Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായിയുടെ സാലറി കട്ടിനെ പാടി പുകഴ്‌ത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി! ഏഷ്യാനെറ്റ് ന്യൂസിൽ ഒരു വർഷത്തേക്ക് 30 ശതമാനം വരെ സാലറി കട്ട്; ഉത്തരവ് പുറത്താകുന്നില്ലന്ന് ഉറപ്പാക്കാൻ ഓരോ ജീവനക്കാർക്കും നൽകുന്നത് വ്യത്യസ്ത ഉത്തരവുകൾ; നമ്പർ വൺ ചാനലിലെ ശമ്പളക്കുറവിൽ ഞെട്ടി മലയാള മാധ്യമ ലോകം; ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന മോദിയുടെ ആഹ്വാനത്തെ തള്ളി ബിജെപി എംപിയുടെ സ്ഥാപനം; നേരോടെ നിർഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസ് മുമ്പോട്ടു പോകുമ്പോൾ വിവാദ ഉത്തരവ് മറുനാടന്

പിണറായിയുടെ സാലറി കട്ടിനെ പാടി പുകഴ്‌ത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി! ഏഷ്യാനെറ്റ് ന്യൂസിൽ ഒരു വർഷത്തേക്ക് 30 ശതമാനം വരെ സാലറി കട്ട്; ഉത്തരവ് പുറത്താകുന്നില്ലന്ന് ഉറപ്പാക്കാൻ ഓരോ ജീവനക്കാർക്കും നൽകുന്നത് വ്യത്യസ്ത ഉത്തരവുകൾ; നമ്പർ വൺ ചാനലിലെ ശമ്പളക്കുറവിൽ ഞെട്ടി മലയാള മാധ്യമ ലോകം; ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന മോദിയുടെ ആഹ്വാനത്തെ തള്ളി ബിജെപി എംപിയുടെ സ്ഥാപനം; നേരോടെ നിർഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസ് മുമ്പോട്ടു പോകുമ്പോൾ വിവാദ ഉത്തരവ് മറുനാടന്

ആർ പീയൂഷ്

കൊച്ചി: പിണറായി സർക്കാരിന്റെ സാലറി കട്ടിന് വേണ്ടി വാദിച്ചവർക്കും ഒടുവിൽ പണി കിട്ടി. കൊറോണയിൽ സർക്കാരിന്റെ വരുമാനം കുറഞ്ഞെന്നും അതുകൊണ്ട് തന്നെ ശമ്പളം കട്ട് ചെയ്യുന്നതിൽ പ്രശ്‌നമില്ലെന്നും ചർച്ച ഉയർത്തിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇപ്പോഴിതാ എഷ്യാനെറ്റിലും സാലറി കട്ട്. പിണറായി വിജയൻ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 30 ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. അതും തിരിച്ചു നൽകുമെന്ന വ്യവസ്ഥയിൽ. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പളം കട്ട് ചെയ്യുന്നത് ഒരു വർഷത്തേക്കാണ്. പത്ത് മുതൽ 30 ശതമാനം വരെ സാലറി കട്ട്. വരുമാനം കുറയുമ്പോൾ ഇത് മാത്രമേ വഴിയുള്ളൂവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് ജീവനക്കാരെ അറിയിക്കുന്നത്.

വളരെ തന്ത്രപരമായാണ് ഇടപെടൽ. സാധാരണ മെയിലിലാണ് ഇത്തരം ഉത്തരവുകൾ ഏഷ്യാനെറ്റിൽ പുറത്തിറങ്ങുക. എന്നാൽ ഇത്തവണ ഉത്തരവ് മെയിലിൽ ഇല്ല. ജീവനക്കാരെ വിളിച്ച് കൈയിൽ സാലറി കട്ട് ഉത്തരവ് നൽകുകയാണ് മാനേജ്‌മെന്റ്. ഓരോ ഉത്തരവും വ്യത്യസ്തവുമാണ്. അതായത് ജീവനക്കാരൻ ജോയിന്റെ ചെയ്ത ദിവസം ഉൾപ്പെടെ രേഖപ്പെടുത്തുന്ന തരത്തിൽ ഓരോരുത്തർക്കും ഓരോ ഉത്തരവ്. അതായത് ഉത്തരവ് ചോർന്നാൽ കണ്ടു പടിക്കാനുള്ള എല്ലാ വഴിയും ഇതിലുണ്ട്. അതായത് ഏഷ്യാനെറ്റിലെ സാലറി കട്ടിൽ വാർത്ത വരുന്നത് ഏഷ്യാനെറ്റ് മാനേജ്‌മെന്റ് അംഗീകരിക്കുന്നില്ല. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉത്തരവുകളിൽ ഉണ്ടെന്നാണ് സൂചന. ഒരു വർഷത്തേക്ക് പത്ത് ശതമാനം മുതൽ 30 ശതമാനം വരെ ശമ്പളം പിടിക്കുമ്പോൾ അത് കോടികളുടെ ലാഭം ഏഷ്യാനെറ്റ് ന്യൂസിനുണ്ടാക്കും.

ജീവനക്കാരെ മൂന്ന് തട്ടുകളിലാക്കി തിരിച്ചാണ് സാലറി കട്ട്. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് പത്ത് ശതമാനം കുറയും. പിന്നെ ഇരുപത് ശതമാനം പിടിക്കുന്ന രണ്ടാമത്തെ സ്ലാബ്. കൂടുതൽ ശമ്പളം വാങ്ങുന്നവർക്ക് മുപ്പത് ശതമാനം നഷ്ടമാകും. ഇത്തരത്തിലാണ് ക്രമീകരണം. കോടികളുടെ വരുമാനം ഇതിലൂടെ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടും. ജീവനക്കാരുടെ പ്രെമോഷൻ അടക്കമുള്ള തടഞ്ഞു വച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്നതിനും ജീവനക്കാർക്ക് വിലക്കുകൾ ഉണ്ട്. അതിനാൽ സർക്കാരിന്റെ സാലറി കട്ട് ചർച്ച ചെയ്യുന്നവർക്ക് സ്വന്തം കാര്യത്തിൽ പരാതി പോലും പറയാനാകാത്ത സ്ഥിതിയാണ്. നോട്ട് നിരോധനവും ജി എസ് ടിയും വലിയ തരിച്ചടിയായെന്ന് പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിലെ സാലറി കട്ട്.

കോവിഡുകാലത്ത് ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് പ്രധാനമന്ത്രി മോദി എല്ലാവരോടും അഭ്യർത്ഥിച്ചിരുന്നു. ഇതാണ് ബിജെപിയുടെ എംപി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസ് തള്ളിക്കളയുന്നത്. ബിജെപിയുടെ എംപിയായതോടെ രാജീവ് ചന്ദ്രശേഖർ ചാനലിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. എങ്കിലും ചാനലിൽ ഭൂരിപക്ഷം ഷെയറുകളും രാജീവ് ചന്ദ്രശേഖറിന് സ്വന്തമാണ്. അത്തരമൊരു സ്ഥാപനമാണ് കോവിഡ് പ്രതിസന്ധിയിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാർ പലരും വലിയ ലോണുകൾ എടുത്തിട്ടുണ്ട്. അങ്ങനെയുള്ളവരെ തീർത്തും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ സംഭവം. ഇതിനെതിരെ ജീവനക്കാർക്ക് പ്രതിഷേധമുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

സാലറി കട്ടിൽ സർക്കാർ ജീവനക്കാരുടെ പ്രതിഷേധത്തിന് എതിരെയായിരുന്നു ഏഷ്യാനറ്റ് ന്യൂസിന്റെ പ്രത്യക്ഷ ചർച്ചകൾ. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിൽ സാലറി കട്ട് അനിവാര്യമാണെന്ന തരത്തിൽ വാർത്ത കൊടുത്തവരാണ് അവർ. ഈ മാധ്യമ പ്രവർത്തകർക്കാണ് പണി കിട്ടുന്നത്. നേരത്തെ ജയ് ഹിന്ദ് ടിവിയിൽ സമാനമായ സാലറി കട്ടിന് ചാനൽ എംഡിയായ കോൺഗ്രസ് നേതാവ് എംഎം ഹസൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് പത്ര പ്രവർത്തക യൂണിയൻ നേതാക്കൾ ഹസനേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കണ്ടിരുന്നു. തുടർന്ന് വേണ്ട തിരുത്തലുകൾ വരുത്തുമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോടികളുടെ വരുമാനമുള്ള ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പള കട്ട്.

വലിയ ലാഭത്തിൽ പോകുന്ന മാധ്യമ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. കേരളത്തിലെ നമ്പർ വൺ വാർത്താ ചാനൽ. ഈ ഖ്യാതി ഒരിക്കലും മറ്റൊരു ചാനലിന് മുമ്പിൽ ഏഷ്യാനെറ്റ് ന്യൂസ് അടിയറവ് വച്ചിട്ടില്ല. അങ്ങനെ സാമ്പത്തിക കരുത്തുണ്ടെന്ന് ഏവരും വിലയിരുത്തുന്ന ചാനലിലാണ് സാലറി കട്ട് വരുന്നത്. ഇത്രയും പ്രതിസന്ധി ചാനലിനുണ്ടെന്ന വാദം ജീവനക്കാർക്ക് വിശ്വസിക്കാനും കഴിയുന്നില്ല. എതിർപ്പുയർത്തിയാൽ സ്ഥലം മാറ്റം അടക്കമുള്ള പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ജീവനക്കാർ ഭയക്കുന്നു. പത്ര പ്രവർത്തക യൂണിയനും ഏഷ്യാനെറ്റ് ന്യൂസിനെ തിരുത്താനുള്ള കരുത്തുമില്ല. പത്രക്കാരുടെ ശമ്പളം കുറയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പലകുറി ആവശ്യപ്പെട്ടിരുന്നു.

ജയ്ഹിന്ദ് ടിവിയിൽ ശമ്പള കട്ടിന്റെ ഉത്തരവ് പുറത്തിറങ്ങിയത് പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദം ഒഴിവാക്കാൻ ജീവനക്കാർ ആരും ഉത്തരവ് പുറത്തു കാട്ടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളുമായി രംഗത്ത് വരുന്നത്. അമൃതാ ടിവിയിലും സമാനമായി ശമ്പളം കുറവ് ചെയ്യുന്നുണ്ടെന്നാണ് സൂചന. ഇവിടേയും ഉത്തരവ് പുറത്തിറങ്ങിയില്ല. ചാനൽ മേധാവി വിഡിയോ ലൈവിലെത്തി എല്ലാവരേയും ഇക്കാര്യം അറിയിക്കുകയായിരുന്നു. ഉത്തരവ് പുറത്തുവരാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഇതും. ഇതിന് പിന്നാലെയാണ് ശതകോടകളുടെ ആസ്തിയുള്ള ഏഷ്യാനെറ്റ് ന്യൂസും ശമ്പളം വെട്ടിക്കുറയ്ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ന്യൂസ് 18നും ഒഴികെ ബാക്കിയെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഏഷ്യാനെറ്റ് ന്യൂസ് തന്നെ ശമ്പളം കട്ട് ചെയ്യുമ്പോൾ മറ്റ് ചെറുകിട ചാനലുകളും ജീവനക്കാരുടെ ശമ്പളത്തിൽ കൈവയ്ക്കാൻ സാധ്യത ഏറെയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP