Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

'ദിലീപിന്റെ അസിസ്റ്റന്റാണ്, ഷൂട്ടിങ്ങിനായി വന്നതാണ്, അമ്മ മരിച്ചെന്ന് ഫോൺ വന്നു, തിരിച്ചു ചെല്ലാതെ നിവൃത്തിയില്ല'; രാത്രിയിൽ യുവാവ് സങ്കടം പറഞ്ഞപ്പോൾ തള്ളിപ്പറയാൻ കഴിഞ്ഞില്ല; തിരുവനന്തപുരത്തേക്കുള്ള പാതിരാത്രിയിലെ ആ ഓട്ടം വലിയ ചതിയായിരുന്നു; പാവമല്ലേ എന്നു കരുതി ഭക്ഷണവും വാങ്ങിക്കൊടുത്തു; അളിയൻ വരും എന്നു പറഞ്ഞുപോയ ആളെ പിന്നെ കണ്ടില്ല; തിരികെ പോരാൻ 500 രൂപ നൽകിയത് തമ്പാനൂരിലെ പൊലീസുകാർ; ഓട്ടംവിളിച്ചു പണംതട്ടി കടന്നയാളെ കുറിച്ച് ഓട്ടോ ഡ്രൈവർ രേവത് മറുനാടനോട്

'ദിലീപിന്റെ അസിസ്റ്റന്റാണ്, ഷൂട്ടിങ്ങിനായി വന്നതാണ്, അമ്മ മരിച്ചെന്ന് ഫോൺ വന്നു, തിരിച്ചു ചെല്ലാതെ നിവൃത്തിയില്ല'; രാത്രിയിൽ യുവാവ് സങ്കടം പറഞ്ഞപ്പോൾ തള്ളിപ്പറയാൻ കഴിഞ്ഞില്ല; തിരുവനന്തപുരത്തേക്കുള്ള പാതിരാത്രിയിലെ ആ ഓട്ടം വലിയ ചതിയായിരുന്നു; പാവമല്ലേ എന്നു കരുതി ഭക്ഷണവും വാങ്ങിക്കൊടുത്തു; അളിയൻ വരും എന്നു പറഞ്ഞുപോയ ആളെ പിന്നെ കണ്ടില്ല; തിരികെ പോരാൻ 500 രൂപ നൽകിയത് തമ്പാനൂരിലെ പൊലീസുകാർ; ഓട്ടംവിളിച്ചു പണംതട്ടി കടന്നയാളെ കുറിച്ച് ഓട്ടോ ഡ്രൈവർ രേവത് മറുനാടനോട്

ആർ പീയൂഷ്

തൃശൂർ: 'ദിലീപിന്റെ അസിസ്റ്റന്റാണ്, ഷൂട്ടിങ്ങിനായി വന്നപ്പോൾ പെട്ടു പോയി. അമ്മ മരിച്ചു പോയി എന്ന് ഫോൺ വന്നപ്പോൾ തിരിച്ചു ചെല്ലാതെ നിവൃത്തിയില്ല. കയ്യിലുണ്ടായിരുന്ന കാശും തീർന്നു. തിരിച്ചു പോകാൻ മറ്റ് മാർഗ്ഗമില്ലാത്തതിനാൽ നെയ്യാറ്റിൻ കര വരെ പോകണം'. ഒരു യുവാവ് രാത്രിയിൽ വന്ന് സങ്കടം പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറയാൻ രേവത് ബാബു എന്ന ഓട്ടോക്കാരന് കഴിഞ്ഞില്ല. കാരണം ഒന്നുമില്ലായ്മയിൽ നിന്ന് അവനെ കൈ പിടിച്ചുയർത്തിയത് മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയായിരുന്നു. മണിച്ചേട്ടന്റെ നന്മ അവനിലും ആവോളം ഉണ്ടായിരുന്നതിനാലാണ് തൃശൂരിൽ നിന്നും തിരുവനന്തപുരം വരെ ആ പാതിരാത്രിയിൽ ഓട്ടം പോകാൻ രേവത് ബാബുവിനെ പ്രേരിപ്പിച്ചത്. പക്ഷേ അത് വലിയൊരു ചതിയാണെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയായിരുന്നു. അമ്മ മരിച്ചു എന്ന് വിശ്വസിപ്പിച്ച് തൃശൂരിൽ നിന്നും തിരുവനന്തപുരം വരെ ഓട്ടം വിളിച്ചു കൊണ്ടു പോയി പണവും തട്ടിയെടുത്ത് കടന്ന് കളഞ്ഞ സംഭവത്തെ പറ്റി രേവത് മറുനാടനോട് പറയുന്നു.

28 ന് രാത്രിയിലാണ് കാവി മുണ്ടും ചുവന്ന ഷർട്ടും നീട്ടി വളർത്തിയ മുടിയുമുള്ള ആ ചേട്ടൻ വന്ന് എന്നോട് അമ്മ മരിച്ചു പോയി വീട്ടിലെത്താൻ പണമില്ലെന്ന് പറഞ്ഞത്. വീട്ടിലെത്തിയാൽ സഹോദരിയുടെ ഭർത്താവ് പണം തരുമെന്നും മറ്റുമാർഗ്ഗമില്ലാത്തതിനാലാണ് എന്നും ഏറെ സങ്കടത്തോടെയാണ് സംസാരിച്ചത്. 276 കിലോമീറ്റർ യാത്രയ്ക്ക് 6,500 രൂപ കൂലി ഉറപ്പുനൽകി. സമയം അപ്പോൾ 10.30 ആയി, സ്റ്റാന്റിൽ മറ്റ് ഓട്ടോ റിക്ഷക്കാരുമില്ല. ദയനീയ ഭാവത്തിൽ നിൽക്കുന്ന ആ ചേട്ടനെ കണ്ടപ്പോൾ എന്റെ മനസ്സലിഞ്ഞു പോയി. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. കയ്യിൽ അന്ന് ഓട്ടം പോയ പൈസ കുറച്ച് ഇരിപ്പുണ്ടായിരുന്നു. നെല്ലായി എത്തിയപ്പോൾ 200 രൂപയ്ക്ക് പെട്രോൾ അടിച്ചു. പിന്നെ അമ്പലപ്പുഴ എത്തിയപ്പോൾ 250 രൂപയ്ക്കും പെട്രോൾ അടിച്ചു.

Stories you may Like

അങ്ങനെ കരുനാഗപ്പള്ളിയിലെത്തിയപ്പോൾ വിശക്കുന്നു എന്ന് അയാൾ എന്നോട് പറഞ്ഞു. ദേശീയപാതയിൽ തുറന്നിരുന്ന ഒരു തട്ടുകടയിൽ കയറി ദോശയും മൊട്ട പൊരിച്ചതും വാങ്ങി കൊടുത്തു. കരുനാഗപ്പള്ളിയിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് 300 രൂപയും കൂടി ഒരു വാങ്ങിയിട്ടാണ് അവിടെ നിന്നും വീണ്ടും യാത്ര തുടർന്നത്. കാരണം എന്തെങ്കിലും ഒരു അത്യാവശ്യം വന്നാലോ എന്ന് കരുതി. ആറ്റിങ്ങലെത്തിയപ്പോൾ വീണ്ടും 300 രൂപയ്ക്ക് പെട്രോൾ അടിച്ചു. യാത്രയിൽ അധികം ഒന്നും സംസാരിച്ചില്ല. അങ്ങനെ തിരുവനന്തപുരവും പിന്നിട്ട് നെയ്യാറ്റിൻകരയിലേക്ക് എത്താറായപ്പോൾ തിരികെ തമ്പാനൂരിലേക്ക് എത്താൻ സഹോദരിയുടെ ഭർത്താവ് മെസ്സേജ് അയച്ചു എന്നു പറഞ്ഞു.

അങ്ങനെ വീണ്ടും 25 കിലോ മീറ്റർ പിന്നിട്ട് തമ്പാനൂരിലെത്തി. തൈക്കാട് ഗവൺമെന്റ് ആശുപത്രിയുടെ അടുത്ത് നിർത്തി. കുറച്ചു നേരം ഓട്ടോയിൽ തന്നെ അയാൾ ഇരുന്നു. അളിയൻ ഇപ്പോൾ വരും എന്നും പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ പണമുണ്ടെങ്കിൽ 1000 രൂപ തരാമോ അമ്മയുടെ അടക്കത്തിന് വേണ്ട ചില സാധനങ്ങൾ വാങ്ങാനാണ്. അളിയൻ വരുമ്പോൾ വാടകയുടെ കൂടെ തിരികെ തരാമെന്നും പറഞ്ഞു. കയ്യിലുണ്ടായിരുന്ന പണം നുള്ളിപെറുക്കി 1000 രൂപ തികച്ച് കൊടുത്തു.

ഏറെ സമയം കഴിഞ്ഞിട്ടും സാധനങ്ങൾ വാങ്ങാൻ പോയ ആളെ കാണാതിരുന്നതോടെയാണ് അയാൾ കടന്നു കളഞ്ഞതാണെന്ന് മനസ്സിലായത്. തൊട്ടടുത്തുള്ള കാടക്കാരോടും മറ്റും കാര്യങ്ങൾ പറഞ്ഞപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുക്കാൻ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞു. ഉടൻ തന്നെ പൊലീസ് ആശുപത്രിയുടെ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പൊലീസുദ്യോഗസ്ഥർ എല്ലാവരും കൂടി പിരിവിട്ട് 500 രൂപ തന്നിട്ട് തിരികെ പൊയ്ക്കോളാൻ പറഞ്ഞു.

അന്വേഷണം നടത്തി ഇയാളെ കണ്ടെത്താമെന്നും ഉറപ്പ് നൽകി. അങ്ങനെ തിരിച്ച് തൃശൂരിലേക്ക് യാത്ര തുടങ്ങി. രാത്രിയായപ്പോൾ എറണാകുളത്തെത്തി. അവിടെ ബസ് കാത്ത് നിന്ന മൂന്ന് പേരെ കയറ്റി തൃശൂരിലേക്ക് എത്തി. ഇന്നലെ രാവിലെയാണ് പൊലീസ് ആശുപത്രിയുടെ അടുത്തുള്ള സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ച് ആളെ തിരിച്ചറിഞ്ഞത്. ഉടൻ പിടികൂടുമെന്നാണ് പറഞ്ഞിരിക്കുന്നത്.

രേവത് ബാബു നിർദ്ധന കുടുംബത്തിലെ അംഗമാണ്. വരന്തരപ്പള്ളി കരിയാട്ടു പറമ്പിൽ ബാബു- ഷീബ ദമ്പതികളുടെ മകനാണ്. ഒരു വസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മ ഷീബ വീട്ടുവേലയ്ക്കും മറ്റും പോയാണ് രേവത് ബാബുവിനെയും രണ്ട സഹോദരിമാരെയും പോറ്റി വളർത്തിയത്. രേവത് മൂന്നാംക്ലാസ്സിൽ എത്തിയപ്പോഴാണ് പുതുക്കാട് വച്ച് അമ്മയ്ക്ക് വാഹനാപകടം പറ്റി കിടപ്പിലായി. മൂന്ന് കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ തുക കൊണ്ട് മൂന്നാംക്ലാസ്സുകാരൻ ലോട്ടറി വിൽപ്പന നടത്തി വിധിയെ പൊരുതി തോൽപ്പിക്കാനായി ഇറങ്ങി.

കിട്ടുന്ന തുച്ഛമായ നരുമാനത്തിൽ അമ്മയുടെ ചികിത്സയും സഹോദരിമാരുടെ പഠനവും നടത്തി. മൂന്നാംക്ലാസ്സുകാരന്റെ മനസ്സാന്നിധ്യം ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. രേവതിന്റെ കഥ മാതൃഭൂമിയുടെ നഗരം പേജിൽ വലിയ വാർത്തയായി വന്നു. ഇതു ശ്രദ്ധയിൽപെട്ട നടൻ കലാഭവൻ മണി രേവതിന്റെ വീട്ടിലെ എല്ലാ ചിലവുകളും ഏറ്റെടുക്കുകയായിരുന്നു. സഹോദരിമാരെ പഠിപ്പിക്കാനും അമ്മയുടെ ചികിത്സയും എല്ലാം നടത്തിയത് മണിയായിരുന്നു.

മകനെ എന്നായിരുന്നു മണി രേവതിനെ വിളിച്ചിരുന്നത്. അച്ഛന്റെ സ്ഥാനത്ത് തന്നെയായിരുന്നു രേവത് മണിയെ കണ്ടത്. പത്താംക്ലാസ് എഴുതിയെടുത്ത രേവതിന് പിന്നീട് ഒരു ഓട്ടോറിക്ഷ അദ്ദേഹം വാങ്ങിക്കൊടുത്തു. അങ്ങനെയാണ് രേവത് ഓട്ടോക്കാരനായത്. ചില സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. മരണശേഷം മണിയുടെ കുടുംബം ഓട്ടോറിക്ഷയുമായി സംബന്ധിച്ച് കേസു കൊടുക്കുകയും മറ്റും ചെയ്തതിനാൽ ഇപ്പോൾ ഓടിക്കാനാവാതെ വീട്ടിൽ തന്നെയാണ്. മറ്റൊരാളുടെ ഓട്ടോ വാടകയ്ക്കെടുത്താണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ കടക്കെമിയാലാണിപ്പോൾ.

ബാങ്ക് വായ്പ അടക്കാൻ പെടാപ്പാട് പെടുന്നതിനിടയിലാണ് ഇങ്ങനെ ഒരു ചതി. മാതാവ് ഷീബ വീടിനടുത്ത് തന്നെ ലോട്ടറി കച്ചവടം നടത്തുന്നു. 'നീ ചെയ്തത് നല്ല കാര്യം തന്നെയാണ, അപകടമൊന്നും പറ്റിയില്ലല്ലോ അതുമതി' എന്നായിരുന്നു സംഭവമറിഞ്ഞപ്പോൾ ഷീബയുടെ പ്രതികരണം. 'ഒരാൾ പറ്റിച്ചു എന്നു കരുതി എല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ഇനിയും ആരെങ്കിലും സഹായം ചോദിച്ച് വന്നാൽ കൈവിടില്ല'എന്ന് ഒരു ചെറു പുഞ്ചിരിയോടെ രേവത് പറഞ്ഞു നിർത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP