Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിർബന്ധിക്കരുതെന്ന് സുരേഷ് ഗോപി; ക്രൈസ്തവരെ അടുപ്പിക്കാൻ കഴിയുമോ എന്ന സംശയം തില്ലങ്കേരിക്ക് തടസ്സം; തൽകാലം സുരേന്ദ്രൻ തുടരും; ജനറൽ സെക്രട്ടറിയായി മോദിയുടെ വിശ്വസ്തൻ ജയകുമാർ എത്താൻ സാധ്യത; ബിജെപിയിൽ സംഘടനാ ചുമതലയുള്ള ഗണേശിനെ മാറ്റും

നിർബന്ധിക്കരുതെന്ന് സുരേഷ് ഗോപി; ക്രൈസ്തവരെ അടുപ്പിക്കാൻ കഴിയുമോ എന്ന സംശയം തില്ലങ്കേരിക്ക് തടസ്സം; തൽകാലം സുരേന്ദ്രൻ തുടരും; ജനറൽ സെക്രട്ടറിയായി മോദിയുടെ വിശ്വസ്തൻ ജയകുമാർ എത്താൻ സാധ്യത; ബിജെപിയിൽ സംഘടനാ ചുമതലയുള്ള ഗണേശിനെ മാറ്റും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി അധ്യക്ഷപദം ഉടൻ ഏറ്റെടുക്കാനില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് നടൻ സുരേഷ് ഗോപി. ഈ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തൽകാലം തുടരും. എന്നാൽ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെ ഉടൻ മാറ്റാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുള്ള ദേശീയ തലത്തിൽ പ്രവർത്തന പരിചയ സമ്പത്തുള്ള എ ജയകുമാർ സംഘടനാ സെക്രട്ടറിയായി എത്തുമെന്നാണ് സൂചന. എം ഗണേശിനെ ഉടൻ മാറ്റിയേ മതിയാകൂവെന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നിലപാട്. പകരം ചുമതല ഏറ്റെടുക്കാൻ ജയകുമാർ തയ്യാറായാൽ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപനം വരും.

തിരുവനന്തപുരത്തുകാരനായ ജയകുമാർ ആർ എസ് എസിന്റെ ശാസ്ത്ര സംഘടനയെ നയിച്ചിരുന്ന വ്യക്തിയാണ്. നിലവിൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നേമത്ത് ഒ രാജഗോപാൽ ജയിച്ചപ്പോൾ തന്ത്രങ്ങളൊരുക്കാൻ മുന്നിൽ നിന്ന പരിവാറുകാരനാണ് ജയകുമാർ. ഈ സാഹചര്യത്തിലാണ് ജയകുമാറിനെ പാർട്ടിയുടെ സംഘടനാ ചുമതല ഏൽപ്പിക്കുന്നത്. എന്നാൽ ആർഎസ്എസ് പ്രചാരകർക്കൊന്നും ഈ പദവിയോട് വലിയ താൽപ്പര്യമില്ല. ജയകുമാറിനൊപ്പം കേരളത്തിലെ പ്രധാന പ്രചാരകരിൽ ഒരാളായ വിനോദിനേയും സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇവരിൽ ഒരാൾ ചുമതല ഏറ്റെടുത്താൽ ഉടൻ ബിജെപിയുടെ താഴെ തട്ടിൽ പുനഃസംഘടന തുടങ്ങും. ജില്ലാ തലത്തിലും മാറ്റങ്ങളുണ്ടാകും.

ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിച്ചിരുന്നു. പരസ്യമായി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ ചുമതല ഉടൻ ഏറ്റെടുക്കാൻ നിർബന്ധിക്കരുതെന്നാണ് സുരേഷ് ഗോപി അഭ്യർത്ഥിച്ചത്. പദവികളൊന്നും ഇല്ലാതെയുള്ള ജനകീയ ഇടപെടലിലൂടെ പാർട്ടിയെ വളർത്താമെന്ന സന്ദേശമാണ് സുരേഷ് ഗോപി നൽകുന്നത്. മാറ്റം അനിവാര്യമാണെന്ന അഭിപ്രായം സുരേഷ് ഗോപിക്കുമുണ്ട്. എന്നാൽ സുരേന്ദ്രനെതിരെ കേസുകളും മറ്റും ഉള്ളതിനാൽ ഉടൻ മാറ്റരുതെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഇത് അംഗീകരിക്കപ്പെട്ടേക്കും. ജയകുമാർ സംഘടനാ സെക്രട്ടറിയായാൽ കൂടുതൽ നിയന്ത്രണം കേന്ദ്ര നേതാക്കൾക്ക് കേരളത്തിൽ കൈവരുകയും ചെയ്യും.

തൽക്കാലം കെ സുരേന്ദ്രനെ മാറ്റേണ്ടെന്നാണ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ദേശീയ നേതൃത്വത്തെ അറിയിച്ചത്. കനത്ത തോൽവിയുണ്ടായിട്ടും മുരളീധരനും സുരേന്ദ്രനും തുടരുന്നത് സന്തോഷിന്റെ പിന്തുണയിലാണെന്ന് പി കെ കൃഷ്ണദാസ് വിഭാഗം പറയുന്നു. സംസ്ഥാന ബിജെപിക്കുള്ളിലെ പോര് മുറുകുന്നതിനാൽ അഴിച്ചുപണിയാണ് നല്ലതെന്നും ഒരുവിഭാഗം ദേശീയ നേതാക്കൾ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പുതോൽവി അന്വേഷിച്ച അഞ്ചംഗസമിതി സംഘടനാ പ്രശ്‌നം ഗുരുതരമാണെന്നതിന് തെളിവ് നൽകിയിരുന്നു. സുരേന്ദ്രനെ നേരത്തേ മാറ്റേണ്ടതായിരുന്നെന്ന് പി പി മുകുന്ദൻ പറഞ്ഞിരുന്നു.

അധികാരത്തിന്റെ സുഖത്തിലിരിക്കുന്നവർ സംഘടനയെ മറക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഫെയ്സ് ബുക്കിൽ കുറിച്ചതും ചർച്ചയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനെയും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ഉദ്ദേശിച്ചായിരുന്നു ഒളിയമ്പ്. എന്നാൽ, നിമിഷങ്ങൾക്കകം സുരേന്ദ്രൻ തിരിച്ചടിച്ചു. അധികാരമില്ലാത്ത സംസ്ഥാനമാണ് കേരളം. കഷ്ടപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഇവിടെ അധികാരത്തെക്കുറിച്ച് പറയുന്നതിൽ അർഥമില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇത്തരം വിഭാഗീയ ചർച്ചകളും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് സംസ്ഥാന ബിജെപിയെന്നാണ് സൂചന. മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാന അധ്യക്ഷനെ വരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ബിജെപിയിൽ സജീവമാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോൽവിയും കൊടകരകുഴപ്പണ കേസ്, സികെ ജാനുവുമായി ബന്ധപ്പെട്ട് കോഴ ആരോപണം അടക്കം ഉയർന്നത് സുരേന്ദ്രന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും തൽകാലം ഈ കേസുകൾ തീരും വരെ പ്രസിഡന്റിനെ മാറ്റില്ല.

വിവാദത്തിൽ മാറ്റാനും മാറ്റാതിരിക്കാനും സാധ്യതയുണ്ടെന്ന രീതിയിലായിരുന്നു ഇക്കാര്യത്തിൽ സുരേന്ദ്രന്റെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ കാലാവധി മൂന്ന് വർഷമാണ്. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ച് രണ്ട് വർഷം ആകുന്നതേയുള്ളൂ. പക്ഷേ സുരേന്ദ്രനോട് നേരത്തെയുണ്ടായ താൽപര്യം കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴില്ല. നിലവിലുണ്ടായ ഒരു സീറ്റ് നഷ്ടപ്പെടുത്തിയുള്ള നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ് താൽപര്യമില്ലായ്മയ്ക്ക് പ്രധാനകാരണം. അതേ സമയം ഇപ്പോൾ സുരേന്ദ്രനെ മാറ്റുകയാണെങ്കിൽ അത് കേസിൽ പങ്കുണ്ടായതുകൊണ്ടാണെന്ന വ്യഖ്യാനം ഉയർന്ന് വരുമോ എന്ന ചിന്തയും ബിജെപിക്കുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ബിജെപി അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. സുരേന്ദ്രന!!െ മാറ്റിയാൽ ആര് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. സുരേഷ് ഗോപിയുടെയും വൽസൻ തില്ലങ്കേരിയുടെയും പേരുകൾ സജീവമായ പരിഗണനയിലുണ്ട്. എന്നാൽ താൻ ആ സ്ഥാനത്തേക്കില്ലെന്ന നിലപാട് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സിനിമയുടെ തിരക്കുൾപ്പടെയുള്ള കാര്യങ്ങളാണ് സുരേഷ് ഗോപി ഉയർത്തുന്നത്. അതേ സമയം ക്രൈസ്തവ വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള ശ്രമം നടക്കുന്നതിനിടെ വൽസൻ തില്ലങ്കേരി വന്നാൽ തീവ്ര ഹിന്ദു മുഖത്തിലേക്ക് പാർട്ടി മാറുമോ എന്ന പ്രശ്‌നവും ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP