Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിൽ ബിസിനസ് ചെയ്തു ജീവിക്കാൻ ആഗ്രഹിച്ച് പണം മുടക്കിയത് പന്നിഫാമിൽ; തൊടുപുഴയിൽ 15 ഏക്കറിൽ ഒന്നര കോടിക്ക് തുടങ്ങിയ ഫാമിന് ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ ആദ്യം വേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റെന്ന് മറുപടി; എല്ലാ നിർദേശങ്ങളും പാലിച്ച് പണവും അടച്ച് അപേക്ഷിച്ചിട്ടും ലൈസൻസ് കിട്ടാക്കനി; സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 15 ദിവസത്തിനകം ഫാം അടച്ചുപൂട്ടണമെന്ന ഭീഷണിയുമായി പഞ്ചായത്ത്; ആന്തൂരിലെ സാജന് പിന്നാലെ ആത്മഹത്യാ മുനമ്പിൽ പ്രവാസി സംരംഭക ബിന്ദു തോമസും

നാട്ടിൽ ബിസിനസ് ചെയ്തു ജീവിക്കാൻ ആഗ്രഹിച്ച് പണം മുടക്കിയത് പന്നിഫാമിൽ; തൊടുപുഴയിൽ 15 ഏക്കറിൽ ഒന്നര കോടിക്ക് തുടങ്ങിയ ഫാമിന് ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ ആദ്യം വേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റെന്ന് മറുപടി; എല്ലാ നിർദേശങ്ങളും പാലിച്ച് പണവും അടച്ച് അപേക്ഷിച്ചിട്ടും ലൈസൻസ് കിട്ടാക്കനി; സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 15 ദിവസത്തിനകം ഫാം അടച്ചുപൂട്ടണമെന്ന ഭീഷണിയുമായി പഞ്ചായത്ത്; ആന്തൂരിലെ സാജന് പിന്നാലെ ആത്മഹത്യാ മുനമ്പിൽ പ്രവാസി സംരംഭക ബിന്ദു തോമസും

എം മനോജ് കുമാർ

തൊടുപുഴ: രണ്ടു പതിറ്റാണ്ടു ഗൾഫിൽ കഷ്ടപ്പെട്ടശേഷം ഉള്ള സമ്പാദ്യമായ ഒന്നരക്കോടിയിലധികം രൂപ മുതൽ മുടക്കി തൊടുപുഴ പട്ടയക്കുടി വണ്ണപ്രം പഞ്ചായത്തിൽ പന്നിഫാം തുടങ്ങിയ പ്രവാസി വ്യവസായിയായ വനിതാ സംരംഭകയുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. പന്നിഫാമിനു ലൈസൻസ് അനുവദിക്കേണ്ട വണ്ണപ്രം പഞ്ചായത്ത് ലൈസൻസ് നൽകുകയോ പഞ്ചായത്തിനു ലൈസൻസ് അനുവദിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുകയോ ചെയ്യാത്തതാണ് പ്രവാസി വ്യവസായിയായ ബിന്ദു തോമസിന്റെ ജീവിതം പ്രതിസന്ധിയിലേക്ക് ആഴ്‌ത്തുന്നത്.

ന്റെ സ്വപ്ന പദ്ധതിയായി ആന്തൂരിൽ കൊണ്ടുവന്ന കൺവെൻഷൻ സെന്ററിന് രാഷ്ട്രീയ കാരണങ്ങളാൽ അനുമതി നിഷേധിക്കപ്പെട്ടപ്പോൾ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തിട്ട് അധിക നാളായിട്ടില്ല. കേരളത്തിൽ വ്യവസായം തുടങ്ങാൻ വന്നു കയ്പ് നീർ കുടിച്ചിറക്കി എല്ലാം നശിച്ച് ഓടിപ്പോരേണ്ടി വന്നവരുടെ ഒട്ടനവധി കഥനകഥകൾ ഇപ്പോൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. അന്തൂരിനെപ്പോലെ കേരളം കേൾക്കേണ്ട കഥനകഥതന്നെയാണ് ഇപ്പോൾ തൊടുപുഴ പട്ടയക്കുടിയിൽ നിന്നും പുറത്തുവരുന്നത്. ഒരു സംരംഭകയെ എന്ത് മാത്രം ബുദ്ധിമുട്ടിക്കാമോ അത്രമാത്രം കേരളം ബുദ്ധിമുട്ടിക്കും. ഒടുവിൽ ബിസിനസ് പൂട്ടിക്കെട്ടിക്കാൻ വഴിയുണ്ടോ എന്ന് നോക്കും. ഇതു തന്നെയാണ് ബിന്ദു തോമസ് നേരിടുന്ന ദുരനുഭവവും.

അടച്ചത് 60000 രൂപ; മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് നൽകാതെ മലിനീകരണ നിയന്ത്രണ ബോർഡ്

ഒന്നരവർഷമായി ഫാം നടത്തിയിട്ടും ഇതുവരെ ബിന്ദു തോമസിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചിട്ടില്ല. ലൈസൻസ് ലഭിക്കാത്തതിനാൽ പതിനഞ്ചു ദിവസത്തിനുള്ളിൽ ഫാം അടച്ചുപൂട്ടണമെന്ന നോട്ടീസാണ് വണ്ണപ്രം പഞ്ചായത്ത് നൽകിയിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് അനുവദിക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റു വേണം. ഈ സർട്ടിഫിക്കറ്റും ചേർത്ത് വെച്ചുവേണം പഞ്ചായത്ത് ലൈസൻസിന് അപേക്ഷിക്കാൻ. 60000 രൂപ അടച്ച് കഴിഞ്ഞ ഡിസംബറിൽ മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയെങ്കിലും ബോർഡ് ഇതുവരെ കണ്ണ് തുറക്കാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇപ്പോൾ പതിനഞ്ച് ദിവസത്തിനുള്ളിൽ ഫാം അടച്ചു പൂട്ടണമെന്ന പഞ്ചായത്ത് നോട്ടീസും പിടിച്ചു ബിന്ദു തോമസ് നക്ഷത്രമെണ്ണുകയാണ്.

ജീവിത സമ്പാദ്യം പൂർണമായി ഇവിടെ മുടക്കിക്കഴിഞ്ഞു. ഫാം നഷ്ടത്തിൽ. ലൈസൻസും ലഭിച്ചില്ല. ഇപ്പോൾ ഫാം അടയ്ക്കണമെന്ന് പഞ്ചായത്ത് നോട്ടീസും. അനുഭവിച്ച കഷ്ടപ്പാടും ജീവിത സമ്പാദ്യവും നഷ്ടമായ അവസ്ഥയിൽ ജീവിതത്തിനും മരണത്തിനും ഇടയ്ക്കാണ് ഇപ്പോൾ ബിന്ദു തോമസിന്റെ ജീവിതം. നാട്ടിൽ പോയി ജീവിക്കണം എന്ന ആഗ്രഹം വന്നപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിച്ചു. അതൊരു തെറ്റാണോ? ഇപ്പോൾ അതൊരു വലിയ തെറ്റാണ് എന്ന് ബിന്ദു തോമസ് തന്നെ തിരിച്ചറിയുകയാണ്. കുട്ടികൾ ഒരിടത്ത്, അച്ഛൻ ഒരിടത്ത്, 'അമ്മ വേറൊരിടത്ത്. ജീവിതം മുഴുവൻ ഇങ്ങിനെ പോകുന്നത് കണ്ടു മടുത്താണ് നാട്ടിൽ നിന്ന് ബിസിനസ് തുടങ്ങാം.കുട്ടികളെയും നോക്കാം എന്ന് കരുതിതൊടുപുഴ പട്ടയക്കുടിയിൽ 15 ഏക്കർ സ്ഥലം വാങ്ങുകയും പന്നി ഫാം ആരംഭിക്കുകയും ചെയ്തത്.

സ്ഥലം വാങ്ങുകയും ഫാം ആരംഭിക്കുകയും ബയോഗ്യാസ് പ്ലാന്റ്, ഫെറി ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ ആരംഭിക്കുകയും ചെയ്തപ്പോൾ തന്നെ മുടക്കുമുതൽ ഒന്നരക്കോടിയിലേറെ രൂപയായി. മുഴുവൻ സമ്പാദ്യവും മുതലിറക്കിയുള്ള ഇൻവെസ്റ്റ്‌മേന്റായി ഫാം മാറുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ മുടക്കി ഫ്‌ളെറി ട്രീറ്റ്‌മെന്റ് പ്ലാന്റ്, രണ്ടു ഷെഡ്, അതുകൂടാതെ രണ്ടു ബയോ ഗ്യാസ് പ്ലാന്റ്. ബയോ ഗ്യാസ് പ്ലാന്റിൽ നിന്നും വരുന്ന ഫ്‌ളെറി ട്രീറ്റ്‌മെന്റ് പ്ലാന്റ്. ഈ പ്ലാന്റിൽ നിന്നും പുറന്തള്ളുന്ന വെള്ളം പോലും അണുവിമുക്തിമാക്കിയതാണ്. ഈ വെള്ളം ശേഖരിക്കാൻ മാത്രം രണ്ടു ലക്ഷം മുടക്കി പ്ലാന്റിൽ ടാങ്ക് ഉണ്ടാക്കി. ഇങ്ങിനെയെല്ലാം ചെയ്ത് കഴിഞ്ഞാണ് പഞ്ചായത്തിൽ ലൈസൻസിന് ചെല്ലുന്നത്. ഇതു മുതൽ പ്രശ്‌നം തുടങ്ങി.

ബിന്ദു തോമസ് മറുനാടനോട് അനുഭവ കഥ പറയുന്നു

ഫാം ആരംഭിച്ചതിനു ശേഷമാണ് 2018 ഡിസംബറിൽ പഞ്ചായത്തിൽ ലൈസൻസിന് ചെല്ലുന്നത്. പഞ്ചായത്തിൽ നിന്നും ലൈസൻസ് വേണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റു വേണം. ഈ സർട്ടിഫിക്കറ്റ് ചേർത്ത് വെച്ചുവേണം പഞ്ചായത്ത് ലൈസൻസിസ് അനുമതി വാങ്ങാൻ. ഈ കാര്യം അറിഞ്ഞിരുന്നില്ല. പന്നി ഫാം നിർമ്മിച്ച ശേഷമാണ് പഞ്ചായത്തിൽ പോയി അനുമതി തേടുന്നത്. അതുകൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടുക്കൽ ചെന്നു. 2018- ഡിസംബറിൽ തന്നെ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. 60000 രൂപ അടച്ചാണ് ഡിസംബറിൽ ലൈസൻസിന് അപേക്ഷിക്കുന്നത് ഇത് ഓർമ്മവേണം. ഇപ്പോൾ ജൂലായ് മാസമായി. എട്ടു മാസം കഴിഞ്ഞു. ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. കഴിഞ്ഞ ജൂൺ മാസമാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ഫാം സന്ദർശിച്ചു ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചു. നാലുദിവസത്തിനുളിൽ തന്നെ അത് ക്ലിയർ ചെയ്തു. രണ്ടാമതും മലിനീകരണ നിയന്ത്രണ അഥോറിറ്റി അധികൃതരെ വരുത്തി ഈ കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. പക്ഷെ സർട്ടിഫിക്കറ്റ്മാത്രം ലഭിച്ചില്ല. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പഞ്ചായത്ത് സമ്മർദ്ദം ചെലുത്തിത്തുടങ്ങി. അതിനു സാവകാശം വേണമെന്ന് പഞ്ചായത്ത് അധികൃതരോട് പറഞ്ഞു.

ഞങ്ങൾക്ക് സമയം ഉള്ളപ്പോൾ വരും; വിളിച്ച് ശല്യപ്പെടുത്തരുത്

പഞ്ചായത്ത് പ്രശ്‌നം മുന്നിൽ ഉള്ളതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിനെ വീണ്ടും സമീപിച്ചു. അപ്പോൾ വിചിത്രമായ മറുപടിയാണ് കിട്ടിയത്. ഞങ്ങളെ എപ്പോഴും വിളിക്കേണ്ടതില്ല. ഞങ്ങൾ വരും. അവിടേയ്ക്ക് ദൂരമുണ്ട്. അപ്പോൾ അതിനടുത്തുള്ള സ്ഥലത്ത് ഞങ്ങൾ വരുമ്പോൾ അവിടെയും വരും. എപ്പോഴാണ് വരവ് എന്ന് ചോദിക്കരുത് എന്ന് പറഞ്ഞു. അവിടെ രണ്ടുമൂന്നു ഏരിയ ആകുമ്പോൾ ഞങ്ങൾ വരും. ഏഴെട്ടു കേസുകൾ ഞങ്ങൾക്ക് വേണം. നിങ്ങൾ ഞങ്ങളെ വിളിച്ചു ശല്യപ്പെടുത്തരുത്. ഇതാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞത്. 100 മീറ്റർ ചുറ്റളവിൽ വീടുകൾ പാടില്ല, സെപ്റ്റിക് ടാങ്ക് വേണം, ബയോഗ്യാസ് പ്ലാന്റ് വേണം.എന്നൊക്കെ മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശം വെച്ചിരുന്നു. എല്ലാം നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ സർട്ടിഫിക്കറ്റ് മാത്രം ലഭിച്ചില്ല.

മുൻപ് ഫാം തുടങ്ങിയപ്പോൾ ചില ആളുകൾ ഫാമിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡിലും പഞ്ചായത്തിലും കളക്ടർക്കും എല്ലാം പരാതി നൽകിയിരുന്നു. ഈ പരാതിയുടെ വിശദാംശങ്ങൾ അറിയാൻ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ഫാമിൽ എത്തിയിരുന്നു. മാലിന്യ ടാങ്ക് ഇല്ല. മാലിന്യം റോഡിൽ തള്ളുന്നു എന്നെല്ലാമാണ് പരാതിയിൽ പറഞ്ഞത്. ഉദ്യോഗസ്ഥന്മാരുടെ റിപ്പോർട്ട് അനുകൂലമായിരുന്നു. മാലിന്യം പുറത്തേക്ക് പോകുന്നില്ല എന്നാണു ഉദ്യോഗസ്ഥർ ഒന്നടങ്കം റിപ്പോർട്ട് എഴുതിയത്. നിങ്ങളുടെ ഫാമിനെക്കുറിച്ച് എന്താണ് നെഗറ്റീവ് ആയി എഴുതേണ്ടത് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ഫാമിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നിങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്.

ഫാമിനെതിരെ പരാതി നൽകിയത് മരിച്ചുപോയ ഒരാളുടെ പേരിൽ

മരിച്ചുപോയ ആളുടെ പേരിലാണ് പരാതി നൽകിയിരുന്നത്. അങ്ങിനെയുള്ള ആൾ ജീവിച്ചിരിപ്പില്ല എന്ന് ഊരുമൂപ്പൻ എഴുതി തന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പൊല്യൂഷൻ കൺട്രോൾ ബോർഡിലും പോയി. അവിടെയുള്ള ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പക്ഷെ ഒന്നും നടന്നില്ല. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ മുൻപ് ഒരു തവണ ചെക്കിംഗിന് വന്ന സമയത്ത് ഞാൻ അവിടെ ഇല്ല. ജോലിക്കാർക്ക് അവരോടു ഒന്നും പറയാൻ കഴിയില്ല. പന്നികളുടെ എണ്ണം 400-ൽ താഴെയാക്കണം എന്നവർ നിർദ്ദേശിച്ചിരുന്നു. ഞാൻ 400ൽ അധികം എന്നാണ് വെച്ചിരുന്നത്. പിന്നീട് ഞാനത് കുറച്ചു. 358 പന്നികൾ എന്നാക്കി കുറച്ചു.

പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കിയിട്ട് ഇപ്പോൾ തിരികെ നൽകുന്നുണ്ട്. ഫ്‌ളെറി വെള്ളം കളക്റ്റ് ചെയ്യാനുള്ള ടാങ്ക് ഇല്ലാ എന്ന് പറഞ്ഞിരുന്നു. ബയോഗ്യാസ് പ്ലാന്റിൽ നിന്നും തള്ളുന്ന വെള്ളം സ്റ്റോർ ചെയ്യാൻ 5 ലക്ഷം രൂപ മുടക്കി പണിത് സെപ്റ്റിക് ടാങ്ക് ഉണ്ട്. ഫ്‌ളെറി ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉണ്ട്. രണ്ടു തവണ പ്യൂരിഫൈ ചെയ്ത് വരുന്ന വെള്ളമാണ് പിന്നീട് പുറത്തു വരുന്നത്. ഈ വെള്ളം ഉപയോഗത്തിന് എടുക്കാം എന്ന് ഉറപ്പുള്ളതിനാൽ അത് താറാവിനും മറ്റും നൽകുവാനായി ആ വെള്ളം സ്റ്റോർ ചെയ്യാനായി 2 ലക്ഷത്തിന്റെ ടാങ്ക് വേറെയുമുണ്ട്. ഇതെല്ലാം ഞങ്ങൾ ഫാമിൽ പൂർത്തീകരിച്ചിട്ടുണ്ട്. എന്നിട്ടും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് പടിക്ക് പുറത്താണ് ഇപ്പോഴും.

കാശും ഐ ഫോണും നൽകിയിട്ടും തലവേദനയായി വാർഡ് മെമ്പർ

വണ്ണപ്രം പഞ്ചായത്തിലെ ഫാം ഇരിക്കുന്ന വാർഡ് മൂന്നിലെ മെമ്പർ സണ്ണി കളപ്പുരയാണ് കൂടുതൽ പ്രശ്‌നം സൃഷ്ടിച്ചത്. സഹായത്തിനു ചെന്നപ്പോൾ ഐ ഫോൺ വേണമെന്ന് പറഞ്ഞു. വാങ്ങി നൽകി. അതുപോരാ ഏറ്റവും ലേറ്റസ്റ്റ് മൊബൈൽ വേണം എന്ന് പറഞ്ഞു. കാശ് വേണം എന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കൽ വേറെയും. നാട്ടുകാർക്കും കാശ് വേണം. എന്നും പല രീതിയിൽ പിരിവ് ആണ്. ഫാം തന്നെ ലാഭത്തിൽ ആയിട്ടില്ല. പല രീതിയിൽ നിരന്തരം പിരിവ് വന്നപ്പോൾ കൊടുക്കാൻ ബുദ്ധിമുട്ടി. അതോടെ പിരിവുമായി വന്നവർ ഇടഞ്ഞു. ഫാം പൂട്ടിക്കും എന്ന ഭീഷണിയായി. കാശ് നൽകിയില്ലെങ്കിൽ ഫാം പൂട്ടിക്കും എന്ന സ്ഥിരം ഭീഷണിയാണ് മുഴക്കുന്നത്. എല്ലാവർക്കും ഫാം പൂട്ടിക്കണ്ടാൽ മതി. പൂട്ടിയില്ലെങ്കിൽ പൂട്ടിക്കും. അല്ലെങ്കിൽ കാശ് വേണം എന്നതാണ് ഡിമാൻഡ്. ഞാൻ പണം കായ്ക്കുന്ന മരമല്ല. ഉള്ള പണം മുഴുവൻ മുതലിറക്കി തുടങ്ങിയ ഫാം ആണിത്. ലൈസൻസ് ലഭിച്ചില്ലാ എന്നതൊഴിച്ചാൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി നിർമ്മിച്ച ഫാം തന്നെ. സഹികെട്ടപ്പോൾ ഞാൻ പറഞ്ഞു. നിയമത്തിനു എതിരായി ഞാൻ ഒന്നും ചെയ്യുന്നില്ല. നിയമത്തിനു അകത്ത് നിന്നാണ് എല്ലാം ചെയ്യുന്നത്. എന്നിട്ടും നിങ്ങൾ പൂട്ടിക്കും എന്ന ഭീഷണിയാണ് മുഴക്കുന്നത്. എങ്കിൽ നിങ്ങൾ പൂട്ടിക്ക്. ഇനി നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ കാശില്ല-ഞാൻ പറഞ്ഞു.

മറുപടികൾ പഞ്ചായത്ത് ഓഫീസിൽ നിന്നും അപ്രത്യക്ഷമാകുന്നു

ഇതോടെ കാശിന്റെ കാര്യത്തിൽ ഇടഞ്ഞു നിന്നിരുന്ന പഞ്ചായത്ത് മെമ്പറും കൂട്ടാളികളും കൂടുതൽ ഇടഞ്ഞു. എന്റെ കയ്യിൽ നിന്നും നിരന്തരം കാശ് വാങ്ങിയിരുന്ന പഞ്ചായത്ത് മെമ്പർ പൂർണമായും മറുവശത്തായി. മെമ്പറുടെ സഹായത്തോടെയായി പിന്നീടുള്ള നീക്കങ്ങൾ. പരാതിയായി. പാരയാകുന്നത് വാർഡ് മെമ്പറുടെ നീക്കങ്ങളാണ്. വാർഡ് മെമ്പർ പഞ്ചായത്തിൽ കയറിയും വിളയാടിയത് കാരണം ഫാമുമായി ബന്ധപ്പെട്ടു ഞാൻ നൽകിയിരുന്ന മറുപടികൾ ഒന്നൊഴിയാതെ പഞ്ചായത്ത് ഓഫീസിൽ നിന്നും കാണാതെയാകൽ പതിവായി. പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഞാൻ മറുപടിയും നൽകി. പക്ഷെ മറുപടി എല്ലാം പഞ്ചായത്ത് ഫയലിൽ നിന്നും അപ്രത്യക്ഷമാകുന്നു. പഞ്ചായത്ത് സെക്രട്ടറി പറയും നിങ്ങൾ മറുപടി നൽകിയില്ല എന്ന്. രസീതി അടക്കം തെളിവാണ് എന്നുപറഞ്ഞപ്പോൾ പഞ്ചായത്ത് അധികൃതർക്ക് ഒളിച്ചു കളി. ഒരിക്കൽ കളക്ടറെ കണ്ടു പരാതി പറഞ്ഞു.

മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയാൽ ലൈസൻസ് ഉടനടി തരാം എന്നാണ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത് എന്ന് പറഞ്ഞു. ഈ പരാതിയിൽ നടപടി വേണം എന്ന് കളക്ടർ എഴുതി നൽകി. കളക്ടറുടെ ലെറ്റർ പഞ്ചായത്ത് സെക്രട്ടറിയെ കാണിച്ചപ്പോൾ സെക്രട്ടറി എന്നോടു പറഞ്ഞു. റിസപ്ഷനിൽ നൽകി രശീതി വാങ്ങിക്കണമെന്ന്. പക്ഷെ അങ്ങിനെയൊരു സംഭവം ഫയലിൽ പിന്നെ കണ്ടില്ല. കളക്ടറുടെ ലെറ്റർ പോലും ഫയലിൽ നിന്നും അപ്രത്യക്ഷമായി. കോപ്പി വാട്ട്സ് അപ്പിൽ സെക്രട്ടറിക്ക് അയച്ചു നൽകി. അപ്പോൾ പഞ്ചായത്ത് ഉണർന്നു. കലക്ടറുടെ ലെറ്റർ കണ്ടുകിട്ടി. ഈ ഫാമിൽ എല്ലാ സൗകര്യവും ഉണ്ട് എന്ന് പറഞ്ഞു മെമ്പർ മുൻപ് എഴുതി നൽകിയതാണ്. അതിനുള്ള കാശും എന്നിൽ നിന്നും കൈപറ്റിയിട്ടുണ്ട്. എന്റെ കയ്യിൽ നിന്നും പഞ്ചായത്ത് മെമ്പർ കൈപ്പറ്റിയ പണം തന്നെ ഏകദേശം രണ്ട്-രണ്ടരലക്ഷം രൂപ വരും. എന്നിട്ടും ഇതേ വാർഡ് മെമ്പർ ആണ് പാരയായി മാറിയത്.

ഇപ്പോൾ കയ്യിലുള്ള പണവും പോയി. മനസമാധാനവും പോയി എന്ന അവസ്ഥയാണ്. ഗൾഫിൽ ഉള്ളപ്പോൾ 72കിലോയുണ്ടായിരുന്ന ഞാൻ 52 കിലോയായി മാറി. ജീവിതാവസ്ഥകളോട് പടവെട്ടി എന്റെ മനസും തകർന്നടിഞ്ഞിരിക്കുന്നു. എന്താണ് നിവൃത്തിയെന്നു എനിക്ക് അറിയില്ല. ആത്മഹത്യാ മുനമ്പിലൂടെയാണോ എന്റെ സഞ്ചാരം എന്ന് കൂടി അറിയില്ല. കേരളത്തിൽ ബിസിനസ് തുടങ്ങാൻ പോയാൽ എന്ത് സംഭവിക്കും എന്ന് എന്റെ അവസ്ഥകൊണ്ട് ഞാൻ തന്നെ മനസിലാക്കുകയാണ്. ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് നോട്ടീസ് എന്റെ കയ്യിലുണ്ട്. 15 ദിവസത്തിനുള്ളിൽ ഫാം അടച്ചു പൂട്ടണമെന്ന നോട്ടീസ്. ഇതും കയ്യിൽ പിടിച്ച് ഇരിക്കുക എന്നല്ലാതെ എന്ത് ചെയ്യണമെന്നും പോലും എനിക്ക് അറിയില്ല-ബിന്ദു തോമസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP