Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ പ്രീമിയമായ മൂന്ന് ലക്ഷം അടച്ചത് ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ നിന്ന്; ഒറ്റ തവണ പോളിസി എടുത്ത് അഞ്ച് മാസത്തിനുള്ളിൽ വയലിനിസ്റ്റിന്റെ ദുരൂഹ മരണം; പോളിസിക്ക് പിന്നിൽ വിഷ്ണു സോമസുന്ദരമെന്ന സ്വർണ്ണക്കടത്ത് പ്രതിയെന്ന് വ്യക്തമായതോടെ ഒപ്പിലും സംശയങ്ങൾ; തൽകാലം 80 ലക്ഷത്തിന്റെ ക്ലെയിം നോമിനിക്ക് നൽകില്ല; ഫയൽ പിടിച്ചു വച്ച് ഡിവിഷണൽ ഓഫീസ്; അന്വേഷണത്തിന് എൽഐസിയും; ബാലഭാസ്‌കറിന്റെ ഇൻഷുറൻസും നിയമ കുരുക്കുകളിലേക്ക്

ആദ്യ പ്രീമിയമായ മൂന്ന് ലക്ഷം അടച്ചത് ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ നിന്ന്; ഒറ്റ തവണ പോളിസി എടുത്ത് അഞ്ച് മാസത്തിനുള്ളിൽ വയലിനിസ്റ്റിന്റെ ദുരൂഹ മരണം; പോളിസിക്ക് പിന്നിൽ വിഷ്ണു സോമസുന്ദരമെന്ന സ്വർണ്ണക്കടത്ത് പ്രതിയെന്ന് വ്യക്തമായതോടെ ഒപ്പിലും സംശയങ്ങൾ; തൽകാലം 80 ലക്ഷത്തിന്റെ ക്ലെയിം നോമിനിക്ക് നൽകില്ല; ഫയൽ പിടിച്ചു വച്ച് ഡിവിഷണൽ ഓഫീസ്; അന്വേഷണത്തിന് എൽഐസിയും; ബാലഭാസ്‌കറിന്റെ ഇൻഷുറൻസും നിയമ കുരുക്കുകളിലേക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെ പേരിൽ വിഷ്ണു സോമസുന്ദരം എടുത്ത എൽഐസി പോളിസി തുക തത്ക്കാലം നോമിനിക്ക് ലഭിക്കില്ല. 80 ലക്ഷത്തിലേറെയുള്ള ഈ ക്ലൈം പാസായി കിടക്കുന്നുണ്ടെങ്കിലും തത്ക്കാലം നോമിനിക്ക് കൈമാറേണ്ട എന്നാണ് എൽഐസിയുടെ തീരുമാനം. ഈ പോളിസിയുമായി ബന്ധപ്പെട്ട് എൽ ഐ സി ഉന്നതതല അന്വേഷണം നടത്തും. പോളിസിയിലെ ഒപ്പ് ഉൾപ്പെടെ പരിശോധിക്കും. അവ്യക്തത കണ്ടാൽ പൊലീസിന് എൽഐസി പരാതിയും നൽകും.

ബാലഭാസ്‌ക്കറിന്റെ മരണത്തിനു മാസങ്ങൾക്ക് മുൻപ് മാത്രം എടുത്ത ഈ പോളിസിയും ബാലഭാസ്‌ക്കറിന്റെ മരണവും ദുരൂഹമായി തുടരുന്ന അവസ്ഥയിൽ പോളിസി തുക പിടിച്ചുവെയ്ക്കാനാണ് എൽഐസിയിൽ നിന്നും വരുന്ന തീരുമാനം. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്നു വരുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് എൽഐസി പരിഗണിക്കും. കുടുംബം ആരോപിക്കുന്ന ആരോപണങ്ങൾ എല്ലാം തള്ളി സാധാരണ അപകടമരണം എന്ന റിപ്പോർട്ട് ആണ് ക്രൈംബ്രാഞ്ച് കൈമാറുന്നതെങ്കിൽ പോളിസി തുക അവകാശിക്ക് കൈമാറും. അല്ലെങ്കിൽ തുക പിടിച്ചു വയ്ക്കും. ഇതാണ് എൽഐസിയിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനം. പോളിസിയിലെ ഒപ്പിൽ ചില സംശയങ്ങൾ ഇൻഷുറൻസ് പോളിയിസിലുണ്ട്. ഇതും പരിശോധിക്കും.

ബാലഭാസ്‌ക്കറിന്റെ മാനേജർ ആയിരുന്ന, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഇപ്പോൾ ഡിആർഐ തിരയുന്ന വിഷ്ണു സോമസുന്ദരമാണ് ഈ പോളിസി ബാലഭാസ്‌ക്കറിന്റെ പേരിൽ എടുത്തത്. ആദ്യ പ്രീമിയമായ മൂന്നു ലക്ഷത്തോളം രൂപ പോയിരിക്കുന്നത് പുനലൂർ എൽഐസിയിൽ ഡെവലപ്‌മെന്റ് ഓഫീസറുടെ ഒരു അക്കൗണ്ടിൽ നിന്നുമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ഡെവലപ്‌മെന്റ് ഓഫീസറെ പിന്നീട് എൽഐസി ഒഴിവാക്കുകയും ചെയ്തിരുന്നു. പോളിസിയുടെ പ്രീമിയം തുക ഡെവലപ്‌മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ നിന്നും പോകുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.പോളിസി എടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ ബാലു അപകടത്തിൽ മരിക്കുകയും ചെയ്തു. ഒരൊറ്റ പ്രീമിയം മാത്രമാണ് ഈ പോളിസിയിൽ അടച്ചിരിക്കുന്നതും. ഇങ്ങിനെ ഒട്ടു വളരെ കാര്യങ്ങൾ പരിഗണിച്ച് തന്നെയാണ് തത്ക്കാലം പോളിസി തുക കൈമാറേണ്ടതില്ല എന്ന തീരുമാനം എൽഐസിയിൽ നിന്നും വരുന്നതും. ബാലഭാസ്‌ക്കറിന്റെ പോളിസി തുകയുമായി ബന്ധപ്പെട്ട ഫയൽ തിരുവനന്തപുരം ഡിവിഷണൽ ഓഫീസിലാണെന്നും ഇതുവരെ വന്നിട്ടില്ലെന്നുമാണ് വിഷ്ണു സോമസുന്ദർ പോളിസി എടുത്ത പുനലൂർ എൽഐസി ശാഖാ അധികൃതർ മറുനാടന് നൽകിയ വിശദീകരണം.

പോളിസി തുകയ്ക്ക് നോമിനി അവകാശവാദം ഉന്നയിച്ചാലും തത്ക്കാലം തുക കൈമാറില്ല. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചശേഷം മാത്രം തുക കൈമാറിയാൽ മതിയെന്നാണ് എൽഐസിയിൽ നിന്നും വരുന്ന തീരുമാനം. അതായത് പോളിസിയെക്കുറിച്ച് സംശയങ്ങൾ ഉയർന്നതിനാൽ ക്രൈംബ്രാഞ്ച് നൽകുന്ന അന്വേഷണ റിപ്പോർട്ട് ഈ കാര്യത്തിൽ നിർണ്ണായകമാകും. ആ റിപ്പോർട്ട് വെരിഫൈ ചെയ്ത ശേഷം പ്രശ്‌നങ്ങൾ അവശേഷിക്കില്ലങ്കിൽ മാത്രമേ പോളിസി തുക അവകാശിക്ക് കൈമാറുകയുള്ളൂ. നാല്പത് ലക്ഷം രൂപയ്ക്ക് അപകട ഇൻഷൂറൻസ് ചേർത്തുക. വ്യക്തി അപകടത്തിൽ മരിച്ചാൽ 80 ലക്ഷത്തിലേറെ രൂപ സ്‌പോട്ടിൽ ലഭിക്കുക. പോളിസിയിൽ അംഗമായി മൂന്നു നാല് മാസത്തിനുള്ളിൽ ബാലു അപകടത്തിൽ മരിക്കുക, പോളിസിയിൽ ബാലഭാസ്‌ക്കറിനെ ചേർത്തത് അപകടമരണവുമായി ബന്ധപ്പെട്ടു സംശയ നിഴലിലുള്ള വിഷ്ണു സോമസുന്ദരവും. ഇതാണ് ബാലഭാസ്‌ക്കറിന്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ പോളിസിയും ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് തന്നെയുള്ള സംശയമാണ് ബാലഭാസ്‌ക്കറിന്റെ ഉറ്റബന്ധു പ്രിയ വേണുഗോപാൽ മറുനാടനോട് പങ്കു വയ്ക്കുന്നതും. ഈ പോളിസി ബാലഭാസ്‌ക്കർ ചേർന്ന കാര്യം ഭാര്യ ലക്ഷ്മിക്ക് തന്നെ അറിയുമോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് പ്രിയ പറയുന്നത്. കുടുംബം പോളിസികളെക്കുറിച്ച് പറഞ്ഞപ്പോൾ ഈ പോളിസിയുടെ സൂചനകളും ലക്ഷ്മി ബാലുവിന്റെ കുടുംബത്തിനു നൽകിയിരുന്നില്ല. പിന്നീടാണ് ഈ പോളിസിയുടെ വിവരങ്ങൾ വെളിയിൽ വരുന്നതും.

ക്രൈംബ്രാഞ്ചിന്റെ മുന്നിലും ഈ എൽഐസി പോളിസിയുടെ കാര്യം ബന്ധുക്കൾ പറഞ്ഞിരുന്നു. പക്ഷെ ഇതിലൊന്നും കാര്യമില്ല. ബാലുവിനോടുള്ള സോഫ്റ്റ്കോർണർ കാരണം വിഷ്ണു ചേർത്തതാണ് ബാലുവിനെ എന്ന പ്രതികരണമാണ് ക്രൈംബ്രാഞ്ചും ലഭ്യമാക്കിയത്. ഒപ്പിനെക്കുറിച്ചും സംശയങ്ങൾ നിരത്തിയപ്പോഴും ക്രൈംബ്രാഞ്ച് ലാഘവത്തോടെയാണ് കണ്ടതെന്നും പ്രിയ പറയുന്നു. ബാലുവിന്റെ മരണത്തിൽ സംശയമുണ്ടെന്നും അത് പ്രീ പ്ലാൻഡ് മർഡർ ആണെന്നും ബാലുവിന്റെ കുടുംബം സംശയങ്ങൾ ഉന്നയിച്ചപ്പോൾ ആ സംശയത്തിനു ആദ്യം ആരും അത്ര വിലകല്പിച്ചിരുന്നില്ല. പക്ഷെ സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ വിഷ്ണുവിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ ബന്ധുക്കൾ പങ്കുവെച്ച സംശയങ്ങൾ ആണ് പിന്നീട് മറനീക്കി പുറത്ത് വന്നത്. ബന്ധുക്കളുടെ സംശയങ്ങളിൽ പലതിനും കാമ്പുണ്ടെന്നും പിന്നീട് വെളിവായി. വിഷ്ണു സോമസുന്ദർ, പ്രകാശ് തമ്പി, പലക്കാടെ ആയുർവേദ ആശുപത്രി ഉടമകൾ എന്നിവരെയാണ് ബാലുവിന്റെ കുടുംബം ഈ അപകടവുമായി ബന്ധപ്പെട്ടു സംശയ നിഴലിൽ നിർത്തിയിരുന്നത്. ഈ പരാതിയിൽ പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം വന്നെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇപ്പോൾ ഈ അന്വേഷണ റിപ്പോർട്ട് തന്നെയാണ് പോളിസി കൈമാറാൻ എൽഐസിയും ഉറ്റുനോക്കുന്നത്.

വിഷ്ണു സോമസുന്ദരത്തിന്റെ കയ്യിലിരിപ്പുകൾ ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയിരുന്നത് ബാലഭാസ്‌ക്കറിന്റെ കുടുംബമായിരുന്നു. ഈ കാര്യത്തിൽ ബാലുവിന് നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചപ്പോൾ കടന്നു വന്നത് ബാലുവിന്റെ മരണവും. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്ന് കേരള സർവ്വകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ ഡിആർഐ റെയിഡിൽ പിടിച്ചത് വെളിയിൽ വരുമ്പോഴും ശരിയായി വരുന്നത് ബാലുവിന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾ തന്നെ. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ കുടുംബം വിരൽ ചൂണ്ടുന്നവരിൽ ഒരാളാണ് വിഷ്ണു സോമസുന്ദർ.

വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലായിരുന്നു. നാട്ടിലേക്കുള്ള ഈ യാത്രകളിലാണ് വിഷ്ണു സ്വർണം കടത്തിയത്. ബാലുവിന്റെ സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തതായ ആരോപണം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാൻസ് മാനേജർ ആയിരുന്നു ഇപ്പോൾ ഡിആർഐ അന്വേഷിക്കുന്ന വിഷ്ണു സോമസുന്ദർ. ഫിനാൻസ് മാനേജർ ആയിരിക്കുന്ന വേളയിൽ ബാലുവിന്റെ മുഴുവൻ പണവും അടിച്ചു മാറ്റിയ വില്ലനായിരുന്നു വിഷ്ണു. പ്രകാശ് തമ്പിയും വിഷ്ണുവും കൂടിയാണ് പണം അടിച്ചു മാറ്റിയതിൽ പ്രധാന പങ്കാളികളായത്. ഇവർക്ക് ബാലുവിന്റെ മരണത്തിൽ ഉള്ള പങ്ക് ദുരൂഹമായി തുടരുകയും ചെയ്യുന്നു.

രണ്ടു മാസമായി ബാലുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട്. ആ പരാതിയിൽ ഇതുവരെ നടപടി വന്നിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യ രീതിയിൽ ശരിയായ പാതയിൽ ആയിരുന്നു. പിന്നീട് അന്വേഷണം വഴിമാറി. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇതുവരെ കോടതിയിൽ നൽകിയിട്ടുമില്ല. പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണം കടത്ത് കേസിൽ പ്രതികളായതോടെയാണ് ബാലുവിന്റെ മരണത്തിലും ഇവർ സംശയ നിഴലിൽ അകപ്പെട്ടത്. എയർപോർട്ട് കേന്ദ്രീകരിച്ച് വിഷ്ണു സോമസുന്ദരവും കൂട്ടരും കടത്തിയത് 720 കിലോ സ്വർണ്ണമാണ് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തിയത്.

ആദ്യം വിഷ്ണു അറസ്റ്റിലായപ്പോൾ കൊഫേപോസെ ഈ കേസിൽ ചുമത്തിയിരുന്നില്ല. കൊഫേപോസെ ചുമത്തപ്പെട്ടപ്പോൾ പ്രകാശ് തമ്പിയും മറ്റും അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരുന്ന വിഷ്ണു മുങ്ങുകയായിരുന്നു. കൊച്ചി ഡിആർഐ ഓഫീസിൽ കഴിഞ്ഞ ജൂണിലാണ് വിഷ്ണു കീഴടങ്ങിയത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ക്രൈം ബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു.

തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനുശേഷം മടങ്ങുമ്പോൾ സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വെച്ച് മരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP