Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പ്യൂണായി എത്തിയത് വിഎസിനെ നിരീക്ഷിക്കാൻ; മാസങ്ങൾക്കകം ഗസറ്റഡ് റാങ്കിൽ അഡീഷണൽ പിഎ; സ്പീക്കറുടെ അസിസന്റ് പ്രൈവറ്റ് സെക്രട്ടറിയായത് അണ്ടർ സെക്രട്ടറി റാങ്കിൽ; അയ്യപ്പനനെ കസംറ്റംസിൽ നിന്ന് രക്ഷിക്കാൻ എംഎൽഎമാർക്ക് പരിരക്ഷ നൽകുന്ന ചട്ടവും; സ്വർണ്ണ കടത്തിൽ ഒളിച്ചു കളിക്കുന്നത് എകെജി സെന്ററിന്റെ സ്വന്തം പയ്യൻ

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പ്യൂണായി എത്തിയത് വിഎസിനെ നിരീക്ഷിക്കാൻ; മാസങ്ങൾക്കകം ഗസറ്റഡ് റാങ്കിൽ അഡീഷണൽ പിഎ; സ്പീക്കറുടെ അസിസന്റ് പ്രൈവറ്റ് സെക്രട്ടറിയായത് അണ്ടർ സെക്രട്ടറി റാങ്കിൽ; അയ്യപ്പനനെ കസംറ്റംസിൽ നിന്ന് രക്ഷിക്കാൻ എംഎൽഎമാർക്ക് പരിരക്ഷ നൽകുന്ന ചട്ടവും; സ്വർണ്ണ കടത്തിൽ ഒളിച്ചു കളിക്കുന്നത് എകെജി സെന്ററിന്റെ സ്വന്തം പയ്യൻ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന് ഏറെ വേണ്ടപ്പെട്ട പേഴ്‌സണൽ സ്റ്റാഫുകളിൽ ഒരാളാണ് അയ്യപ്പൻ. വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫിലും അയ്യപ്പൻ ഉണ്ടായിരുന്നു. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവാകുമ്പോൾ പേഴ്‌സൺ സ്റ്റാഫിൽ അയപ്പനുണ്ടായിരുന്നു. പ്യൂണായിരുന്നു തുടക്കത്തിൽ. പിന്നീട് അതിവേഗം അഡീഷണൽ പിഎ ആയി. ഗസ്റ്റഡ് ജീവനക്കാരന്റെ ശമ്പളവുമായി. പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സ്പീക്കറുടെ ഓഫീസിലായിരുന്നു സിപിഎം നിയോഗിച്ചത്. ഈ ഉദ്യോഗസ്ഥനാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ തന്ത്രപരമായി ഒഴിവാക്കുന്നത്.

സ്പീക്കറുടെ ഓഫീസിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പദവിയിലാണ് അയ്യപ്പൻ എത്തിയത്. യുഎഇ കോൺസുലേറ്റിൽ സ്പീക്കറുടെ ഓഫീസിൽ നിന്ന് പാഴ്‌സലുകൾ എത്തിയതുമായി ബന്ധപ്പെട്ടാണ് സംശയം. ഇതിനെ കുറിച്ച് അയ്യപ്പന് അറിയാമെന്നാണ് കസ്റ്റംസിന് കിട്ടിയിരിക്കുന്ന മൊഴി. ഈ സാഹചര്യത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യാൻ വിളിപ്പച്ചത്. ഇതോടെയാണ് സ്പീക്കറുടെ ഓഫീസിൽ നിന്ന് അയ്യപ്പനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന കത്ത് കസ്റ്റംസിന് കിട്ടിയത്. നിയമസഭാ ചട്ടത്തിലെ എംഎൽഎമാർക്ക് ബാധകമാകുന്ന വകുപ്പാണ് സ്പീക്കറുടെ ജീവനക്കാരന് വേണ്ടി തെറ്റായി വ്യാഖ്യാനിക്കുന്നതെന്നാണ് ഉയരുന്ന വാദം.

സിപിഎം സംസ്ഥാന നേതൃത്വത്തിന് ഏറെ വേണ്ടപ്പെട്ട വ്യക്തിയാണ് അയ്യപ്പൻ. എകെജി സെന്റർ കേന്ദ്രീകരിച്ച് ഏറെ നാളായി ഉള്ള വ്യക്തി. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സിഎം രവീന്ദ്രനെ പോലെ നേതാക്കളുമായി അയ്യപ്പനും വ്യക്തിബന്ധമുണ്ട്. വിഎസിന്റെ നീക്കങ്ങൾ പാർട്ടിയെ അറിയിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ അയ്യപ്പനെ നിയോഗിച്ചത്. അതു നന്നായി തന്നെ അയ്യപ്പൻ ചെയ്തു. അങ്ങനെയാണ് സ്പീക്കറുടെ ഓഫീസിൽ അണ്ടർ സെക്രട്ടറി റാങ്കിൽ നിയമനം കിട്ടുന്നതും.

നിയമസഭാ പരിസരത്തു കയറി ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും അന്വേഷണ ഏജൻസികൾക്ക് അധികാരമില്ല. ഇതിന് സ്പീക്കറുടെ അനുമതി അനിവാര്യമാണ്. എന്നാൽ നിയമസഭയ്ക്ക് പുറത്ത് ക്രിമിനൽ കേസിൽ എംഎൽഎ ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഏജൻസികൾക്ക് കഴിയും. കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് ഇതിന് തെളിവാണ്. പ്രോസിക്യൂഷൻ അനുമതി പോലും ഇതിന് ആവശ്യമില്ല. സ്വർണ്ണ കടത്തും ഡോളർ കടത്തും ഇത്തരത്തിലെ വിഷയമാണ്.

ഡോളർ കടത്ത് കേസിൽ സ്്പീക്കർക്കു പിന്നാലെ, നിയമസഭാ ചട്ടങ്ങൾ ഉയർത്തിക്കാട്ടി സ്പീക്കറുടെ പഴ്‌സണൽ സ്റ്റാഫ് അംഗത്തെയും അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്താൻ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. സ്പീക്കർ പി. ശ്രാരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടിറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിനു രണ്ടു തവണ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും ഹാജരായില്ല. ഇന്നലെ നിയമസഭാ സെക്രട്ടരി നൽകിയ മറുപടിക്കത്തിൽ സ്പീക്കറുടെ പഴ്‌സണൽ സ്റ്റാഫ് അംഗത്തിനും ചില നിയമ പരിരരക്ഷകൾ ഉള്ളതിനാൽ ഉടൻ ഹാജരേകണ്ടതില്ലെന്നാണു കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.

സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകി. സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്പീക്കറുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളിൽ അയ്യപ്പന് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്.

ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്. നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നു അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇയാൾ ആവശ്യപ്പെട്ടിരിക്കെയാണ്, നിയമസഭാ സെക്രട്ടറിയുടെ വിശദീകരണം.

നീയമസഭ ചട്ടം 164, 165 അനുസരിച്ച് സിവിൽ നടപടികളിൽ നിന്ന് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസത്തിനു മുൻപും സമ്മേളനം കഴിഞ്ഞ് 14 ദിവസവും എംഎൽഎക്ക് പ്രൊട്ടക്ഷൻ ഉണ്ട്. എന്നാൽ ക്രിമിനൽ കേസുകളിൽ ഒരു സാധാരണ പൗരനു ലഭിക്കുന്ന ആനുകൂല്യം മാത്രമേ എംഎ‍ൽഎക്കുള്ളു ഈ വകുപ്പാണ് അയ്യപ്പന് വേണ്ടി തെറ്റായി വ്യാഖ്യാനിക്കുന്നതെന്നാണ് ഉയരുന്ന വാദം. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്.

ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP