ബിഐയിൽ നിന്നും ലോണെടുത്ത 15 കോടി തിരിച്ചടക്കാതെ കബളിപ്പിച്ചു; ഈട് നൽകിയ വ്യാപാരസമുച്ചയം ബാങ്ക് അറിയാതെ മറിച്ചുവിറ്റും തട്ടിപ്പ്; ആരും അറിയാതെ പാപ്പർഹർജി നൽകി കൈകഴുകാനുള്ള ശ്രമിച്ച ഹീരബാബു കുടുംബസമേതം അഴിക്കുള്ളിലേക്ക്?

ഫ്‌ളാറ്റ് തട്ടിപ്പു നടത്തിയ ഹീര ബാബുവിനെ പൂട്ടാൻ സിബിഐയും; ഹീര ബിൽഡേഴ്‌സ് ഉടമയെയും കുടുംബത്തെയും പ്രതികളാക്കി എഫ്‌ഐആർ ഇട്ട് അന്വേഷണം തുടങ്ങി സിബിഐ; ആക്കുളത്തെ ലേക്ക്ഫ്രണ്ട് പ്രൊജക്ടിന്റെ എസ്‌ബിഐയിൽ നിന്നും ലോണെടുത്ത 15 കോടി തിരിച്ചടക്കാതെ കബളിപ്പിച്ചു; ഈട് നൽകിയ വ്യാപാരസമുച്ചയം ബാങ്ക് അറിയാതെ മറിച്ചുവിറ്റും തട്ടിപ്പ്; ആരും അറിയാതെ പാപ്പർഹർജി നൽകി കൈകഴുകാനുള്ള ശ്രമിച്ച ഹീരബാബു കുടുംബസമേതം അഴിക്കുള്ളിലേക്ക്?

എം മനോജ് കുമാർ

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഇന്ത്യയെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത ഹീര കൺസ്ട്രക്ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഹീര ആക്കുളം പ്രോജക്റ്റ് തട്ടിപ്പിന്റെ പേരിൽ എസ്‌ബിഐ നൽകിയ പരാതിയിലാണ് ഹീരാ ബാബുവിനും ഡയരക്ടർമാർക്കും എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിനായി ഹീര ബാബുവിനെ സിബിഐ വലയിലാക്കിയതായി സൂചനയുമുണ്ട്. ഹീര ആക്കുളത്തെ ലേക്ക് ഫ്രണ്ട് ഹൗസിങ് പ്രോജെക്ട് പ്രഖ്യാപിച്ചയുടൻ നൽകിയ 15 കോടി രൂപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ഈയിടെ പാപ്പർ ഹർജി നൽകിയ ഹീര ബാബുവിനെ ഒന്നാം പ്രതിയാക്കി ഹീരയുടെ ആറു ഡയക്ടർമാരെയും പ്രതി ചേർത്ത് സിബിഐയിൽ എസ്‌ബിഐ പരാതി നൽകിയത്.

ഈ കേസിൽ എസ്‌ബിഐയെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ടു ചോദ്യം
ചെയ്യാൻ ഹീര ബാബുവിനെ സിബിഐ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
തിരുവനന്തപുരത്തെ എസ്‌ബിഐ റീജിയണൽ മാനേജർ എം.സുരേഷ്‌കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഹീരയ്ക്ക് എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഹീര കമ്പനിക്ക് എതിരെയും ഹീരയുടെ ഡയരക്ടർമാരായ ഹീര ബാബു, ഹീരാ ബാബുവിന്റെ ഭാര്യയായ സുനിതാ ബീഗം റഷീദ്, മക്കളായ സുബിൻ അബ്ദുൾ റഷീദ്, റെസ് വിൻ അബ്ദുൾ റഷീദ്, സുറുമി അബ്ദുൾറഷീദ് എന്നിവരെ പ്രതികളാക്കിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കൊപ്പം എസ്‌ബിഐയിലെ ഉദ്യോഗസ്ഥരെയും സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹീരയുടെ തട്ടിപ്പുകൾ സങ്കീർണ്ണം; പുറത്തറിയാൻ വൈകുകയും ചെയ്യും

സിബിഐയുടെ കൊച്ചിയിലെ ആന്റി കറപ്ഷൻ വിംഗാണ് ഹീരയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഉപഭോക്താക്കളെ വിദഗ്ദമായി വഞ്ചിക്കുന്ന ഹീര വളരെ സങ്കീർണ്ണമായ തട്ടിപ്പ് തന്നെയാണ് എസ്‌ബിഐയ്‌ക്കെതിരെയും പുറത്തെടുത്തത്. ആക്കുളത്തെ ഹീരയുടെ പ്രോജക്റ്റ് 'ഹീര ലേക്ക് ഫ്രണ്ട്' പ്രഖ്യാപിച്ചയുടൻ തന്നെയാണ് ഹീരയ്ക്ക് 2013-ൽ എസ്‌ബിഐയുടെ കവടിയാർ ബ്രാഞ്ച് 15 കോടി രൂപ പ്രോജ്കറ്റ് ലോൺ അനുവദിക്കുന്നത്. വെറും പ്രോജക്റ്റ് മാത്രമായതിനാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി കൊല്ലം ചിന്നക്കടയിലെ ഹീര പ്ലാസാ വ്യാപാര സമുച്ചയവും അതിലെ കടമുറികളും ഈടായി ഹീര നൽകിയിരുന്നു. എസ്‌ബിഐയിൽ നിന്നെടുത്ത 15 കോടി ഹീര തിരിച്ചടയ്ക്കുകയോ ഹീരയുടെ ആക്കുളം പ്രോജക്റ്റ് ഹീര പൂർത്തീകരിക്കുകയോ ചെയ്തില്ല. അതേസമയം തന്നെ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ഹീര പ്ലാസയിലെ മുഴുവൻ കടമുറികളും വ്യാപാര സമുച്ചയവും ബാങ്കിന്റെ അനുമതികൂടാതെ ഹീര വിൽക്കുകയും ചെയ്തു

കൊല്ലം ചിന്നക്കടയിൽ 26 ഷോപ്പ് മുറികൾ ഉള്ള ഈ സമുച്ചയത്തിലെ 12 ഷോപ്പുകൾ ബാങ്ക് ഹീരയ്ക്ക് കൈമാറി നൽകിയിരുന്നു. എന്നാൽ ബാങ്ക് നൽകിയ അനുമതി ഉപയോഗിച്ച് വ്യാപാര സമുച്ചയം മുഴുവനായി തന്നെ ഹീര വിറ്റഴിച്ചു. ഹീരയ്ക്ക് അനുവദിച്ച 15കോടിയുടെ ലോൺ അടയ്ക്കാതിരിക്കുകയും എന്നാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകിയ സമുച്ചയം ഹീര വിറ്റഴിക്കുകയും ചെയ്തതായി ബാങ്ക് നടത്തിയ അന്വേഷണത്തിൽ ബോധ്യമാവുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി ബാങ്ക് സിബിഐയെ സമീപിച്ചത്. അന്ന് എസ്‌ബിറ്റിയായിരുന്ന വേളയിലാണ് ബാങ്ക് വായ്പ നൽകിയത്. ഇപ്പോൾ എസ്‌ബിറ്റി എസ്‌ബിഐയിൽ ലഭിച്ചതിനാൽ എസ്‌ബിഐയാണ് പരാതി നൽകിയത്. ഈ തട്ടിപ്പിന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെകൂടി പങ്ക് ഉണ്ടെന്ന വിധത്തിലാണ് സിബിഐ അന്വേഷണം മുന്നോട്ടു നീക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഹീരയുടെ തട്ടിപ്പ് സിബിഐ കണ്ടുപിടിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെയാണ് ഹീര ബാബുവിനെ സിബിഐ കസ്റ്റഡിയിൽ എടുക്കാൻ മുതിരുന്നതും

വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ എസ്‌ബിഐയും ഹീരയും ഒത്തുകളിച്ചോ?

ഹീരയ്ക്ക് എസ്‌ബിഐ അനുവദിച്ച 15 കോടിയുടെ വായ്പ 2016 ഡിസംബറിൽ ഹീര തിരിച്ചടയ്‌ക്കേണ്ടതായിരുന്നു. ഹീരയുടെ ആക്കുളം പ്രോജ്കറ്റ് പൂർത്തിയാകാത്തതിനെ തുടർന്ന് 2017 ഡിസംബർ വരെ വായ്പാ കാലാവധി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ കാലാവധിയിലും വായ്പ തിരിച്ചടയ്ക്കാൻ ഹീര തയ്യാറായില്ല. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഹീരയുടെ തട്ടിപ്പിന്റെ വ്യാപ്തി ബാങ്കിന് ബോധ്യമായത്. ലോൺ അടയ്ക്കാത്തതിനെ തുടർന്ന് ഹീരയുടെ ആക്കുളം പ്രോജക്റ്റ് ബാങ്ക് അറ്റാച്ച് ചെയ്തിരുന്നു. അതിനായി ബാങ്ക് ആക്കുളത്തെ ഹീര ലേക്ക് ഫ്രണ്ട് പ്രോജക്റ്റിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹീരയുടെ ആളുകൾ ഈ ബോർഡ് നീക്കം ചെയ്യുകയും ഫ്‌ളാറ്റുകൾ വിൽപ്പന നടത്തുകയും ചെയ്തു. എന്നാൽ ബാങ്ക് ഈ ഫ്‌ളാറ്റുകൾ അറ്റാച്ച് ചെയ്ത വിവരം അറിഞ്ഞിട്ടും ഫ്‌ളാറ്റുകൾ വിൽപ്പന നടത്താൻ ഇതേ എസ്‌ബിഐ തന്നെ ഹീരയെ അനുവദിച്ചതായും സൂചനയുണ്ട്. ഈ പ്രോജക്റ്റ് ബാങ്ക് അറ്റാച്ച് ചെയ്ത കാര്യം ഹീരയുടെ ആക്കുളത്ത് ഫ്‌ളാറ്റ് ബൂക്ക് ചെയ്തവരിൽ നിന്നും ബാങ്ക് മറച്ചുവെച്ചു എന്നാണ് എസ്‌ബിഐക്കെതിരെ ആക്ഷേപം ഉയരുന്നുണ്ട്. ഹീര എസ്‌ബിഐയെ കബളിപ്പിച്ചു. അതേ സമയം ഹീര ലേക്ക് ഫ്രണ്ട് പ്രോജക്റ്റിൽ ഫ്‌ളാറ്റുകൾ ബുക്ക് ചെയ്തവരെയും കബളിപ്പിച്ചു.

ഹീരയുടെ വഞ്ചനയ്ക്കിരയാവരിൽ നിന്നും രക്ഷനേടാൻ പാപ്പർ ഹർജിയിൽ അഭയവും

സ്വതസിദ്ധമായ സങ്കീർണ്ണമായ തട്ടിപ്പ് ആണ് ഹീര നടത്തിയത് എന്നതിനാൽ ഈ തട്ടിപ്പ് ഹീരയുടെ മറ്റു തട്ടിപ്പുകൾ പോലെ പുറത്തറിയാൻ വൈകുകയായിരുന്നു. തട്ടിപ്പുകൾ നടത്തി നിൽക്കക്കള്ളിയില്ലാതെയാണ് ഹീര ഈയിടെ പാപ്പർ ഹർജി ഫയൽ ചെയ്തത്. . 2015ൽ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഹീര ബാബു നിയമ നടപടികൾ തുടങ്ങിയത്. അബ്ദുൾ റഷീദ് അലിയാർ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടർ. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിൻ, റസ്വിൻ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടർമാർ. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് പാപ്പരാക്കാൻ ഹീരാ ബാബു നീക്കം നടത്തുന്നത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികൾ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.

ഹീര ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തിരുവനന്തപുരത്തെ പട്ടത്തുള്ള അറ്റ്‌മോസ്ഫിയർ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ജഗതിയിലെ റിവർ പാർക്ക് ഫ്‌ളാറ്റുകൾ ഇതുവരെ കൈമാറാനായില്ല. ശാസ്തമംഗലത്തെ സ്‌കൈ ഗോൾഫ് പദ്ധതിയും വൈകുന്നു. വഴുതക്കാട്ടത്തെ പദ്ധതിയാണെങ്കിൽ കേസിൽ കുടുങ്ങുകയും ചെയ്തു. കാൽ നൂറ്റാണ്ടു കൊണ്ട് 213.22 കോടി രൂപയുടെ വായ്പാബാദ്ധ്യത ഹീരയ്ക്ക് വന്നിട്ടുണ്ട്. തവണകൾ വീഴ്ച വരുത്തിയതും അല്ലാത്തതുമായി 182.5 കോടി രൂപയുടെ വായ്പകൾ തീർപ്പാക്കാൻ ബാക്കിനിൽക്കുന്നു. ഹീര നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പലതരം വാർത്തകൾ വരുന്നുണ്ട്. പക്ഷേ, അവർ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ എന്തുകൊണ്ടോ ഇതുവരെ വിശദമായി പുറത്തുവന്നിട്ടില്ല. പലരും പരാതിയുമായി രംഗത്തുണ്ട്. പരാതിക്കാർക്ക് പണം നൽകി എല്ലാ പ്രശ്നവും തീർത്തുവെന്നാണ് ഹീരാ ബാബു അവകാശപ്പെടുന്നത്. ഇതിനിടെയാണ് പാപ്പർ സ്യൂട്ടുമായി കോടതിക്ക് മുമ്പിൽ ഹീര ബാബു ഹർജി നൽകുന്നത്.

ഹീരാ കൺസ്ട്രക്ഷൻ തുടങ്ങിയത് തട്ടിപ്പുകൾ ലക്ഷ്യംവെച്ചോ?

1991ലാണ് ഹീരാ കൺസ്ട്രക്ഷൻ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ൽ ഹീരാ സമ്മർ ഹോളിഡേ ഹാംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്പനിയും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്പനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കൺസ്ട്രക്ഷൻ കമ്പനികൾ ഹീരാ ബാബു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടർമാരായുള്ളത്. അതുകൊണ്ട് തന്നെ പ്രധാന കമ്പനിയിലെ ഫണ്ടെല്ലാം വകമാറ്റിയ ശേഷമാണ് പാപ്പർ സ്യൂട്ടുമായി എത്തുന്നതെന്നാണ് സൂചന. ഈ കമ്പനിയുമായി ബന്ധപ്പെട്ട കടക്കാർക്ക് അതിലെ ആസ്തികൾ വിറ്റ് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ വകുപ്പ് പണം നൽകും. ഇതിന് വേണ്ടിയുള്ള കടക്കാരെ കണ്ടെത്താനാണ് പത്ര പരസ്യം നൽകിയിക്കുന്നത്. ദേശാഭിമാനിയിൽ വന്ന പരസ്യം തീരെ ചെറുതാണ്. അതിൽ വിവരങ്ങൾ പോലും വായിച്ച് മനസ്സിലാക്കാൻ കഴിയില്ല. അങ്ങനെ പരമാവധി കടക്കാരിലേക്ക് പത്രപരസ്യം എത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഏതായാലും വൻകിട കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ് കഴിഞ്ഞ 30ന് ദേശാഭിമാനിയിൽ എത്തിയ പത്രപരസ്യം.

പ്രോജക്ടുകൾ നഗരത്തിലെ കണ്ണായ സ്ഥലത്ത്; ഫ്ളാറ്റ് സമുച്ചയം ഉയർന്നത് പ്രധാന പൈപ്പ് ലൈനിന്റെ മുകളിലും

ചില പ്രത്യേക വ്യക്തികൾക്ക് മാത്രമേ ഏത് സർക്കാർ അധികാരത്തിൽ എത്തിയാലും നിയമം ലംഘിച്ച് കെട്ടിടങ്ങൾ പണിയാനും സർക്കാർ ഭൂമിയിൽ സാമ്രാജ്യം കെട്ടിപ്പടുക്കാനും കഴിയൂ. അത്തരം വ്യക്തികളിൽ ഒരാളായിരുന്നു ഹീരാ കൺസ്ട്രക്ഷൻ കമ്പനി ഉടമ ഹീര ബാബു എന്ന അബ്ദുൾ റഷീദ്. ഒരു നൂറ്റാണ്ടായി തലസ്ഥാന നഗരവാസികൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിന്റെ മുകളിൽ വീട് പണിയാൻ ഭാഗ്യം ലഭിച്ച മഹാൻ ആയിരുന്നു ഹീരാ ബാബു. വീടു പണി പൂർത്തിയായപ്പോൾ ഇടതും വലതും സ്വാധീനം ഉണ്ടായിട്ടും താമസാനുമതി നല്കാൻ ഉദ്യോഗസ്ഥർ പേടിച്ചപ്പോൾ സ്വന്തം പേരിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി തടി തപ്പുകയാണ് ബാബു ചെയ്തത്. അങ്ങനെ തന്ത്രങ്ങളിലൂടെ വളർന്ന വ്യവസായ പ്രമുഖനാണ് പ്രതിസന്ധിയിലേക്ക് വീഴുന്നത്. ഗൾഫിൽ നിന്നുള്ള പണമൊഴുക്ക് നിന്നതാണ് ഇതിന് കാരണമെന്ന ആരോപണവും സജീവമാണ്.

പൈതൃക ഭൂമിയായി സംരക്ഷിക്കുന്ന കവടിയാറിൽ രണ്ട് നില മാത്രം പണിയാനേ അനുമതി ലഭിക്കൂ എന്നിരിക്കേ 13 നിലയുടെ ഫ്ളാറ്റ് സമുച്ചയം പണിതുയർത്തിയ ഹീര ബാബുവിന് രാഷ്ട്രീയ കരുത്ത് ഏറെയായിരുന്നു. ഹീരയുടെ കവടിയാറിലെ ഐഎഎസ് അക്കാഡമി സ്ഥിതി ചെയ്യുന്ന ഭൂമിയാണ് തലസ്ഥാനവാസികളുടെ കുടിവെള്ളം പോലും മുട്ടിക്കാൻ പറ്റിയ ബോംബായി സ്ഥിതി ചെയ്യുകയും വിവാദമാവുകയും ചെയ്തിരുന്നത്. കവടിയാർ ഗോൾഫ് ലിങ്ക്‌സ് റോഡിൽ കോടികൾ വിലതിക്കുന്ന സർക്കാർ ഭൂമി കയ്യേറി കെട്ടിടം പടുത്തുയർത്തിയത് ഏറെ വിവാദമായിരുന്നു. രാജാവിന്റെ കാലത്ത് സ്ഥാപിച്ച ജില്ലയിലെ ആദ്യ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കടന്നു പോകുന്ന ഭൂമിയിൽ പൈപ്പ് ലൈനു മുകളിലൂടെയാണ് കെട്ടിടം പണിതുയർത്തിയത്. സർക്കാർ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തപ്പോൾ ഹീരാ ബാബു ഇവിടെ ഐഎയിരുന്നു ഇവിടെ ഐഎഎസ് അക്കാദമി സ്ഥാപിച്ചത്.

1927ൽ അരുവിക്കരയിൽ നിന്നും ജില്ലയിൽ കുടിവെള്ളമെത്തിക്കുന്നതിനായി രാജാവിന്റെ കാലത്ത് സ്ഥാപിച്ച 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും നിർമ്മാണ പ്രവർത്തനം നടത്തിയാൻ പൈപ്പ് ലൈൻ പെട്ടുമെന്നതിനാൽ ഈ പ്രദേശം പുറമ്പോക്കു ഭൂമിയായി റവന്യൂ രേഖകളിൽ രാജാവ് എഴുതി ചേർക്കുകയായിരുന്നു.  എന്നാൽ പീന്നീട് ഈ ഭൂമി വ്യാജപ്രമാണങ്ങൾ ചമച്ച് ഹീരാ ബാബുവും സംഘവും സ്വന്തമാക്കുകയായിരുന്നു. നൂറ്‌കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറിയതാണെന്നു കണ്ടെത്തുകയും പട്ടയം റദ്ദ് ചെയ്യുകയും ചെയ്തിട്ട് ഇതൊഴിപ്പിക്കാൻ ആരും ഒന്നും ചെയ്തില്ല. ഇത്തരത്തിലെരൊ വ്യക്തിയാണ് ഇപ്പോൾ പാപ്പർ സ്യൂട്ടുമായി രംഗത്ത് എത്തുന്നത്. ഇതിനുള്ള പരസ്യം ചെയ്യാൻ തെരഞ്ഞെടുത്തത് സിപിഎം പാർട്ടി പത്രമായ ദേശാഭിമാനി എന്നതും ശ്രദ്ധേയമാണ്.

പ്രതിസന്ധി തുടങ്ങുന്നത് നോട്ടുനിരോധനത്തോടെ

നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന കെഎഫ്സി ഹീരയിൽ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികൾ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്ളാറ്റ് നിർമ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്‌റ്റൈൽ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒൻപത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്. വായ്പാ തിരിച്ചടവിൽ കുടിശിക വരുത്തിയതിനെത്തുടർന്ന് 2015 ഒക്ടോബർ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നൽകിയത്. എന്നാൽ പലിശ അടയ്ക്കാൻ വായ്‌പ്പക്കാരൻ തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടർന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നൽകുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടർന്ന് ഹീരയുടെ നാല് സ്ഥലങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കും ജപ്തി ചെയ്തിരുന്നു.

കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് സ്ഥലങ്ങൾ. ഹീര ലൈഫ് സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കിൽ നിന്ന് എടുത്തിരുന്നത്. ഹീരയിലെ കുടിശിഖ പിടിക്കാൻ പഞ്ചാബ് നാഷണൽ ബാങ്കും പത്രപരസ്യം നൽകിയിരുന്നു. മാതൃഭൂമി ദിനപത്രത്തിൽ ഒക്ടോബർ 26 നാണു പരസ്യം നൽകിയത്.

ഹീരയ്ക്ക് എതിരായ വാർത്തകൾ പൂഴ്‌ത്തി മുഖ്യധാരാ മാധ്യമങ്ങൾ

കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്‌സിന്റെ തകർച്ചയുടെ വാർത്തകൾ മുൻ നിര പത്രങ്ങൾ പോലും വാർത്തയാക്കിയിട്ടില്ല. ഇത്തരത്തിലൊരു ഗ്രൂപ്പിന്റെ ഉടമയാണ് കടങ്ങളിൽ പെട്ട് പാപ്പരാകാൻ ഈയിടെ നോട്ടീസ് നൽകിയിരിക്കുന്നത്. അപ്പോഴും മുൻനിര പത്രങ്ങൾ മൗനം പാലിക്കുകയാണ്. ഗോവ ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഹീരാ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.ബാബു സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് എൻജിനീയറിങ് കോളേജ് അടക്കം സ്ഥാപിച്ചിരുന്നു. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് കവടിയാറിലാണ് ഡോ.ബാബു താമസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP