Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ജോസ് കെ മാണി പോയ ഒഴിവിൽ യുഡിഎഫിൽ കയറിപ്പറ്റാൻ ബിഡിജെഎസ് നീക്കം; രമേശിനും ഉമ്മൻ ചാണ്ടിക്കും അർധസമ്മതം; എൻഎസ്എസ് എതിരാകുമോ എന്ന ഭയം മാത്രം; ഒരു കാരണവശാലും അനുവദിക്കില്ലെന്ന സൂചന നൽകി മുല്ലപ്പള്ളിയും വേണുഗോപാലും; ചർച്ചപോലും വേണ്ടെന്ന് ലീഗ്; വെള്ളാപ്പള്ളിയുടെ സർക്കാർ വിരുദ്ധ പ്രസ്താവനകളുടെ ഉന്നം ഇങ്ങനെ

ജോസ് കെ മാണി പോയ ഒഴിവിൽ യുഡിഎഫിൽ കയറിപ്പറ്റാൻ ബിഡിജെഎസ് നീക്കം; രമേശിനും ഉമ്മൻ ചാണ്ടിക്കും അർധസമ്മതം; എൻഎസ്എസ് എതിരാകുമോ എന്ന ഭയം മാത്രം; ഒരു കാരണവശാലും അനുവദിക്കില്ലെന്ന സൂചന നൽകി മുല്ലപ്പള്ളിയും വേണുഗോപാലും; ചർച്ചപോലും വേണ്ടെന്ന് ലീഗ്; വെള്ളാപ്പള്ളിയുടെ സർക്കാർ വിരുദ്ധ പ്രസ്താവനകളുടെ ഉന്നം ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: ജോസ് കെ മാണി പക്ഷം എൽഡിഎഫിലേക്ക് ചേക്കേറിയപ്പോൾ യുഡിഎഫിൽ ഒഴിവു വന്ന സ്ഥാനം ലക്ഷ്യമിട്ട് ബിഡിജെഎസിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നടന്നുവെന്ന് സൂചന. എൻഡിഎ സഖ്യത്തിൽ നിന്നാൽ ഒരു എംപി പോലുമാകാൻ കഴിയില്ലെന്ന തിരിച്ചറിവും വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയുമാണ് വെള്ളാപ്പള്ളിയെയും മകനെയും മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് കോട്ടയായ ഏതെങ്കിലുമൊരു സീറ്റിൽ നിർത്തി തുഷാറിനെ വിജയിപ്പിച്ച് മന്ത്രിയാക്കാനുള്ള പദ്ധതിയാണ് ബിഡിജെഎസ് തയാറാക്കുന്നത്.

ബിഡിജെഎസ് യുഡിഎഫിലേക്ക് വരുന്നത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്യുന്നുണ്ട്. ജോസ് പക്ഷം പോയതോടെ മധ്യതിരുവിതാംകൂറിലുണ്ടായേക്കാവുന്ന വോട്ട് ചോർച്ച ബിഡിജെഎസ് സാന്നിധ്യത്തോടെ നികത്താൻ കഴിയുമെന്നാണ് ഇവർ കരുതുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ ബിഡിജെഎസ് ശക്തി തെളിയിക്കുമെന്ന് തന്നെ ഇവർ കരുതുന്നു. എന്നാൽ, കളങ്കിത വ്യക്തിത്വങ്ങളായ വെള്ളാപ്പള്ളിയെയും മകനെയും ഒരു കാരണവശാലും യുഡിഎഫിന്റെ ഭാഗമാക്കാൻ പറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കെസി വേണുഗോപാലും വി എം സുധീരനും ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. ബിഡിജെഎസിനെ അടുപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഇവരുടെ പക്ഷം. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു, കെപിസിസി സെക്രട്ടറി എഎ ഷുക്കൂർ എന്നിവരും ബിഡിജെഎസുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബിഡിജെഎസിനെ മുന്നണിയിൽ എടുത്താൻ എൻഎസ്എസ് എന്തു നിലപാടാകും സ്വീകരിക്കുക എന്നത് മാത്രമാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആശങ്ക. ബിഡിജെഎസ് വരുന്നതോടെ എൻഎസ്എസ് കടകം തിരിഞ്ഞാൽ യുഡിഎഫിന് അത് ദോഷം ചെയ്യും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് സഹായം കൊണ്ടു കൂടിയാണ് യുഡിഎഫിന് 19 സീറ്റും നേടാൻ കഴിഞ്ഞത്. ബിഡിജെഎസ് നീക്കം മണത്തറിഞ്ഞ് തടയിടാൻ ശ്രീനാരായണ സേവാസംഘവും രംഗത്തുണ്ട്.

പ്രഫ: എംകെ സാനുവിന്റെ നേതൃത്വത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ: എൻഡി പ്രേമചന്ദ്രൻ, സെക്രട്ടറി പിപി രാജൻ എന്നിവർ എറണാകുളം ഗസ്റ്റ്ഹൗസിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച് ചർച്ച നടത്തി. സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനാവശ്യമായനടപടികൾ കോൺഗ്രസ് സ്വീകരിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു.

വെള്ളാപ്പള്ളി നടേശൻ കൊടുത്ത ഇൻകംടാക്സ് റിട്ടേൺ പ്രകാരം സെറ്റിൽമെന്റ് കമ്മിഷന്റെ തീർപ്പനുസരിച്ച് 96ൽ 40 ലക്ഷം രൂപയുടെ ആസ്തി യാണുണ്ടായിരുന്നത്. പിന്നീട് നടേശൻ ശതകോടികളുടെ ഉടമയായി തീർന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 20 ന് എംകെ സാനു മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്മേൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്പനി നിയമമനുസരിച്ച് പ്രവർത്തിക്കേണ്ട എസ്എൻഡിപി യോഗം യഥാകാലം നിയമപരമായി റിട്ടേണുകൾ സമർപ്പിക്കാതിരുന്നതുനിമിത്തം 2017 ഏപ്രിൽ ഒന്നു മുതൽ വെള്ളാപ്പള്ളി നടേശന്റെ ജനറൽ സെക്രട്ടറി സ്ഥാനം സ്വമേധയാ നഷ്ടപ്പെട്ടിരിക്കുകയാണ്.

2022 ഏപ്രിൽ ഒന്നു വരെ വെള്ളാപ്പള്ളി നടേശൻ, ഡോ: എംഎൻ സോമൻ, തുഷാർവെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ് എന്നിവർ യോഗത്തിന്റെ ഏതെങ്കിലും സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനോ അധികാരത്തിലിരിക്കുന്നതിനോ യോഗ്യതയില്ല. ഇതു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 26 ന് എംകെ സാനു മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. വെള്ളാപ്പള്ളി അടക്കമുള്ളവർ അധികാരത്തിൽ തുടരുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണ്. ഈ വക കാര്യങ്ങളിൽ യുഡിഎഫിന്റെ സഹായം അഭ്യർത്ഥിച്ചു. ചർച്ചയിൽ പിടി തോമസ് എംഎൽഎയും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP