Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശപ്പിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റൊരു വഴിയും കണ്ടില്ല; പട്ടിണിയോട് പൊരുതാൻ പടവെട്ടാനായി മൺവെട്ടി കൈകളിലേന്തി സെമിത്തേരിയിലേക്ക് നടന്നു; അന്നു മുതൽ കുഴിവെട്ടിയായി മാറി; ഏഴര രൂപയ്ക്കാണ് പണി തുടങ്ങിയത്; ഇപ്പോൾ ഒരു ശവക്കുഴിക്ക് 2000രൂപയും; 64-ാം വയസ്സിലും പരാതികളില്ലാതെ ബേബി കർമ്മനിരത

വിശപ്പിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റൊരു വഴിയും കണ്ടില്ല; പട്ടിണിയോട് പൊരുതാൻ പടവെട്ടാനായി മൺവെട്ടി കൈകളിലേന്തി സെമിത്തേരിയിലേക്ക് നടന്നു; അന്നു മുതൽ കുഴിവെട്ടിയായി മാറി; ഏഴര രൂപയ്ക്കാണ് പണി തുടങ്ങിയത്; ഇപ്പോൾ ഒരു ശവക്കുഴിക്ക് 2000രൂപയും; 64-ാം വയസ്സിലും പരാതികളില്ലാതെ ബേബി കർമ്മനിരത

ആർ പീയൂഷ്

കൊച്ചി: അറുപത്തിനാലാം വയസ്സിലും ശവക്കുഴി തോണ്ടാനായി മൺവെട്ടി എടുക്കുമ്പോഴും ബേബി എന്ന വയോധികയുടെ കൈകൾ വിറക്കില്ല. കാരണം 17 വയസ്സുമുതൽ തുടങ്ങിയ കുഴിവെട്ടാണ്. 'വിശപ്പിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റൊരു വഴിയും കണ്ടില്ല. പട്ടിണിയോട് പൊരുതാൻ പടവെട്ടാനായി മൺവെട്ടി കൈകളിലേന്തി സെമിത്തേരിയിലേക്ക് നടന്നു. അന്നു മുതൽ കുഴിവെട്ടിയായി മാറി' ബേബി എന്ന ഉരുക്ക് വനിത പറഞ്ഞു..

മത്സ്യത്തൊഴിലാളിയായിരുന്ന ചവരയുടെ രണ്ടു പെൺമക്കളിൽ ഇളയവളായി ബേബി ജനിച്ചതു നോർത്ത് പറവൂരിനു സമീപത്തുള്ള ഗോതുരുത്തിലാണ്. ചവര മരിച്ച ശേഷം അമ്മ കുഞ്ഞമ്മയോടൊപ്പം പള്ളിപ്പുറത്തേയ്ക്കു താമസം മാറി. ഇക്കാലത്തു കുഞ്ഞമ്മയുടെ സഹോദരൻ ഔസേഫിനു മഞ്ഞുമാതാ പള്ളി സെമിത്തേരിയിൽ കുഴിവെട്ടലായിരുന്നു ജോലി. ഔസേഫ് മരിച്ചതിനു ശേഷവും ആളുകൾ കുഴിവെട്ടിയെ തേടി വീട്ടിലെത്തിയപ്പോൾ കുടുംബം പുലർത്താനായി കുഞ്ഞമ്മ ആ ജോലി ഏറ്റെടുത്തു. അമ്മയ്ക്കൊപ്പം കുഴി വെട്ടുന്നിടത്ത് സഹായത്തിനായി ബേബി പോകുമായിരുന്നു. അറുപതാം വയസ്സിൽ ശ്വാസംമുട്ടൽ ബാധിച്ച് അമ്മ മരിച്ചു. ഇതോടെ തനിച്ചായി പോയ ബേബി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. കുഴി വെട്ടാനുള്ള ഒരു തൂമ്പ മാത്രമായിരുന്നു അമ്മയുടെ സമ്പാദ്യം. ആ തൂമ്പയുമായി സെമിത്തേരിയിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു ആത്മധൈര്യമായിരുന്നു. കുഴിവെട്ടുകാരിയായ സാഹചര്യത്തെക്കുറിച്ചു ബേബി പറഞ്ഞതിങ്ങനെയാണ്.

പേടിയല്ലല്ലോ, വിശപ്പല്ലേ വലിയ കാര്യം എന്ന മനക്കരുത്തായിരുന്നു എനിക്ക്. ആദ്യമൊക്കെ കുഴി വെട്ടാനും കുഴിതുറന്ന് അസ്ഥിയും മുടിയും നഖവും പുറത്തെടുക്കാനുമെല്ലാം അമ്മയും കൂടെ വരുമായിരുന്നു. അമ്മ മരിച്ചതോടെ പിന്നെ ഒറ്റക്കായി ജോലി. ബേബിയുടെ വാക്കുകളിൽ അതിജീവനത്തിന്റെ കരുത്തുണ്ടായിരുന്നു. ആറടി നീളത്തിലും മൂന്നടി താഴ്ചയിലുമാണ് കുഴി വെട്ടുന്നത്. പതിനായിരക്കണക്കിന് ശരീരങ്ങളെ അടക്കിയപ്പോഴും പിന്നീട് കാലാവധിയെത്തുമ്പോൾ കുഴിയിൽ നിന്ന് അസ്ഥിക്കിണറ്റിലിടുമ്പോഴും പേടി തോന്നിയിട്ടില്ലേ എന്നു ചോദിച്ചാൽ ചുണ്ടിൽ ഒരു ചെറുചിരി വിടർത്തി ബേബി പറയും, 'കുഴിയിലായവരെ എന്തിന് പേടിക്കണം, ഈ പ്രേതോം ഭൂതോമെല്ലാം ജീവിച്ചിരിക്കുന്നവർക്കിടയിലല്ലേ?' ജീവിക്കാൻ മരണത്തെ കൂട്ടുപിടിച്ചെങ്കിലും ബേബിയുടെ മനസ് മനുഷ്യരുടെ അൽപ്പത്തരത്തിന് മുമ്പിൽ പലപ്പോഴും എരിയാറുണ്ട്. 'പത്രാസ് കാട്ടാൻ മാത്രം ശവക്കല്ലറ പണിയുന്നവരാണ് ഇപ്പോഴുള്ളത്. അപ്പനെയും അമ്മയെയും വളർത്തുപട്ടിയുടെ പോലും വില നൽകാത്തവരാണ് അവർ മരിച്ചു കഴിയുമ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. ഗ്രാനൈറ്റ് കൊണ്ടും മാർബിൾ കൊണ്ടുമൊക്കെ കല്ലറകളുണ്ടാക്കുന്നത് കാണുമ്പോൾ എനിക്ക് അരിശം വരാറുണ്ട്. സിമന്റിട്ട് ഉറപ്പിച്ച മാർബിൾ സ്ലാബുകൾ പൊക്കിമാറ്റി കുഴിയെടുക്കേണ്ടതും കുഴി മാന്തേണ്ടതും ഞാനാണല്ലോ മാതാവേ എന്ന് ഓർക്കും.'

ഏഴര രൂപയ്ക്കാണ് ബേബി പണി തുടങ്ങിയത്. ഇപ്പോൾ ഒരു ശവക്കുഴി വെട്ടിയാൽ 2000 രൂപയാണ് കൂലി. കുഴിവെട്ടെല്ലാം തനിച്ചാണ്. പുതിയ കുടുംബം പള്ളിയിലെത്തുമ്പോഴാണ് ജോലി കൂടുതൽ. കുടുംബ കല്ലറയാണെങ്കിൽ തുറന്ന് വൃത്തിയാക്കിയാൽ മതി. തുറന്ന് വൃത്തിയാക്കുന്നകാര്യം പറയുമ്പോൾ ബേബിക്ക് ഓർമയിൽ നിന്നും മായാത്ത ഒരു മൃതദേഹത്തെ പറ്റി ഓർത്തു പറഞ്ഞു. വിദേശത്ത് നിന്നും എംബാം ചെയ്തുകൊണ്ടു വന്ന മൃതദേഹം അടക്കി. ഒരു വർഷത്തിന് ശേഷം അവശിഷ്ടങ്ങൾ വാരി അസ്ഥിക്കിണറ്റിലിടാൻ ഇറങ്ങിയപ്പോൾ ഒരു കോട്ടവും തട്ടാതെ മൃതദേഹം അതേ പടിയുണ്ട്. അന്നത്തെകാലത്ത് എംബാം ചെയ്ത മൃതദേഹം എങ്ങനെ അടക്കണമെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇന്റാലിയത്തിന്റെ പെട്ടിയിൽ വലിയ തുളയിട്ട് വീണ്ടും മണ്ണിട്ട് മൂടി. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മൃതദേഹം മണ്ണോട് ചേർന്നത്.

ഒരു ദിവസം നാലു കുഴിമാടങ്ങൾ വരെ ബേബി ഒറ്റയ്ക്ക് വെട്ടിയിട്ടുണ്ട്. കടലിൽ മുങ്ങിമരിച്ച നാലു കുട്ടികളുടെ മൃതദേഹം അടക്കാനായിട്ടായിരുന്നു. കോവിഡ് വന്നപ്പോഴാണ് ഏറെ ബുദ്ധിമുട്ടിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പത്തടിതാഴ്ചയിൽ കുഴിയെടുത്ത് അടക്കം ചെയ്യണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. അഞ്ചര അടിയായിരുന്നു സാധാരണ മരണപ്പെടുന്നവർക്ക് വേണ്ടിയിരുന്നത്. ഒരുദിവസം പത്തടി കുഴി കുഴിക്കുമ്പോൾ മണ്ണിടിഞ്ഞ് വീണ് ബേബി അടിയിലായി. അടുത്തുണ്ടായിരുന്നവർ വേഗം തന്നെ മണ്ണ് മാറ്റിയതിനാൽ അത്യാഹിതമുണ്ടായില്ല. കോവിഡ് ബാധിച്ച ഇരുപത്തിഅഞ്ചിലധികം പേരെ ഈ അറുപത്തിനാലുകാരി അടക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നു വരെ കോവിഡ് ബാധിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കൂടാതെ യാതൊരുവിധമായ ശാരീരിക അസ്വസ്ഥകളും ഉണ്ടായിട്ടില്ല. ഇതെല്ലാം മഞ്ഞുമാതാ പള്ളിയിലെ മാതാവിന്റെ അനുഗ്രഹമാണെന്നാണ് ബേബിയുടെ വിശ്വാസം.

ബേബി സ്വപ്നം കാണാറില്ല. പക്ഷേ, നാട്ടിലെ കുട്ടികൾക്കു പേടിസ്വപ്നമാണു ബേബിച്ചേച്ചി. ചോറുണ്ടില്ലെങ്കിൽ ബേബിയെ വിളിക്കുമെന്നു പറഞ്ഞ് അമ്മമാർ കുഞ്ഞുങ്ങളെ ഊട്ടുന്നതു ബേബി കണ്ടിട്ടുണ്ട്. എന്റെ വിധിയോർത്തു ഞാൻ ദിവസങ്ങളോളം സങ്കടപ്പെട്ടിട്ടുണ്ട്്. നേരിട്ടു കാണുമ്പോൾ കുഞ്ഞുങ്ങൾ ഓടിയൊളിച്ചാലും ഇപ്പോൾ എനിക്കു വിഷമമില്ല. കണ്ടും കേട്ടും അനുഭവിച്ചും അതൊക്കെ ശീലമായി. പകലിനെക്കാൾ പാതിരാത്രിയാണ് ഇപ്പോഴെനിക്കിഷ്ടം. പ്രേതത്തെയും പിശാചിനേയുമല്ല, മനുഷ്യനെയാണു പേടിക്കേണ്ടത്, ബേബി പറഞ്ഞു.

ഇത്രയും കാലത്തിനിടെ ഒരിക്കൽ മാത്രമാണു മരിച്ച മനുഷ്യൻ എന്നെ പേടിപ്പിച്ചിട്ടുള്ളത്. ആറു വർഷം മുമ്പായിരുന്നു അത്. ചെമ്മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആനി തൂങ്ങിമരിച്ചു. ഞാനാണ് കുഴിവെട്ടി ശരീരം അടക്കിയത്. മൂന്നാം നാൾ ആനിയുടെ ഭർത്താവ് ആന്റപ്പനും ആത്മഹത്യ ചെയ്തു. ഒത്ത ഉയരവും തടിയുമുള്ള ആളായിരുന്നു ആന്റപ്പൻ. രാവിലെ മുതൽ വൈകുന്നേരം വരെ അന്വേഷിച്ചിട്ടും അത്രയും വലിയ ശവപ്പെട്ടി കിട്ടിയില്ല. ഒടുവിൽ, കിട്ടിയ പെട്ടിയിൽ ശവമടക്കി. ആന്റപ്പന്റെ ദേഹത്തിനു മീതെ മണ്ണു മൂടിയിട്ടും കൈകളും കാലും പുറത്തേയ്ക്ക് നീണ്ടു നിന്നു. അന്നു രാത്രിയും പിറ്റേന്നും എനിക്ക് ഉറങ്ങാനായില്ല. കണ്ണിനു മുന്നിൽ കാലുകൾ പുറത്തേക്ക് നിൽക്കുന്നും. ആ രൂപം മായാൻ ഏറെ ദിവസമെടുത്തു.

ബേബിയുടെ 37 ാം വയസ്സിലാണ് വിവാഹം നടക്കുന്നത്. നല്ലപ്രായത്തിൽ വിവാഹത്തിനായി ശ്രമിച്ചെങ്കിലും കുഴിവെട്ടുകാരിയെ കെട്ടാൻ ആരും വന്നില്ല. പള്ളിയിലെ തൂപ്പും വൃത്തിയാക്കലും കഴിഞ്ഞാൽ ബേബി ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോകുമായിരുന്നു. ആ സമയത്താണ് പുഷ്‌കിനെ കാണുന്നത്. ഒരു ദിവസം നേരെ മുന്നിൽ വന്നു നിന്നു. എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞു. പകച്ചു പോയ ഞാൻ ആദ്യം എതിർത്തു. കാരണം അന്യമതസ്ഥനായിരുന്നു. അയാളെ കെട്ടിയാൽ ഉല്ള ുപജീവന മാർഗ്ഗം കൂടി ഇല്ലാതാവുമോ എന്നും ഭയന്നു.

എന്നാൽ പുഷ്‌ക്കിൻ വഴി വക്കിൽ തടഞ്ഞു നിർത്തലും പെണ്ണുചോദിക്കലും പതിവാക്കി. കുഴിവെട്ടി നടക്കണ എന്നെ കല്യാണം കഴിക്കണതെന്തിനാണെന്ന് ഞാൻ ചോദിച്ചു. അതു കേട്ട് അയാൾ ചിരിച്ചു. ആ ചിരി ഞാൻ വിശ്വസിച്ചു. വിവരം മുഴുവൻ പള്ളി വികാരിയോടു പറഞ്ഞു. മുപ്പത്തെട്ടാമത്തെ വയസിൽ പുഷ്‌കിനെ മാമോദീസ് മുക്കി ആന്റണി എന്ന പേരും നൽകി പള്ളിയിൽ വച്ച് വിവാഹം നടത്തി. ഇരുപതു വർഷത്തോളം ഒരുമിച്ചു ജീവിച്ചെങ്കിലും ഞങ്ങൾക്ക് പിള്ളേരുണ്ടായില്ല. മരണം വരെ ഞങ്ങളുടെ സങ്കടം അതായിരുന്നു. ഒടുവിൽ എന്നെ തനിച്ചാക്കി പോയപ്പോൾ അതുവരെ ഉറച്ചു നിന്നിരുന്ന മനസ്സ് ഉലഞ്ഞു പോയി. എന്റെ ഒരു കൂട്ടുകാരിയായിരുന്നു കുഴി വെട്ടിയത്.

കുട്ടികളില്ലാതിരുന്നതിനാൽ സഹോദരിയുടെ മകനെ ബേബി എടുത്ത് വളർത്തിയിരുന്നു. ഇപ്പോൾ അയാൾ വിവാഹം കഴിച്ച് ഭാര്യയും കുട്ടികളുമായി. ബേബിയുടെ ദുരിതാവസ്ഥയിൽ ചേർത്ത് പിടിച്ചിരുന്നത് മഞ്ഞുമാതാ പള്ളി ഇടവകക്കാരായിരുന്നു. സ്ഥലവും രണ്ടു നിലയുള്ള വീടും വച്ചു നൽകി. പള്ളിയിലെ തൂപ്പും തുടപ്പിനുമായി ചെറിയ തുക മാസം ശമ്പളമായും നൽകുന്നുണ്ട്. കൂടാതെ പാരിഷ് ഹാൾ വൃത്തിയാക്കുന്നതിന് പ്രത്യേക വിഹിതം നൽകുകയും ചെയ്യും.

ഈ ജോലി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യണമെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ബേബിയുടെ വാക്കുകൾ ഇതായിരുന്നു, 'ഞാനില്ലെങ്കിൽ ഇവിടെ ഇതൊക്കെ ആരു ചെയ്യും. എന്റെ മരണം വരെ ഞാൻ ഈ പണി പരാതികളില്ലാതെ ചെയ്യും. അൾത്താരയിലെ മാമോദീസയിൽ നിന്നു സെമിത്തേരിയിലെ അന്ത്യകൂദാശയിലേക്കുള്ള ദൂരം, ഇതാണു ബേബിയുടെ വാക്കുകളിൽ ജീവിതത്തിന്റെ ചുരുക്കെഴുത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP