Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ ഭൂമി കൈയേറി ഫ്‌ളാറ്റ് നിർമ്മാണം; നിയമങ്ങൾ കാറ്റിൽ പറത്തി കിള്ളിയാറിനു മുകളിലൂടെ ഫ്‌ളാറ്റിലേക്ക് സ്വകാര്യ പാലം; പ്രതിഷേധക്കാരെ ഒതുക്കാൻ അസോസിയേഷന് സൗജന്യ കെട്ടിടം: ഹീരാ ബാബു സാമ്രാജ്യം കെട്ടി ഉയർത്തുന്നത് ഇങ്ങനെ

സർക്കാർ ഭൂമി കൈയേറി ഫ്‌ളാറ്റ് നിർമ്മാണം; നിയമങ്ങൾ കാറ്റിൽ പറത്തി കിള്ളിയാറിനു മുകളിലൂടെ ഫ്‌ളാറ്റിലേക്ക് സ്വകാര്യ പാലം; പ്രതിഷേധക്കാരെ ഒതുക്കാൻ അസോസിയേഷന് സൗജന്യ കെട്ടിടം: ഹീരാ ബാബു സാമ്രാജ്യം കെട്ടി ഉയർത്തുന്നത് ഇങ്ങനെ

തിരുവനന്തപുരം: അതിസമ്പന്നർക്ക് മുമ്പിൽ വളയാത്ത ഏതെങ്കിലും നിയമം നമ്മുടെ നാട്ടിൽ ഉണ്ടാകുമോ? തലസ്ഥാനത്തെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് ഭീമൻ ഹീരാ ബാബുവിന്റെ മുമ്പിൽ പ്രത്യേകിച്ച്. രണ്ട് നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയാൻ സർക്കാരിന് പോലും അനുമതിയില്ലാത്ത തലസ്ഥാനത്തെ ഹെറിറ്റേജ് സിറ്റിയായ കവടിയാറിൽ 13 നില കെട്ടി ഉയർത്തിയ ഹീര തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമം ലംഘിച്ച് കെട്ടിയുയർത്തിയത് അനേകം കെട്ടിട സമുച്ചയങ്ങൾ. ഹീര ബാബു എന്ന അബ്ദുൾ റഷീദിന് മുമ്പിൽ വളയാത്ത ഒരു നിയമവും കുനിയാത്ത ഒരു നേതാവും വീഴാത്ത ഒരു പൊലീസും തലസ്ഥാനത്തില്ല എന്നതാണ് അടിവരയിടുന്നത് ഈ ദിവസങ്ങളിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേരളത്തിലെ മൂന്നു പ്രധാനപാർട്ടികളും നഗരസഭയും വിജിലൻസും വരെ കൂട്ടുനിന്നു പണിതീർത്ത കവടിയാറിലെ 13 നില കെട്ടിടത്തിന്റെ കഥ മറുനാടൻ മലയാളി കഴിഞ്ഞ ആഴ്‌ച്ച പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ പുറത്ത് വരുന്നത് ഒരു നദിയുടെ പുറത്ത് കൂടി ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് പണിത സ്വകാര്യ പാലത്തിന്റെ കഥയാണ്. നദിക്ക് കുറുകേ ഒരു ബാനർ ഒട്ടിച്ചാൽ കേസ് എടുക്കുന്ന പൊലീസ് പക്ഷേ, ഒരു പാലം തന്നെ പണി തീർത്തിട്ടും കണ്ട മട്ടില്ല.

നഗരത്തിൽ കിള്ളിയാറിന് മുകളിലായി ഇരുമ്പ് മേല്പാലം നിർമ്മിച്ചത് കൂടാതെ ഹീരാ ബാബു എന്ന അബ്ദുൾ റഷീദ് സർക്കാർ ഭൂമിയും കൈയേറി. ശാസ്തമംഗലം പൈപ്പിന്മൂട്ടിൽ സൂര്യാ നഗറിലാണ് നഗ്‌നമായ നിയമലംഘനം നടത്തി ഹീരയുടെ സ്‌കൈ ഗോൾഫ് സമുച്ചയം പണിതുയർത്തിയിരിക്കുന്നത്. ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപത്തായി കെട്ടിയുയർത്തിയിരിക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് കടക്കുന്നതിനായാണ് കിളളിയാറിനു കുറുകെ വമ്പൻ ഇരുമ്പ് പാലം നിർമ്മിച്ചിരിക്കുന്നത്.

രണ്ടുവർഷം മുമ്പ് പണിതുയർത്തിയ ഫ്‌ളാറ്റിലേക്കുളള എളുപ്പ വഴിക്കായാണ് കിളളിയാറിന് കുറുകെ പാലം പണിതത്. ആദ്യഘട്ടത്തിൽ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പീന്നീട് ഇവിടുത്തെ റസിഡൻസ് അസോസിയേഷന് സ്വന്തമായി കെട്ടിടം പണിതു നൽകി ഹീരാ ബാബു ഈ പ്രതിഷേധത്തെ കിളളിയാറിൽ ഒഴുകിക്കളഞ്ഞു. നദിക്കു മേൽ സ്വകാര്യ താത്പര്യത്തിന് പാലം പണിതപ്പോൾ പണത്തിളക്കത്തിൽ ഇറിഗേഷൻ, ജലസേചന വകുപ്പധികൃതരും മൗനം പാലിച്ചു.

ഹീരാ ബാബുവിന്റെ പണത്തിന് മുകളിൽ സർക്കാർ സംവിധാനങ്ങളും കണ്ണടച്ചപ്പോൾ സമീപത്തുളള കിളളിയാറിന്റെ ഗതിമാറിയൊഴുകി. നദിക്ക് സമീപമുളള ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിലെ ആറാട്ട് പോലും പാലം പണിതതിനെ തുടർന്ന് പലപ്പോഴും തടസ്സമാകുന്ന നിലയിലായി. നദിയിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്ന നിലയിലെത്തിച്ചു നദിക്കു കുറുകെയുളള പാലം. ഫ്‌ളാറ്റിൽ നിന്നുളള ട്രെയിനേജ് സംവിധാനം പോലും കിളളിയാറിലേക്കാണ് തളളുന്നത്. ഇതേ തുടർന്ന് ആറാട്ട് കടവ് മലിനമായിരിക്കുകയാണ്. ഇവിടെ നിന്നുളള മാലിന്യം വഹിച്ചു കൊണ്ടൊഴുകുന്ന കിളളിയാറിൽ തന്നെയാണ് മരുതൻകുഴി ഉദയന്നൂർ ക്ഷേത്രത്തിലെയും ആറാട്ട് നടത്തുന്നത്. നദിയിൽ മാലിന്യം കൂടിയത് കാരണം ഉദയന്നൂർ ക്ഷേത്രത്തിലെ ആറാട്ട് ഇപ്പോൾ ഇവിടെ നിന്ന് മാറ്റി ആറു കിലോ മീറ്റർ അപ്പുറത്തുളള കുണ്ടമൻ കടവിലാണ് നടത്തുന്നത്.

പാലം പണിതപ്പോൾ നാട്ടുകാരുടെ എതിർപ്പ് മറികടക്കാൻ ഹീരാ ബാബു നാട്ടുകാർക്ക് മുമ്പിൽ മറ്റു ചില മോഹനവാഗ്ദാനങ്ങളും നിരത്തിയിരുന്നു. പാലം പണിത് പുതിയ റോഡ് നിർമ്മിക്കുമ്പോൾ ഇത് പൊതുജനങ്ങൾക്ക ്കൂടി പ്രയോജനപ്പെടുത്താമെന്നായിരുന്നു ഉറപ്പ്. എന്നാൽ പാലം പണിത് റോഡ് നിർമ്മിച്ചപ്പോൾ അത് ഫ്‌ളാറ്റിലേക്ക് മാത്രമായി ഒതുങ്ങി. തുടർന്ന് അല്ലറ ചിലറ എതിർപ്പുകൾ നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുകയും നാട്ടുകാർ ചേർന്ന് മറുകരയിൽ റോഡ് വെട്ടുന്ന നിലലേക്കും കാര്യങ്ങൾ ചെന്നെത്തി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ നാട്ടുകാർ വെട്ടിയ റോഡ് ടാറ് ചെയ്ത് നൽകമെന്ന് ഹീരാ ഗ്രൂപ്പ് ഉറപ്പ് നൽകി. എന്നാൽ തങ്ങളുടെ ഫ്‌ളാറ്റിലേക്ക് മാത്രമുളള റോഡ് ടാറുചെയ്ത് നട്ടുകാരെ പറ്റിക്കുകയാണ് ഹീരാ ഗ്രൂപ്പ് ചെയ്തത്. റോഡിന്റെ ഒരു ഭാഗം ടാറ് ചെയ്യാതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഈ കുഴിയിൽ മഴക്കാലത്തടക്കം വെളളവും ചെളിയും നിറഞ്ഞ് വാഹന യാത്രകൾ പോലും ദുരിതമാകുകയാണ്. ഇരു ചക്രവാഹനങ്ങളടക്കം പലപ്പോഴും അപകടത്തിൽപെടുന്നതും ഇവിടുത്തെ നിത്യ കാഴ്ചമയാണ്.

കിളളിയാറിലേക്ക് മാലിന്യം തളളുന്നതിന് പുറമേ നദിയിൽ രഹസ്യമായി അനധികൃത തടയണകൾ നിർമ്മിച്ച് ഫ്‌ളാറ്റിലേക്കാവശ്യമായ വെളളവും ശേഖരിക്കുന്നതായി നാട്ടുകാരിൽ ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞു. നദിക്കു കുറുകെ ഇരുമ്പ് പാലം നിർമ്മിക്കുന്നതിനായി നദിയുടെ ഇരുവശങ്ങളും കൈയേറിയട്ടുമുണ്ട്. നദിക്കുകുറുകെ അനധികൃതമായി പാലം പണിത് നഗ്‌നമായ നിയമലംഘനം ഹീരാ ബാബു നടത്തിയിട്ടും ഇതിനെതിരെ പ്രതികരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി സംഘടനകളും ഇതുവരെയായി രംഗത്ത് എത്തിയിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP