Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവൾ കള്ളമാണ് പറയുന്നത്; എന്റെ ജീവിതം കളഞ്ഞു എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ ആണ് ഇവൾ; എനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ്; ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്; നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്; ചതിയുടെ രണ്ടാം ഭാഗം മറുനാടനോട് വെളിപ്പെടുത്തി സോമദാസിന്റെ ആദ്യ ഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ; ബിഗ് ബോസ് ഷോ തുറന്നു വിട്ട ഭൂതം പുതിയ തലത്തിലേക്ക്; സൂര്യയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ഷീനാ റഹ്മാൻ

ഇവൾ കള്ളമാണ് പറയുന്നത്; എന്റെ ജീവിതം കളഞ്ഞു എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ ആണ് ഇവൾ; എനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ്; ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്; നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്; ചതിയുടെ രണ്ടാം ഭാഗം മറുനാടനോട് വെളിപ്പെടുത്തി സോമദാസിന്റെ ആദ്യ ഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ; ബിഗ് ബോസ് ഷോ തുറന്നു വിട്ട ഭൂതം പുതിയ തലത്തിലേക്ക്; സൂര്യയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ഷീനാ റഹ്മാൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ബിഗ്ബോസിൽ മത്സരാർത്ഥിയായപ്പോൾ ഗായകൻ സോമദാസാണ് ആദ്യ വെടി പൊട്ടിച്ചത്. ജീവിതത്തെ പൊള്ളിച്ച അനുഭവങ്ങൾ പറയാൻ പറഞ്ഞപ്പോഴാണ് തന്റെ കുട്ടികളെ ആദ്യ ഭാര്യയിൽ നിന്ന് വിലകൊടുത്ത് വാങ്ങേണ്ട അനുഭവം സോമദാസ് വിവരിക്കുന്നത്. ഭാര്യയുമായി അകന്നപ്പോൾ സ്വന്തം മക്കളെ അഞ്ചര ലക്ഷം രൂപ കൊടുത്ത് ഭാര്യയിൽ നിന്നും വാങ്ങേണ്ടിവന്നുവെന്ന് സോമദാസ് പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സോമദാസിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വൻ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഇപ്പോഴിതാ സോമദാസിന്റെ ആദ്യ ഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യയും വെളിപ്പെടുത്തലുമായി എത്തുന്നു. മറുനാടൻ മലയാളിയോട് ഷീനാ റഹ്മാൻ വെളിപ്പെടുത്തുന്നത് കഥയിലെ മറ്റൊരു ഭാഗമാണ്.

ഞങ്ങളുടെ കുടുംബം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. ഫെയ്‌സ് ബുക്ക് വഴി ചാറ്റിങ് തുടങ്ങിയപ്പോഴാണ് പ്രശ്‌നമാകുന്നത്. മറുതലയ്ക്കൽ സോമദാസ് പ്രശ്‌നത്തിൽ ഇപ്പോൾ വിവാദം സൃഷ്ടിക്കുന്ന, സോമദാസിന്റെ ആദ്യഭാര്യയായ സൂര്യയായിരുന്നു. അവർ തമ്മിലുള്ള ചാറ്റിങ് പുരോഗമിച്ചപ്പോൾ ഇടിത്തീ വീണത് ഞങ്ങളുടെ കുടുംബത്തിലാണ്. ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്. കഴിഞ്ഞ ഡിസംബറിൽ സൂര്യയുമായുള്ള വിവാഹം കഴിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്. മതം മാറിയോ എന്നൊന്നും അറിയില്ല. ഫോട്ടോസ് എല്ലാം ഫെയ്‌സ് ബുക്കിൽ ഇട്ടിരുന്നു-അങ്ങനെ വിവാദത്തിന് പുതിയ തലം നൽകുകയാണ് ഷീന

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ബിഗ്ബോസിൽ പറഞ്ഞു എന്ന് കൊണ്ട് മാത്രം ഗായകന്റെ ജീവിതം ചൂടുള്ള വിഷയമായി സോഷ്യൽ മീഡിയയിൽ കത്തിനിന്നു. ഈ ചർച്ചകളുടെ പോക്ക് കണ്ടാണ് സോമദാസിന്റെ ആദ്യ ഭാര്യ സൂര്യ ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്ത് വന്നത്. ഒരു അമ്മയും സോമദാസ് പറഞ്ഞത് ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണെന്നും അഞ്ചര ലക്ഷം രൂപ തനിക്ക് നൽകി എന്നത് ശരിയാണെന്നും പക്ഷേ അത് കുട്ടികളുടെ വിലയായിട്ടല്ല വിവാഹമോചനം നടത്തിയപ്പോഴുള്ള നഷ്ടപരിഹാരം എന്ന നിലയ്ക്കാണെന്നാണ് സൂര്യ ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞത്.

ബിഗ് ബോസ് കാണുന്ന എൺപത് ശതമാനം ആളുകളും പുള്ളി പറയുന്നത് വിശ്വസിക്കുന്നു. എന്റെ കഥ മൊത്തം കേട്ടിട്ട് അദ്ദേഹം പറയുന്നതുപോലെ ഞാൻ സ്വാർഥയായ ആളാണോ എന്ന് നിങ്ങൾ പറയൂ. ഏതൊരമ്മയ്ക്ക് പറ്റും മക്കളെ കൊടുത്ത് കാശ് വാങ്ങിക്കാൻ? ആ പറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. സോമദാസിന്റെ വാക്കുകൾ പോലെ തന്നെ സൂര്യയുടെ ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. വിഷയം വികാരപരമായതിനാൽ ചർച്ചയ്ക്കും വൈകാരികമായ അലയൊലികളുണ്ടായി. സൂര്യയുടെ ഫെയ്‌സ് ബുക്ക് ലൈവിന്റെ കമന്റുകളുടെ കൂട്ടത്തിൽ ആരാലും അറിയപ്പെടാത്ത ഒരു കമന്റുകൂടി പ്രത്യക്ഷപ്പെട്ടിരുന്നു. ഷീന റഹ്മാൻ എന്ന മുസ്ലിം പെൺകുട്ടിയുടെ കമന്റ് ആയിരുന്നു അത്. സൂര്യയുടെ വാക്കുകൾക്കൊപ്പം ഷീനയുടെ വാക്കുകൾക്കും പ്രസക്തി വന്നു. 'ഇവൾ കള്ളമാണ് പറയുന്നത്. എന്റെ ജീവിതം കളഞ്ഞു എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ ആണ് ഇവൾ. എനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ്. നാല് വയസുകാരിയായ മോളെയും എന്നെയും കളഞ്ഞു ഇവൾ എന്റെ ഭർത്താവിനെ അടക്കിവെച്ചിരിക്കുകയാണ്-ഇതാണ് ഷീന റഹ്മാൻ കമന്റ് ആയി സൂര്യയുടെ ലൈവിന് കീഴെ പ്രത്യക്ഷപ്പെട്ടു കുറിച്ചത്.

സോമദാസുമായുള്ള ബന്ധം പിരിഞ്ഞ ശേഷം സൂര്യ വിവാഹം കഴിച്ച നൗഷാദിന്റെ ആദ്യ ഭാര്യയായിരുന്നു ഷീന. സൂര്യയുടെ വാക്കുകളെക്കാൾ മൂർച്ചയും വൈകാരികമായ കൊടുങ്കാറ്റും ഷീനയുടെ ഈ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. നാലര വയസുള്ള പെൺകുട്ടിയെയും ഷീനയെയും അനാഥമാക്കിയാണ് നൗഷാദ് സൂര്യയ്ക്ക് ഒപ്പം പോയത്. ബന്ധം പോലും വേർപ്പെടുത്തിയിട്ടില്ല. മുസ്ലിം സമൂഹത്തിൽ ഇപ്പോൾ വിവാദമായി നിലകൊള്ളുന്ന മുത്തലാഖ് പോലും നൗഷാദ് നടത്തിയിട്ടില്ല. ചെലവിനും കൊടുക്കുന്നില്ല. ചേച്ചിക്ക് ഭാഗം വെച്ച് നൽകിയ വീട്ടിൽ ഒരഭയാർഥിയായാണ് ഷീന കഴിയുന്നത്. ഉമ്മ ഉള്ളതുകൊണ്ടും കുടുംബവീട് എന്ന കൺസപ്റ്റ് ഉള്ളതുകൊണ്ടും ഇപ്പോൾ തത്ക്കാലം കഴിയാം. എന്ത് ചെയ്യണം എങ്ങിനെ മുന്നോട്ടു പോകണം എന്നൊന്നും എനിക്കറിയില്ല. തന്റെ നിസ്സഹായാവസ്ഥ വിരൽ ചൂണ്ടി ഷീന റഹ്മാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഫെയ്‌സ് ബുക്ക് ചാറ്റിനെ പഴിക്കുകയാണ് ഷീന. ഫെയ്‌സ് ബുക്ക് ചാറ്റ് വഴിയാണ് സൂര്യ നൗഷാദിന്റെ മനസിലെക്കും പിന്നെ ജീവിതത്തിലേക്കും കടന്നെത്തുന്നത്. സൂര്യയുടെ ഫെയ്‌സ് ബുക്ക് ചാറ്റ് തകർത്തത് തന്റെ ജീവിതമാണ്. പൊലീസും നിയമസംവിധാനങ്ങളുമൊക്കെ സുപ്രീംകോടതി വിധി മുന്നിൽ ഉള്ളതിനാൽ നിസ്സഹായാവസ്ഥയിലാണ് എന്നാണ് ഷീന പറയുന്നത്. ആർക്കും ആരോടും താമസിക്കാം എന്ന് സുപ്രീംകോടതി പറയുമ്പോൾ എന്നെപോലുള്ള നിസ്സഹായകൾ എന്ത് ചെയ്യും. ചെലവിനു പോലും പണം നൗഷാദ് നൽകുന്നില്ല. ഗൾഫിൽ നിന്ന് വന്നത് പോലും ഞാൻ അറിഞ്ഞില്ല. സുഹൃത്ത് പറഞ്ഞു മുഖത്തലയുള്ള നൗഷാദിന്റെ വീട്ടിൽ ചെന്നപ്പോൾ എന്റെയും മകളെയും നൗഷാദ് തല്ലിയിറക്കി. എന്റെ സഹോദരിക്കും സഹോദരനും നൗഷാദിന്റെ അടുത്ത് നിന്ന് ഇതേ ഗതിയുണ്ടായി. ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഈ വീട്ടിൽ നിന്ന് തല്ലിയിറക്കപ്പെട്ടു. ഇപ്പോൾ ഒരു ഗതിയുമില്ലാത്ത അവസ്ഥയാണ്. നിയമപരമായി ബന്ധം പോലും വേർപ്പെടുത്താതെ സൂര്യയ്ക്ക് ഒപ്പം താമസിക്കുന്ന നൗഷാദിനെക്കുറിച്ച് ഷീന പറയുന്നു.

ചുട്ടുപൊള്ളുന്ന സ്വന്തം ജീവിത കഥ ഷീന റഹ്മാൻ പറയുന്നു:

ഞങ്ങൾ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. എന്റെ വീട് വർക്കല നടയറയാണ്. ഞങ്ങൾ നാല് സഹോദരങ്ങളാണ്. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും. ഏറ്റവും ഇളയ കുട്ടിയാണ് ഞാൻ. ഉമ്മ നസീമ. ബാപ്പ മരിച്ചിട്ട് ഏഴുവർഷമായി. നൗഷാദിന്റെ വീട് കൊല്ലം മുഖത്തലയാണ്. എന്നെ ഒരു ഫംങ്ങ്ഷനിൽ വെച്ച് കണ്ടതാണ്. എന്റെ വീട്ടിലേക്ക് ഒരു ബ്രോക്കർ വഴി വന്നതാണ്. എന്റെ മാമ വഴിയാണ് ആലോചന വന്നത്. നൗഷാദ് ഗൾഫിൽ നിന്നും വന്നു നിൽക്കുകയായിരുന്നു. 2014 സെപ്റ്റംബറിലാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. നൗഷാദ് ഗൾഫിൽ നിന്നും മൂന്നു മാസത്തെ ലീവിൽ വന്നതാണ്. സൗദി ജിദ്ദയിലാണ് അന്ന് ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞു മൂന്നാം മാസം തിരികെ ഗൾഫിലേക്ക് പോയി. അന്ന് ഞാൻ ഒരു മാസം പ്രഗ്‌നന്റ് ആയിരുന്നു.

പിന്നെ ഒന്നര വര്ഷം കഴിഞ്ഞാണ് വന്നത്. അപ്പോഴേക്കും ഞാൻ ഒരു മകളുടെ അമ്മയായി മാറിയിരുന്നു. മകൾക്ക് ഒന്നര വയസ് ആയപ്പോഴാണ് പിന്നീട് വന്നത്. ഞങ്ങളുടെ കുടുംബം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. ഫെയ്‌സ് ബുക്ക് വഴി ചാറ്റിങ് തുടങ്ങിയപ്പോഴാണ് പ്രശ്‌നമാകുന്നത്. മറുതലയ്ക്കൽ സോമദാസ് പ്രശ്‌നത്തിൽ ഇപ്പോൾ വിവാദം സൃഷ്ടിക്കുന്ന, സോമദാസിന്റെ ആദ്യഭാര്യയായ സൂര്യയായിരുന്നു. അവർ തമ്മിലുള്ള ചാറ്റിങ് പുരോഗമിച്ചപ്പോൾ ഇടിത്തീ വീണത് ഞങ്ങളുടെ കുടുംബത്തിലാണ്. ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്. കഴിഞ്ഞ ഡിസംബറിൽ സൂര്യയുമായുള്ള വിവാഹം കഴിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്. മതം മാറിയോ എന്നൊന്നും അറിയില്ല. ഫോട്ടോസ് എല്ലാം ഫെയ്‌സ് ബുക്കിൽ ഇട്ടിരുന്നു.

2018 ഡിസംബറിൽ ജിദ്ദയിൽ നിന്ന് വന്നത് ഞാൻ അറിഞ്ഞില്ല. വരവ് രഹസ്യമായി വെച്ചു. നൗഷാദ് വീട്ടിൽ വന്ന കാര്യം എന്റെ ഫ്രെണ്ട് ആണ് വിളിച്ചു പറഞ്ഞത്. അങ്ങിനെയാണ് വരവ് ഞാൻ അറിയുന്നത്. രണ്ടു വർഷം കഴിഞ്ഞാണ് ഞാൻ കാണുന്നത്. ഞാനും മകളും സഹോദരിയും സഹോദരനും കൂടിയാണ് പോയത്. വീട്ടിൽ എത്തിയപ്പോൾ എന്നെയും മകളെയും വീട്ടിൽ നിന്ന് നൗഷാദ് അടിച്ചിറക്കി. നിന്റെയും മകൾക്കും ഒപ്പം എനിക്ക് ജീവിക്കാൻ കഴിയില്ല. എന്റെ സഹോദരി എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ കാരണമോന്നുമില്ല എനിക്ക് അവന്റെ കൂടെ ജീവിക്കേണ്ട എന്ന് പറഞ്ഞു. ഞങ്ങളെ എല്ലാവരെയും അടിക്കാനായി നൗഷാദ് വന്നു. വീട്ടിനകത്ത് കയറാൻ എനിക്ക് കഴിഞ്ഞില്ല. കസേരയെടുത്ത് എന്നെ അടിക്കാൻ വന്നു. നിന്നോടൊത്ത് എനിക്ക് ജീവിക്കേണ്ട എന്നും പറഞ്ഞു. പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഇവരുടെ ഫോട്ടോ ഫെയ്‌സ് ബുക്കിൽ കണ്ടു, താലി കെട്ടിയ ഫോട്ടോകൾ. 2018 ഡിസംബർ മുപ്പത്തിയൊന്നിനാണ് എനിക്ക് നൗഷാദ് നഷ്ടമായത്. അന്നാണ് സൂര്യയും നൗഷാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഞാൻ എല്ലായിടത്തും പരാതി നൽകി പൊലീസ് സ്റ്റെഷനിലും വനിതാ സെല്ലിലും കോടതിയിലുമൊക്കെ. എവിടെയും നൗഷാദ് ഹാജരായിട്ടില്ല.

പരാതി കൊടുത്തിട്ട് എന്ത് കാര്യം. ആർക്ക് ആരോടും ഒരുമിച്ച് കഴിയാമെന്നല്ലേ കോടതി പറഞ്ഞിരിക്കുന്നത്. അതിനാൽ ഈ കേസിൽ പൊലീസ് ഒക്കെ ബാക്കിലോട്ടാണ്. ഞങ്ങളുടെ വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല എന്നും പൊലീസിലും വനിതാ സെല്ലിലും ഒക്കെ പറഞ്ഞു. ബന്ധം വേർപ്പെടുത്താതെ വേറെ ഒരു സ്ത്രീയ്ക്ക് ഒപ്പം ജീവിക്കുന്നു എന്നാണ് പറഞ്ഞത്. അവർക്കൊക്കെ അവരുടെതായ ന്യായങ്ങൾ. സുപ്രീംകോടതി വിധി മുന്നിൽ നിൽക്കുകയല്ലേ. അതുകൊണ്ടായിരിക്കും. എനിക്ക് എവിടെ നിന്നും നീതി കിട്ടിയിട്ടുമില്ല. നിങ്ങൾ കോടതിയിൽ പോകൂ. ഞങ്ങൾക്ക് ഇതിനകത്ത് ഒന്നും ഇടപെടാൻ പറ്റത്തില്ലാ എന്നാണ് പറഞ്ഞത്. മൂന്നു മാസം മുൻപ് അക്കൗണ്ടിൽ പൈസ ഇട്ട് തന്നിരുന്നു. എപ്പോൾ പൈസയുമില്ല. 3500 രൂപ വച്ചാണ് രണ്ടു മൂന്നു മാസം തന്നിരുന്നത്. ഇപ്പോൾ പൈസയുമില്ല. നാലു മാസം മുൻപാണ് ഈ പൈസയും വന്നത്. എനിക്ക് വീടില്ല. നിൽക്കുന്ന വീട് കുടുംബവീടാണ്. ഭാഗം വയ്‌പ്പിൽ അത് ചേച്ചിക്ക് നൽകിയതാണ്. ഈ വീട്ടിലാണ് താമസിക്കുന്നത്. ഉമ്മ ഉള്ളതുകൊണ്ട് തത്ക്കാലം നിൽക്കാം. പിന്നീട് എന്ത് ചെയ്യും എന്ന കാര്യത്തിൽ ഒരു പിടിയുമില്ല. മകൾ നാസിയ ഒപ്പമുണ്ട്. ഇപ്പോൾ നാലര വയസാണ് അവൾക്ക്.

കുടുംബകോടതിയിൽ ഇപ്പോൾ കേസ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ കേസിൽ ഉമ്മയും വക്കീലും വന്നില്ല. മുൻപ് നൗഷാദിന്റെ ഉമ്മ ഹാജരായിരുന്നു. എനിക്കും മകൾക്കും ചെലവിനു നൽകണം എന്ന് പറഞ്ഞാണ് ഞാൻ കേസ് കൊടുത്തത്. കഴിഞ്ഞ ഏപ്രിലിലാണ് ഞാൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ കേസാണ് നടന്നുകൊണ്ടിരിക്കുന്നത്. കോടതി നൗഷാദിനോട് ഹാജരാകാൻ പറഞ്ഞെങ്കിലും ഹാജരായിട്ടില്ല. ഈ കേസിൽ വിധിയായിട്ടില്ല. എന്റെ സുഹൃത്ത് വഴി വാട്ട്‌സ് അപ്പ് ഗ്രൂപ്പിൽ സൂര്യയുമായി ബന്ധമുണ്ടായിരുന്നു. അപ്പോൾ ഞാൻ സൂര്യയ്ക്ക് ഒരു മെസേജ് നൽകി. നിനക്കും ഈ ഗതിയായിരിക്കും എന്നാണ് മെസ്സേജ് നൽകിയത്. സൂര്യ അപ്പോഴേക്കും ഇത് കണ്ടു എന്റെ നമ്പർ ബ്ലോക്ക് ചെയ്തു-ഷീന പറയുന്നു. ഈ വിവാദങ്ങൾ ഒന്നും സോമദാസ് അറിഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം സൂര്യയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വരുന്നത്.

സൂര്യയ്ക്ക് മറുപടിയായി സോമദാസിന്റെ കുടുംബത്തിന്റെ വിശദീകരണം മറുനാടൻ നൽകിയിരുന്നു. സോമദാസ്-സൂര്യ ദാമ്പത്യത്തിലെ രണ്ടു പെൺകുട്ടികളും സോമദാസിന്റെ കുടുംബത്തിൽ സുരക്ഷിതരാണെന്ന് കുടുംബം വ്യക്തമാക്കിയത്. വിവാഹമോചിതരായ ശേഷം സൂര്യ ഈ കുട്ടികളെ കാണാൻ ഒരിക്കൽ പോലും എത്തിയില്ലെന്നും കുടുംബം വ്യക്തമാക്കി. അതുകൊണ്ട് തന്നെ സൂര്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബം പ്രതികരിച്ചിരുന്നു. സൂര്യയുടെ ഫെയ്സ് ബുക്ക് ലൈവിലെ ആരോപണങ്ങൾക്ക് മറുപടിയായാണ് കുടുംബം രംഗത്ത് വന്നത്. ഈ ആരോപണത്തെ തുടർന്നാണ് ഷീന റഹ്മാനും രംഗത്ത് വന്നത്. രണ്ടു പേരും രണ്ടു കാര്യങ്ങളാണ് സംസാരിച്ചത്. കുടുംബം സോമദാസിന്റെ കുട്ടികളെ സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞു അടപടലം സൂര്യയെ തള്ളിപ്പറഞ്ഞപ്പോൾ ഷീന പറഞ്ഞത് സൂര്യ ഭർത്താവാക്കിയ നൗഷാദിന്റെ കഥകളാണ്. തന്നെയും നാലര വയസുള്ള കുട്ടിയേയും തെരുവിൽ എറിഞ്ഞാണ് നൗഷാദ് സൂര്യയെ കെട്ടിയത് എന്നാണ് ഷീന പറഞ്ഞത്. വീട്ടിൽ നിന്ന് തന്നെ തല്ലിയിറക്കിയ കഥയും ഷീന മറുനാടനു മുന്നിൽ വിവരിച്ചു.

സോമദാസിന്റെ കുടുംബം പറഞ്ഞ കഥ:

സോമദാസ്-സൂര്യ വിവാഹമോചിതരായത് മുതൽ രണ്ടു കുട്ടികളും ഞങ്ങളുടെ കൂടെയാണ്. സോമദാസ് തന്നെയാണ് കുട്ടികളെ നോക്കുന്നത്. മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ ആ തുക വാങ്ങിയത്. ചാത്തന്നൂരുള്ള വസ്തുവിൽ 18 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ സോമദാസ് നൽകിയത്. വിവാഹമോചിതരായ വേളയിൽ കുട്ടികളെ കാണാൻ വരാം എന്നാണ് കോടതി പറഞ്ഞത്. പക്ഷെ ഇതുവരെ സൂര്യ സ്വന്തം കുട്ടികളെ കാണാൻ വന്നിട്ടില്ല. ജീവിത കഥ പറയാൻ പറഞ്ഞപ്പോഴാണ് ഈ അനുഭവം പറയുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ആരാണ് ഭാര്യ എന്ന് പറഞ്ഞിരുന്നില്ല. പക്ഷെ അവർ വന്നു വീഡിയോ ഇട്ടു. പെണ്ണുപിടിയനാണ് സോമദാസ് എന്നൊക്കെയാണ് സൂര്യ പറയുന്നത്. ഒൻപത് വർഷത്തോളമായി സൂര്യ ഇവിടുന്നു പോയിട്ട്. പക്ഷെ സൂര്യ പറയുന്നതോ പെണ്ണുപിടി കുറയ്ക്കാൻ വേണ്ടിയാണ് പെൺകുട്ടികളെ ഇട്ടിട്ടു പോയത്. അവർ പറഞ്ഞത് അപ്പടി കള്ളക്കഥകളാണ്. ബൈക്കിനകത്ത് കയറണമെന്ന് കൊതി ആയിരുന്നു എന്നൊക്കെ പറഞ്ഞു. സോമദാസിന് ഒരു ബൈക്ക് ഉണ്ടായിരുന്നു. അവർ പോയത് ആ ബൈക്കിൽ തന്നെയാണ്.

പിന്നെ എങ്ങിനെ ബൈക്കിൽ പോകാൻ കൊതിയായിരുന്നു എന്നൊക്കെ സൂര്യ പറയുന്നത്? കുറെ സെന്റിമെന്റ്സ് ഒക്കെ സൂര്യ പറഞ്ഞു. സോമദാസ് ബിഗ് ബോസിൽ നിൽക്കുന്നതിനാൽ എല്ലാം വൈറൽ ആയി മാറി. ഇപ്പോൾ സോമദാസിന് ഒരു ബാഡ് ഇമേജ്. നാല് വയസായ സമയത്ത് സൂര്യ ഉപേക്ഷിച്ചു പോയ കുട്ടികൾക്ക് എപ്പോൾ പന്ത്രണ്ടു പതിമൂന്നു വയസായി. സോമദാസ് കുട്ടികളെ നോക്കുന്നുണ്ടല്ലോ? കളഞ്ഞിട്ടു പോയില്ലല്ലോ? കൊച്ചുങ്ങളുടെ ഭാവി ആലോചിട്ടു എങ്കിലും അവർ ഈ ലൈവ് ഇടരുതായിരുന്നു. പക്ഷെ അവർ ലൈവ് ഇട്ടു. സൂര്യ ഇപ്പോൾ വേറെ വിവാഹം കഴിച്ചിട്ടുണ്ട്. സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് എന്ന് തിരക്കി നോക്കിയാൽ നല്ലത്. സൂര്യയുടെ ഭർത്താവ് ഒരു മുസ്ലിം ആണെന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം. പക്ഷെ ചന്ദനം ഒക്കെ ഇട്ട രീതിയിലാണ് ഇവരുടെ ഫോട്ടോകൾ വന്നത്. പഴയ ഭാര്യയെ സൂര്യയുടെ ഭർത്താവ് തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് കൂടി അന്വേഷിക്ക്. പാവം പിടിച്ച ഒരു കൊച്ചാണ് സൂര്യയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ. അവർ ജീവിതം വഴിമുട്ടാതിരിക്കാൻ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോവുകയാണ്- കുടുംബം വിശദമാക്കുന്നു. ബിഗ് ബോസിൽ നിന്ന് എത്തിയ ശേഷവും സോമദാസ് തത്ക്കാലം നിശബ്ദനാണ്. കാര്യങ്ങൾ സോമദാസ് തന്നെ വിശദീകരിച്ചേക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP