Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിസ്മയ കേസിൽ വമ്പൻ ട്വിസ്റ്റ്; വിസ്മയയെ കിരൺകുമാർ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി മാധ്യമങ്ങൾ പുറത്തുവിട്ടത് വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങൾ; മുഖത്തും കൈകളിലും പരിക്ക് പറ്റിയത് സഹോദരനുമായി തമാശയ്ക്ക് ഉണ്ടായ പിടിവലിയിൽ; വെളിപ്പെടുത്തൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ

വിസ്മയ കേസിൽ വമ്പൻ ട്വിസ്റ്റ്; വിസ്മയയെ കിരൺകുമാർ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി മാധ്യമങ്ങൾ പുറത്തുവിട്ടത് വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങൾ; മുഖത്തും കൈകളിലും പരിക്ക് പറ്റിയത് സഹോദരനുമായി തമാശയ്ക്ക് ഉണ്ടായ പിടിവലിയിൽ; വെളിപ്പെടുത്തൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നമ്മൾ കാണുന്നതും കേൾക്കുന്നതും എല്ലാം ശരി തന്നെയോ? അതോ സത്യം തന്നെയോ? ആകെ ആശയക്കുഴപ്പം തോന്നും വിസ്മയ കേസിലെ ഈ ട്വിസ്റ്റ് വായിച്ച് എടുക്കുമ്പോൾ. കൊല്ലം നിലമേലിലെ വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രം. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. പ്രതി കിരൺ കുമാർ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്ത്രീധന പീഡന നിരോധന നിയമം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേരളം ഒന്നടങ്കം പറഞ്ഞത് പ്രതിയായ കിരണിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ്. ദുരന്തം നടന്ന് അഞ്ചാം മാസം പിന്നിടുമ്പോൾ കിരണിനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈയാഴ്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ ഒരു ട്വിസ്റ്റ് പുറത്തുവരുന്നത്.

മരണത്തിന് പിന്നാലെ വിസ്മയയുടെ വീട്ടുകാർ കൊലപാതകമാണെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. തെളിവായി മർദ്ദന ദൃശ്യങ്ങളും ഫോൺ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ, കുറ്റപത്രവും, അനുബന്ധ രേഖകളും പരിശോധിക്കുമ്പോഴാണ് ഇതുവരെ പുറത്തുവരാത്ത പലതും ശ്രദ്ധയിൽ പെടുന്നത്. വിസ്മയയുടെ മരണം കൊലപാതകമല്ല, ആത്മഹത്യ എന്ന് തെളിഞ്ഞുകഴിഞ്ഞു. വിസ്മയയെ കിരൺകുമാർ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന വാദവുമായി പ്രോസിക്യൂഷൻ രംഗത്ത് വരുമ്പോൾ പ്രതിഭാഗം അഭിഭാഷകൻ കൊല്ലത്തെ സി.പ്രതാപ ചന്ദ്രൻ പിള്ളയാണ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതാപ ചന്ദൻ പിള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെ പോലെ തെളിവുകൾ ശേഖരിക്കുകയും കോടതിക്ക് മുമ്പാകെ ഹാജരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അഭിഭാഷകനാണ്. പ്രതിഭാഗം അഭിഭാഷകൻ ശേഖരിച്ചതും, കുറ്റപത്രത്തിലെ പല വിവരങ്ങളും ഇതുവരെ കേട്ടതിൽ നിന്നും വ്യത്യസ്തമാണ്.

വിസ്മയയുടെ ആത്മഹത്യക്ക് കാരണക്കാരൻ ആരാണ് എന്നതാണ് കേസിൽ പ്രധാനപ്പെട്ട വിഷയം. അത് കിരൺ കുമാർ ആണ് എന്ന വിശകലനം ശരിയോ? അതോ മറ്റുപല പ്രശ്‌നങ്ങളും വിസ്മയ അനുഭവിച്ചിരുന്നോ? വിസ്മയയുടെ മാതാപിതാക്കൾക്കും സഹോദരനും ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ? പ്രതാപ ചന്ദ്രൻ പിള്ളയുടെ അന്വേഷണം ആ വഴിക്കാണ്. അതിൽ ഒന്ന് വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ മൊഴിയാണ്. മൊഴിയിൽ ഞെട്ടിക്കുന്ന ഒരു വിവരമുണ്ട്. വിസ്മയ, കിരൺ കുമാറിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാർ പുറത്തുവിട്ട ചില ചിത്രങ്ങളെ കുറിച്ചാണ് സംശയം ഉയരുന്നത്. കേരളത്തിലെ ചാനലുകളും, ഓൺലൈൻ മാധ്യമങ്ങളും കിരൺ കുമാറിന് എതിരായി കാട്ടിയ വിസ്മയയുടെ മുഖത്തെയും കൈകളിലെയും ഒക്കെ മുറിവുകൾക്ക് കാരണക്കാരൻ കിരണല്ല എന്നാണ് വിജിത്തിന്റെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. മറിച്ച് അത് സംഭവിച്ചത് എങ്ങനെ എന്ന് വിജിത്തിന്റെ മൊഴിയിൽ നിന്ന് തന്നെ വ്യക്തമാകും.

3-09-2021 ന് വിജിത് വി നായർ നൽകിയ മൊഴിയുടെ പ്രസക്ത ഭാഗങ്ങൾ:

'മാളു അവളുടെ വിവാഹത്തിന് മുമ്പ് ഒരുദിവസം, അവളുടെ ഭർത്താവിനൊപ്പം സുഖമായി ജീവിക്കും, പിന്നെ എന്നേ ഒരു കാര്യമേ അല്ല എന്നുപറഞ്ഞു. അപ്പോൾ ഞങ്ങൾ തമ്മിൽ വഴക്കായി തമാശയ്ക്ക് പിടിവലി കൂടി. ഞങ്ങൾ രണ്ടുപേരും മറിഞ്ഞുവീണു. എന്റെ കൈ തട്ടി ഗ്ലാസ് ഉടഞ്ഞു. എനിക്ക് നല്ല വേദന ഉണ്ടായത് കാരണം ഞാൻ അവളോട് മിണ്ടാതെ പോയി വഴക്കിട്ടിരുന്നു. ആ ദിവസം മാളുവാണ് രേവതിയോട് എനിക്ക് പരിക്ക് പറ്റിയതിൽ വിഷമം ഉണ്ടെന്നും മറിഞ്ഞ് വീണ് അവൾക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞത്. പിറ്റേ ദിവസം തന്നെ അവൾ വന്ന് സാധാരണ പോലെ ഇടപഴകുകയും ചെയ്തു.

രേവതിക്ക് അന്ന് മാളു അയച്ചുകൊടുത്തിരുന്ന ഫോട്ടോകൾ കൂടി രേവതിയുടെ മൊബൈലിൽ കിടന്നത് കൂടിയാണ് പത്രക്കാരുടെ ആവശ്യപ്രകാരം നൽകിയത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. മാളു മരിച്ച ദിവസം രാവിലെ പത്രക്കാർ പരിക്ക് പറ്റിയ ചിത്രങ്ങൾ ഉണ്ടോ എന്ന് ചോദിക്കുകയും, രേവതി അയച്ച് തന്നത് ഞാൻ ആവശ്യക്കാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴാണ് എനിക്ക് ആ ചിത്രങ്ങൾ മാളുവിന്റെ വിവാഹത്തിന് മുമ്പുള്ളതാണ് എന്ന് മനസ്സിലായത്.

ചുരുക്കി പറഞ്ഞാൽ കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ച ആ മർദ്ദന ചിത്രങ്ങൾ വിസ്മയയുടെ വിവാഹത്തിന് മുമ്പുള്ളതായിരുന്നു എന്ന് വ്യക്തമാവുകയാണ്. പരിക്കിന് കാരണം സഹോദരനുമായി ഉണ്ടായ വഴക്കും. ഏതായാലും കേസിലെ വിചാരണ ആരംഭിക്കുമ്പോൾ ഈ ട്വിസ്റ്റും ചർച്ചാവിഷയം ആകുമെന്ന് ഉറപ്പ്.

മന്നം ആയൂർവ്വേദ കോർപ്പറേറ്റീവ് മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിയായിരുന്ന വിസ്മയയുടെയും കിരൺ കുമാറിന്റെയും വിവാഹം 2020 മാർച്ചിലായിരുന്നു. 28 കാരനായ കിരൺ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി വഴക്ക് തുടങ്ങി. ഇരുവരും തമ്മിലുള്ള വഴക്ക് കൈവിട്ടതോടെയാണ് വിസ്മയ ജീവനൊടുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP