Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനന്തപുരി ആശുപത്രിയുമായി ബന്ധമുള്ള യുവ വനിതാ ഡോക്ടറെ പ്രകാശ് തമ്പി കണ്ടതിൽ ദുരൂഹത; വയലിനിസ്റ്റ് ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുമ്പോൾ ബാറിൽ അടിച്ചു പൊളി പാർട്ടി നടത്തിയതും ഉറ്റ സുഹൃത്തുക്കൾ; അപകടം നടന്ന സ്ഥലത്ത് തലേ ദിവസം പ്രകാശ് തമ്പി എത്തിയതിനും മൊബൈൽ രേഖകൾ തെളിവ്; ക്രൈംബ്രാഞ്ച് അന്വേഷണം ട്രാക്ക് തെറ്റിയത് സ്വർണ്ണക്കടത്ത് ചർച്ചയായപ്പോൾ; ബാലാഭാസ്‌കറിന്റെ മരണം സിബിഐയുടെ കോർട്ടിലേക്ക് എത്തുമ്പോൾ

അനന്തപുരി ആശുപത്രിയുമായി ബന്ധമുള്ള യുവ വനിതാ ഡോക്ടറെ പ്രകാശ് തമ്പി കണ്ടതിൽ ദുരൂഹത; വയലിനിസ്റ്റ് ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുമ്പോൾ ബാറിൽ അടിച്ചു പൊളി പാർട്ടി നടത്തിയതും ഉറ്റ സുഹൃത്തുക്കൾ; അപകടം നടന്ന സ്ഥലത്ത് തലേ ദിവസം പ്രകാശ് തമ്പി എത്തിയതിനും മൊബൈൽ രേഖകൾ തെളിവ്; ക്രൈംബ്രാഞ്ച് അന്വേഷണം ട്രാക്ക് തെറ്റിയത് സ്വർണ്ണക്കടത്ത് ചർച്ചയായപ്പോൾ; ബാലാഭാസ്‌കറിന്റെ മരണം സിബിഐയുടെ കോർട്ടിലേക്ക് എത്തുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണത്തിനു കാരണമായ വാഹനാപകടം ഒരു സാധാരണ വാഹനാപകടമോ അതോ നിശ്ചയിച്ചുറപ്പിച്ച് നടത്തിയതോ? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇനി വരുക സിബിഐയ്ക്ക് മുൻപാകെ. ഒട്ടനവധി സംശയങ്ങളും ആരോപണങ്ങളുമാണ് ദുരൂഹമായ ഈ വാഹനാപകടവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് മുൻപാകെ വരുന്നത്. അപകടവുമായി ബന്ധപ്പെട്ടുയർന്ന സംശയങ്ങൾ ദുരീകരിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കടത്ത് സംഘങ്ങളും ബാലഭാസ്‌ക്കറിന്റെ വാഹനാപകടവുമായി ബന്ധമുണ്ട് എന്ന് വന്നതോടെയാണ് ശരിയായ ട്രാക്കിൽ നീങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം ട്രാക്ക് തെറ്റിയോടിയത്. ഇത് മനസിലാക്കിയാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടു മുന്നോട്ടു വന്നത്.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുമില്ല. അന്വേഷണം അനന്തമായി നീങ്ങുമ്പോഴാണ് ഈ കേസ് സിബിഐയ്ക്ക് കൈമാറാൻ സർക്കാർ ഉത്തരവാകുന്നത്. എവിടെയും എത്താതെ നീങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടാണ് കേസ് സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ ട്രൂപ്പിലുള്ളവർക്ക് പങ്കുണ്ടോ? ഈ സംശയം ഇതുവരെ ദുരീകരിക്കപ്പെട്ടില്ല. എല്ലാം സംശയത്തിന്റെ പുകമറയിൽ നിൽക്കുകയും ചെയ്യുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കുമ്പോൾ പ്രതിക്കൂട്ടിലാകുക ഒരു പക്ഷെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാകും. ഒരു പ്രമുഖ സംഗീതജ്ഞന്റെ ദുരൂഹമരണം ഇത്രയും ലാഘവബുദ്ധ്യാ അന്വേഷിച്ചതിനു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ സിബിഐ പ്രതിക്കൂട്ടിലാക്കാൻ സാധ്യതകൾ ഏറെയാണ്.

ഒരു വർഷം അന്വേഷണം നടത്തിയിട്ടും അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഒട്ടനവധി സംശയങ്ങൾ മരണവുമായി ബന്ധപ്പെട്ടു ഉയർന്നിരിക്കെ ഇതൊന്നും ദുരീകരിക്കാതെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയാത്തതിനാലാണ് ക്രൈംബ്രാഞ്ച് സംഘം റിപ്പോർട്ട് വൈകിപ്പിച്ചത് എന്നാണ് സൂചനകൾ. പലതിനും ക്രൈംബ്രാഞ്ച് സംഘം ഉത്തരം കണ്ടത്തേണ്ടതുണ്ടായിരുന്നു. അതിനൊന്നും ഇവർ ഉത്തരവും കണ്ടെത്തിയില്ല. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇനി വരുക സിബിഐയ്ക്ക് മുൻപാകെയാണ്. അതിൽ പ്രധാനം സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിയുടെ സാന്നിധ്യമാണ്. പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ? ബന്ധമുണ്ടെങ്കിൽ അതുമായി ഉയർന്നുവന്ന ആരോപണങ്ങൾ എന്തൊക്കെയാണ്? പ്രകാശ് തമ്പി അടക്കമുള്ളവർ തലേ ദിവസം അപകട സ്ഥലത്ത് ഉണ്ടായിരുന്നു എന്ന രീതിയിൽ ഒരു ആരോപണം ഉയർന്നു വന്നിരുന്നു. ഇത് ശരിയാണെങ്കിൽ ഇവർ എന്തിനു അപകടത്തിനു തലേദിവസം അവിടെ പോയി? ഈ കാര്യം അന്വേഷിക്കേണ്ടതല്ലേ?

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറം താമരക്കുളത്ത് അപകടത്തിൽപ്പെട്ടത്. ഇവിടെ അപകടം നടക്കുമെന്ന് ഇവർ എങ്ങിനെ മനസിലാക്കി? അപകടം നടക്കുന്ന ഈ സ്ഥലത്ത് അവർ എന്തുകൊണ്ട് തലേന്ന് തന്നെ തങ്ങി. അപകട സമയത്തും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വാർത്തകൾ വന്നു. കലാഭവൻ സോബിനും ഇത് സംബന്ധിച്ച മൊഴി നൽകിയിരുന്നു. ഇവർ അപകട സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്ര കറക്റ്റായി ഇവർ എങ്ങിനെ അപകട സ്ഥലത്തെത്തി? ഈ കാര്യത്തിൽ അന്വേഷണം നടത്തിയാൽ, ഈ സംശയം ദുരീകരിച്ചാൽ തന്നെ ഇത് അപകടമോ അതോ പ്രീ പ്ലാൻഡ് മർഡറോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു നിഗമനത്തിൽ എത്താൻ കഴിയുമായിരുന്നു. ഇത് ക്രൈംബ്രാഞ്ച് അന്വേഷിച്ചോ എന്ന് ഇനിയും വ്യക്തമല്ല. അന്വേഷിച്ചെങ്കിൽ ഈ കാര്യം മനസിലാക്കി തുടർ അന്വേഷണത്തിനു അന്വേഷണ സംഘം തയ്യാറായതേയില്ല. മരണത്തിനു രണ്ടു മാസം മുൻപ് എന്തോ സംഭവിച്ചിട്ടുണ്ട്. വീട്ടുകാരുമായി അകന്നു നിന്നിരുന്ന ബാലു രണ്ടു മാസം മുൻപ് വീട്ടുകാരുമായി അടുത്തു. ഇതേ സമയം തന്നെയാണ് ബാലുവിന്റെ മരണവും നടക്കുന്നത്-ബാലഭാസ്‌ക്കറിന്റെ ഉറ്റ ബന്ധു പ്രിയ വേണുഗോപാൽ മറുനാടനോട് പ്രതികരിച്ചിരുന്നു.

സ്വർണം കടത്തുമായി ബന്ധപ്പെട്ട എന്തോ കാര്യങ്ങൾ ബാലു അറിഞ്ഞിട്ടുണ്ടാകണം എന്നാണ് ഞങ്ങൾ കരുതുന്നത്. ബാലു അസ്വസ്ഥനായിരുന്നു. വീടും ബന്ധുക്കളുമാണ് സുരക്ഷിതം എന്ന എന്തോ ചിന്ത ബാലുവിൽ വേരൂന്നിയിരുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. ബാലു വീട്ടുകാരുമായി അടുക്കരുത് എന്നുള്ള ആഗ്രഹം ആർക്കോക്കെയോ ഉണ്ടായിരുന്നു. സ്വർണം കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അത് ബാലു ആരുമായും പങ്കു വയ്ക്കരുത് എന്ന് ആരൊക്കെയോ ആഗ്രഹിച്ചിരുന്നു. ഇതിനിടയിൽ വന്നതായിക്കൂടെ ബാലുവിന്റെ മരണം? ഈ സംശയമാണ് ഞങ്ങൾ ഉന്നയിക്കുന്നത്-പ്രിയ ചോദ്യം ഉയർത്തുന്നു. മരണത്തിനു ആഴ്ചകൾക്ക് മുൻപ് ബാലുവിന്റെ പേരിൽ വിഷ്ണു സോമസുന്ദരം എടുത്ത ഇൻഷൂറൻസ് പോളിസി അതും സംശയ നിഴലിൽ തുടരുന്നു.

ഒരു കോടിക്കടുത്ത തുകയാണ് പാസായി ഇരിക്കുന്നത്. എന്തിനു വേണ്ടി ഈ ഇൻഷൂറൻ ചേർന്നു. ഒരേ ഒരു പോളിസി പ്രീമിയം മാത്രമാണ് ഇതിൽ അടച്ചത്. ആ തുക അടച്ചതോ പുനലൂർ എൽഐസി ബ്രാഞ്ചിലെ ഡെവലപ്‌മെന്റ് ഓഫീസറും. ഇങ്ങിനെ തുക അടയ്ക്കുന്നത് നിയമവിരുദ്ധമാണ്-സംശയങ്ങളുടെ ആഴം കൂട്ടി പ്രിയ പറയുന്നു. സ്വർണം കടത്ത് കേസുമായി ബന്ധപ്പെട്ടു ഡിആർഐ തിരയുന്ന വിഷ്ണു സോമസുന്ദരം ഇപ്പോൾ ഒളിവിലുമാണ്. മറുനാടൻ അന്വേഷിച്ചപ്പോൾ വിഷ്ണു സോമസുന്ദരം എവിടെയുണ്ടെന്ന കാര്യത്തിൽ ഒരു വിവരവുമില്ലെന്നും പ്രതിക്ക് വേണ്ടി അന്വേഷണം തുടരുന്നു എന്നാണു ഡിആർഐ അധികൃതർ അന്ന് മറുനാടനോട് പറഞ്ഞത്.

ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു സിബിഐയ്ക്ക് മുന്നിലേക്ക് വരുന്ന രണ്ടാമത്തെ കാര്യവും പ്രകാശ് തമ്പിയുമായി ബന്ധപ്പെട്ടിട്ടുള്ളത് തന്നെയാണ്.ബാലഭാസ്‌ക്കർ അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പോത്തൻകോട് ഒരു വീട്ടിൽ പ്രകാശ് തമ്പി സന്ദർശനം നടത്തിയിരുന്നു എന്നാണ് ലഭ്യമായ വിവരം. അനന്തപുരി ആശുപത്രിയുമായി സജീവബന്ധമുള്ള ഒരു യുവ വനിതാ ഡോക്ടറെ പ്രകാശ് തമ്പി സന്ദർശിച്ചു എന്നുള്ളതിനു സൂചനകളുണ്ട്. പ്രകാശ് തമ്പിയുടെ നടപടികൾ മുഴുവൻ ദുരൂഹമായി തുടരുകയാണ്. എന്തുകൊണ്ട് പോത്തൻകോടുള്ള വനിതാ ഡോക്ടറെ പ്രകാശ് തമ്പി സന്ദർശിച്ചു? അനന്തപുരി ആശുപത്രി ഐസിയുവിൽ ഈ ഡോക്ടർ വഴിയാണ് പ്രകാശ് തമ്പിയും കൂട്ടരും എന്ട്രി സംഘടിപ്പിച്ചത് എന്ന് ബാലഭാസ്‌ക്കറിന്റെ കുടുംബം ആരോപിച്ചിരുന്നു.

ഈ കാര്യത്തിൽ എന്ത് അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തിയത്. ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌കർ മരിക്കുന്നത്. ബാലഭാസ്‌കർ മരിക്കുന്നതിനു തൊട്ടു തലേന്ന്, ഒരു ബാറിൽ വൻ ആഘോഷം പ്രകാശ് തമ്പി സംഘടിപ്പിച്ചതായി ആരോപണം വന്നിരുന്നു. ഇത് സംബന്ധിച്ച് അന്ന് വാർത്തയും വന്നിരുന്നു. ബാലഭാസ്‌ക്കർ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുമ്പോൾ എന്തുകൊണ്ട് ഇത്തരമൊരു പാർട്ടി ബാലഭാസ്‌ക്കറിന്റെ മാനേജർ സ്ഥാനത്തുണ്ടായിരുന്ന പ്രകാശ് തമ്പി നടത്തി. ഈ കാര്യവും ഇനി സിബിഐയ്ക്ക് മുൻപിൽ വരും. ഈ കാര്യത്തിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നോ എന്നതിന് വ്യക്തതയില്ല. ഉണ്ടായിരുന്നെങ്കിൽ ഇതൊരു അപകടമരണം എന്ന രീതിയിലുള്ള സൂചനകൾ ക്രൈംബ്രാഞ്ച് സംഘം പുറത്ത് വിടില്ലായിരുന്നു.

ബാലഭാസ്‌ക്കറിന്റെ വാഹനാപകടം നടക്കുമ്പോൾ സംശയാസ്പദമായ ചില കാര്യങ്ങൾ അവിടെ നടന്നിരുന്നു എന്നാണ് കലാഭവൻ സോബിൻ സോബിൻ മൊഴി നൽകിയത്. അപകട സ്ഥലത്ത് കണ്ട ആളുകൾ തലേന്ന് തന്നെ ഈ പരിസരത്തുണ്ട് എന്ന ആരോപണങ്ങൾ സോബിന്റെ മൊഴി വന്ന ഘട്ടത്തിൽ തന്നെ പ്രചരിച്ചിരുന്നു. അപകടം നടന്ന കഴക്കൂട്ടം പള്ളിപ്പുറത്ത് അപകടത്തിനു തലേദിവസം തന്നെ പ്രകാശ് തമ്പിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് സൂചനകൾ വന്നിരുന്നത്. അപകടം നടന്ന സമയത്തും അതിനു തലേദിവസവും പ്രകാശ് തമ്പി അപകട സ്ഥലത്ത് ഉണ്ടായിരുന്നോ? പ്രകാശ് തമ്പിയുടെ മൊബൈൽ റേഞ്ച് ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നോ? ഇതൊന്നും ഇപ്പോഴും വെളിയിൽ വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കലാഭവൻ സോബിന്റെ മൊഴിയുമുണ്ട്. ഒരു അപകടസ്ഥലത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സംശയാസ്പദമായ കാര്യങ്ങൾ അപകട സ്ഥലത്ത് കണ്ടു എന്നാണ് സോബിൻ മൊഴി നൽകിയത്. ഒരാൾ സ്റ്റാർട്ടാക്കി നിർത്തിയ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നു. അപകടം കണ്ടു വാഹനം നിർത്തിയപ്പോൾ വാഹനം നിർത്താതെ വേഗം പോകാൻ ഒരാൾ കൈ ചൂണ്ടി ആക്രോശിക്കുന്നു. സംശയാസ്പദമായ രീതിയിൽ ചിലർ അപകട സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇതെല്ലാമാണ് സോബിൻ മൊഴി നൽകിയത്. സോബിൻ പറഞ്ഞത് ചവറ്റുകുട്ടയിൽ തള്ളുകയാണ് ക്രൈംബ്രാഞ്ച് ചെയ്തത്. ഇത് സോബിനും ബാലഭാസ്‌ക്കറിന്റെ കുടുംബവും ശരിവെച്ചിരുന്നു.

ക്രൈംബ്രാഞ്ച് ലാഘവത്തോടെയാണ് താൻ പറയുന്നത് കേട്ടത് എന്നാണ് സോബിൻ പറഞ്ഞത്. സോബിന്റെ സംശയങ്ങൾ ശരിയാണോ? സംശയാസ്പദമായ രീതിയിൽ അപകട സ്ഥലത്ത് കാര്യങ്ങൾ നടന്നോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചതേയില്ല. അന്വേഷിച്ചേങ്കിൽ തന്നെ ഈ കാര്യങ്ങൾ വെളിയിൽ വരരുത് എന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നോ? അപകടം നടന്ന സമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിലർ അപകട സമയത്ത് ഉണ്ടായിരുന്നുവെങ്കിൽ തലേ ദിവസം ഇവർ ഈ സ്‌പോട്ടിൽ തന്നെ കാണും എന്ന രീതിയിൽ പ്രാഥമികമായി നടത്തുന്ന അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് നടത്തിയില്ല? കുടുംബം മുന്നോട്ടു വെച്ച സംശയങ്ങളിൽ ഒരു പ്രധാന സംശയം ഇതായിരുന്നു. അന്ന് അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടെന്നു സോബിൻ പറഞ്ഞവർ ആരൊക്കെ എന്ന് ക്രൈംബ്രാഞ്ച് സംഘത്തിനു അറിയാം. അവരുടെ മൊബൈൽ ലൊക്കേഷൻ നോക്കി തലേദിവസം അവർ എവിടെയുണ്ട് എന്ന് ക്രൈംബ്രാഞ്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല.

ഒട്ടനവധി ദുരൂഹമായ കാരണങ്ങൾ മുന്നിൽ നിൽക്കെ ഒരു സാധാരണ വാഹനാപകടം എന്ന രീതിയിൽ മുൻവിധിയോടെയാണ് ക്രൈംബ്രാഞ്ച് അപകടമരണം അന്വേഷിച്ചത്. വാഹനാപകടത്തിനു സാധ്യതകൾ ഏറെയാണ്. അതിലും ശക്തമായ ദുരൂഹമായ കാര്യങ്ങൾ നിലനിൽക്കെയാണ് അതെല്ലാം ഒഴിവാക്കി ഒരു പ്രഹസനം എന്ന രീതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടു നീക്കിയത്. ആദ്യത്തെ അന്വേഷണ സംഘം മാറി നിലവിലെ അന്വേഷണ ഉദ്യോഗസ്ഥർ വന്നതോടെയാണ് അന്വേഷണം പ്രഹസനമായി മാറിയത്. അന്വേഷണം പ്രഹസനമായി മാറുന്നുവെന്ന് ആദ്യം മനസിലാക്കിയത് ബാലഭാസ്‌ക്കറിന്റെ കുടുംബമാണ്. തങ്ങളുടെ എല്ലാ സംശയങ്ങളും ഇവർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും കാര്യമാത്രമായ ഒരു പ്രാധാന്യവും ഇവർ കുടുംബത്തിന്റെ സംശയങ്ങൾക്ക് നൽകിയില്ല.

ഇതോടെയാണ് കുടുംബം സിബിഐ അന്വേഷണ ആവശ്യവുമായി രംഗത്തിറങ്ങിയത്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും സിബിഐ അന്വേഷണത്തിൽ ഉത്തരമാകും എന്നാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്. മലയാള സംഗീതലോകത്തേയും ഈ മരണം അസ്വസ്ഥമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിൽ എന്തൊക്കെ വെളിപ്പെടും എന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP