Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കുമ്മനത്തിന് അമിത് ഷായുടെ നിർദ്ദേശം; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിവി രാജേഷും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ; തരൂരിനെ ഉപരാഷ്ട്രപതിയാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് നീക്കങ്ങളുമായി കോൺഗ്രസും; മത്സരിക്കാൻ സുധീരൻ എത്തുമോ?

തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കുമ്മനത്തിന് അമിത് ഷായുടെ നിർദ്ദേശം; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിവി രാജേഷും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ; തരൂരിനെ ഉപരാഷ്ട്രപതിയാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് നീക്കങ്ങളുമായി കോൺഗ്രസും; മത്സരിക്കാൻ സുധീരൻ എത്തുമോ?

ബി രഘുരാജ്‌

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. തീർത്തും ഏകപക്ഷീയമായ മത്സരത്തിനൊടുവിൽ പ്രതീക്ഷിച്ചത് പോലെ ലക്ഷങ്ങളുടെ വോട്ടിന്റെ ഭൂരിപക്ഷ തളിക്കവുമായി പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലുമെത്തി. ഇവിടെ നഷ്ടമുണ്ടായത് ബിജെപിക്കാണ്. പ്രധാനമന്ത്രി മോദി പ്രഭാവമൊന്നും മലപ്പുറത്ത് ചർച്ചയായില്ല. ഇത് രാഷ്ട്രീയ ചർച്ചയായി മാറുമ്പോൾ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബിജെപി സംസ്ഥാന ഘടകത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദ്ദേശം നൽകിയതായി സൂചന. മലപ്പുറത്ത് ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് ഇത്തരം പിഴവുകളൊന്നും ആവർത്തിക്കരുതെന്നും വിജയം നേടിയേ മതിയാവൂവെന്നുമാണ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് അമിത് ഷാ നൽകുന്ന നിർദ്ദേശം. ഉപതെരഞ്ഞെടുപ്പുണ്ടായാൽ ആരു മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്തെ എംപി കോൺഗ്രസിലെ ശശി തരൂരാണ്. ശശി തരൂരിനെ ഉപരാഷ്ട്രപതിയാക്കാൻ ബിജെപി ആലോചിക്കുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോളീജിയം ബിജെപിക്ക് പൂർണ്ണമായും അനുകൂലമല്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ മാത്രമേ പ്രസിഡന്റായി ഒരാളെ ജയിപ്പിക്കാനാവൂ. ഈ സാഹചര്യത്തിൽ ഉപരാഷ്ട്രപതി സ്ഥാനം കോൺഗ്രസിന് നൽകാൻ ബിജെപി തയ്യാറാണ്. ഇതിനായി ശശി തരൂരിനെയാണ് പ്രധാനമായും ബിജെപി നേതൃത്വം പരിഗണിക്കുന്നത്. മുൻ ഐക്യരാഷ്ട്ര അണ്ടർ സെക്രട്ടറി കൂടിയായ തരൂരിന്റെ ആഗോള ബന്ധങ്ങൾ വിദേശകാര്യ തലത്തിൽ ഗുണകരമാക്കാൻ കൂടി വേണ്ടിയാണ് ഇത്. യുഎന്നിലെ സ്ഥിരാംഗത്വം ഉൾ്‌പ്പെടെയുള്ള ഇന്ത്യൻ നീക്കങ്ങൾക്ക് തരൂരിനെ മുന്നിൽ നിർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റിലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തരൂരിനെ മത്സരിപ്പിക്കാനുള്ള നീക്കം. ഇത് കോൺഗ്രസ് അംഗീകരിച്ചാൽ തരൂർ ലോക്‌സഭാ അംഗത്വം രാജിവച്ച് ഉപരാഷ്ട്രപതിയാകും. ഈ സാഹചര്യത്തിൽ തിരുവനന്തപുരം ലോക്‌സഭയിലേക്ക് ഉപതെരഞ്ഞെടുപ്പും വരും. അടുത്ത എട്ട് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്.

അതിനിടെ തരൂരിനെ ഉപരാഷ്ട്രപതിയാക്കാതിരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗവും രംഗത്തുണ്ട്. കോൺഗ്രസിനാണ് ഉപരാഷ്ട്രപതി സ്ഥാനം നൽകുന്നതെങ്കിൽ അത് ആരാകണമെന്നത് കോൺഗ്രസ് തീരുമാനിക്കും. അല്ലാതെ ഉപരാഷ്ട്രപതിയുടെ പേര് ബിജെപി അടിച്ചേൽപ്പിക്കാൻ പാടില്ലെന്നതാണ് ഉയരുന്ന വാദം. എകെ ആന്റണിയെ ഉപരാഷ്ട്രപതിയാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിൽ. തരൂരിനെ ഉപരാഷ്ട്രപതിയാക്കിയാൽ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് വരും. അങ്ങനെ വന്നാൽ കടുത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തും. സിറ്റിങ് സീറ്റിൽ ജയിക്കാനായില്ലെങ്കിൽ അത് കോൺഗ്രസിന് വലിയ ക്ഷീണമാകും. വർഗ്ഗീയ ധ്രൂവീകരണം ഏറെ നടക്കാൻ സാധ്യതയുള്ള തിരുവനന്തപുരത്ത് ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് എത്തുന്നത് ദോഷം ചെയ്യുമെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസിൽ തരൂരിനോട് താൽപ്പര്യമില്ലാത്ത മറ്റൊരു കൂട്ടരുമുണ്ട്. ഇവർ തരൂരിനെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരും. ഉപരാഷ്ട്രപതിയായാൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂരിന്റെ ശല്യം ഒഴിയുമെന്നാണ് ഇവർ പറയുന്നത്.

എന്നാൽ തരൂർ ഉപരാഷ്ട്രപതിയാകുമെന്ന സൂചനയാണ് ബിജെപി നേതാക്കൾ നൽകുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. ഒ രാജഗോപാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12,000വോട്ടുകൾക്കാണ് തരൂരിനോട് തോറ്റത്. രാജഗോപാൽ നേമം എംഎൽഎ ആയതിനാൽ പുതിയ സ്ഥാനാർത്ഥിയേയും തേടുന്നുണ്ട്. രാജ്യസഭാ അംഗമായ സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ തുടങ്ങിയവർക്കാണ് മുൻഗണന. എന്നാൽ ഏഷ്യാനെറ്റ് ചെയർമാൻ കൂടിയായ രാജീവ് ചന്ദ്രശേഖർ മത്സരിക്കാൻ സന്നദ്ധനാണ്. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ വിമുരളീധരൻ, തിരുവനന്തപുരത്ത് നിന്നുള്ള യുവ നേതാവ് വിവി രാജേഷ് എന്നിവരും പരിഗണനയിലുണ്ട്. സാമൂദായിക സമവാക്യം ആനുകൂലമാക്കാൻ മികച്ചൊരു നായർ സ്ഥാനാർത്ഥിയെയാണ് ബിജെപി ലക്ഷ്യമിടുന്നത്. സുരേഷ് ഗോപി തയ്യാറായാൽ അദ്ദേഹം തന്നെയാകും സ്ഥാനാർത്ഥിയെന്നും സൂചനയുണ്ട്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പിഴവ് പറ്റി. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പുണ്ടായാൽ ആരെ മത്സരിപ്പിക്കണമെന്ന് അമിത് ഷായാകും തീരുമാനമെടുക്കുക. ആർഎസ്എസ് സംസ്ഥാന ഘടകവുമായി ഇതു സംബന്ധിച്ച ആശയ വിനിമയം അമിത് ഷാ നടത്തും. ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതി തെരഞ്ഞുടുപ്പ്. ജൂലൈയിൽ മൂന്ന് ദിവസം അമിത് ഷാ കേരളത്തിലുണ്ടാകും. ഈ ദിവസങ്ങളിലാകും സ്ഥാനാർത്ഥി നിർണ്ണത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. അപ്പോഴേക്ക് തരൂരിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ ബിജെപിക്ക് വ്യക്തതയും വരും. തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകാറില്ല. എന്നാൽ കേരളത്തിൽ മോദിയുടെ സജീവ സാന്നിധ്യം ഉറപ്പിക്കാനാണ് നീക്കം നടക്കുന്നത്. തിരുവനന്തപുരത്തെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ മോദി ഉടൻ കേന്ദ്രമന്ത്രിയാക്കുമെന്നും സൂചനയുണ്ട്.

സുധീരനെ ഇറക്കാൻ കോൺഗ്രസ്

തരൂരിനെ മുൻനിർത്തി ബിജെപി നടത്തുന്ന നീക്കം കോൺഗ്രസിലും ചർച്ചകൾ സജീവമാക്കുന്നു. തരൂർ ഉപരാഷ്ട്രപതിയായാൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. കൂടുതൽ വിജയ സാധ്യതയുള്ളത് മുതിർന്ന നേതാക്കൾക്ക് തന്നെയാകുമെന്നാണ് വിലയിരുത്തൽ. വി എം സുധീരനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം ചർച്ചയാക്കുകയാണ് എ-ഐ ഗ്രൂപ്പുകൾ. സുധീരന് കേന്ദ്ര നേതൃത്വത്തിൽ പ്രവർത്തിക്കാൻ രാഹുൽ ഗാന്ധി സാഹചര്യമൊരുക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ സുധീരന് ഡൽഹി തട്ടകമാക്കേണ്ടി വരും. അതിനാൽ ലോക്‌സഭയിലേക്ക് സുധീരൻ മത്സരിക്കട്ടേയെന്നാണ് വലിയൊരു വിഭാഗത്തിന്റെ നിലപാട്.

എന്നാൽ മത്സരിക്കാൻ സുധീരൻ തയ്യറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സുധീരൻ മത്സരിച്ചാലുണ്ടാകുന്ന ഭീഷണിയെ കുറിച്ച് ഐ-എ ഗ്രൂപ്പുകൾക്ക് നന്നായി അറിയാം. മുഖ്യമന്ത്രിയായി പോലും സുധീരൻ മാറാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കി തിരുവനന്തപുരം ലോക്‌സഭയിലൂടെ ഡൽഹിയിലേക്ക് പറഞ്ഞയക്കാനാണ് നീക്കം. ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ സുധീരന്റെ രാഷ്ട്രീയത്തിനും തിരിച്ചടിയാകും. ഇതിന് വേണ്ടിയാണ് സുധീരനെ ഉയർത്തിക്കാട്ടുന്നതെന്ന വാദവും ഇതിനോടകം ഉയരുന്നുണ്ട്. ഏതായാലും സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിന് വലിയ കീറാമുട്ടിയായി മാറുമെന്നാണ് സൂചന. ജയിച്ചില്ലെങ്കിൽ അത് സർവ്വത്ര തിരിച്ചടിയാകുമെന്നാതണ് ഇതിന് കാരണം. ഏതായാലും ഹൈക്കമാണ്ട് നിലപാട് തന്നെയാകും ഇക്കാര്യത്തിൽ നിർണ്ണായകം.

തമ്പാനൂർ രവി, പാലോട് രവി തുടങ്ങിയ നേതാക്കളുടെ പേരും സ്ഥാനാർത്ഥിയായി പരിഗണിക്കും. ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനിലിന്റെ പേരും സജീവമായി ചർച്ചയാകും. എംഎൽഎയായ ക മുരളീധരൻ, വി എസ് ശിവകുമാർ എന്നിവരിലൊരാളെ മത്സരിപ്പിക്കണമെന്ന ചർച്ചയും ഉണ്ട്. എന്നാൽ ഇവർ ലോക്‌സഭയിലേക്ക് ജയിച്ചാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും. മുരളീധരന്റെ വട്ടിയൂർക്കാവിലും ശിവകുമാറിന്റെ തിരുവനന്തപുരത്തും ബിജെപിക്ക് നല്ല വേരോട്ടമുണ്ട്. ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടാക്കാൻ അതുകൊണ്ട് തന്നെ കോൺഗ്രസ് ആഗ്രഹിക്കുന്നതുമില്ല.

ചർച്ച തുടങ്ങാതെ ഇടതുപക്ഷം

തിരുവനന്തപുരം ലോക്‌സഭയിൽ സിപിഐയാണ് സാധാരണ മത്സരിക്കാറ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ മൂന്നാം സ്ഥാനത്തേക്ക് പോയി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരുന്നു ഇതിന് കാരണം. ശശി തരൂർ ഉപരാഷ്ട്രപതിയാകുമെന്ന ആഭ്യൂഹങ്ങൾ പടരുമ്പോഴും ഉപതെരഞ്ഞെടുപ്പിന്റെ സാധ്യതകളെ കുറിച്ച് സിപിഐ ചിന്തിക്കുന്നതു പോലുമില്ല. സാങ്കൽപ്പിക കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നാണ് സിപിഐ പറയുന്നത്. അതിനിടെ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ചോദിച്ച് വാങ്ങി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സിപിഎമ്മിന് താൽപ്പര്യവുമുണ്ട്. ഇത്തരത്തിലും ചർച്ച വഴിമാറുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP