Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഫെറ വയലേഷനും ഖുറാൻ ഇടപാടും ജലീലിന് കരുക്കാകും; ലൈഫ് മിഷനും സ്വപ്‌നാ സുരേഷ് ബന്ധവും ശിവശങ്കറിനെ അഴിമതി കേസിൽ തളയ്ക്കാൻ വഴിയൊരുക്കും; കോടിയേരിയുടെ മകന് മയക്കു മരുന്ന് കടത്തിലെ സാമ്പത്തിക ഇടപാടുകൾ പ്രതിസന്ധിയാകും; ഇപിയുടെ മകനും സംശയ നിഴലിൽ; സ്വർണ്ണ കടത്തിൽ കൂടുതൽ നല്ലത് സിബിഐ എന്ന നിലപാടിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളത്തെ ഞെട്ടിക്കാൻ ഇനി കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യത; കളം നിറയാൻ ഷായും ഡോവലും സിബിഐയെ ഇറക്കിയേക്കും

ഫെറ വയലേഷനും ഖുറാൻ ഇടപാടും ജലീലിന് കരുക്കാകും; ലൈഫ് മിഷനും സ്വപ്‌നാ സുരേഷ് ബന്ധവും ശിവശങ്കറിനെ അഴിമതി കേസിൽ തളയ്ക്കാൻ വഴിയൊരുക്കും; കോടിയേരിയുടെ മകന് മയക്കു മരുന്ന് കടത്തിലെ സാമ്പത്തിക ഇടപാടുകൾ പ്രതിസന്ധിയാകും; ഇപിയുടെ മകനും സംശയ നിഴലിൽ; സ്വർണ്ണ കടത്തിൽ കൂടുതൽ നല്ലത് സിബിഐ എന്ന നിലപാടിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളത്തെ ഞെട്ടിക്കാൻ ഇനി കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യത; കളം നിറയാൻ ഷായും ഡോവലും സിബിഐയെ ഇറക്കിയേക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം അതിശക്തമാക്കുമെന്ന് സൂചന. സ്വർണ്ണ കടത്തിലെ ഭീകരവാദം എൻഐഎ അന്വേഷിക്കുമ്പോൾ മറ്റ് വശങ്ങളിലെ അന്വേഷണത്തിന് സിബിഐ എത്തുമെന്നാണ് സൂചന. ലൈഫ് മിഷൻ അടക്കമുള്ള അഴിമതി കേസുകളിൽ സിബിഐ ഇടപെടൽ ഉണ്ടാകും. ഇതിനുള്ള തീരുമാനം തത്വത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് എടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകരാത്തോടെ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

കസ്റ്റംസും ഇഡിയും അന്വേഷിക്കുന്ന കേസുകളിലെ ക്രിമിനൽ ഗൂഢാലോചനയും മറ്റുമാകും സിബിഐ പരിശോധിക്കുക. സ്വർണ്ണ കടത്തിന് ലഹരി മരുന്ന് മാഫിയയുമായും ബന്ധമുണ്ട്. വിദേശ നയതന്ത്ര ചട്ടങ്ങളും ലംഘിച്ചു. ഇതിൽ എല്ലാം കേസെടുക്കാൻ സിബിഐയ്ക്ക് കഴിയും. ഈ സാഹചര്യത്തിലാണ് സിബിഐയുടെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്. ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മന്ത്രി കെ.ടി.ജലീൽ, എംശിവശങ്കർ, ബിനീഷ് കോടിയേരി എന്നിവർ ഈ കേസുകളുമായി ബന്ധപ്പെട്ടു അറസ്റ്റിലായെക്കും എന്ന സൂചനകൾ തന്നെയാണ് ലഭിക്കുന്നത്. ഇതിന് വേണ്ടിയാണ് സിബിഐയെ കൊണ്ടു വരുന്നത്. മന്ത്രി ഇപി ജയരാജന്റെ മകനെതിരേയും ആരോപണം ഉണ്ട്. ഇതും സിബിഐ പരിശോധിക്കും.

ഫെറ വയലേഷനും, ഖുറാൻ പാക്കറ്റിൽ കോഴിക്കോടെക്ക് സ്വർണം എത്തി എന്ന അന്വേഷണ ഏജൻസികളുടെ സംശയങ്ങളും മന്ത്രി ജലീലിനെ തുറിച്ച് നോക്കുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു എം.ശിവശങ്കറെ സിബിഐ, എൻഐഎ, ഇഡി ഏജൻസികൾ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്. ബിനീഷ് കോടിയേരിയെ ഇഡിയും എൻസിബിയും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് എന്ന നിഗമനത്തിലാണ് ഇഡിയും എൻസിബിയും. മൂന്നു പേർക്കും ക്ലീൻ ചിറ്റ് നൽകാൻ ഇവരെ ചോദ്യം ചെയ്ത ഒരു കേന്ദ്ര ഏജൻസിയും തയ്യാറായിട്ടുമില്ല. മറിച്ച് ഇവരെ വീണ്ടും വിളിപ്പിക്കും എന്ന് അർത്ഥശങ്കയില്ലാതെ വ്യകതമാക്കുകയാണു കേന്ദ്ര ഏജൻസികൾ ചെയ്തത്.

നിലവിലെ തെളിവുകളും വിവരങ്ങളും വെച്ച് മന്ത്രി ജലീൽ, എം.ശിവശങ്കർ, ബിനീഷ് കോടിയേരി എന്നിവർ സിബിഐയുടെ വരവോടെ അറസ്റ്റിലാകാൻ സാധ്യതകൾ ഏറെയാണ് എന്നാണ് ഡൽഹിയിൽ നിന്നും അറിയാൻ സാധിക്കുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്ത് വന്നപ്പോൾ ഇതെല്ലാം അന്വേഷിക്കേണ്ട ഏജൻസി സിബിഐയാണെന്ന് അജിത് ഡോവൽ തലത്തിൽ നിന്നും മുൻപ് തന്നെ തീരുമാനം വന്നിരുന്നു. സിബിഐയുടെ കൊച്ചി ഓഫീസ് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സിബിഐ കേന്ദ്ര ഓഫീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ സിബിഐയുടെ വരവ് കേസിൽ വേഗത്തിലാവുകയാണ് എന്ന സൂചനകൾ തന്നെയാണ് നൽകുന്നത്.

ഖുറാന്റെ മറവിൽ സി ആപ്റ്റ് വാഹനത്തിൽ കൊണ്ടു പോയതിൽ സ്വർണ്ണവും ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് എൻഐഎയും കസ്റ്റംസും എത്തിക്കഴിഞ്ഞു. കോൺസുലേറ്റിൽനിന്നുള്ള പാഴ്‌സലുകളുമായി മലപ്പുറത്തേക്കു പോയ ദിവസം സി-ആപ്റ്റിന്റെ ലോറിയുടെ ജി.പി.എസ്. സംവിധാനം പത്ത് മണിക്കൂറോളം വിച്ഛേദിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയത് ഈ സംശയമാണ് സജീവമാക്കുന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ജി.പി.എസ്. പ്രവർത്തിച്ചിരുന്നെങ്കിൽ വാഹനത്തിന്റെ റൂട്ട് കൃത്യമായി ലഭിക്കുമായിരുന്നു. ഇത് മനഃപൂർവം വിച്ഛേദിച്ചതാണോ എന്നാണ് സംശയം. ഈ സാഹചര്യത്തിൽ സിആപ്ട് വാഹനത്തിൽ ഖുറാൻ കൊണ്ടു പോയതിന് പിന്നിൽ പ്രവർത്തിച്ചവരെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യും. ഈ കേസും സിബിഐയെ ഏൽപ്പിക്കാൻ സാധ്യത ഏറെയാണ്.

ലോറി സംഭവ ദിവസം 360 കിലോമീറ്റർ അധികം ഓടിയതായി കണ്ടെത്തിയിട്ടുണ്ട്. ലോഗ് ബുക്കിലെ കണക്കുകളിൽ ക്രമക്കേടുള്ളതായി സൂചനയുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള പാഴ്‌സൽ മലപ്പുറത്തേക്കു കൊണ്ടുപോയ സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടിച്ചെടുത്തു. ചൊവ്വാഴ്ച മൂന്നുതവണയായി നടന്ന പരിശോധനയുടെ തുടർച്ചയായാണ് ബുധനാഴ്ച രാവിലെ എൻ.ഐ.എ. സംഘമെത്തിയത്. വട്ടിയൂർക്കാവ് സി-ആപ്റ്റ് വളപ്പിൽവെച്ച് എൻ.ഐ.എ. ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. സർവ്വത്ര തട്ടിപ്പാണ് ഇതിൽ നിറയുന്നത്. മന്ത്രി ജലീലിന് ഇതും പ്രതിസന്ധിയാകും.

ലൈഫ് മിഷന്റെ ഭാഗമായ വടക്കാഞ്ചേരി പാർപ്പിടപദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുന്നതും സിബിഐ എത്തുമെന്ന ഭയത്തിലാണെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രി അധ്യക്ഷനായ ലൈഫ് മിഷനെക്കുറിച്ചുള്ള ആരോപണങ്ങൾ അദ്ദേഹത്തിനു കീഴിൽത്തന്നെയുള്ള വിജിലൻസ് അന്വേഷിക്കുന്നതിനെതിരേ പ്രതിപക്ഷം രംഗത്ത് എത്തി കഴിഞ്ഞു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു സിബിഐ. അന്വേഷണസാധ്യത തടയാനാണെന്ന ആരോപണത്തെക്കുറിച്ചു പത്രസമ്മേളനത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി ചർച്ചകൾക്ക് പുതുമാനവും നൽകുന്നു. ലൈഫ് മിഷനിൽ പിണറായി സർക്കാരിനെ തളയ്ക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ബിജെപിയുടെ പദ്ധതി. ഇതിന് വേണ്ടി കൂടിയാണ് സിബിഐയെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വർഷത്തിൽ കേന്ദ്രം ഇറക്കുന്നത്.

ലൈഫ് മിഷനിൽ അഴിമതി നിരോധനനിയമം ലംഘിക്കപ്പെട്ടോയെന്ന പ്രാഥമിക അന്വേഷണത്തിനാണു വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയം സംബന്ധിച്ച ആരോപണങ്ങൾ, മൊത്തത്തിൽ ലൈഫ് മിഷൻ പദ്ധതിക്കെതിരേ തിരിച്ചുവിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. പാർപ്പിടസമുച്ചയ നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ സുതാര്യമായ അന്വേഷണം നടത്തി ശക്തമായ നടപടികളുണ്ടാകും. വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടവർക്കു ധാരണാപത്രത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. മുഴുവൻ രേഖകളും പരസ്യപ്പെടുത്തണമെന്നാണു പ്രതിപക്ഷനേതാവിന്റെ ആവശ്യം. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളിൽ അദ്ദേഹം ചോദിച്ച രേഖകൾ നൽകാൻ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടൽ ഉൾപ്പെടെ അന്വേഷിക്കും. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കാൻ ദുബായ് ആസ്ഥാനമായ റെഡ്ക്രെസന്റ് നൽകിയ 20 കോടി രൂപയിൽ നാലുകോടി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു കമ്മീഷനായി ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ട് പരിഗണിച്ചശേഷമാണ് അന്വേഷണം വിജിലൻസിനു കൈമാറുന്നത്. വിജിലൻസ് എറണാകുളം യൂണിറ്റ് എസ്‌പിക്കാണ് അന്വേഷണച്ചുമതല. പരമാവധി തെളിവ് ശേഖരിക്കാനാണ് വിജിലൻസിന്റെ തീരുമാനം.

ലൈഫ് മിഷനും റെഡ്ക്രെസന്റുമായുള്ള കരാർ, കരാറിൽ ശിവശങ്കറിന്റെ പങ്ക്, സ്വപ്നയെ ഇടനിലക്കാരിയായി നിയമിച്ചിരുന്നോ?, ശിവശങ്കറിനു കമ്മീഷൻ വിഹിതം ലഭിച്ചോ?, മറ്റാരെങ്കിലും ഇടപെട്ടിരുന്നോ?, പദ്ധതിയിൽ യൂണിടാക്കിന്റെ കടന്നുവരവ്, കമ്മീഷൻ തുകയിൽ സ്വപ്നയുടെ അക്കൗണ്ടിലേക്കു പോയതെത്ര?, വിദേശനാണയ വിനിമയച്ചട്ടം ലംഘിക്കപ്പെട്ടോ?, വടക്കാഞ്ചേരിയിൽ കണ്ടെത്തിയ സ്ഥലം ഫ്ളാറ്റ് നിർമ്മാണത്തിന്അനുയോജ്യമായിരുന്നോ? തുടങ്ങിയ കാര്യങ്ങളാണു വിജിലൻസ് അന്വേഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP