Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രമേശൻ കോൺട്രാക്ടറുടെ പ്രിയ ശിഷ്യൻ മുതലാളിയായപ്പോൾ രാജധാനി ഗ്രൂപ്പുമായി തെറ്റി; ബാർ കോഴയിൽ പണി കൊടുത്ത് കോൺട്രാക്ടറുടെ മകന്റെ നമ്പർ വൺ ശത്രുവായി; അടൂർ പ്രകാശിനായി പടക്കളത്തിൽ തന്ത്രങ്ങളും പടയാളികളുമായുള്ളത് മകന്റെ ഭാര്യയുടെ അച്ഛനായ ബിജു രമേശ്; സമ്പത്തിനായി ചുവട് പിഴയ്ക്കാത്ത യുദ്ധമുറകളുമായി ചൈനാ സുനിലും; ആറ്റിങ്ങലിലെ അണിയറയിലെ യഥാർത്ഥ പോര് ബാർ മുതലാളിമാർ തമ്മിൽ; ത്രികോണച്ചൂടിൽ പ്രചരണം കൊഴുക്കുന്നതിന് പിന്നലെ ബിസിനസ് രാജാക്കന്മാരുടെ കഥ

രമേശൻ കോൺട്രാക്ടറുടെ പ്രിയ ശിഷ്യൻ മുതലാളിയായപ്പോൾ രാജധാനി ഗ്രൂപ്പുമായി തെറ്റി; ബാർ കോഴയിൽ പണി കൊടുത്ത് കോൺട്രാക്ടറുടെ മകന്റെ നമ്പർ വൺ ശത്രുവായി; അടൂർ പ്രകാശിനായി പടക്കളത്തിൽ തന്ത്രങ്ങളും പടയാളികളുമായുള്ളത് മകന്റെ ഭാര്യയുടെ അച്ഛനായ ബിജു രമേശ്; സമ്പത്തിനായി ചുവട് പിഴയ്ക്കാത്ത യുദ്ധമുറകളുമായി ചൈനാ സുനിലും; ആറ്റിങ്ങലിലെ അണിയറയിലെ യഥാർത്ഥ പോര് ബാർ മുതലാളിമാർ തമ്മിൽ; ത്രികോണച്ചൂടിൽ പ്രചരണം കൊഴുക്കുന്നതിന് പിന്നലെ ബിസിനസ് രാജാക്കന്മാരുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിൽ ശക്തവും ഏറെ ശ്രദ്ധേയവുമായ പോരാട്ടം നടക്കുന്ന ഒരു മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഏറെ വിജയ പ്രതീക്ഷയുള്ള ഒരു മണ്ഡലം എന്ന പ്രത്യേകതയും ആറ്റിങ്ങലിന് ഉണ്ട്. സിറ്റിങ് എംപി കൂടിയായ എ.സമ്പത്തിനെ ഒരു തവണ കൂടെ വിജയിപ്പിച്ച് ലോക്‌സഭയിലേക്ക് അയയ്ക്കണം എന്ന വാശി എൽഡിഎഫിന് ഉള്ളതിനാൽ തന്നെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ എ.സമ്പത്ത്, തെരഞ്ഞെടുപ്പ് പ്രചരണവും വിവിധ പരിപാടികളുമായും മണ്ഡലത്തിൽ സജീവമായിരുന്നു.

എന്നാൽ യുദ്ധത്തിൽ സമ്പത്തിനെ തറ പറ്റിക്കണമെന്ന ഉറച്ച തീരുമാനമെടുത്ത വലതുമുന്നണിയാകട്ടെ തെരഞ്ഞെടുപ്പ് അങ്കത്തിൽ ബ്രഹ്മാസ്ത്രവുമായാണ് പോരിനിറങ്ങിയിറങ്ങിയിരിക്കുന്നത്. ഇടതു വലത് യോദ്ധാക്കളായ എ.സമ്പത്തും അടൂർപ്രകാശും ഈഴവ സമുദായത്തിൽ നിന്നുള്ള ശക്തന്മാരായ പ്രതിനിധികൾ എന്നതും മത്സരത്തെ ശ്രദ്ധേയവും സമുദായത്തിന്റെ ആവേശത്തിനും സ്വാധീനത്തിനുമിടയാക്കിയിരിക്കുന്നു.  ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ള നിയമസഭാ മണ്ഡലങ്ങൾ ചേരുന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം ഇക്കുറിയും ചുവപ്പണിയുമെന്ന ഉറച്ച പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് ഇടതുപാളയം. തിരഞ്ഞെടുപ്പിന് 21 ദിനങ്ങൾ ശേഷിക്കെ പോരാട്ടം ശക്തിപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് ഗോഥയിൽ വോട്ടർമാർക്കിടയിൽ ശക്തമായ വാശിയേറിയ മൽസരത്തിനുള്ളത് എ.സമ്പത്തും അടൂർപ്രകാശുമാണെങ്കിലും ഇവർതമ്മിലുള്ള മൽസരത്തിനെക്കാൾ ജനശ്രദ്ധ ആകർഷിക്കുന്നത് അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന മറ്റു രണ്ടു പേർ തമ്മിലുള്ള വേറൊരു ശക്തമായ മൽസരത്തിനാണ്.

രണ്ട് ബാർ മുതലാളിമാർ തമ്മിലുള്ള ശക്തമായ പോരാട്ടത്തിനുകൂടിയാണ് ഇക്കുറി ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ബിജുരമേശും ചൈനാ സുനിലെന്ന സുനിൽകുമാറുമാണ് മണ്ഡലത്തിൽ അദൃശ്യപോരാട്ടം നടത്തുന്ന ആ മദ്യ രാജാക്കന്മാർ. ബിജുരമേശിന്റെ കുടുംബബന്ധുവാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ ബിജുരമേശിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനാണ് അടൂർ പ്രകാശ്. ഇനി രണ്ടാമത്തെ രാജാവായ സുനിൽകുമാർ എന്ന ചൈനാ സുനിലാകാട്ടെ എ.സമ്പത്തിന്റെ അളിയനാണ്. അതായത് സുനിൽകുമാറിന്റെ സഹോദരിയെയാണ് സമ്പത്ത് വിവാഹം കഴിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇവർക്ക് സ്ഥാനാർത്ഥികളോടുള്ള ബന്ധമാണ് ബാർ മുതലാളികളുടെ പരോക്ഷ പോരാട്ടത്തിന് കാരണം.

ബാർ കോഴ ഇടപാടിൽ ഉൾപ്പെടെ ഉയർന്ന പേരാണ് ചൈനാ സുനിലിന്റേത്. ബിജു രമേശിന്റെ അച്ഛൻ രമേശൻ കോട്രോക്ടറുടെ അടുപ്പക്കാരനായാണ് ചൈനാ സുനിൽ മദ്യ വ്യവസായത്തിലേക്ക് കടക്കുന്നത്. പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. ബിജു രമേശുമായി ചൈനാ സുനിൽ തെറ്റിയതും ഏറെ ചർച്ചാ വിഷയമായിരുന്നു. ബാർ കോഴയിൽ ബിജുരമേശ് പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച ചൈനാ സുനിൽ മാണിക്ക് കോഴ നൽകിയിട്ടില്ലെന്ന് വിജിലൻസിന് മൊഴി നൽകിയ ബാറുടമയാണ്. കേസ് നടത്തിപ്പിനായി ബാറുടമകളിൽ നിന്ന് പിരിവുനടത്തിയത് സത്യമാണ്. എന്നാൽ അത് കോഴ നൽകാനായിരുന്നില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെ ബാർ കോഴ ആരോപണം മുക്കി കളയാൻ ശ്രമിച്ചവരിൽ പ്രധാനിയാണ് ചൈനാ സുനിൽ. കുട്ടിക്കാലം മുതലേ സിപിഎമ്മുമായി അടുത്ത ബന്ധം ചൈനാ സുനിലിനുണ്ട്. വൈറ്റ് ഡാമർ ഉടമയായ സുനിൽ തിരുവനന്തപുരത്തെ പഴയ എസ്എഫ്‌ഐ പ്രവർത്തരിൽ പ്രമുഖനായിരുന്നു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസുള്ള മേട്ടുക്കട കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ ചൈനാ സുനിലിന്റെ പ്രവർത്തനം. സഹോദരങ്ങളും ജില്ലയിലെ സിപിഎം നേതാക്കളാണ്. ഇടത് പക്ഷവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുനിലാണ് ഇപ്പോൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കേരള ഘടകം പ്രസിഡന്റ്. സിപിഎമ്മിന്റെ പ്രത്യേക താൽപ്പര്യമാണ് സുനിലിനെ ഈ പദവിയിലെത്തിച്ചത്.

തന്റെ ബന്ധുവിനെ എന്ത് വിലകൊടുത്തും, കഠിന പ്രയത്‌നത്തിലൂടെ വിജയിപ്പിക്കാനായി പടക്കളത്തിൽ അടൂർ പ്രകാശെന്ന യോദ്ധോവിന് ആയുധവും പടയാളികളെയും നൽകികൊണ്ട് ബിജു രമേശ് അവസാനവട്ട പോരാട്ടത്തിലാണ്. കൂടാതെ യുദ്ധ തന്ത്രങ്ങൾ അപ്പപ്പോൾ അടൂർ പ്രകാശിനായി പകർന്നു നൽകുന്ന കൃഷ്ണനായി ബിജുരമേശ് കുരുക്ഷേത്ര ഭൂമിയിലുണ്ടെന്നതും പറയാതെ വയ്യ. മറുവശത്ത് സ്വന്തം അളിയന് ചുവട് പിഴക്കാതിരിക്കാനുള്ള യുദ്ധമുറകൾ പഠിപ്പിച്ച്, ആയുധവും ആൾ ബലവും നൽകി എ.സമ്പത്തിന് കരുത്തേകുകയാണ് സുനിൽകുമാർ. ബാർ കോഴക്കേസ് ജനമദ്ധ്യത്തിൽ കൊണ്ടുവരികയും അത് ഇടതുപക്ഷത്തിന് ആയുധമായി നൽകുകയും ചെയ്ത് ,ഇടതു മുന്നണിക്കൊപ്പം സഞ്ചരിച്ച ബിജുരമേശിനെ വെറും കറിവേപ്പില പോലെ സിപിഐഎം വലിച്ചെറിഞ്ഞപ്പോൾ ഉപേക്ഷിച്ചതാണ് ബിജുരമേശ് എന്ന ബാർ മുതലാളി സിപിഐഎമ്മുമായുള്ള ബന്ധം.

അന്ന് തീരുമാനിച്ചതാണ് ഇടത് പക്ഷത്തിനോടുള്ള മധുര പ്രതികാരം. സിപിഐഎം ബാർക്കോഴക്കേസിൽ വിപ്ലവം സൃഷ്ടിക്കുകയും പിന്നേട് മാണിക്ക് ക്ലീൻ ചീട്ട് നൽകി, മാണിയെ കേസിൽ നിന്ന് ഒഴിവാക്കിയതിലും ബിജുരമേശ് എന്ന വ്യവസായി കടുത്ത അമർഷത്തിലായിരുന്നു. കാലം കാത്തുവച്ചതുപോലെ ഇപ്പോൾ ആയുധം ബിജുരമേശിന്റെ പക്കലെത്തിയിരിക്കുന്നു. ഇനി അത് യഥാസമയത്ത് പ്രയോഗിക്കുകയേ വേണ്ടുള്ളൂ. അതിന് അടൂർ പ്രകാശിനോപ്പം നിന്ന് കാത്തിരിക്കുകയാണ് ബിജു രമേശ്. എ.സമ്പത്തിനോട് ബിജുരമേശിന് ദേഷ്യമൊന്നുമില്ലെങ്കിലും സമ്പത്തിന്റെ സേനാനായകനായ ചൈനാ സുനിൽ തന്റെ ആജന്മ ശത്രുവാണ്. ചാരായ ഷാപ്പിൽ തുടങ്ങി മദ്യ കച്ചവടത്തിലെല്ലാം ബിജുരമേശിന്റെ ബിസിനസ്സ് ശത്രുവാണ് സുനിൽകുമാർ എന്നതാണ് എടുത്തുപറയേണ്ടത്.

പഴയ ശത്രുതയൊക്കെ വെടിഞ്ഞ് ഒരു പുതിയ ബന്ധത്തിന് ബിജു രമേശ് തുടക്കമിട്ടപ്പോൾ, ബാർക്കോഴക്കേസിൽ ആദ്യം തനിക്കൊപ്പം നിന്ന ചൈനാ സുനിൽ കേസന്വേഷണം വന്നപ്പോൾ ബിജുരമേശിനെ വഞ്ചിച്ച് കാലുമാറുകയായിരുന്നു. ഇതിലുള്ള ബിജുരമേശിന്റെ അമർഷം ചൈനാ സുനിലിലൂടെ മണ്ഡലത്തിൽ എ.സമ്പത്തിനെതിരാകും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബാർമുതലാളിമാർ ശക്തമായ പോരാട്ടത്തിലാണ്. മൂന്നു എസ്എൻഡിപി സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന ജാതീയമായ മൽസരം നടക്കുന്ന മണ്ഡലം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ വിജയ പരാജയങ്ങൾ പ്രവചനാതീതമായിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് പ്രചരണവും കലാശക്കൊട്ടുമൊക്കെ ഗംഭീരമാക്കാനുള്ള തിരക്കിലാണ് ഇടതു-വലതു ബാർമുതലാളിമാർ. വാഹനപ്രചരങ്ങളും വീടുവീടാന്തരമുള്ള സ്‌ക്വാഡ് പ്രവർത്തനങ്ങളും തകൃതിയിലാക്കിയിരിക്കുന്ന ഇവർ ഇനി തെരഞ്ഞെടുപ്പ് അടിയൊഴുക്കുക്കൾക്കും അവസാന തന്ത്രങ്ങൾ മെനയാനുമായുള്ള പ്രവർത്തനത്തിലാണിപ്പോൾ.

ബിജെപിക്കായി ശോഭാ സുരേന്ദ്രനാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തി എൺപതിനായിരത്തിൽ പരം വോട്ടുകൾ ബിജെപി ഇവിടെ നേടിയിരുന്നു. അതുകൊണ്ട് തന്നെ ആറ്റിങ്ങലിൽ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. അടിയൊഴുക്കുകൾ അതുകൊണ്ട് തന്നെ നിർണ്ണായകമാകും. ഇത് തിരിച്ചറിഞ്ഞാണ് ബന്ധുക്കളെ ജയിപ്പിച്ചെടുക്കാൻ ബിജു രമേശും ചൈനാ സുനിലും അതിശക്തമായ തന്ത്രങ്ങളുമായി രംഗത്തുള്ളതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP