Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാമചന്ദ്രനും മകളും ജയിലിൽ തന്നെ; കേസ് ഉണ്ടായപ്പോഴേ മകൻ അമേരിക്കയിലേക്ക് മുങ്ങി; ജീവനക്കാർക്ക് നൽകിയ ശമ്പളം തിരിച്ചെടുത്തു; കറന്റും വെള്ളവും ഇല്ലാതെ താമസ സ്ഥലങ്ങൾ; ദുബായിലെ അറ്റ്‌ലസ് ജീവനക്കാർക്ക് നരകയാതന

രാമചന്ദ്രനും മകളും ജയിലിൽ തന്നെ; കേസ് ഉണ്ടായപ്പോഴേ മകൻ അമേരിക്കയിലേക്ക് മുങ്ങി; ജീവനക്കാർക്ക് നൽകിയ ശമ്പളം തിരിച്ചെടുത്തു; കറന്റും വെള്ളവും ഇല്ലാതെ താമസ സ്ഥലങ്ങൾ; ദുബായിലെ അറ്റ്‌ലസ് ജീവനക്കാർക്ക് നരകയാതന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആയിരക്കണക്കിന് കോടികൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. ഓഗസ്റ്റ് മാസം 23ാം തീയ്യതിയാണ് പ്രമുഖ ജുവല്ലറി ഉടമയായ രാമചന്ദ്രനെ കസ്റ്റഡിയിൽ എടുത്തതും പിന്നീട് കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചതും. അറസ്റ്റിലായ രാമചന്ദ്രന് വേണ്ടി ആദ്യഘട്ടങ്ങളിൽ നിരവധി പേർ സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തി. അദ്ദേഹത്തെ സഹായിക്കാൻ ദുബായിലെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും കാമ്പയിൻ ആരംഭിച്ചെങ്കിലും പിന്നീട് തട്ടിപ്പിന്റെ ആഴം വളരെ വലുതാണെന്ന വിധത്തിലാണ് വാർത്തകൾ വന്നത്. ഒടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ ദുബായ് കോടതി വീണ്ടും തള്ളി.

ആയിരക്കണക്കിന് രൂപ ബാങ്കുകളിൽ കുടിശ്ശിക വരുത്തിയതിന്റെ പേരിലാണ് അദ്ദേഹത്തെ വീണ്ടും തുറുങ്കിൽ പാർപ്പിച്ചത്. ഒരുകാലത്തെ ആഡംബരത്തിന്റെ പര്യായമായി ജീവിച്ച അറ്റ്‌ലസ് രാമചന്ദ്രൻ തടവറയിൽ ആയതോടെ തീർത്തും ദുരിതത്തിൽ ആയത് അദ്ദേഹത്തിന്റെ ജുവല്ലറികളിലെ ജീവനക്കാരായിരുന്നു. ആദ്യഘട്ടത്തിൽ യാതൊരു തടസങ്ങളും ഉണ്ടാകാത്ത വിധത്തിൽ ദുബായിലെ ജുവല്ലറി ശൃംഖല പ്രവർത്തിച്ചു എങ്കിൽ ഇപ്പോൾ ഇവിടുത്തെ ജീവനക്കാരുടെ കാര്യം തീർത്തും ദുരിതത്തിലാണ്. ദുബായിലെ ജുവല്ലറികൾ തുറന്നു പ്രവർത്തിക്കുകയും ഇവിടെ വിൽപ്പന നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും രണ്ട് മാസത്തോളമായി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ്.

അറ്റ്‌ലസ് രാമചന്ദ്രനും മകളും ജയിലിൽ ആയതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നറിയാവുന്ന ജീവനക്കാർ നല്ലരീതിയിലാണ് സഹകരിച്ചു പോന്നത്. ഒരു മാസം ശമ്പളം വൈകിയെങ്കിലും മാനേജ്‌മെന്റിനൊപ്പമാണ് ജീവനക്കാർ നിലകൊണ്ടത്. എന്നാൽ, ഉത്തരവാദിത്തം വഹിക്കേണ്ടുന്ന രാമചന്ദ്രന്റെ മകൻ അമേരിക്കയിലേക്ക് പോയതും ഫണ്ടിങ് നിൽക്കുകയും ചെയ്തതോടെ ദുബായിലെ അറ്റ്‌ലസ് ജുവല്ലറിയിലെ ജീവനക്കാർ തീർത്തും ദുരിതത്തിലാണ്. രണ്ട് മാസം ശമ്പളം ലഭിക്കാതെ വന്നതോടെ ഭക്ഷണവും വെള്ളവും പേലും കൃത്യമായി ഇല്ലാത്ത ദുരവസ്ഥയിലാണ് ജീവനക്കാർ. ഇതിനിടെ ഇടക്കാല ആശ്വാസം എന്ന നിലയിൽ ജീവനക്കാർക്ക് നൽകിയ ശമ്പളവും കമ്പനി തിരിച്ചെടുത്തു.

ദുബായിൽ WPS സിസ്റ്റം വഴി ആണ് ശമ്പളം ജുവല്ലറിയിൽ കൊടുക്കുന്നത്. കഴിഞ്ഞ മാസം ജീവനക്കാർക്ക് ശമ്പളം ഇട്ടതായി അറിയിപ്പു വന്നിരുന്നു. എന്നാൽ, തിരിച്ചു തരാം എന്ന ഉറപ്പിന്മേൽ മാനേജ്‌മെന്റ് അത് തിരികെ വാങ്ങിച്ചു. പിന്നീട് ജീവനക്കാർ ബഹളം വച്ചപോൾ 1000 ദിർഹം മാത്രം വീതം എല്ലാവർക്കും കൊടുത്തു. ജീവനക്കാർക്ക് അറ്റ്‌ലസ് ജുവല്ലറി തന്നെയാണ് താമസ സൗകര്യം ഒരുക്കുന്നത്. എന്നാൽ, കരന്റ് ബിൽ വെള്ളം, എന്നിവയുടെ തുക കൊടുക്കുന്നത് ജീവനക്കാർ തന്നെയാണ്. ഇതിനെല്ലാം കൂടിയുള്ള പണമില്ലാത്തതിനാൽ ദുരുതത്തിലാണ് അറ്റ്‌ലസിലെ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ.

ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നാണ് ഒരു ജീവനക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. ശമ്പളമില്ലാത്തതിനാൽ രണ്ട് മാസമായി കടം വാങ്ങിയാണ് കഴിക്കുന്നത്. സൂപ്പർമാർക്കറ്റ്, കാഫ്റ്റീരിയ എന്നിവിടങ്ങളിലെല്ലാം കടമാണ്. വീട്ടിൽ കാശ് അയച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. തുടക്കത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മാനേജ്‌മെന്റ് ഒന്നും വ്യക്തമായി പറയുന്നു പോലുമില്ല. മുതലാളിയും മകളും ജയിലിൽ ആയതിനാൽ ആരോടും പരാതിപ്പെടാനും കഴിയുന്നില്ല. മകൻ ഈ പ്രശ്‌നങ്ങൾ ഉണ്ടായപ്പം തന്നെ അമേരിക്കയിൽ പോയി. ഇപ്പോൾ ഇമെയ്ൽ വഴി മാത്രമാണ് ഇദ്ദേഹവുമായി ബന്ധപ്പെടുന്നത്- ജീവനക്കാർ പറയുന്നു.

അമേരിക്കയിൽ ഉള്ള മകൻ ജീവനക്കാരുമായി ഒരു മീറ്റിങ് നടത്താൻ പോലും തുനിയുന്നില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ദുബായിൽ ഇപ്പോൾ ഉള്ളത് രാമചന്ദ്രൻ സാറിന്റെ ഭാര്യ മാത്രമാണ്. ഈ മാസവും ശമ്പളം തരാൻ കമ്പനിയിൽ ഫണ്ട് ഇല്ലെന്ന കാര്യം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല, ഫ്‌ലൈറ്റ് ടിക്കറ്റ് പോലും തരാൻ ഇപ്പം കഴിയില്ലെന്നാണ് കമ്പനി പറയുന്നതെന്നും ജീവനക്കാർ പറഞ്ഞു.

നാട്ടിൽ പോകേണ്ടവർക്ക് പോകാം എന്നാണ് ഇവരോട് മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്ത്. നാട്ടിൽ പോകാൻ പോലും ഉള്ള കാശ് കൈയിൽ ഇല്ലാത്തതിനാൽ പലരും എന്തുചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ്. അതേസമയം ദുബായിലെ ജുവല്ലറികളിൽ മാത്രമാണ് ഈ പ്രതിസന്ധി ഉള്ളതെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ബഹ്‌റൈൻ, ഇന്ത്യ, ഖത്തർ എന്നിവിടങ്ങളിലെ ജുവല്ലറികളിൽ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്നുമാണ് ജീവക്കാർ മറുനാടനോട് വ്യക്തമാക്കിയത്.

അതിനിടെ ഒക്ടോബർ 29 വരെ അറ്റ്‌ലസ് രാമചന്ദ്രന്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കയാണ് കോടതി. ഇതിനിടെ പുറത്തിറക്കണമെങ്കിൽ കോടതിയിൽ കോടികൾ കെട്ടിവെക്കേണ്ടി വരും. അതിനുള്ള ഫണ്ട് കണ്ടെത്താനാണ് മാനേജ്‌മെന്റിന്റെ ശ്രമം. ഇതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും കരുതുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പുറത്ത് വിട്ടാൽ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നു കോടതിയെ ബോധിപ്പിച്ചെങ്കിലും ഈ വാദം ചെവിക്കൊള്ളാൻ കോടതി കൂട്ടാക്കിയിരുന്നില്ല. തുടർന്നാണ് അറ്റ്‌ലസ് രാമചന്ദ്രന് ജയിലിൽ കഴിയേണ്ടി വന്നത്.

സെപ്റ്റംബർ 23നാണു രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. അതിനു മുമ്പ് മകൾ ഡോ. മഞ്ജുവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ സ്ഥാപനങ്ങളുടെ പേരിൽ മടങ്ങിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്നു ദുബായിലെ റിഫ, ബർദുബായ്, നായിഫ് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. യുഎഇയിലെ ഇരുപതോളം ബാങ്കുകളിലായി 550 മില്യൺ ദിർഹത്തിന്റെ ബാധ്യതയാണ് രാമചന്ദ്രൻ നായർക്കും അറ്റ്‌ലസ് ഗ്രൂപ്പിനും ഉള്ളത്. ബാങ്കുകളിലെ ബാധ്യത തീർക്കാൻ ദുബായിലെ അറ്റ്‌ലസ് ജൂവലറിയുടെ ചില ഷോപ്പുകൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇക്കാര്യവും ഇതുവരെ നടന്നിട്ടില്ല.

അറ്റ്‌ലസ് ഹെൽത്ത് കെയർ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് വിൽക്കാൻ അറ്റ്‌ലസ് ഗ്രൂപ്പിന് താത്പര്യമില്ലെന്നാണു റിപ്പോർട്ടുകൾ. അറ്റ്‌ലസ് ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്തികളും വിൽക്കാൻ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചിയിൽ അറ്റ്‌ലസ് പ്രോപ്പർട്ടീസിന് കീഴിലുള്ള പദ്ധതികൾ വിറ്റേയ്ക്കുമെന്നും സൂചനയുണ്ട്. എന്നാൽ, ഇങ്ങനെയുള്ള ശ്രമങ്ങൾ നടക്കുമ്പോൾ തന്നെയാണ് ജീവനക്കാരുടെ ദുരവസ്ഥ തുടരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP