Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

വനിതാ ഡോക്ടറെ പീഡിപ്പിച്ച സിഐക്ക് വീണ്ടും ക്രമസമാധാന ചുമതല; അസോസിയേഷൻ നേതാവിന് നിയമനം മുല്ലപ്പെരിയാറിൽ; പീഡനക്കേസിലെ പ്രതിയെ സസ്പെന്റ് പോലും ചെയ്യാതെ വീണ്ടും നിയമിക്കുന്നത് 'ഇര'യെ പ്രതിയാക്കാൻ; ജോർജിയയിൽ പോകാതെ തന്നെ മലയിൻകീഴിലെ പീഡകൻ വീണ്ടും കാക്കി അണിയുമ്പോൾ

വനിതാ ഡോക്ടറെ പീഡിപ്പിച്ച സിഐക്ക് വീണ്ടും ക്രമസമാധാന ചുമതല; അസോസിയേഷൻ നേതാവിന് നിയമനം മുല്ലപ്പെരിയാറിൽ; പീഡനക്കേസിലെ പ്രതിയെ സസ്പെന്റ് പോലും ചെയ്യാതെ വീണ്ടും നിയമിക്കുന്നത് 'ഇര'യെ പ്രതിയാക്കാൻ; ജോർജിയയിൽ പോകാതെ തന്നെ മലയിൻകീഴിലെ പീഡകൻ വീണ്ടും കാക്കി അണിയുമ്പോൾ

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ സർക്കിൾ ഇൻസ്‌പെക്ടറിനെ സസ്‌പെൻഡ് പോലും ചെയ്യാതെ വീണ്ടും ക്രമസമാധാന ചുമതല നൽകി പുതിയ സ്ഥലത്തേക്ക് നിയമനം. മലയൻകീഴിലെ മുൻ സിഐ ആയിരുന്ന എ.വി സൈജുവിനെ മുല്ലപ്പെരിയാറിലേക്ക് നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു. പീഡനക്കേസിലെ പ്രതിയായ സിഐയെ രക്ഷിച്ചുകൊണ്ട് സ്ത്രീ സുരക്ഷ ഭംഗിയായി നടപ്പാക്കാമെന്ന് കേരള പൊലീസ് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിൽ സിനിമാക്കാരൻ വിജയ് ബാബുവിനെതിരെ പൊലീസ് റെഡ് കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന കാലമാണ് ഇത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ദുബായിലേക്ക് മുങ്ങിയ വിജയ് ബാബു ഇപ്പോൾ ജോർജിയയിലാണ്. അറസ്റ്റും ജയിൽവാസവും ഒഴിവാക്കാനാണ് ഇതെല്ലാം. ഇവിടെയാണ് തെളിവുകൾ ഏറെയുണ്ടായിട്ടും പീഡന കേസിൽ പ്രതിയായ സിഐയെ പൊലീസ് അറസ്റ്റ് ചെയ്യാതെ ജാമ്യം ഉറപ്പാക്കി കൊടുത്ത് രക്ഷിച്ചെടുത്തത്. ഈ കേസിൽ പ്രോസിക്യൂഷൻ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ സിഐ അഴിക്കുള്ളിലാകുമായിരുന്നു. അതൊന്നും സംഭവിക്കാതെ കരുതലെടുക്കുകയായിരുന്നു പ്രോസിക്യൂഷൻ. അതിന് ശേഷം നിയമനവും.

സൈജുവിനെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്ടറായി ഇടുക്കി ജില്ലയിൽ നിയമിച്ചിരിക്കുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. ദന്തൽ ഡോക്ടറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു എ.വി സൈജു. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇയാളെ സസ്‌പെൻഷനിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ ഒഴിവാക്കിയത്.

സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതുകൊണ്ട് പീഡനക്കേസിൽ പ്രതിയായിട്ടു പോലും സൈജുവിനെതിരെ വകുപ്പുതല നടപടി പോലും സ്വീകരിച്ചില്ല. സാധാരണഗതിയിൽ ക്രിമിനൽ കേസിൽ പ്രതിയായാൽ സർക്കാർ ഉദ്യോഗസ്ഥന്മാരെ സസ്‌പെൻഡ് ചെയ്യുകയാണ് പതിവ്. ഇയാളുടെ കാര്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചതുമില്ല. വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019-ൽ നാട്ടിലെത്തിയ ശേഷം തന്റെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്‌ഐ ആയിരുന്ന സൈജു പരാതി അന്വേഷിക്കുകയും കടയൊഴിപ്പിച്ച് നൽകുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. ഈ സംഭവം അറിഞ്ഞതോടെ ഭർത്താവ് ബന്ധം ഉപേക്ഷിച്ചു.

വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്തെങ്കിലും മറ്റ് വകുപ്പുതല മറുപടികളിലേക്കൊന്നും പോകാതിരുന്നതിന് പിന്നിൽ സിപിഎമ്മിന്റെയും പൊലീസ് അസോസിയേഷന്റെയും സ്വാധീനമുണ്ടെന്നാണ് അറിയുന്നത്. തുടക്കത്തിൽ ഇയാളെ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയതൊഴിച്ചാൽ സസ്‌പെൻഡ് ചെയ്യാതിരുന്നതിന് പിന്നിൽ പോസലീസ് സംഘടനയുടെ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈജു ഗുരുതരമായ കേസിൽ പ്രതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കവും പെരുമാറ്റരീതിയും ലംഘിക്കുന്നുവെന്നായിരുന്നു കാട്ടാക്കട ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്.

ഈ റിപ്പോർട്ട് തിരുവനന്തപുരം റൂറൽ എസ്‌പി ഡോ. ദിവ്യ ഗോപിനാഥ് ഐജിക്ക് കൈമാറിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ല. സ്ത്രീ പീഡനക്കേസിൽ പ്രതിയായ സർക്കിൾ ഇൻസ്‌പെക്ടറിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പൊലീസ് മേധാവി തയ്യാറാകാതിരുന്നത് രാഷ്ട്രീയ സ്വാധീനംമൂലമാണെന്നാണ് അറിയുന്നത്. ഇതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഒരുപാട് പ്രഖ്യാപനങ്ങളും പദ്ധതികളും കേരള പൊലീസ് നടപ്പാക്കുന്നവുെന്ന് കാണിച്ച് സർക്കാർ വലിയ പ്രചരണങ്ങൾ നടത്തുമ്പോഴാണ് സൈജുവിനെ പോലുള്ള പീഡനക്കേസ് പ്രതികളെ പൊലീസ് തന്നെ സംരക്ഷിച്ചുനിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP