Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനശ്വര നടൻ സത്യന്റെ ജീവിത കഥയൊരുക്കാൻ ശ്യാമപ്രസാദും വിനു എബ്രാഹമും ചേർന്ന് ചെലവഴിച്ചത് മാസങ്ങൾ; മക്കൾക്ക് 15ലക്ഷം കൊടുത്ത് സിനിമയുടെ അവകാശം ഉറപ്പിക്കാൻ കരാറാക്കും മുമ്പ് കൂടുതൽ തുക പറഞ്ഞുറപ്പിച്ച് വിജയ് ബാബു; ആരെടുത്താലും നായകനാകുമെന്ന് ഉറപ്പിച്ചതോടെ ഡേറ്റ് മാറ്റി വച്ച് ജയസൂര്യയും; മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളുടെ ജീവിതം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങാൻ തുടങ്ങും മുമ്പ് വിവാദം കൊഴുക്കുന്നു

അനശ്വര നടൻ സത്യന്റെ ജീവിത കഥയൊരുക്കാൻ ശ്യാമപ്രസാദും വിനു എബ്രാഹമും ചേർന്ന് ചെലവഴിച്ചത് മാസങ്ങൾ; മക്കൾക്ക് 15ലക്ഷം കൊടുത്ത് സിനിമയുടെ അവകാശം ഉറപ്പിക്കാൻ കരാറാക്കും മുമ്പ് കൂടുതൽ തുക പറഞ്ഞുറപ്പിച്ച് വിജയ് ബാബു; ആരെടുത്താലും നായകനാകുമെന്ന് ഉറപ്പിച്ചതോടെ ഡേറ്റ് മാറ്റി വച്ച് ജയസൂര്യയും; മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളുടെ ജീവിതം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങാൻ തുടങ്ങും മുമ്പ് വിവാദം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളിയുടെ മനസ്സിൽ കുടിയേറിയ അനശ്വര നടനാണ് സത്യൻ. ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങളായി പനിയും വിളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. പിന്നെ സത്യൻ വിടവാങ്ങി. ഏറെ നാടകിയമാണ് സത്യന്റെ ജീവിതം. പൊലീസ് ഓഫീസർ മലയാള സിനിമയിലെ മികച്ച അഭിനേതാവായത് വെല്ലുവിളികളെ സധൈര്യം നേരിട്ടാണ്. ഈ സത്യന്റെ കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അപ്പോൾ അവിടേയും സിനിമയെ വെല്ലുന്ന അണിയറ നീക്കങ്ങളാണ് നടന്നത്.

ശ്യാമപ്രസാദും മാധ്യമ പ്രവർത്തകനായ വിനു എബ്രഹാമും ചേർന്ന് മാസങ്ങൾ നീണ്ട കൂടിയാലോചനകളിലൂടെയാണ് സത്യന്റെ കഥ സിനിമയാക്കാൻ നീക്കം നടത്തുന്നത്. സത്യനെ അതേ പോലെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കാരണം കുടുംബത്തിന്റെ അനുമതി അനിവാര്യമായിരുന്നു. ഇതിനുള്ള റൈറ്റ് നേടിയെടുക്കാൻ നീക്കം നടക്കുമ്പോൾ അപ്രതീക്ഷിതമായി കളികൾ നടന്നു. തുകയെല്ലാം പറഞ്ഞുറപ്പിച്ചപ്പോൾ അതിന് മുകളിൽ പണം നൽകി റൈറ്റ് മറ്റൊരു സംവിധായകൻ സ്വന്തമാക്കി. ഫ്രൈഡേ ബാനറിൽ വിജയ് ബാബുവാണ് സത്യന്റെ കഥ സിനിമയാക്കാനുള്ള അവകാശം നേടുന്നത്. ഇതോടെ ശ്യാമപ്രസാദും വിനു എബ്രഹാമും നിരാശരുമായി. ഇതുമായി ബന്ധപ്പെട്ട് വിനു എബ്രഹാം ഫെയ്‌സ് ബുക്ക് പോസ്റ്റും ഇട്ടു. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവിടെ പലപ്പോഴും എന്റെ കലാജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും ആണ് ഞാൻ പങ്കു വയ്ക്കാറുള്ളത്.എന്നാൽ ഇത് ആദ്യമായി എന്റെ കലാജീവിതത്തിലെ ഒരു ചരിത്ര നഷ്ടത്തിന്റെ കഥ ഇവിടെ പങ്കു വയ്ക്കുന്നു-എന്ന് വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. ഇതോടെയാണ് സത്യൻ സിനിമയിലെ ചിത്രീകരണത്തിന് മുമ്പുള്ള ക്ലൈമാക്‌സ് പുറത്തായത്.

വിജയ് ബാബുവിന്റെ മനസിലെ നായകൻ ജയസൂര്യയാണ്. ശ്യാമ പ്രസാദും വിനു എബ്രഹാമും മനസ്സിൽ കണ്ടതും ജയസൂര്യയെയാണ്. ഫുട്‌ബോളർ സത്യന്റെ ജീവിതം ക്യാപ്ടനിലൂടെ അനശ്വരമാക്കിയ ജയസൂര്യയ്ക്ക് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള അവാർഡ് കിട്ടിയിരുന്നു. ഫുട്‌ബോൾ ഇതിഹാസമായ സത്യനിൽ നിന്ന് നടൻ സത്യനിലേക്ക് പരകായ പ്രവേശം ചെയ്യാൻ ജയസൂര്യ തയ്യാറെടുക്കുകയാണ്. വിജയ് ബാബുവിന്റെ ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്ന് ഉറപ്പായിട്ടുണ്ട്. പുതുമുഖ സംവിധായകനാകും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് സൂചന. പുതിയ സംവിധായകരെ വച്ച് സിനിമ ചെയ്ത് വിജയിപ്പിക്കുന്ന നിർമ്മാതാവാണ് വിജയ് ബാബു. മിക്ക സിനിമകളും സൂപ്പർ ഹിറ്റ്. ജൂൺ എന്ന കൊച്ച് സിനിമയുടെ വലിയ വിജയത്തിന്റെ കരുത്തിലാണ് വിജയ് ബാബു നടൻ സത്യന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നത്. ശ്യാമപ്രസാദും വിനു എബ്രാഹമും പറഞ്ഞതിൽ കൂടുതൽ തുക സത്യന്റെ മക്കൾക്ക് നൽകിയാണ് റൈറ്റ് വിജയ് ബാബു നേടുന്നത്.

ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് 3നായിരുന്നു വിവാഹം. മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി - പ്രകാശ്, സതീഷ്, ജീവൻ. സത്യന്റെ മൂന്ന് മക്കളും അന്ധരായിരുന്നു. അതിൽ മൂത്തവനായ പ്രകാശ് മരിച്ചു. സതീഷ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സതീഷും ജീവനുമായാണ് ചിത്രത്തിന്റെ റൈറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. നേരത്തെ തോപ്പിൽ ഭാസി സത്യന്റെ ജീവിതത്തെ ആധാരമാക്കി നാടകം എടുത്തിരുന്നു. ഇത് നിരവധി നിയമപ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സത്യന്റെ മക്കളുടെ അനുവാദത്തോടെ സിനിമയെടുക്കാൻ ശ്യാമപ്രസാദും വിനു എബ്രഹാമും ശ്രമം നടത്തിയത്. ഏറെ കാലം തിരക്കഥാ രചനയ്ക്കും മറ്റും മാറ്റി വച്ച ശേഷമായിരുന്നു റൈറ്റിനുള്ള ശ്രമം നടന്നത്. വിജയ് ബാബു റൈറ്റ് നേടിയത് ഇരുവർക്കും വലിയ നിരാശയാണ് നൽകുന്നത്. ഇവർ 19 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച റൈറ്റാണ് വിജയ് ബാബു കൂടുതൽ തുകയ്ക്ക് സ്വന്തമാക്കുന്നത്.

1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്.. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സത്യൻ സ്‌കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്‌കൂളിൽ ജോലി നോക്കി. കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടീ.ധ3പ അവിടെ അദ്ദേഹം ഒരു വർഷത്തോളം ജോലി നോക്കി. അതിനു ശേഷം സത്യൻ 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അംഗമായി സേവനമനുസരിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം അദ്ദേഹം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പൊലീസ് ആയി ചേരുകയും ചെയ്തു. . 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു.. അവിടെ അദ്ദേഹം നാടാർ ഇൻസ്‌പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് സിനിമയിൽ എത്തിയത്. ഈ കാലഘട്ടമെല്ലാം ചിത്രീകരിക്കുന്ന തരത്തിലാണ് സത്യൻ സിനിമ ശ്യാമപ്രസാദ് മനസ്സിൽ കണ്ടത്. ഇതിനിടെയാണ് വിജയ് ബാബു റൈറ്റ് സ്വന്തമാക്കിയത്. രണ്ട് കൂട്ടരും അഭിനയിക്കാനായി ജയസൂര്യയെ സമീപിച്ചിരുന്നു. ഈ പ്രോജക്ടിനോട് ജയസൂര്യയും പൂർണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്.

പൊലീസിലായിരുന്നപ്പോഴാണ് സത്യൻ സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് നാടകങ്ങളിലും അഭിനയിച്ചിരുന്നു. 1951ൽ സത്യന് ത്യാഗസീമ എന്ന സിനിമയിൽ അവസരം ലഭിച്ചു. അതിനുശേഷം സത്യൻ പൊലീസ് ജോലി ഉപേക്ഷിക്കുകയും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അങ്ങനെ മാനുവേൽ സത്യനേശൻ നാടാർ തന്റെ പേർ ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു. 1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ൽ ഇറങ്ങിയ നീലക്കുയിൽ ആയിരുന്നു. സത്യൻ ഒരുപാട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, രാമു കാര്യാട്ട് എന്നിവർ അവരിൽ ചിലരാണ്. 1971 ജൂൺ 15-ന് സത്യൻ വിടവാങ്ങി.

ഇതുമായി ബന്ധപ്പെട്ട് വിനു എബ്രഹാം എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ട കൂട്ടുകാരേ, ഇവിടെ പലപ്പോഴും എന്റെ കലാജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും ആണ് ഞാൻ പങ്കു വയ്ക്കാറുള്ളത്.എന്നാൽ ഇത് ആദ്യമായി എന്റെ കലാജീവിതത്തിലെ ഒരു ചരിത്ര നഷ്ടത്തിന്റെ കഥ ഇവിടെ പങ്കു വയ്ക്കുന്നു.

ഓർമ്മ വച്ച നാൾ മുതൽ മലയാള സിനിമയും അതിലെ നടന്മാരും എന്റെ കൂടെ ഉണ്ടായിരുന്നു.സത്യൻ,നസിർ, മധു,ഷീല,ജയഭാരതി,ശാരദ,വിജയശ്രീ..അങ്ങനെ.അന്നേ സിനിമനോട്ടീസുകൾ ശേഖരിക്കുന്ന ശീലത്തിലൂടെ മലയാള സിനിമയുടെ ചരിത്രവും എനിക്കൊപ്പം ഉണ്ടായിരുന്നു.അങ്ങനെയാവണം ഞാൻ നഷ്ടനായിക നോവൽ എഴുതിയതും അത് സെല്ലുലോയ്ഡ് സിനിമയാകുന്നതും ഒക്കെ.

പിന്നെപ്പോഴോ സത്യൻ മാഷിന്റെ ജീവിതവും സിനിമകളും ഒക്കെ സൂക്ഷ്മം ആയി പഠിക്കാൻ തുടങ്ങിയപ്പോഴാണ്, അതെന്നെ വല്ലാതെ അമ്പരപ്പിച്ചത്. ഒന്നല്ല ആ ജീവിതം 5 സിനിമകൾ കൊണ്ടും പറഞ്ഞു തീർക്കാൻ പറ്റാത്തതാണ് എന്നു മനസ്സിലായത്.എന്തായാലും എന്നെങ്കിലും സത്യന്റെ ജീവിതകഥ എനിക്ക് സിനിമ ആക്കേണ്ടതാണ് എന്നു ഏറെ ആഗ്രഹിച്ചു.അതിലേക്കു അദ്ദേഹത്തെക്കുറിച്ചു കിട്ടാവുന്ന ധാരാളം വിവരങ്ങൾ ശേഖരിച്ചു.

അങ്ങനെ ഇരിക്കയെയാണ് നാലഞ്ചു മാസങ്ങൾക്കു അപ്പുറം, മലയാളസിനിമയിൽ ഇന്ന് ഏറ്റവും സജീവമായി മുൻനിരയിൽ നിൽക്കുന്നവരിൽ ഒരാളും മികച്ച സിനിമ കളുടെ ഒരു വൻ നിര തന്നെ സ്വന്തം ആയി ഉള്ളയാളും ആയ ഒരു സംവിധായക സുഹൃത്ത് സത്യൻ മാഷിനെ കുറിച്ചുള്ള ഒരു സിനിമക്കു എഴുതാമോ എന്നു എന്നോട് ആരായുന്നത്. ഒരു സുവർണ്ണ നിമിഷം.പിന്നീട് അങ്ങോട്ടു കാര്യങ്ങൾ വേഗത്തിൽ ആയിരുന്നു.അനായാസം തിരക്കഥയുടെ ഒരു വിശദമായ വന്‌ലൈൻ ഞാൻ തയാറാക്കി.ഓസ്‌കാർ,കാൻ വേദികളിൽ മത്സരിക്കാൻ തക്ക നിലവാരത്തിലുള്ള ഒരു മഹത്തായ സിനിമയാണ് ഞങ്ങൾ സ്വപ്നം കണ്ടത്.ഏകദേശം 10 കോടി രൂപ ബഡ്ജറ്റ് വരുന്ന ഒരു പ്രോജക്ട്.ഇന്നത്തെ നിലയിൽ അത്ര വലുത് അല്ലാത്ത ഒന്നു.മലയാളത്തിലെ ഒരു പ്രഗത്ഭ മുൻ നിര യുവ നടനെയാണ് സത്യന്റെ വേഷം ചെയ്യാൻ ആയി കണ്ടത്.

അടുത്ത പടി സത്യൻ മാഷിന്റെ ജീവിത കഥയുടെ റൈറ് അദ്ദേഹത്തിന്റെ അവകാശികളിൽ നിന്നു കരസ്ഥമാക്കുക എന്നതായിരുന്നു.അതിനായി അവകാശിയുമായി വളരെ സന്തോഷകരം ആയ ആദ്യ ചർച്ച നടന്നു. തുടർന്ന് ഒരു നിര്മാണകമ്പനിയും എത്തിയതോടെ ഇതാ സിനിമ വേഗം തുടങ്ങും എന്ന അവസ്ഥ ആയി.

എന്നാൽ സത്യൻ മരിച്ചു 40 വർഷങ്ങൾ ആയി ആരും ശ്രമിക്കാത്ത ഈ പ്രോജക്ട് ചെയ്യാൻ അതോടെ വേറെ പലരും അവകാശികളെ സമീപിച്ചു തുടങ്ങി.ഇത്രയും ആയതോടെ റൈറ് തുക ഒരു തർക്കവിഷയം ആയി മാറുകയായിരുന്നു.കൂടുതൽ തുക ആര് പ റയുന്നോ അവർക്ക് റൈറ് പോകുന്ന അവസ്ഥ ആയി.ഒടുവിൽ അങ്ങനെ തന്നെ കഴിഞ്ഞ ദിവസം സംഭവിച്ചു.ഞങ്ങളുടെ സ്വപ്ന സിനിമ മലയാളത്തിലെ ഒരു നിർമ്മാതാവ് കരസ്ഥമാക്കി എന്നു അറിയുന്നു.

അറിയാം സിനിമയിൽ ഇതൊക്കെ സാധാരണം ആണ്.ആരേയും കുറ്റപ്പെടുത്താനും ഇല്ല.പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്. മലയാള സിനിമയുടെ ചരിത്രം എന്നത് എത്ര മാത്രം എന്റെ ഒരു വികാരം ആണെന്നത് നഷ്ടനായിക നോവലിലും സെല്ലുലോയ്ഡ് സിനിമയിലും നിങ്ങൾ കണ്ടത് ആണ്. ആ നിലക്ക് അതിന്റയൊക്കെ എത്രയോ മടങ് ആണ് സത്യൻ സിനിമയിൽ ഞാനും സംവിധായക സുഹൃത്തും സ്വപ്നം കണ്ടതും അത് സഫലീകരിക്കാൻ ശ്രമിക്കുകയും ചെയ്യും എന്ന കാര്യം നിങ്ങൾ ശരി വക്കും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.അതിനാൽ ആ സ്വപ്നത്തിന്റെ തകർച്ചയുടെ കനത്ത സങ്കടം ഇവിടെ പങ്കു വക്കുന്നു എന്നു മാത്രം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP