Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

സ്വർണക്കടത്ത് കേസിൽ പെട്ടപ്പോൾ വെപ്രാളം; എൻഐഐ വട്ടമിട്ട് ചോദ്യം ചെയ്തതോടെ തീരുമാനങ്ങൾക്ക് വേഗം കൂടി; 32 നയതന്ത്ര പാഴ്സലുകളുടെ വരവിൽ സംശയമുനയിൽ നിൽക്കുന്ന മുൻ സിആപ്റ്റ് ഡയറക്ടർക്ക് വീണ്ടും ആനുകൂല്യം; എൽബിഎസ് പ്രിൻസിപ്പലായി വാഴിച്ച് ആദ്യം നൽകിയത് ഡയറക്ടറുടെ താൽകാലിക പദവി; ഇനി അത് സ്ഥിരവും; മന്ത്രി ജലീലിന്റെ നിർദ്ദേശപ്രകാരമുള്ള നിയമനം അബ്ദുൾ റഹ്മാനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ

സ്വർണക്കടത്ത് കേസിൽ പെട്ടപ്പോൾ വെപ്രാളം; എൻഐഐ വട്ടമിട്ട് ചോദ്യം ചെയ്തതോടെ തീരുമാനങ്ങൾക്ക് വേഗം കൂടി; 32 നയതന്ത്ര പാഴ്സലുകളുടെ വരവിൽ സംശയമുനയിൽ നിൽക്കുന്ന മുൻ സിആപ്റ്റ് ഡയറക്ടർക്ക് വീണ്ടും ആനുകൂല്യം; എൽബിഎസ് പ്രിൻസിപ്പലായി വാഴിച്ച് ആദ്യം നൽകിയത് ഡയറക്ടറുടെ താൽകാലിക പദവി; ഇനി അത് സ്ഥിരവും; മന്ത്രി ജലീലിന്റെ നിർദ്ദേശപ്രകാരമുള്ള നിയമനം അബ്ദുൾ റഹ്മാനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ

എം മനോജ് കുമാർ


തിരുവനന്തപുരം: യുഎഇ സ്വർണ്ണക്കടത്തിൽ എൻഐഎ ചോദ്യം ചെയ്ത അബ്ദുൽ റഹ്മാന് എൽബിഎസ് ഡയറക്ടർ ആയി സ്ഥിരനിയമനം നൽകാൻ ചട്ടവിരുദ്ധ തീരുമാനം. മുമ്പ്
സി ആപ്റ്റ് ഡയറക്ടറായിരുന്ന അബ്ദുൾ റഹ്മാനേയും സി ആപ്റ്റ് ജീവനക്കാരേയും തുടർചോദ്യം ചെയ്യലിന് അന്വേഷണ ഏജൻസികൾ വിധേയമാക്കാനിരിക്കെയാണ് ഈ വഴിവിട്ട നീക്കം. അബ്ദുൽ റഹ്മാന് വേണ്ടി സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാൻ എൽബിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മന്ത്രി കെ.ടി.ജലീലിന്റെ നിർദ്ദേശാനുസരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഭേദഗതി അംഗീകരിച്ചത്. ചട്ട ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കും.

ഐ ഐ ടി, ഐ ഐ.എസ്. സി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫസർമാരുടേയും പ്രിൻസിപ്പാൾമാരുടേയും അപേക്ഷകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ നീക്കം. ഈ നിയമനത്തിന് എതിരെയുള്ള പരാതികൾ ഇപ്പോൾ ഗവർണരുടെ പരിഗണയിൽ ഇരിക്കുമ്പോൾ തന്നെയാണ് അബ്ദുൽ റഹ്മാനെ ഡയറക്ടർ ആക്കുന്നത്. എൽബിഎസ് ഡയറക്ടർക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശമ്പളം നൽകാനും ചട്ടത്തിൽ പുതുതായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിൽ സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പലിനു തുല്യമാണ് എൽബിഎസ് ഡയറക്ടറുടെ ശമ്പളം.

സി ആപ്റ്റ് വഴിയുള്ള സ്വർണ്ണ കടത്തിന് മന്ത്രി ജലീലിനെ സഹായിച്ചു എന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ സംശയ മുനയിൽ നിൽക്കുമ്പോഴാണ് അബ്ദുൽ റഹ്മാന് ഈ പോസ്റ്റ് നൽകുന്നത്. നിലവിൽ ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്ന അബ്ദുൽ റഹ്മാൻ തന്നെയാണ് യോഗ്യതാചട്ടം സ്വന്തം യോഗ്യതയ്ക്ക് അനുസൃതമായി എഴുതി തയ്യാറാക്കിയത്. ഇതാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ചത്. സി ആപ്റ്റിൽ നിന്ന് മാറ്റിയ അബ്ദുൾ റഹ്മാനെ എൽബിഎസ് കോളേജിലെ പ്രിൻസിപ്പളാക്കി. അതിന് ശേഷം ഡയറക്ടറുടെ അധിക ചുമതലയും നൽകി. ഇപ്പോൾ സ്ഥിരം നിയമനവും.

നയതന്ത്ര ചാനൽ വഴി വന്ന 32 പാഴ്സൽ പായ്ക്കറ്റുകൾ സി-ആപ്റ്റിൽ എത്തിച്ച് സർക്കാർ വാഹനങ്ങളിൽ മലപ്പുറത്തേക്കും ബാംഗ്ളൂരിലേക്കും കടത്തിയതിൽ അബ്ദുൽ റഹ്മാന് പങ്കുണ്ടായിരുന്നു. ഇത് അന്വേഷണ വിഷയമായി തുടരുമ്പോഴാണ് സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്ത മന്ത്രി ജലീലിൽ നിന്നും ചട്ടവിരുദ്ധ തീരുമാനം വരുന്നത്. സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽമാർ, സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്ന് നിയമനം നടത്തണമെന്ന നിലവിലെ ചട്ടത്തിന് പകരം എൽ. ബി എസ്സിനു കീഴിലുള്ള രണ്ടു സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് നിയമിക്കാനാണ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് അബ്ദുൽ റഹ്മാന് ഡയറക്ടർ നിയമനം ഉറപ്പാക്കാൻ വേണ്ടിയാണ്.

അബ്ദുൾ റഹ്മാനെ എഐസിടിഇ യോഗ്യതയും നിയമന മാനദണ്ഡങ്ങളും അവഗണിച്ച് മന്ത്രി മുൻകൈയെടുത്ത് പ്രിൻസിപ്പലായി നിയമിച്ചത് വിവാദമായിരുന്നു. പ്രിൻസിപ്പാൾ നിയമനം ഓപ്പൺ സെലക്ഷനിലൂടെ ആയിരിക്കണമെന്ന എഐസിടിഇ ചട്ടമനുസരിച്ച് പൊതു വിജ്ഞാപനത്തിലൂടെ കഴിഞ്ഞ വഷം ജൂണിൽ LBS സെന്റർ അപേക്ഷ ക്ഷണിച്ചിരുന്നു. അതനുസരിച്ച് ഐ ഐ ടി, ഐ ഐ.എസ്. സി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫസർമാരുടേയും പ്രിൻസിപ്പാൾമാരുടേയും അപേക്ഷകൾ പോസ്റ്റിലേക്ക് വന്നിരുന്നു.

അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പ്രവേശന പരീക്ഷ, രജിസ്ട്രേഷൻ, കോഴ്സ് വർക്ക് , എക്സ്റ്റേണൽ ഇവാലുവേഷൻ തുടങ്ങിയ പ്രക്രീയകളിലൂടെ കരസ്ഥമാക്കിയപിഎച്ച്ഡി ആയിരിക്കണമെന്ന യുജിസി നിബന്ധകൾ അവഗണിച്ചാണ് തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ഡീംഡ് യൂണിവേഴ്സിറ്റിയുടെ പിഎച്ച്ഡി നേടിയ അബ്ദുൾറഹ്മാനെ പ്രിൻസിപ്പാളായി നിയമിച്ചത്. എഐസിടിഇ നിബന്ധന പ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിക്ക് പകരം സ്വന്തം പിഎച്ച്ഡി ഗൈഡിനെ തന്നെയാണ് റഹ്മാൻ തന്റെ സ്വാധീനത്തിൽ പ്രിൻസിപ്പാളിന്റെ സെലക്ഷൻ കമ്മറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രിൻസിപ്പൽ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് യൂ. ജി.സി വ്യവസ്ഥ ചെയ്തിട്ടുള്ള, ഗവേഷണ മേൽനോട്ടം നടത്തിയുള്ള പരിചയമോ അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളോ അബ്ദുൽ റഹ്മാന് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

അബ്ദുൾ റഹ്മാൻ സപ്പ്ളിമെന്ററി പരീക്ഷ എഴുതിയാണ് കേരള സർവകലാശാലയിൽ നിന്ന് 2006 ൽ എം. ടെക് ബിരുദം നേടിയത്. മതിയായ യോഗ്യതയില്ലാതിരുന്ന റഹ്മാനെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാങ്കേതിക സർവകലാശാലയുടെ പിവിസി ആയി നിയമിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് ഇടതു സംഘടനകളുടെ പരാതിപ്രകാരം ഗവർണർ ഈ പദവിയിൽ നിന്നു 2018-ൽ നീക്കം ചെയ്തപ്പോൾ മന്ത്രി കെ.ടി. ജലീൽ പ്രത്യേക തത്പര്യമെടുത്താണ് തന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിൽ ഡയറക്ടറാക്കിയതും പാഴ്‌സൽ വിവാദത്തെ തുടർന്ന് ചട്ടവിരുദ്ധമായിഎൽബിഎസിൽ പ്രിൻസിപ്പാളാക്കിയതും ഇപ്പോൾ ഡയറക്ടറാക്കുന്നതും.

വിദ്യാർത്ഥികൾക്കായുള്ള നിരവധി പ്രവേശന പരീക്ഷകളും, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളും സുതാര്യമായി നടത്തിവരുന്ന എൽബിഎസ് സെന്ററിന്റ തലപ്പത്ത് സർക്കാർ എഞ്ചിനീയറിങ് കോളേജ് സീനിയർ പ്രിൻസിപ്പൽമാരെയോ ഐഎഎസ് ഉദ്യോഗസ്ഥന്മാരെയോ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നും ഡയറക്ടറുടെ യോഗ്യതകളിൽ ഇളവുവരുത്താനും ഭേദഗതിച്ചെയ്യാനുമുള്ള തീരുമാനം നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP