Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിരാവിലെ 3.40 നു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടു എന്ന് മൊഴി; ഷെഡ്യൂൾ പ്രകാരം അവിടെ എത്തേണ്ടത് നാലു പത്തിനും; സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയുമായി അപകട സമയത്ത് പള്ളിപ്പുറത്ത് എത്തിയെന്ന മൊഴിയിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; യുഎഇ സർക്കാരിലെ ഡ്രൈവിങ് ജോലി കൂടിയായപ്പോൾ സംശയങ്ങൾ പുതിയ തലത്തിൽ; ബാലഭാസ്‌കറിന്റെ ഡ്രൈവിങ് സീറ്റിലെ ദൃക്‌സാക്ഷി മൊഴി ദുരൂഹം; വയലിനിസ്റ്റിന്റെ മരണത്തിലും കോൺസുലേറ്റ് ചതിയുടെ സംശയം; ഡ്രൈവർ അജിയും വില്ലന്മാരുടെ പട്ടികയിലേക്ക്

അതിരാവിലെ 3.40 നു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടു എന്ന് മൊഴി; ഷെഡ്യൂൾ പ്രകാരം അവിടെ എത്തേണ്ടത് നാലു പത്തിനും; സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയുമായി അപകട സമയത്ത് പള്ളിപ്പുറത്ത് എത്തിയെന്ന മൊഴിയിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; യുഎഇ സർക്കാരിലെ ഡ്രൈവിങ് ജോലി കൂടിയായപ്പോൾ സംശയങ്ങൾ പുതിയ തലത്തിൽ; ബാലഭാസ്‌കറിന്റെ ഡ്രൈവിങ് സീറ്റിലെ ദൃക്‌സാക്ഷി മൊഴി ദുരൂഹം; വയലിനിസ്റ്റിന്റെ മരണത്തിലും കോൺസുലേറ്റ് ചതിയുടെ സംശയം; ഡ്രൈവർ അജിയും വില്ലന്മാരുടെ പട്ടികയിലേക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ വാഹനാപകടക്കേസിൽ തെറ്റായ മൊഴി നൽകിയ മുൻ കെഎസ്ആർടിസി എംപാനൽ ഡ്രൈവർ ഇപ്പോഴും ഉറച്ച് നിൽക്കുന്നത് താൻ നൽകിയ കള്ളമൊഴിയിൽ തന്നെ. ചാനലിൽ പ്രത്യക്ഷപ്പെട്ടു അജി ഇപ്പോഴും നൽകുന്നത് വാഹനാപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌ക്കർ ആണെന്ന തെറ്റായ മൊഴിയിലാണ്. ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിനു കാരണമായ വാഹനാപകട സമയത്ത് ബാലുവാണ് കാർ ഓടിച്ചത് എന്ന മൊഴിയാണ് അജി നൽകിയത്. അപകടസമയത്ത് ബാലുവിന്റെ കാറിനു തൊട്ടു പിന്നിലുണ്ടായ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ എന്ന നിലയിലാണ് അജി മൊഴി നൽകിയത്.

എന്തുകൊണ്ട് കള്ളമൊഴി നൽകി എന്ന ചോദ്യം സിബിഐ അജിക്ക് മുന്നിൽ ഉയർത്താനിരിക്കെയാണ് തന്റെ പഴയ മൊഴിയിൽ അജി ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. അപകട സമയത്ത് മറുനാടൻ അജിയെ വിളിച്ച് ആരാണ് കാർ ഓടിച്ചത് എന്ന് ചോദിച്ചപ്പോൾ ബാലഭാസ്‌കർ ആണെന്നാണ് അജി പ്രതികരിച്ചത്. എങ്ങനെ മനസിലായി ബാലുവാണ് കാർ ഓടിച്ചത് എന്ന് ചോദിച്ചപ്പോൾ ബർമുഡയിട്ടയാളെയാണ് ഡ്രൈവിങ് സീറ്റിൽ നിന്നും താൻ പുറത്തേക്ക് എടുത്തത് എന്നാണ് പറഞ്ഞത്. ബർമുഡയിട്ടത് ഡ്രൈവർ അർജുനൻ ആണല്ലോ എന്ന് പറഞ്ഞപ്പോൾ കാർ ഓടിച്ചത് ബാലു തന്നെയാണ് എന്നാണ് അജി പറഞ്ഞത്. അജിയുടെ മൊഴി തെറ്റായിരുന്നു എന്ന് ക്രൈംബ്രാഞ്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തുകയും സാക്ഷികളുടെ പട്ടികയിൽ നിന്നും അജിയെ നീക്കം ചെയ്യുകയും ചെയ്തു.

കെഎസ്ആർടിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തിലാണ് അന്ന് എംപാനൽ ഡ്രൈവർ ആയിരുന്ന അജി കള്ളമൊഴി നൽകിയത്. സ്വർണ്ണക്കടത്തുകാർക്ക് ഒത്താശ ചെയ്യാൻ വേണ്ടിയാണ് കള്ളമൊഴി അജി നൽകിയത് എന്ന ആരോപണമാണ് പിന്നീട് ഉയർന്നത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് വിവാദമായി നിൽക്കുമ്പോൾ ഇതേ അജിക്ക് യുഎഇ കോൺസുലേറ്റ് വഴി യുഎഇയിൽ ഡ്രൈവറായി സർക്കാർ ജോലി കിട്ടിയ കാര്യവും ഇപ്പോൾ വെളിയിൽ വരുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നയാണ് അജിയുടെ ജോലിക്ക് പിന്നിൽ എന്ന വാർത്തയാണ് ഇപ്പോൾ വന്നത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലെറ്റ് വഴി നടന്ന റിക്രൂട്ടിലാണ് അജിക്ക് യുഎഇ സർക്കാരിൽ ജോലി കിട്ടിയത് എന്നാണ് ഇപ്പോഴത്തെ വാർത്ത. എന്നാൽ കൊച്ചിയിലെ റിക്രൂട്ടിങ് കമ്പനിവഴിയാണ് ജോലി ലഭിച്ചത് എന്നാണ് അജിയുടെ പ്രതികരണം. പക്ഷെ ജോലി യുഎഇ സർക്കാരിൽ തന്നെ എന്നത് അജി നിഷേധിച്ചിട്ടുമില്ല.

അപകട സമയത്ത് ബാലു കാർ ഓടിച്ചു അജിയുടെ മൊഴി കളവാണ് എന്നാണ് അന്നുമുതൽ ബാലഭാസ്‌ക്കറിന്റെ കുടുംബം ആരോപിക്കുന്നത്. ബാലുവിന്റെ ഭാര്യ ലക്ഷ്മി വരെ കാർ ഓടിച്ചത് അർജുൻ ആയിരുന്നെന്നു പൊലീസിനു മൊഴി നല്കിയിരിക്കവേയാണ് അന്ന് തെറ്റായ മൊഴി അജി നൽകിയത്. അജിയുടെ മൊഴി തെറ്റാണു എന്ന് തെളിയിക്കാൻ കെഎസ്ആർടിസിയിൽ ബാലുവിന്റെ കുടുംബം വിവരാവകാശം നൽകിയിരുന്നു. അപകട സമയത്ത് ബസ് ഓടിച്ചത് ആരായിരുന്നു. കണ്ടകടർ ആരായിരുന്നു. എത്ര പേർ ബസിൽ ഉണ്ടായിരുന്നു. അപകടം അജി റിപ്പോർട്ട് ചെയ്തിരുന്നോ? കഴക്കൂട്ടം ബസ് എത്ര മണിക്കാണ് എത്തിയത്. അവിടെ റിപ്പോർട്ട് ചെയ്തിരുന്നോ? ഇതിൽ ആറ്റിങ്ങലിൽ അജി പുറപ്പെട്ടു എന്ന് പറയുന്നത് 3.45 നാണ്. ഇതിൽ ക്ലാരിറ്റിയില്ല എന്നാണ് കെഎസ്ആർടിസി പറഞ്ഞത്. ഈ സമയം അവിടെ രേഖപ്പെടുത്തിയിട്ടില്ല. ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ കയറിയിട്ടില്ല.

അതിനാൽ ആറ്റിങ്ങലിൽ എത്ര മണിക്ക് എത്തി എന്ന് പറയാൻ കഴിയില്ല എന്നാണ് കെഎസ്ആർടിസി പറഞ്ഞത്. ബസ് ഓടിച്ചത് അജി തന്നെയായിരുന്നു എന്നും അജി അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും കെഎസ്ആർടിസി വിവരാവകാശത്തിൽ വ്യക്തമാക്കിയിരുന്നു. അജിയുടെ മൊഴി കളവാണ് എന്ന് മനസിലാക്കിയാണ് ഇവർ വിവരാവകാശം തേടിയത്. ടീ ഷർട്ടും ബർമുഡയുമിട്ട് കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നെന്നു ബാലഭാസ്‌ക്കറിന്റെ കുടുംബത്തിനു അറിയാമായിരുന്നു. അതിനാലാണ് കുടുംബം വിവരാവകാശം നൽകിയത്. അന്ന് കെഎസ്ആർടിസി അജിയോടു വിശദീകരണം ചോദിച്ചിരുന്നു. അപകടം നടന്ന സമയവും അജി രക്ഷാപ്രവർത്തനം നടത്തിയ സമയവും തമ്മിൽ പൊരുത്തക്കേടുകൾ നിലനിന്നതിനാലാണ് നിജസ്ഥിതി അറിയാൻ വിവരാവകാശം നൽകിയത്. ആറ്റിങ്ങലിൽ ഈ കെഎസ്ആർടിസി ബസ് കയറിയിട്ടില്ല. എന്നാൽ കയറി എന്നാണ് അജി മൊഴി നൽകിയത്.

ഇതിൽ തന്നെ പൊരുത്തക്കേടുകൾ ദൃശ്യമാണ്. അപകട ദിവസം അതിരാവിലെ 3.40 നു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടു എന്നാണ് അജി പറഞ്ഞത്. ബസിന്റെ ഷെഡ്യൂൾ പ്രകാരം നാലു പത്തിനാണ് ആറ്റിങ്ങലിൽ ഈ ബസ് എത്തേണ്ടത്. ക്രൈംബ്രാഞ്ച് കണ്ടെത്തൽ പ്രകാരം കഴക്കൂട്ടത്തിന്നടുത്ത് പള്ളിപ്പുറത്ത് രാവിലെ മൂന്നേ മുക്കാലോടെയോ അതിനു മുൻപോ ആണ് അപകടം നടന്നത്. ഇനി അജി പറയുന്ന സമയത്തിനു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടാൽ തന്നെ ഈ സമയത്ത് പള്ളിപ്പുറത്ത് എത്താനും കഴിയില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയാണ് അജി ഓടിച്ചത്. അറുപത് കിലോമീറ്ററിന് മുകളിൽ കെഎസ്ആർടിസിക്ക് ഓടാനും കഴിയില്ല. ഈ സമയത്ത് അജി ഓടിച്ച കെഎസ്ആർടിസി ബസ് അവിടെ എത്താൻ ഒരു സാധ്യതയും ഇല്ലെന്നാണ് കുടുംബം പറഞ്ഞത്.

ബാലഭാസ്‌ക്കറിന്റെ വാഹനാപകടക്കേസിൽ തെറ്റായ മൊഴി നൽകിയ സി.അജി ഇപ്പോഴും നാട്ടിലുണ്ട്. യുഎഇ സർക്കാരിന്റെ കീഴിലുള്ള ഡ്രൈവർ ജോലി തുടരവേ കോവിഡ് ആയതിനാൽ തിരികെ പോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് അജി ഇപ്പോൾ ന്യൂസ് ചാനലിനു മുന്നിൽ വെളിപ്പെടുത്തൽ നടത്തിരിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ മരണത്തിനു കാരണമായ വാഹനാപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കർ ആയിരുന്നുവെന്ന തെറ്റായ മൊഴിയാണ് പൊലീസിന് മുന്നിൽ അജി നൽകിയത്. ഇതേ മൊഴിയിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തി എന്ന് അവകാശപ്പെട്ടാണ് തെറ്റായ മൊഴി അജി നൽകിയത്.

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി കാർ ഓടിച്ചത് അർജുൻ ആണെന്ന് പൊലീസിനു മൊഴി നൽകിയ വേളയിൽ തന്നെയാണ് ഇത് നിഷേധിച്ച് കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്ന തെറ്റായ മൊഴി അജി നൽകിയത്. ബാലഭാസ്‌ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും താനാണ് കാർ ഓടിച്ചത് എന്നാണ് ബാലുവിന്റെ ബന്ധുക്കളുടെ മുന്നിൽ ആദ്യം പറഞ്ഞിരുന്നത്. ഡ്രൈവർ അജിയുടെ മൊഴി വന്നതിനെ തുടർന്നാണ് അർജുനും കാർ കാടിച്ചത് ബാലുവായിരുന്നുവെന്ന് പറഞ്ഞു പിന്നീട് മൊഴികൾ തിരുത്തിയത്. സാധാരണ ഗതിയിൽ വാഹനാപകട സമയത്ത് കെഎസ്ആർടിസിയുടെ ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മൊഴി വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്ന പൊലീസിന്റെ രീതി തിരുത്തിയാണ് അജിയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാതെ കേസിൽ ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും മുന്നോട്ടു പോയത്.

ഇനി ഈ കേസിലെ തീർപ്പ് വരുന്നത് സിബിഐ അന്വേഷണത്തിലൂടെയാണ്. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടവർക്ക് നെഞ്ചിടിക്കുമ്പോൾ തന്നെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെയും നെഞ്ചിടിപ്പ് ഉയരുകയാണ്. കേസിൽ ഒട്ടുവളരെ പ്രധാന വസ്തുതകൾ ക്രൈംബ്രാഞ്ച് എന്തുകൊണ്ട് തള്ളിക്കളഞ്ഞു എന്ന് സിബിഐയ്ക്ക് മുൻപിൽ ക്രൈംബ്രാഞ്ചിനു വിശദമാക്കേണ്ടി വരും. കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ച് എന്നൊക്കെയുള്ള സൂചനകൾ സിബിഐയിൽ നിന്ന് വന്നാൽ ഇത് എക്കാലത്തെയും ഈ അന്വേഷണ ഏജൻസിയുടെ ഉറക്കം കെടുത്താൻ പര്യാപ്തവുമാണ്. എന്തുകൊണ്ട് കലാഭവൻ സോബിന്റെ മൊഴികൾ തള്ളിക്കളഞ്ഞു എന്ന് ചോദിച്ചാൽ ഇതിനെങ്കിലും ക്രൈംബ്രാഞ്ച് സംഘത്തിനു ഉത്തരം നൽകേണ്ടി വന്നേക്കും.

സ്വർണ്ണക്കടത്ത് സംഘത്തിനു ബാലുവിന്റെ മരണവുമായി ബന്ധമുണ്ടെന്ന കാര്യം ഊട്ടിയുറപ്പിക്കുന്ന മൊഴികൾ വന്നത് കലാഭവൻ സോബിന്റെ മൊഴികളിൽ നിന്നും ആരോപണങ്ങളിൽ നിന്നുമാണ്. ഈ ആരോപണങ്ങൾ വ്യത്യസ്തമായ ഘട്ടങ്ങളിൽ തെളിയുന്നതും പിന്നീട് കണ്ടു. സ്വർണ്ണക്കടത്തുമായി ബന്ധമുള്ളവർ ചിലരെ അവിടെ കണ്ടു എന്നാണ് സോബിൻ ആരോപിച്ചത്. ദുരൂഹമായിരുന്നു അപകട രംഗം. സാധാരണ അപകട രംഗങ്ങളിൽ സംഭവിക്കാത്ത കാര്യങ്ങൾ ബാലുവിന്റെ കാർ അപകട സമയത്ത് അവിടെ കണ്ടു എന്നാണ് സോബിൻ പറഞ്ഞത്. രക്ഷാപ്രവർത്തനത്തിനു കാർ നിർത്താൻ തുനിഞ്ഞപ്പോൾ താൻ അടക്കമുള്ളവരെ അവിടെയുണ്ടായിരുന്നവർ ഓടിച്ചു വിട്ടതായും സോബിൻ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ, സാക്ഷിമൊഴികൾ, ബന്ധുക്കളുടെ പ്രതികരണം മുതലായവ കണക്കിലെടുക്കുമ്പോൾ ഒട്ടേറെ സംശയങ്ങൾ ആണ് നിലവിൽ ഉയർന്നുവരുന്നത്.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്‌ച്ചയോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബർ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യ നിഗമനം. ഈ നിഗമനങ്ങൾ തള്ളിക്കളയും വിധം ബാലുവിന്റെ മരണം അപകടമരണമല്ല ഇതുകൊലപാതകമാണ് എന്നാണ് ആരോപണങ്ങൾ വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP