Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പത്മനാഭന്റെ മണ്ണിൽ ആഗ്രഹിച്ചത് പള്ളി പണിയാൻ; പോത്തൻകോട്ടെ രജിസ്ട്രാർ ഓഫീസിലെ ആധാരവും സത്യത്തെ മൂടി വച്ചില്ല; ജില്ലാ കളക്ടർക്ക് പൂയം തിരുന്നാൾ പരാതി നൽകിയത് നിർണ്ണായകമായി; സർക്കാർ ഭൂമിയെന്ന് തിരിച്ചറിഞ്ഞ് സ്റ്റോപ്പ് മെമോ കൊടുത്തത് ഒക്ടോബർ 20ന്; പിന്നാലെ തിരുവല്ലത്തും ഷിബു തോമസിന്റെ വീട്ടിലും റെയ്ഡ്; ബിലീവേഴ്‌സ് ചർച്ചിന് വിനയായത് തിരുവിതാംകൂർ രാജകുടുംബമോ?

പത്മനാഭന്റെ മണ്ണിൽ ആഗ്രഹിച്ചത് പള്ളി പണിയാൻ; പോത്തൻകോട്ടെ രജിസ്ട്രാർ ഓഫീസിലെ ആധാരവും സത്യത്തെ മൂടി വച്ചില്ല; ജില്ലാ കളക്ടർക്ക് പൂയം തിരുന്നാൾ പരാതി നൽകിയത് നിർണ്ണായകമായി; സർക്കാർ ഭൂമിയെന്ന് തിരിച്ചറിഞ്ഞ് സ്റ്റോപ്പ് മെമോ കൊടുത്തത് ഒക്ടോബർ 20ന്; പിന്നാലെ തിരുവല്ലത്തും ഷിബു തോമസിന്റെ വീട്ടിലും റെയ്ഡ്; ബിലീവേഴ്‌സ് ചർച്ചിന് വിനയായത് തിരുവിതാംകൂർ രാജകുടുംബമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: ബിലീവേഴ്‌സ് ചർച്ചിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡോടെ ബിലീവേഴ്‌സ് ചർച്ചിന്റെ നില പരുങ്ങലിലാണ്. റെയിഡിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ഇഡിയും ആദായനികുതി വകുപ്പുമാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ബിലീവേഴ്‌സ് ചർച്ചിന്റെ ഭൂമി ഇടപാടുകളിലേക്കും കള്ളപ്പണത്തിലേക്കുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന്റെ പിന്നിൽ തിരുവിതാംകൂർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ബായി നൽകിയ പരാതിയും വലിയ പങ്കു വഹിച്ചതായി സൂചന. . റെയ്ഡ് നടക്കുന്നതിനു ദിസവങ്ങൾക്ക് മുൻപാണ് ബിലീവേഴ്‌സ് ചർച്ചിനെതിരെ പൂയം തിരുനാൾ ഗൗരി പാർവതി ബായി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. 

കൈമാറ്റം നിരോധിച്ച കവടിയാർ കൊട്ടാരത്തിന്റെ അധീനതയിലുള്ള വസ്തുവിൽ നിന്ന് രണ്ടര ഏക്കർ സ്ഥലം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട പരാതിയാണിത്. ഈ പരാതിയുമായി ബന്ധപ്പെട്ട് തന്നെയാണ് ബിലീവേഴ്‌സ് ചർച്ചിന്റെ കെ.പി.യോഹന്നാന്റെ ബിനാമിയെന്നു കരുതുന്ന ഷിബു തോമസിന്റെ തിരുവനന്തപുരത്തെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്. വിലപ്പെട്ട രേഖകൾ ഈ റെയ്ഡിൽ നിന്നും ആദായനികുതി വകുപ്പ് കണ്ടെടുത്തു എന്നാണ് സൂചനകൾ.

ബിലീവേഴ്‌സ് ചര്ച്ച് ആണ് ബിനാമി പേരിൽ സ്ഥലം സ്വന്തമാക്കിയത്. ചർച്ചിന് പള്ളി പണിയാൻ വേണ്ടി മോഹവില നൽകിയാണ് കൊട്ടാരവളപ്പിലെ സ്ഥലം സ്വന്തമാക്കിയത് സ്ഥലം വിൽപ്പന നടക്കുമ്പോൾ ഈ കാര്യം പൂയം തിരുനാൾ ഗൗരി പാർവതി ബായി അറിഞ്ഞില്ല എന്നാണ് സൂചനകൾ. സ്ഥലത്തിൽ സർക്കാർ പുറമ്പോക്ക് കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് കാണിച്ചാണ് പൂയം തിരുനാൾ ഗൗരി പാർവതി ബായി പരാതി നൽകിയത്. സർക്കാർ സ്ഥലം കൂടി ഉൾപ്പെട്ടതാണ് ഈ സ്ഥലം എന്ന പരാതിയിൽ പള്ളി പണിക്ക് ഇപ്പോൾ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്.

പൂയം തിരുനാളിന്റെ ഈ പരാതിക്ക് പിറകെയാണ് ബിലീവേഴ്‌സ് ചർച്ചിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയിഡ് നടക്കുന്നത് . . ഈ റെയിഡിനു ശേഷമാണ് ഇഡിയും ഈ കാര്യത്തിൽ അന്വേഷണം തുടങ്ങിയിരിക്കുന്നത്. എഫ്‌സിആർഎ ചട്ടപ്രകാരം കാശ് സ്വീകരിക്കാനുള്ള അനുമതി തന്നെ പണം ദുരുപയോഗത്തിന്റെ പേരിൽ റദ്ദ് ചെയ്യും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ബിലീവേഴ്സ് ചർച്ച് പണമിടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ വരുന്നത്. കഴിഞ്ഞ രണ്ടു ദിന റെയ്ഡിൽ കണക്കിൽപ്പെടാത്ത എട്ട് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഇഡിയും ആദായനികുതി വകുപ്പുമാണ് അവിഹിത ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്.

ബിനാമി പേരിലാണ് കവടിയാർ കൊട്ടാര വളപ്പിൽ രണ്ടര ഏക്കർ സ്ഥലം ബിലീവേഴ്‌സ് ചർച്ച് സ്ഥലം സ്വന്തമാക്കിയത്. കൊട്ടാരവളപ്പിന് തൊട്ടടുത്തുള്ള ശാസ്തമംഗലം സബ് രജിസ്ട്രാർ പരിധിയിലുള്ള വസ്തുവിന്റെ കൈമാറ്റം പോത്തൻകോട് സബ് രജിസ്ട്രാർ ഓഫീസിലാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വൻ അഴിമതി നടന്നെന്നു വാർത്തകൾ വന്നിരുന്നു. വാങ്ങിക്കുന്ന ആൾക്ക് പോത്തൻകോട് സ്ഥലം കൊടുക്കുന്നു എന്ന് കാണിച്ചാണ് പ്രമാണം പോത്തൻകോട് രജിസ്റ്റർ ചെയ്തത്. സ്ഥലമിടപാട് വിവാദമായപ്പോൾ സബ് രജിസ്ട്രാറെ മന്ത്രി സുധാകരന്റെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തിരുന്നു. പതിനൊന്നു കോടിയോളം രൂപയ്ക്ക് ആണ് രജിസ്റ്റർ ചെയ്തത് എങ്കിലും എൺപത് കോടിയോളം രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് ഇടപാട് നടന്ന 2016 ൽ തന്നെ ആരോപണം ഉയർന്നിരുന്നു.

കവടിയാർ കൊട്ടാരം നിലനിൽക്കുന്ന സ്ഥലത്തോടനുബന്ധിച്ചുള്ള രണ്ടര ഏക്കർ സ്ഥലം 80 കോടി രൂപയ്ക്കു വിൽക്കാനായിരുന്നു നീക്കം. ഡോ. കെ.പി.യോഹന്നാനിനു വേണ്ടി തിരുവല്ലയിലെ ലാസ്റ്റ് അവർ മിനിസ്ട്രി വൈദികനാണ് സ്ഥലം വാങ്ങാൻ തീരുമാനിച്ചിരുന്നതായി വാർത്ത വന്നത്. പേരൂർക്കട വില്ലേജിൽ രണ്ടാമട മുറിയിൽ കവടിയാർ ഇനത്തിൽ പെട്ട സർവേ നമ്പർ 2/5, 3 ഉൾപ്പെട്ട സ്ഥലമാണ് വിൽപന നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഈ രണ്ടു സർവേ നമ്പരുകളിലായി 2 ഏക്കർ 44 സെന്റ് സ്ഥലമാണ് ഉള്ളത്. കൊട്ടാരം കൈവശം വച്ചിരിക്കുന്ന സർവേ നമ്പർ 2/3, 5 ഉൾപ്പെടെ 75 ഏക്കറോളം സ്ഥലം സർക്കാരിന് കൈമാറണമെന്ന് ലാൻഡ് ബോർഡ് 30.04.1972 ൽ ഉത്തരവിട്ടിരുന്നു. എന്നാൽ മാറി വന്ന സർക്കാരുകളൊന്നും ഈ ഭൂമി ഏറ്റെടുക്കാൻ തയ്യാറായില്ല. എന്നാൽ 04.04.2005 ൽ കൊട്ടാരത്തിലെ ഒമ്പതംഗങ്ങൾ ഒപ്പിട്ട് ഭാഗാധാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കൊട്ടാരം നിലനിൽക്കുന്ന 16.48 ഏക്കർ സ്ഥലം നീക്കി ബാക്കിയുള്ള 21 ഏക്കർ 53 സെന്റ് സ്ഥലം യഥേഷ്ടം വിനിയോഗിക്കാമെന്ന് ഭാഗാധാരത്തിൽ പറയുന്നു. കൊട്ടാരം കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന സുപ്രീംകോടതി, ലാൻഡ് ബോർഡ് എന്നിവയുടെ ഉത്തരവുകൾ മറികടന്നാണ് ഭാഗാധാരം രജിസ്റ്റർ ചെയ്തതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി സ്വകാര്യവ്യക്തിക്ക് മറിച്ചു വിൽക്കാനുള്ള നീക്കം നടത്തുവെന്ന ആരോപണം ഉയർന്നത്. കൊട്ടാരം കൈവശം വച്ച് അനുഭവിച്ച സ്വത്ത് വൈദികനു വിൽക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

തിരുവിതാംകൂർ കൊട്ടാരം കൈവശം വച്ച് അനുഭവിച്ച എല്ലാ സ്വത്തുക്കളും തൃപ്പടിദാനമായി നൽകുന്നുവെന്ന് ട്രാവൻകൂർ സ്റ്റേറ്റ് മാനുവിൽ വ്യക്തമാക്കുന്നു. പിന്നീട് സ്വത്തുക്കൾ തിരികെ ലഭിക്കാൻ കോടതികൾ കയറിയെങ്കിലും കൊട്ടാരം കൈവശം വച്ച് അനുഭവിച്ച എല്ലാ സ്വത്തുക്കളും സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. പക്ഷെ നടപടികൾ വന്നില്ല. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ മകൻ പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയാണ് വസ്തു കൈമാറ്റം നടത്തിയത്.

2005 ലെ ഭാഗ ഉടമ്പടി പ്രകാരം പൂരുരുട്ടാതി തിരുനാളിനു ലഭിച്ചിട്ടുള്ള സ്ഥലമാണിത്. അദ്ദേഹത്തിന് ലഭിച്ച 2 ഏക്കർ 44 സെന്റ് സ്ഥലത്തിൽ നിന്നാണ് 90 സെന്റ് വിൽക്കുന്നത്. എന്നാൽ ഈ സ്ഥലം സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി ആണെന്ന് 30.04.1972 ലെ ഉത്തരവ് വ്യക്തമാക്കുന്നു. കൊട്ടാരവും പരിസരവുമടക്കം 75 ഏക്കർ സ്ഥലമാണുള്ളത്. തിരു-കൊച്ചി സംയോജന കാലത്തെ കവനന്റ് പ്രകാരമാണ് കൊട്ടാരവും സ്വത്തുക്കളും രാജകുടുംബം കൈവശം വച്ചിരുന്നത്. 1950ൽ ഭരണഘടന നിലവിൽ വന്നതോടെ കവനന്റ് ഇല്ലാതായി. 1971 ൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുകൊണ്ടുവന്ന 26ാം ഭേദഗതിയോടെ കൊട്ടാരം വക സ്വത്തുക്കൾ കൈവശം വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞു.

അതോടെ എല്ലാം സർക്കാരിന്റേതായി. അധികാര കൈമാറ്റസമയത്തെ രാജാവെന്ന നിലയ്ക്കും അവിവാഹിതനെന്ന നിലയ്ക്കും ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് അനുവദിച്ചു കൊടുത്ത 7.5 ഏക്കർ ഒഴികെയുള്ള സ്ഥലം സർക്കാരിന് കൈമാറാൻ 1972 ൽ ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. 1963 ലെ പരിഷ്‌കരണനിയമത്തിന്റെ സെക്ഷൻ 82 (1) പ്രകാരം 7.5 ഏക്കർ സ്ഥലം മാത്രമേ രാജകുടുംബത്തിന് കൈവശം വയ്ക്കാനാവൂ. ഭരണഘടനാഭേദഗതിക്കെതിരെ പല രാജകുടുംബങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, സ്വത്തുക്കളിൽ രാജകുടുംബങ്ങളുടെ എല്ലാ അവകാശങ്ങളും റദ്ദാക്കിക്കൊണ്ട് 1993 ൽ സുപ്രീംകോടതി വിധി വന്നു. വിധി വന്നിട്ടും സ്വത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഈ ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തുകയും ആ ഭൂമിയിൽ പള്ളി പണിയാനുള്ള നീക്കമാണ് ഇപ്പോൾ വിവാദത്തിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP