Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിങ്കൽ ക്വാറികൾ തുറപ്പിക്കാൻ കോഴിക്കോട് കലക്ടറുടെ നീക്കം; മഴയിൽ അപകട സാധ്യത മുന്നിൽ കണ്ട് നിർത്തിവെപ്പിച്ച ക്വാറികൾ തുറക്കാനുള്ള നിർദ്ദേശം നൽകിയത് അതീവ രഹസ്യമായി; പിറ്റേദിവസം ജനങ്ങൾക്ക് ഉരുൾപൊട്ടൽ ജാഗ്രതാ നിർദ്ദേശവും; റവന്യൂ വകുപ്പിലെ കളികളിൽ ഭീതിയോടെ കോഴിക്കോട്ടുകാർ; ജില്ലാ ജിയോളജിസ്റ്റ് ക്വാറികൾ തുറക്കാൻ അനുകൂല റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ നടപടിയെന്ന് കളക്ടർ

കരിങ്കൽ ക്വാറികൾ തുറപ്പിക്കാൻ കോഴിക്കോട് കലക്ടറുടെ നീക്കം; മഴയിൽ അപകട സാധ്യത മുന്നിൽ കണ്ട് നിർത്തിവെപ്പിച്ച ക്വാറികൾ തുറക്കാനുള്ള നിർദ്ദേശം നൽകിയത് അതീവ രഹസ്യമായി; പിറ്റേദിവസം ജനങ്ങൾക്ക് ഉരുൾപൊട്ടൽ ജാഗ്രതാ നിർദ്ദേശവും; റവന്യൂ വകുപ്പിലെ കളികളിൽ ഭീതിയോടെ കോഴിക്കോട്ടുകാർ; ജില്ലാ ജിയോളജിസ്റ്റ് ക്വാറികൾ തുറക്കാൻ അനുകൂല റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ നടപടിയെന്ന് കളക്ടർ

എം ബേബി

കോഴിക്കോട്: കനത്തമഴയും മണ്ണിടിച്ചിലും നടക്കുന്ന ഈ സമയത്തും റവന്യൂ അധികൃതരും ജില്ലാഭരണകൂടവും ക്വാറി മാഫിയക്കൊപ്പമെന്ന് ആക്ഷേപം? കനത്ത മഴയിൽ അപകടസാധ്യത മുന്നിൽ കണ്ട് നിർത്തിവെപ്പിച്ച ജില്ലയിലെ കരിങ്കൽ ക്വാറികൾ പുനരാരംഭിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ യു വി ജോസ് ഉത്തരവിറക്കിയത് അതീവ രഹസ്യമായാണ്. ഇതിന് പിറ്റേദിവസം ജനങ്ങൾക്ക് ഉരുൾപൊട്ടൽ ജാഗ്രതാ നിർദ്ദേശവുമായി കലക്ടർ രംഗത്ത് എത്തുകയും ചെയ്തു. ക്വാറികൾ തുറക്കാനുള്ള ഉത്തരവ് രഹസ്യമായിട്ടായിരുന്നെങ്കിൽ ജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പരസ്യമായിട്ടാണെന്ന് മാത്രം.

ജില്ലയിൽ കട്ടിപ്പാറ കരിഞ്ചോല മലയിൽ ഉരുൾപൊട്ടലുണ്ടായി നിരവധി പേർ മരിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ കലക്ടർ താത്ക്കാലികമായി നിർത്തിവെച്ചത്. എന്നാൽ ഈ ഉത്തരവ് എട്ടിന് പിൻവലിച്ച കലക്ടർ ഈ വിവരം മാധ്യമങ്ങളെ പോലും അറിയിച്ചില്ല. ഇതിന് ശേഷം ഇന്നലെ അപകട സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പറഞ്ഞുകൊണ്ട് കലക്ടർ വീണ്ടും രംഗത്ത് വരികയായിരുന്നു. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകാം എന്ന് ജനങ്ങളോട് വ്യക്തമാക്കിയ കലക്ടർ ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്ന ക്വാറികൾ തുറന്നു കൊടുത്ത കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തു.

ജില്ലാ ക്വാറി അസോസിയേഷൻ സമർപ്പിച്ച അപേക്ഷപ്രകാരമാണ് കലക്ടറുടെ നടപടി. ജില്ലാ ജിയോളജിസ്റ്റ് ക്വാറികൾ തുറക്കാൻ അനുകൂലമായ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നുമുണ്ട്. കോഴിക്കോട് ജില്ലയിൽ ശക്തമായ കാലവർഷത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ക്വാറി അസോസിയേഷൻ അപേക്ഷ സമർപ്പിച്ചിരുന്നു. മേൽ വിഷയം സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റിൽ നിന്ന് റിപ്പോർട്ട് ലഭിക്കുകയുണ്ടായി.

ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾ ഒന്നും തന്നെ ദുരന്ത സാധ്യതാ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കണ്ടെത്തുവാൻ സാധിച്ചിട്ടില്ലെന്നും നിലവിൽ ഖനന പ്രവർത്തനങ്ങൾ നടക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്ന തരത്തിൽ മൈനിങ് പ്ലാനിലെ നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടാണെന്നും ജില്ലാ ജിയോളജിസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയുടെ ശക്തികുറഞ്ഞ സാഹചര്യത്തിലും സംസ്ഥാനനത്തൊട്ടാകെ നിർമ്മാണ സാമഗ്രികളുടെ കുറവ് അനുഭവപ്പെടുന്നതായുള്ള പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലും 9 മുതൽ ക്വാറികൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നുവെന്നാണ് കലക്ടറുടെ ഉത്തരവിലുള്ളത്.

എന്നാൽ ശക്തമായ മഴ അനുഭവപ്പെട്ട ദിവസം തന്നെയാണ് കലക്ടർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളുവെന്നതാണ് വിരോധാഭാസം. ഇതേ കലക്ടറാണ് ഇന്നലെ 13 വരെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി രംഗത്ത് വന്നത്. തുടർച്ചയായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാം. ജില്ലയിലെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടർ വ്യക്തമാക്കുന്നു.

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം, ബീച്ചുകളിൽ വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കണം, പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്, പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും കലക്ടർ അറിയിച്ചു.

മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യയുണ്ട് ഇതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുതെന്നും കലക്ടറുടെ അറിയിപ്പിലുണ്ട്. ക്വാറികളും മറ്റ് ഖനനങ്ങളും താത്ക്കാലികമായി നിരോധിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ പറ്റുന്ന സാഹചര്യം ജില്ലയിൽ ഇപ്പോഴില്ലെന്ന് കലക്ടറുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

ക്വാറികൾ പ്രവർത്തിക്കുന്ന എല്ലാ മലകളിലും കാലവർഷത്തെ തുടർനന് ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ട്. കുറ്റ്യാടി പ്രദേശത്തും ഇപ്പോൾ ഉരുൾപൊട്ടലുണ്ടായി. കുത്തനെയുള്ള മലകളിലെ മൺപാളികൾ വെള്ളത്തിൽ കുതിർന്ന് നിൽക്കുകയാണ് പലയിടത്തും. ചെറിയ പ്രകമ്പനം ഉണ്ടായാൽ പോലും ഇത് ഇടിഞ്ഞുവീഴും. ഇത്തരമൊരു സാഹചര്യത്തിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിസ്റ്റ് ഇത്തരമൊരു റിപ്പോർട്ട് നൽകുകയും കലക്ടർ അതിനനുസരിച്ച് ഖനനം പുനരാംരംഭിക്കാൻ ഉത്തരവിട്ടതെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യം.

ജനങ്ങൾക്ക് മേൽ വലിയൊരു അപകട സാധ്യത തുറന്നിട്ട ശേഷം മുന്നറിയിപ്പ് നിർദ്ദേശവുമായി രംഗത്ത് വന്ന കലക്ടറുടെ നടപടി നീതീകരിക്കത്തക്കതല്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അധികൃതരോട് അന്വേഷിച്ചപ്പോൾ മഴയില്ലാത്ത സമയത്ത് മാത്രം ക്വാറി പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് നൽകിയതെന്നും മഴയുള്ളപ്പോൾ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP