Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിന്ദുവോ ഷാനിമോളോ? സരസ്വതി കുഞ്ഞികൃഷ്ണന് ശേഷം ഡിസിസിയെ നയിക്കുന്ന മങ്കയാര്? കോൺഗ്രസിൽ അവകാശ വാദങ്ങൾ തുടങ്ങി; ബിന്ദുകൃഷ്ണയ്ക്കായി ചരട് വലിച്ച് ചെന്നിത്തല; ഷാനിമോൾക്കായി എ ഗ്രൂപ്പും

ബിന്ദുവോ ഷാനിമോളോ? സരസ്വതി കുഞ്ഞികൃഷ്ണന് ശേഷം ഡിസിസിയെ നയിക്കുന്ന മങ്കയാര്? കോൺഗ്രസിൽ അവകാശ വാദങ്ങൾ തുടങ്ങി; ബിന്ദുകൃഷ്ണയ്ക്കായി ചരട് വലിച്ച് ചെന്നിത്തല; ഷാനിമോൾക്കായി എ ഗ്രൂപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഒരു ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വനിതയെത്തും. പതിനാല് ഡിസിസികളിൽ ഒന്നിൽ വനിതാ പ്രസിഡന്റ് വേണമെന്ന നിർദ്ദേശം കെപിസിസിക്ക് ഹൈക്കമാണ്ട് നൽകി കഴിഞ്ഞു. ഈ നിർദ്ദേശത്തിന്റെ ചുവടു പടിച്ച് തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി ബിന്ദു കൃഷ്ണയെ കൊണ്ടു വരാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. എന്നാൽ ഷാനി മോൾ ഉസ്മാനെ ആലപ്പുഴയിൽ പ്രസിഡന്റാക്കുന്നതിനോടാണ് എ വിഭാഗത്തിന് താൽപ്പര്യം. ഇതോടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വനിതാ പ്രാതിനിധ്യവും തർക്കങ്ങൾക്ക് വഴിവയ്ക്കും.

വനിതകളെ ഡിസിസി പ്രസിഡന്റായി പരിഗണിക്കുന്ന പതിവ് കോൺഗ്രസിനില്ല. കേരളത്തിൽ ഒരിക്കൽ മാത്രമേ അത് സംഭവിച്ചിട്ടുള്ളൂ. കൊല്ലത്ത് സരസ്വതി കുഞ്ഞികൃഷ്ണനെ ഡിസിസി ഉത്തരവാദിത്തം ഏൽപ്പിച്ചതൊഴിച്ചാൽ അത്തരമൊരു പതിവില്ല. എന്നാൽ സ്ത്രീകളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഡിസിസി നേതൃ സ്ഥാനങ്ങളിൽ വനിതാ സംവരണം കൊണ്ടു വരാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിനുള്ള പരീക്ഷണ വേദിയായി കേരളത്തെ മാറ്റാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ബിന്ദു കൃഷ്ണയേയും ഷാനിമേൾ ഉസ്മാനേയും ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കേണ്ട സാഹചര്യം കെപിസിസിയിൽ ഉണ്ടാകുന്നത്.

തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിന്റെ കെ മോഹൻകുമാറാണ് പ്രസിഡന്റ്. മനുഷ്യാവകാശ കമ്മീഷനിൽ അംഗത്വമുൾപ്പെടെയുള്ള പദവികളിലേക്ക് മോഹൻ കുമാറിനെ പരിഗണിക്കുന്നുണ്ട്. ഈ പദവികളിലൊന്ന് നൽകി മോഹൻകുമാറിനെ മാറ്റിയാൽ ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റാക്കാനാണ് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് ചരട് വലികൾ നടത്തുന്നത്. എന്നാൽ ബിന്ദു കൃഷ്ണയെ തിരുവനന്തപുരം ഡിസിസി ഏൽപ്പിക്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. കൊല്ലം ജില്ലയോട് ചേർന്ന ചാത്തനൂരിലാണ് ബിന്ദു കൃഷ്ണയുടെ വീട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ബിന്ദു ഡിസിസി പ്രസിഡന്റാകുന്നതിനെ ഐ വിഭാഗത്തിലെ ഒരു കൂട്ടർ തന്നെ എതിർക്കുന്നു. എല്ലാത്തിനുമുപരി കൊല്ലം ഡിസിസി അധ്യക്ഷയാകാനാണ് ബിന്ദുവിന്റേയും താൽപ്പര്യം. പക്ഷേ തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റാകാൻ അവസരം കിട്ടിയാൽ ഏറ്റെടുക്കണമെന്ന കർശന നിർദ്ദേശം ബിന്ദു കൃഷ്ണയ്ക്ക് ചെന്നിത്തല നൽകിയിട്ടുണ്ട്.

പക്ഷേ തിരുവനന്തപുരത്തെ സാമുദായിക സമവാക്യങ്ങളും ബിന്ദു കൃഷ്ണയ്ക്ക് എതിരാണ്. നായർ ഡിസിസി പ്രസിഡന്റ് എന്നതാണ് കീഴ് വഴക്കം. അതുകൊണ്ട് തന്നെ ബിന്ദു കൃഷ്ണയെ തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഐ ഗ്രൂപ്പിലെ ചിലരുടെ വാദം. ഇത് രമേശ് ചെന്നിത്തലയെ അറിയിക്കുകയും ചെയ്തു. എന്നാൽ അത്തരം വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്നും ഡിസിസി അധ്യക്ഷയാകാൻ ഐ ഗ്രൂപ്പിലെ യോജിച്ച നേതാവ് ബിന്ദു കൃഷ്ണ തന്നെയാണെന്നുമാണ് ചെന്നിത്തലയുടെ അഭിപ്രായം. പത്മജാ വേണുഗോപാലിനെ പോലുള്ള ഐ ഗ്രൂപ്പിലെ പ്രമുഖ വനിതാ നേതാക്കൾക്ക് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപ്പര്യവുമില്ല. അതുകൊണ്ട് ബിന്ദു തന്നെ ഡിസിസി അധ്യക്ഷയാകട്ടേ എന്നാണ് നിലപാട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരാണ് ഐ ഗ്രൂപ്പിലെ മറുവിഭാഗം തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി മുന്നോട്ട് വയ്ക്കുന്ന പേര്.

മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ദേശീയ ഭാരവാഹിയുമാണ് ബിന്ദു കൃഷ്ണ. ഈ കാലത്ത് മഹിളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ അത്ര സജീവവുമായിരുന്നു. അതിനാൽ ബിന്ദുവിനെ തിരുവനന്തപുരമോ കൊല്ലമോ എൽപ്പിക്കാൻ അനുവദിക്കില്ല. കൊല്ലമാണെങ്കിൽ എ ഗ്രൂപ്പിന്റെ ക്വാട്ടയിൽപ്പെട്ട ഡിസിസിയുമാണ്. അതിനാൽ ബിന്ദുവിനെ ഉയർത്തിയുള്ള ചെന്നിത്തലയുടെ നീക്കത്തെ എ ഗ്രൂപ്പ് അംഗീകരിക്കില്ല. സംസ്ഥാനത്തെ ഏറ്റവും പ്രമുഖയായ മറ്റൊരു വനിതാ നേതാവിനെയാണ് എ ഗ്രൂപ്പ് മനസ്സിൽ കാണുന്നത്. ആലപ്പുഴയിലേക്ക് ഷാനി മോൾ ഉസ്മാൻ. പൊതു പ്രശ്‌നങ്ങളിൽ ഷാനി മോൾ ഉസ്മാൻ സജീവമായി ഇടപെടുന്നു. പൊതു ജനങ്ങൾക്കിടയിൽ അംഗീകാരവുമുണ്ട്. ലോക്‌സഭയിലേക്ക് മത്സരിക്കാനും അവസരം നൽകിയില്ല. ഈ സാഹചര്യത്തിൽ ഷാനി മോളെ ആലപ്പുഴ ഡിസിസി അധ്യക്ഷയാക്കാനാണ് നീക്കം.

ഇതിലൂടെ ആലപ്പുഴയിലെ ഐ ഗ്രൂപ്പിന്റെ അപ്രമാധിത്വത്തെ തകർക്കാമെന്നാണ് കണക്ക് കൂട്ടൽ. ഇതിനെ ആലപ്പുഴ എംപി കെസി വേണുഗോപാൽ അതിശക്തമായി എതിർക്കുകയാണ്. താനുമായി സഹകരിക്കാത്ത നേതാവ് ഡിസിസി പ്രസിഡന്റാകുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്നും വേണുഗോപാൽ നിലപാട് എടുത്തുകഴിഞ്ഞു. ഇതിനൊപ്പം കെപിസിസി അധ്യക്ഷൻ സുധീരനും ഷാനി മോൾ ഉസ്മാനോട് താൽപ്പര്യമില്ല. സുധീരനെതിരെ ഷാനിമോൾ ഉന്നയിച്ച ആക്ഷേപങ്ങൾ വലിയ ചർച്ചയായിരുന്നു. സരിതയുമായി വേണുഗോപാലിനെ ഷാനിമോൾ ബന്ധപ്പെടുത്തി സംസാരിച്ചതും തുടർന്ന് ഷാനിമോളെ മദ്യമാഫിയയുടെ ആളായി സുധീരൻ വിമർശിച്ചതും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ഷാനി മോളുടെ പേരിനെ സുധീരൻ തന്നെ എതിർക്കുമെന്ന കണക്ക് കൂട്ടലിലാണ് ഐ വിഭാഗവും രമേശ് ചെന്നിത്തലയും. അതുകൊണ്ട് തന്നെ ബിന്ദു കൃഷ്ണയെ തിരുവനന്തപുരത്തോ കൊല്ലത്തോ ഡിസിസി അധ്യക്ഷയാക്കാമെന്ന് തന്നെയാണ് കണക്കുകൂട്ടൽ.

ബിന്ദു കൃഷ്ണയേയോ ഷാനി മോൾ ഉസ്മാനോ അല്ലാതെ മറ്റൊരു പേര് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുമില്ല. ഷാഹിദാ കമാൽ പോലുള്ള പേരുകളും പരിഗണിക്കപ്പെട്ടേക്കാം. വനിതാ കമ്മീഷൻ അധ്യക്ഷയായ റോസക്കുട്ടി ടീച്ചറും പരിഗണനയിലാണ്. പക്ഷേ ടീച്ചർക്ക് വയനാട് ഡിസിസിയുടെ ഉത്തരവാദിത്തം ഏറ്റെടക്കാൻ തൽക്കാലം താൽപ്പര്യമില്ല. അതുകൊണ്ട് കൂടിയാണ് ബിന്ദു കൃഷ്ണയും ഷാനി മോൾ ഉസ്മാനും ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിലെ പ്രധാന പേരുകാരാകുന്നത്.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP