Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം

റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടുത്ത പ്രതിസന്ധികളിലൂടെയാണ് മലയാളം വാർത്താ ചാനൽ മേഖല കടന്നുപോകുന്നത്. പല ചാനലുകളിലും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത വിധത്തിൽ സാമ്പത്തിക പ്രതിസന്ധി അടക്കം ഉടലെടുത്തിരിക്കുന്നു. സാറ്റലൈറ്റ് ചാനൽ മുന്നോട്ടു കൊണ്ടു പോകുന്നതിലെ പ്രതിസന്ധി മലയാളം വാർത്താ ചാനൽ രംഗത്തെ അതികായനായ റിപ്പോർട്ടർ ടി വി എം ഡി എം വി നികേഷ് കുമാർ തന്നെ പലതവണ തുറന്നു പറഞ്ഞിട്ടുമുണ്ട്. പലപ്പോഴും പരസ്യ താൽപ്പര്യങ്ങൾക്കും ചാനൽ പ്രവർത്തകർ കീഴടങ്ങേണ്ട അവസ്ഥയുമുണ്ട്. ഇത്തരത്തിൽ നിലവിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചാനലുകളുടെ കൂട്ടത്തിലാണ് റിപ്പോർട്ടർ ടിവിയും.

ഇടതുപക്ഷത്തോടു ചേർന്ന് മാധ്യമപ്രവർത്തനം നടത്തുന്ന റിപ്പോർട്ടർ ചാനൽ ഒരു വഴിത്തിരിവിന്റെ ഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. പലവിധ പ്രതിസന്ധികളിൽ ഉഴറുന്ന ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ റാണി ജോർജ്ജും പടിയിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ചാനലിലെ മുഖ്യ ഷെയർ ഹോൾഡർമാരിൽ ഒരാളായ റാണി തന്റെ ഓഹരികൾ വിറ്റ് പടിയിറങ്ങുകയാണ്് എന്നാണ് സൂചനകൾ. ഇത്തരമൊരു ഷെയർ കൈമാറ്റത്തിലേക്ക് ചാനൽ കടന്നിട്ടുണ്ടെന്നാണ് മറുനാടന് ലഭിച്ച വിവരങ്ങൾ.

റിപ്പോർട്ടർ ചാനലിന്റെ ഭരണ തലത്തിൽ നിന്നും അധികം വൈകാതെ നികേഷ് കുമാറും പടിയിറങ്ങുന്നുമെന്ന സൂചനയായാണ് ഷെയർ കൈമാറ്റത്തിന് ഒരുങ്ങുന്നത് സംബന്ധിച്ച നീക്കങ്ങളിൽ നിന്നും വ്യക്തമാകുന്ന കാര്യവും. അതേസമയം ചാനലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ രംഗത്തെത്തിയിരിക്കുന്നത് ആരാണ് എന്നതാണ് ഇടപാടിനെ ഏറെ വിവാദത്തിലാക്കുന്ന കാര്യവും. കേരളത്തിൽ അങ്ങോളമിങ്ങോളമായി നിരവധി തട്ടിപ്പു കേസിലുകളിൽ പ്രതികളായ വയനാട്ടിലെ അഗസ്റ്റിൻ സഹോദരന്മാരാണ് റിപ്പോർട്ടർ ടിവിയുടെ ഓഹരികൾ വാങ്ങിയത് എന്നാണ് സൂചനകൾ.

ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് വാവാദ നായകർ. അടുത്തകാലത്തായി വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ പ്രതികളാപ്പെട്ടവരാണ് ഇവർ. മാംഗോ ഫെറോ എന്ന ഡൽഹി കമ്പനിയുടെ പേരിലാണ് ചാനൽ ഏറ്റെടുത്തിരിക്കുന്നത്. എത്ര കോടിക്കാണ് ഇടപാട് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഈ ബാധ്യതകൾ അടക്കമാണോ ചാനൽ ഓഹരി കൈമാറ്റം എന്നതിലും വിവരങ്ങൾ ലഭിക്കാനുണ്ട്.

റിപ്പോർട്ടറിലെ റാണിയുടെ ഷെയർ മുട്ടിൽ മരംമുറി കേസിൽ പെട്ട ഇവർ വാങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. റാണി ജോർജ്ജ് ചാനലിൽ നിന്നും പടിയിറങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരമെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ അറസ്റ്റിലായപ്പോൾ റിപ്പോർട്ടർ ചാനൽ എംഡി നികേഷ്‌കുമാറിന്റെ പേരും അന്ന് ഉയർന്നു കേട്ടിരുന്നു. അന്ന് കേസിലെ പ്രതികളിൽ ഒരാളായ റോജി അഗസ്റ്റിൽ റിപ്പോർട്ടർ ന്യൂസ് ചാനലിന്റെ ഓഹരിയുടമയാണെന്ന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് വസ്തുതക്കൾക്ക് നിരക്കാത്തതാണെന്ന് കാണിച്ചു നികേഷും രംഗത്തുവന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ റിപ്പോർട്ടർ ടിവിയുടെ നിയന്ത്രണം അഗസ്റ്റിൻ സഹോദരങ്ങളുടെ കൈകളിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നിരവധി വഞ്ചനാ കേസുകളിൽ പ്രതികളാണ് ഈ സഹോദരങ്ങൾ.

ഇവരുമായുള്ള ചാനൽ ഓഹരി ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ തേടി മറുനാടൻ മലയാളി എം വി നികേഷ്‌കുമാറിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. ചാനലിന്റെ ഓഹരിയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ കേസുകളും മറ്റും നിലനിൽക്കുണ്ട്. മുൻ ഓഹരി ഉടമയായ ലാലിയ ജോസഫ് നൽകിയ കേസ് അടക്കം നിലനിന്നിരുന്നു. ഈ പരാതി പരിഹരിക്കാനും അഗസ്റ്റിൻ സഹോദരങ്ങൾ രംഗത്തു വന്നിരുന്നു എന്ന സൂചനകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടി മറുനാടൻ വിളിച്ചെങ്കിലും ലാലിയുമായി ബന്ധപ്പെടാൻ സാധിച്ചില്ല.

റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകിയിരുന്നു. ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്. എന്നാൽ ഈ സമയത്ത് നൽകിയ വാഗ്ദാനമെല്ലാം നികേഷ് തന്ത്രപരമായി നടപ്പിലാക്കാതെ അട്ടിമറിച്ചെന്നായിരുന്നു ലാലിയ പരാതിപ്പെട്ടത്. ഇത് കമ്പനി ലോ ബോർഡും ശരിവെച്ച് ഓഹരിഘടനയിൽ മാറ്റം വരുത്തരുതെന്ന് ഉത്തരവിടുകയുമുണ്ടായി.

ചാനലിലെ പ്രശ്നങ്ങൾ കാരണം ഓഹരികൾ വിൽക്കാൻ നികേഷ് കുമാർ ശ്രമം നടത്തിയിരുന്നു. പല പ്രവാസികളുമായും ചർച്ചയും നടത്തിയെങ്കിലും ലാലിയയുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് മുന്നോട്ടു പോയില്ല. ലാലിയ - സി പി മാത്യു ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കർ തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കർ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫ്ളാറ്റുകൾ എന്നിവ 15 വർഷത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം ബാനർജി റോഡ് ശാഖയിൽ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങൾക്കാണ് റിപ്പോർട്ടർ ടിവിയുടെ 27 ശതമാനം ഓഹരി നല്കാൻ കരാർ ഉണ്ടാക്കിയത്.

റിപ്പോർട്ടർ ടിവി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 2011 ഏപ്രിലിൽ 26 % ഓഹരികൾ ലാലിയ ജോസെഫിനു നൽകി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയിൽ റിപ്പോർട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയിൽ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയിൽ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അവർ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു. ഈ ഇടപാട് തീർക്കാനായി ലണ്ടനിലെ ബിസിനസുകാരനായ ജോബി ജോർജിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഒന്നരക്കോടി നൽകിയപ്പോൾ തന്നെ ജോബിയും നികേഷുമായി പ്രശ്നം ഉണ്ടാവുകയും മറ്റൊരു നിക്ഷേപകനോട് പണം വാങ്ങി ജോബിയെ ഒഴിവാക്കുകയും ആയിരുന്നു. പിന്നീടാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരൻ മൻസൂർ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തുന്നത്.

ലാലിയയുമായുള്ള നിയമപ്രശ്‌നം കോടതിയിൽ തീർപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ സിപിഎമ്മുമായുള്ള അടുപ്പം ഉപയോഗിച്ച് കെ എഫ് സിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലോൺ നികേഷ് ചാനൽ നടത്താനായി എടുത്തിരുന്നു. ഈ തുകയുടെ തിരിച്ചടവ് ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. ഇതോടെയാണ് ചാനൽ വിൽക്കുന്നതിനെ കുറിച്ചുള്ള ആലോചന വീണ്ടും നടതെന്നാണ് വിവരം. അതേസമയം ലാലിയയുമായുള്ള സാമ്പത്തിക ഇടപാട് പരിഹരിച്ചാണ് അഗസ്റ്റിൻ സഹോദരന്മാർ ചാനൽ ഏറ്റെടുത്തത് എന്നാണ് സൂചനകളെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

റിപ്പോർട്ടർ ചാനലിന്റെ നിയന്ത്രണം അഗസ്റ്റിൻ സഹോദരന്മാരുടെ കൈകളിൽ എത്തിയാൽ നികേഷ് ഇവിടെ തുടരുമോ എന്ന കാര്യത്തിൽ അടക്കം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇൻഡോ- ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഓഹരികളാണ് വിവാദ നായകന്മാർ കൈവശപ്പെടുത്തുന്നതും എന്നതും ശ്രദ്ധേയമാണ്. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നികേഷ് അഴീക്കോട് മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. എന്നാൽ കെ എം ഷാജിയോട് അന്ന് പരാജയപ്പെട്ടതിന് ശേഷം വീണ്ടും ചാനൽ രംഗത്ത് സജീവമായി തുടരുകയായിരുന്ന നികേഷ് കുമാർ. ഇന്ത്യാവിഷൻ ചാനലിലൂടെ മലയാളം വാർത്താ ചാനൽ ലോകത്തിന് പുതിയ ഉണർവ്വു നൽകിയ നികേഷ് സ്വന്തം ചാനലെന്ന മോഹം പൂർത്തീകരിച്ചത് റിപ്പോർട്ടർ ടിവിയിലൂടെയായിരുന്നു.

അതേസമയം മറ്റു ചില മലയാളം വാർത്താ ചാനലുകളുടെ ഓഹരികളിലും അഗസ്റ്റിൻ സഹോദരങ്ങൾ കണ്ണുവെക്കുന്നു എന്നുള്ള സൂചനകളുമുണ്ട്. മലായളത്തിനെ മുൻനിര ചാനലായ 24 ന്യൂസ് ചാനലിന്റെ ഓഹരികൾ വാങ്ങാൻ ഇവർ ശ്രമം നടത്തിയെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ അത്തരം ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്ന് 24 ചാനൽ ഡയറക്ടർ ബോർഡ് അംഗം ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP