Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാരിറ്റബിൾ സൊസൈറ്റിയുടെ മറ പിടിച്ച് നടത്തുന്നത് നിയമനങ്ങൾ പിഎസ് സിക്ക് വിടാതെയുള്ള കള്ളക്കളി; സൊസൈറ്റി ആയതിനാൽ വിവരാവകാശം ബാധകമല്ലെന്ന് വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തലും; ഓപ്പൺ സ്‌കൂളിൽ പുതുതായി സൃഷ്ടിച്ചത് 80 അനധ്യാപക തസ്തികൾ; ഒറ്റയടിക്ക് സർക്കാർ ജീവനക്കാരാകുന്നത് പാർട്ടി ബന്ധുക്കളായ താത്കാലികക്കാർ; വിവാദമായി സ്‌കോൾ കേരളയിലെ പിൻവാതിൽ നിയമനങ്ങൾ

ചാരിറ്റബിൾ സൊസൈറ്റിയുടെ മറ പിടിച്ച് നടത്തുന്നത് നിയമനങ്ങൾ പിഎസ് സിക്ക് വിടാതെയുള്ള കള്ളക്കളി; സൊസൈറ്റി ആയതിനാൽ വിവരാവകാശം ബാധകമല്ലെന്ന് വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തലും; ഓപ്പൺ സ്‌കൂളിൽ പുതുതായി സൃഷ്ടിച്ചത് 80 അനധ്യാപക തസ്തികൾ; ഒറ്റയടിക്ക് സർക്കാർ ജീവനക്കാരാകുന്നത് പാർട്ടി ബന്ധുക്കളായ താത്കാലികക്കാർ; വിവാദമായി സ്‌കോൾ കേരളയിലെ പിൻവാതിൽ നിയമനങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പിണറായി സർക്കാർ അവസാന വർഷത്തിലേക്ക് കടന്നിരിക്കവേ പിൻവാതിൽ നിയമനങ്ങൾ ശക്തമാകുന്നു. താത്കാലിക പോസ്റ്റുകളിൽ ഉള്ള സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നത്. വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനു അവസരമൊരുക്കുന്ന സ്‌കോൾ കേരളയിൽ (ഓപ്പൺ സ്‌കൂൾ) താത്കാലികക്കാരായ സിപിഎം നോമിനികളെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്തുന്നത്. സിപിഎം നേതാക്കളുടെ ബന്ധുക്കളായ 80 പേരെയാണ് ഒറ്റയടിക്ക് സ്ഥിരപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയർമാനും, എക്‌സിക്യൂട്ടീവ് ഡയറക്ടർ കൺവീനറും, നിയമവകുപ്പ്, ധന വകുപ്പ്, സെക്രട്ടറിമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികകൾ പുതുതായി അനുവദിച്ചത്.

പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ റെക്കോർഡ് ഇടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപിച്ചുകൊണ്ടിരിക്കവേയാണ് ഇതൊന്നും കൂസാതെ പിൻവാതിൽ നിയമനങ്ങൾ നിർബാധം നടക്കുന്നത്. ഓപ്പൺ സ്‌കൂളിനു സൊസൈറ്റി രെജിസ്‌ട്രേഷൻ ഉള്ളതിനാൽ വിവരവകാശ നിയമപരിധി ബാധകമല്ലെന്നു നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും പ്രദർശിപ്പിച്ചിട്ടുമുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ കേരളയിൽ രാഷ്ട്രീയ നിയമനമാണ് കാലങ്ങളായി നടക്കുന്നത്. തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടും നിയമനം പി.എസ്. സിക്ക് വിടാൻ തയാറാകാത്തത് പിൻവാതിൽ നിയമനത്തിന് വേണ്ടിയാണെന്നാണ് സൂചന.

ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, ഫിനാൻസ് ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, എന്നീ സൂപ്പർവൈസറി തസ്തികകളും, സിസ്റ്റം അനാലിസ്റ്റ്, അക്കാദമിക് അസോസിയേറ്റ്, പി എ, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, സ്വീപ്പർ എന്നീ തസ്തികകൾക്കു പുറമെ 22സീനിയർ ക്ലാർക്ക്മാരുടെയും, 22 ജൂനിയർ ക്ലാർക്കുമാരുടെയും, 14 ജില്ലാ കോർഡിനേറ്റർമാരുടെയും, 3 ഓഫീസ് അറ്റന്റന്റ്മാരുടെയും 3 സെക്യൂരിറ്റിക്കാരുടെയും ഉൾപ്പടെ 80 തസ്തികകളാണ് സർക്കാർ ജീവനക്കാരുടെ സമാന ശമ്പളസ്‌കെയിലിൽ സൃഷ്ടിച്ചിട്ടുള്ളത്.

സർക്കാർ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയായതിനാൽ ഇതിന്റെ മറ പിടിച്ചാണ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാതെ നേരിട്ട് തന്നെ നടത്തുന്നത്. മറുനാടന് ലഭിച്ച വിവരങ്ങൾ പ്രകാരം സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് സ്ഥിരം നിയമനം നടക്കുന്ന പോസ്റ്റുകളിൽ ഉള്ളത്. ഡിവൈഎഫ്‌ഐ നേതാവിന്റെ സഹോദരി, ദേശാഭിമാനി ജീവനക്കാരുടെ ബന്ധുക്കൾ, കൗൺസിലറുടെ ഭാര്യ, പിആർഡിയിലുള്ള ഒരാളുടെ ഭാര്യ, സിപിഎം നേതാവിന്റെ ഭാര്യ, കൗൺസിലറുടെ സഹോദരി, തൃശൂരിലെ പാർട്ടി പ്രവർത്തക, മുൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഭാര്യ തുടങ്ങി നിയമനങ്ങൾ മുഴുവനും തന്നെ സിപിഎം ബന്ധുത്വമുള്ളവരാണ്.

മുൻ കാലങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളിലെയും ഹയർ സെക്കന്ററി സ്‌കൂളുകളിലെയും അദ്ധ്യാപകരെയും ജീവനക്കാരെയുമാണ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമിച്ചിരുന്നത്. പിന്നീട് താത്കാലിക നിയമനങ്ങൾ നേരിട്ട് നടത്തുകയായിരുന്നു. തലസ്ഥാനത്ത് കേന്ദ്ര ഓഫീസും, മലപ്പുറത്ത് റീജിയണൽ ഓഫീസും, 11 ജില്ലകളിൽ ജില്ലാ ഓഫീസുകളും ഉള്ള ഓപ്പൺ സ്‌കൂളിൽ പ്ലസ് ടു വിന് പ്രതിവർഷം ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്യുന്നത്. വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഇനത്തിൽ ശേഖരിക്കുന്ന തുകയാണ് സ്‌കോൾ കേരളയ്ക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നിയമനങ്ങൾ ഭരണത്തിന്റെ ബലത്തിൽ പാർട്ടി ബന്ധുക്കൾക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ്.

പൊതുവിദ്യാലയങ്ങളിൽ അവസരം കിട്ടാത്തവർക്ക് പഠന സൗകര്യം ഒരുക്കുന്നതടക്കമുള്ള സമാന്തര വിദ്യാഭ്യാസ പദ്ധതിക്കായി രൂപീകരിച്ചതാണ് സ്‌കോൾ കേരള. ഓപൺ സ്‌കൂൾ പരിഷ്‌കരിച്ച് രൂപീകരിച്ച സ്‌കോൾ കേരളയിൽ 85 താൽക്കാലിക ജീവനക്കാരാണ് നിലവിലുള്ളത്. ഇതിൽ ഭൂരിഭാഗവും ഭരണ കഷിയായ സിപിഎമ്മിന്റെയോ പോഷക സംഘടനകളുടെയോ നേതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ ആണ്. നിയമനം പി.എസ്.സിക്ക് വിടാതെ നേരിട്ടാണ് നടത്തുന്നത്. എല്ലാം പിൻവാതിൽ നിയമനങ്ങളുമാകുന്നു. കഴിഞ്ഞ നാല് വർഷത്തെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് താൻ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ അനധികൃത നിയമനങ്ങളെ വെള്ള പൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിഎസ്‌സി മുഖേനയുള്ള പതിവ് നിയമനങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് നടന്നുവരുന്ന ക്രമവിരുദ്ധ കരാർ- ദിവസ വേതന നിയമനങ്ങളെ വെള്ളപൂശാനുള്ള വ്യഥാശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP