Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുവന്നൂരിലേയും കിഫ്ബിയിലേയും ഇഡി ഇടപെടലുകൾ വെറും സൂചന മാത്രം! ഡൽഹി തീരുമാനങ്ങൾ തിരുവനന്തപുരത്ത് എത്തി വിശദീകരിച്ച് സംഘടനാ ജനറൽ സെക്രട്ടറി; ആർ എസ് എസുമായി നടത്തിയത് മഞ്ഞുരുക്കൽ ചർച്ച; സുരേന്ദ്രന് ദിശാബോധം നൽകി ബി എൽ സന്തോഷ്; അമിത് ഷായുടെ ദൂതുമായി ബിജെപിയിലെ 'മൂന്നാമൻ' എത്തിയപ്പോൾ

കരുവന്നൂരിലേയും കിഫ്ബിയിലേയും ഇഡി ഇടപെടലുകൾ വെറും സൂചന മാത്രം! ഡൽഹി തീരുമാനങ്ങൾ തിരുവനന്തപുരത്ത് എത്തി വിശദീകരിച്ച് സംഘടനാ ജനറൽ സെക്രട്ടറി; ആർ എസ് എസുമായി നടത്തിയത് മഞ്ഞുരുക്കൽ ചർച്ച; സുരേന്ദ്രന് ദിശാബോധം നൽകി ബി എൽ സന്തോഷ്; അമിത് ഷായുടെ ദൂതുമായി ബിജെപിയിലെ 'മൂന്നാമൻ' എത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വരും മാസങ്ങളിൽ നടക്കാനിടയുള്ള രാഷ്ട്രീയ നീക്കങ്ങൾ സംസ്ഥാന നേതാക്കളെ പറഞ്ഞു മനസ്സിലാക്കാൻ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയുടെ തിരുവനന്തപുരം സന്ദർശനം. രണ്ടു ദിവസം മുമ്പാണ് ബിജെപി ദേശീയ നേതൃനിരയിലെ മൂന്നാമനെന്ന് വിലയിരുത്തുന്ന ബി എൽ സന്തോഷ് തിരുവനന്തുപരത്ത് എത്തിയത്. ബിജെപി ഓഫീസും പഞ്ചനക്ഷത്ര ഹോട്ടലും ഒഴിവാക്കിയായിരുന്നു സന്തോഷിന്റെ ചർച്ചകൾ. തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രത്തിൽ സംസ്ഥാനത്തെ മുതിർന്ന ആർഎസ്എസ് നേതാക്കളുമായി സന്തോഷ് ചർച്ച നടത്തി. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലും അതുമായി കേന്ദ്ര ഏജൻസികൾ എടുക്കുന്ന നടപടികളും ഇനി സംഭവിക്കാൻ പോകുന്നതുമെല്ലാം കേരള നേതൃത്വത്തെ ബിഎൽ സന്തോഷ് അറിയിച്ചതയാണ് സൂചന.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് സന്തോഷ് എത്തിയത്. ആർഎസ്എസ് പ്രാന്ത പ്രചാരക് സുദർശൻ അടക്കമുള്ളവർ സന്തോഷുമായി ചർച്ചകൾ നടത്തി. കേരളത്തിൽ എന്താണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്ന സന്ദേശമാണ് സുദർശൻ അടക്കമുള്ളവർക്ക് സന്തോഷ് നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ആർഎസ്എസ് പ്രചാരകനും സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ ഗണേശ് അടക്കമുള്ളവർ ചർച്ചകളിൽ പങ്കെടുത്തു. കേരളത്തിലെ നേതൃത്വത്തിന് ദിശാബോധം നൽകുകയാണ് സന്തോഷിന്റെ വരവിന്റെ ലക്ഷ്യം. അടിത്തട്ടിലേക്ക് ഇറങ്ങി വിവാദമൊഴിവാക്കി പ്രവർത്തിക്കാനാണ് ബിജെപിക്ക് കേന്ദ്ര നേതൃത്വം നൽകുന്ന നിർദ്ദേശം. പാർട്ടി പുനഃസംഘടനയെ കുറിച്ചുള്ള ചർച്ചകളും ഉടൻ തുടങ്ങും.

ആർഎസ്എസ് - ബിജെപി ഏകോപനത്തിൽ താളപ്പിഴയുണ്ടാകുന്നുവെന്ന വിലയിരുത്തൽ സജീവമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് സന്തോഷ് നേരിട്ടെത്തി ആർഎസ്എസ് നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതെന്നതും പ്രസക്തമാണ്. ലോക്‌സഭയിലെ വിജയത്തിന് അടക്കം ബിജെപിക്ക് ആർ എസ് എസിന്റെ സംഘടനാ സംവിധാനങ്ങൾ അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ബിജെപിയുമായി പരിപൂർണ്ണ സഹകരണം ആർ എസ് എസിൽ നിന്നും ഉറപ്പിക്കാനുള്ള സന്തോഷിന്റെ നയതന്ത്രം. പുനഃസംഘടനയുണ്ടാകുമ്പോൾ ആർഎസ്എസ് തീരുമാനങ്ങളും പരിഗണിക്കുമെന്നാണ് സൂചന.

കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ സംഭവങ്ങൾ ഉണ്ടാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ നിലവിൽ ബിജെപി കേരള ഘടകം ചർച്ചയാക്കുന്നില്ല. ഭാവിയിൽ അത് വേണ്ടി വരുമെന്ന സന്ദേശവും ബിജെപി നേതാക്കൾക്ക് നൽകിയിട്ടുണ്ട്. കേരളത്തിലെ ഇഡി ഇടപെടൽ അടക്കം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ട്. കരുവന്നൂരിലേയും സ്വപ്‌നയുടേയും വെളിപ്പെടുത്തലുകളിൽ ഇഡി കടുത്ത നടപടികൾ എടുക്കും. കിഫ്ബിയിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സൂചന. പരമാവധി നേതാക്കളെ സഹകരിപ്പിച്ച് നേട്ടമുണ്ടാക്കണമെന്ന നിർദ്ദേശമാണ് സന്തോഷിൽ നിന്നും സുരേന്ദ്രൻ അടക്കമുള്ളവർക്ക് കിട്ടുന്നത്.

2008-ലെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സർക്കാർ രൂപീകരണത്തിന് കർണാടകയിൽ ചുക്കാൻ പിടിച്ചത് ബി.എൽ. സന്തോഷ് ആയിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തന്ത്രപ്രധാനമായ പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. ആർഎസ്എസും ബിജെപിയും തമ്മിലുള്ള പാലമായാണ് ഈ പദവി വിലയിരുത്തപ്പെടുന്നത്. ബിജെപിയിലെ രണ്ടാമൻ എന്ന പദവിയായാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ മോദിയുടെ കാലം എത്തിയതോടെ അമിത് ഷാ കൂടുതൽ പിടിമുറുക്കി. ഇതോടെ മോദിയും അമിത് ഷായും കഴിഞ്ഞാൽ സന്തോഷെന്ന നിലയിലായി കാര്യങ്ങൾ. അതുകഴിഞ്ഞാണ് ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് പോലും ഇപ്പോൾ പാർട്ടിയിൽ സ്വാധീനമുള്ളൂ.

കർണാടകയിലെ ചാമരാജനഗരത്തിൽ ജനിച്ച ബി.എൽ സന്തോഷ് എഞ്ചിനിയറിങ് ബിരുദധാരിയായിരുന്നു. 1993ൽ ആർഎസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. പിന്നീട് മണ്ഡൽ പ്രചാരക്, ജില്ലാ പ്രചാരക്, സഹ വിഭാഗ് പ്രചാരക്, വിഭാഗ് പ്രചാരക് എന്നീ പദവികളും വഹിച്ചു. 2006ൽ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം ബിജെപിയിലേക്ക് വരുന്നത്. 2014 മുതൽ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയായിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ നന്നായി സന്തോഷിന് അറിയാം. ഈ സാഹചര്യത്തിലാണ് സന്തോഷിനോട് കേരളത്തിലെത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന നിർദ്ദേശം അമിത് ഷാ വച്ചതെന്നാണ് സൂചന.

കേരളത്തിലും തീവ്ര ഹിന്ദുത്വം പയറ്റാനൊരുങ്ങുകയാണ് ബിജെപി എന്നാണ് റിപ്പോർട്ട്. പാലക്കാട് ചേർന്ന് സംസ്ഥാന ശിബിരത്തിലാണ് വടക്കേ ഇന്ത്യൻ മാതൃക തന്നെ സംസ്ഥാനത്ത് പയറ്റണമെന്ന നിർദ്ദേശം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുന്നോട്ട് വെച്ചത്. കേരളത്തിൽ മാത്രമായി പാർട്ടി സമീപനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നായണ് സുരേന്ദ്രൻ യോഗത്തിൽ വ്യക്തമാക്കിയത്. വടക്കേ ഇന്ത്യയിൽ നടപ്പാക്കുന്ന രീതിയിലുള്ള തീവ്ര നിലപാടുകളിലേക്ക് നേതാക്കൾ കടക്കണമെന്നാണ് കെ സുരേന്ദ്രന്റെ നിർദ്ദേശം. ഇതും ശിബിര സമയത്ത് ബിഎൽ സന്തോഷ് നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ശിബിരത്തിന് ശേഷം കേരളവുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങൾ അമിത് ഷായും കൂട്ടരും എടുത്തു. അതുകൂടി പരിഗണിച്ച് രാഷ്ട്രീയ നിലപാടുകൾ എടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തെ സന്തോഷ് അറിയിച്ചിട്ടുണ്ട്.

നിലവിൽ വെറും 10 ശതമാനമാണ് കേരളത്തിലെ ബിജെപി വോട്ട്. കൂടുതൽ സ്വാധീനമുറപ്പിക്കാൻ ന്യൂനപക്ഷങ്ങളിലേക്ക് കടന്ന് കയറാനുള്ള ശ്രമം നടത്തുകയാണ് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകൾ സമാഹരിക്കാനായുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിലെ അതൃപ്തികൾ മുതലെടുക്കുകയാണ് ലക്ഷ്യം. ഹിന്ദുത്വ അജണ്ടയിൽ നിന്നും പിന്മാറാൻ സാധിക്കില്ലേങ്കിലും മൃദു ഹിന്ദുത്വമാകും ന്യൂനപക്ഷങ്ങളുടെ ഭയം അകറ്റാൻ നല്ലതെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരുടേയും നിലപാട്. ഇതെല്ലാം സന്തോഷിനോടും ബിജെപിയിലെ കേരള നേതാക്കൾ വിശദീകരിച്ചിട്ടുണ്ട്.

കേന്ദ്രനേതൃത്വം കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ യാഥാർഥ്യമാക്കണമെന്ന നിർദ്ദേശമാണ് സന്തോഷ് മുമ്പോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ പദ്ധതികളെക്കുറിച്ച് പ്രവർത്തകർ ബോധവാന്മാരായിരിക്കണം. ഇതിനുള്ള നടപടി എടുക്കുന്നതും യോഗത്തിൽ ചർച്ചയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP