Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202220Saturday

വിധി പ്രസ്താവം കേട്ട ശേഷം ബിഷപ്പ് ഫ്രാങ്കോ പോയത് കഞ്ഞിക്കുഴി കളത്തിപടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ; പള്ളിയിൽ പാട്ടു കുർബാന നടത്തിയ ശേഷം അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചു; തൃശ്ശൂരിലെ കുടുംബവീട്ടിലെത്തി മാതാപിതാക്കളുടെ കല്ലറയിൽ ഒപ്പീസ് ചൊല്ലും

വിധി പ്രസ്താവം കേട്ട ശേഷം ബിഷപ്പ് ഫ്രാങ്കോ പോയത് കഞ്ഞിക്കുഴി കളത്തിപടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ; പള്ളിയിൽ പാട്ടു കുർബാന നടത്തിയ ശേഷം അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചു; തൃശ്ശൂരിലെ കുടുംബവീട്ടിലെത്തി മാതാപിതാക്കളുടെ കല്ലറയിൽ ഒപ്പീസ് ചൊല്ലും

ആർ പീയൂഷ്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജീവിതത്തിലെ പരീക്ഷണ ഘട്ടം കഴിഞ്ഞത് ആഘോഷിക്കാൻ ഉറച്ചു തന്നെ. കുറ്റവിമുക്തനാക്കിയ വിധി വന്നതിന് ശേഷം കോട്ടയം കഞ്ഞിക്കുഴി കളത്തിപടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലേക്കാണ് ബിഷപ്പ് പോയത്. പള്ളിയിൽ പാട്ടു കുർബാനയും അർപ്പിച്ചു. ഇവിടെ അന്തേവാസികളും വൈദികർക്കുമെപ്പം ഉച്ചഭക്ഷണം കഴിച്ചു. സന്തോഷവാനായി കാണപ്പെട്ട അദ്ദേഹം തന്നെ പിന്തുണച്ചർക്ക് നന്ദിയും പറഞ്ഞു. ദൈവത്തിന് സ്തുതി പറഞ്ഞാണ് അദ്ദേഹം ആളുകളെ അഭിമുഖീകരിച്ചത്.

കോട്ടയത്തു നിന്നും തൃശ്ശൂർ മറ്റത്തിലുള്ള കുടുംബ വീട്ടിലേക്കാണ് ബിഷപ്പ് പോകുക. മറ്റത്തെ കുടുംബപള്ളി മാതാപിതാക്കളുടെ കല്ലറയിൽ എത്തി ഒപ്പീസും ചൊല്ലും. അവിടെയും കുർബാനയിൽ ബിഷപ്പ് പങ്കെടുക്കും. തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്ക് വെച്ചശേഷമാകും ബിഷപ്പ് ജലന്ദറിലേക്ക് മടങ്ങുക. അഭിഭാഷകൻ രാമൻപിള്ളയെ സന്ദർശിച്ചു നന്ദി പറയാനും സാധ്യതയുണ്ട്. ഇന്നലെ രാത്രി കോട്ടയത്തെ ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിലായിരുന്നു ബിഷപ്പ്. ഇന്ന് രാവിലെ ഇവിടെ നിന്നുമാണ് അദ്ദേഹം കോടതിയേലിക്ക് പുറപ്പെട്ടതും. കന്യാസ്ത്രീകൾ അടക്കമുള്ളവരും കുർബാനയിൽ പങ്കെടുത്തു.

നേരത്തെ വിധി കേട്ട ശേഷം പുറത്തിറങ്ങിയ അദ്ദേഹം അഭിഭാഷകരെ കെട്ടിപ്പിടിച്ച് കരഞ്ഞു. സത്യം ജയിച്ചുവെന്നും ദൈവത്തിന് സ്തുതിയെന്നും അദ്ദേഹം പ്രതികരിച്ചു. വിധി പുറത്തുവന്നതിന് പിന്നാലെ വിശ്വാസികൾ കോടതി പരിസരത്ത് മധുരം വിതരണം ചെയ്തു. ബിഷപ്പിന്റെ ബന്ധുക്കളും ജലന്ധർ രൂപതയിൽ നിന്നുള്ള മുതിർന്ന വൈദികരും കോടതിയിൽ വിധി കേൾക്കാൻ എത്തിയിരുന്നു. ജലന്ധറിലും വലിയ ആഘോഷമാണ് നടന്നിരിക്കുന്നത്.

വിധി അനുകൂലമാകുമെന്ന് ഉറപ്പായിരുന്നുവെന്നും ഇത് കള്ളക്കേസായിരുന്നുവെന്നുമാണ് ഫ്രാങ്കോ അനുകൂലികളുടെ പ്രതികരണം. ഇതുണ്ടാക്കിയെടുത്ത കേസെന്നായിരുന്നു അഭിഭാഷകന്റെയും പ്രതികരണം. വിധി വന്ന ഉടൻ തന്നെ ജലന്ധർ രൂപതയുടെ പ്രത്യേക പത്രക്കുറിപ്പും പുറത്ത് വന്നിരുന്നു. നാളിത് വരെ ഫ്രാങ്കോയുടെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും വേണ്ട നിയമസഹായം ചെയ്തു കൊടുത്തവർക്കും നന്ദി അറിയിക്കുന്നതായിരുന്നു ജലന്ധർ രൂപതയുടെ പ്രതികരണം. അച്ചടിച്ച് തയ്യാറാക്കിയ കുറിപ്പായിരുന്നു ഇത്. വിധി അനുകൂലമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജലന്ധർ രൂപത. കോടതിക്ക് സത്യം ബോധ്യപ്പെട്ടുവെന്നും വിധി പകർപ്പ് വന്ന ശേഷം കൂടുതൽ പ്രതികരിക്കുമെന്നുമാണ് രൂപത അറിയിക്കുന്നത്.

ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയെന്ന് തൃശ്ശൂർ മറ്റത്ത് നിന്നെത്തിയ ബിഷപ്പിന്റെ ബന്ധുക്കളും അവകാശപ്പെട്ടു. കള്ളക്കേസായിരുന്നുവെന്ന വാദമാണ് ഇവരുടേതും. കേസ് വന്നതിന് ശേഷം ബിഷപ്പിനെ കണ്ടപ്പോഴൊക്കെ ബിഷപ്പ് തന്റെ നിരപരാധിത്വം ആവർത്തിച്ചിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27-ന് അവർ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പൊലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈ.എസ്‌പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചർച്ചയായി. കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സന്ദർശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഇതിനിടെ, കേസിന്റെ അന്വേഷണവും ഒരുവഴിക്ക് നടക്കുന്നുണ്ടായിരുന്നു.

പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നൽകി. കേസിൽനിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡൽഹിയിൽനിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവിൽനിന്നും മൊഴിയെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP