Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയൂരിന് അടുത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധന; ബിൽ ഏൽപിച്ച് ഭക്ഷണം കഴിക്കാൻ കയറി തിരിച്ചുവന്നപ്പോൾ 50,000 രൂപ ഫൈൻ; പണി സ്ഥലത്തേക്ക് ഗ്ലാസുമായി വന്ന ശ്യാംലാലിന് ഭീമൻ പിഴ ഏഷ്യൻ ഗ്ലാസ് ബിൽ അടിച്ചപ്പോൾ പേര് തെറ്റിയതിന്

ആയൂരിന് അടുത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധന; ബിൽ ഏൽപിച്ച് ഭക്ഷണം കഴിക്കാൻ കയറി തിരിച്ചുവന്നപ്പോൾ 50,000 രൂപ ഫൈൻ; പണി സ്ഥലത്തേക്ക് ഗ്ലാസുമായി വന്ന ശ്യാംലാലിന് ഭീമൻ പിഴ ഏഷ്യൻ ഗ്ലാസ് ബിൽ അടിച്ചപ്പോൾ പേര് തെറ്റിയതിന്

വിഷ്ണു ജെ.ജെ.നായർ

തിരുവനന്തപുരം: തമ്പാനൂർ ചെന്തിട്ടയിൽ പ്രവർത്തിക്കുന്ന ഏഷ്യൻ ഗ്ലാസ് ആൻഡ് പ്ലൈവുഡ് ആൻഡ് ഹാർഡ്വെയർ എന്ന സ്ഥാപനത്തിൽ നിന്നും വീടുപണിക്കുള്ള ഗ്ലാസുകളുമായി കൊട്ടാരക്കര ആയൂരുള്ള പണിസ്ഥലത്തേയ്ക്ക് പോയ ആശാരിപ്പണി ചെയ്യുന്ന ശ്യാംലാൽ ഉദ്യോഗസ്ഥരുടെയും ഏഷ്യൻ ഗ്ലാസിന്റെയും കനിവിനായി കേഴാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമാകുന്നു. എന്നാൽ നിസാരമായ ഒരു കൈപ്പിഴവിന് ഭീമമായ പിഴ ചുമത്തി സ്ഥാപനത്തിന് പകരം പണിക്കാരന്റെ കയ്യിൽ നിന്നും പണം ഈടാക്കിയ ജിഎസ്ടി ഉദ്യോഗസ്ഥരും അതിനെതിരെ അപ്പീൽ നൽകാൻ പോലും തയ്യാറാകാത്ത ഏഷ്യൻ ഗ്ലാസ് കമ്പനിയും ശ്യാംലാൽ എന്ന അത്താഴപ്പഷ്ണിക്കാരനെ കൂടുതൽ ദുരിതത്തിലേയ്ക്കാണ് തള്ളിയിടുന്നത്.

സ്വന്തമായി വീടോ പുരയിടമോ ഇല്ലാത്ത ശ്യാംലാൽ നൂറുകണക്കിന് മനുഷ്യർക്കാണ് അടച്ചുറപ്പുള്ള വീടുണ്ടാക്കി കൊടുക്കുന്നത്. ആശാരിപ്പണിയാണ് ശ്യാംലാലിന്റെ തൊഴിൽ. അന്നന്നുള്ള കൂലി കൊണ്ട് ജീവിക്കുന്ന ഈ കുടുംബം കോവിഡ് കാലത്ത് ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്.

തിരുവനന്തപുരം ചെന്തിട്ടയിലുള്ള ഏഷ്യൻ ഗ്ലാസിൽ നിന്നാണ് ശ്യാംലാൽ സ്ഥിരമായി ഗ്ലാസ് എടുത്തിരുന്നത്. ഏറെനാൾ ജോലി ഇല്ലാതിരുന്നിട്ട് ഒരു വീടിന്റെ പണി കിട്ടിയപ്പോൾ സന്തോഷത്തെക്കാൾ ആശ്വാസമായിരുന്നു ശ്യാംലാലിന്. കോവിഡ് കാലത്തെ ദാരിദ്ര്യത്തിൽ നിന്നും ആശങ്കകളിൽ നിന്നും ഒരു മോചനമായിട്ടാണ് ശ്യാംലാൽ അതിനെ കരുതിയത്. പണി ഇല്ലാതിരുന്ന കാലത്ത് പലരിൽ നിന്നും വാങ്ങിയ കടം ഈ പണിയോടെ തീർക്കാമെന്ന വിശ്വാസത്തോടെയാണ് അദ്ദേഹം അന്ന് ഉറങ്ങിയത്. വീടിന്റെ പണി പുരോഗമിക്കവേയാണ് കഴിഞ്ഞ ഓഗസ്റ്റ് 13 ന് ജനലുകളും വാതിലുകളും നിർമ്മിക്കുന്നതിനാവശ്യമായ ഗ്ലാസ് വാങ്ങുന്നതിനായി ശ്യാംലാൽ തിരുവനന്തപുരത്തെത്തിയത്.

ഒരു ലക്ഷത്തി അറുപത്തിനാലായിരത്തിതൊള്ളായിരത്തി ഇരുപത്തിരണ്ട് രൂപയ്ക്കുള്ള സാധനങ്ങളാണ് അന്ന് ശ്യാംലാൽ അവിടെ നിന്നും വാങ്ങിയത്. ശ്യാംലാലിന്റെ പേരിൽ ഏഷ്യൻ ഗ്ലാസ് ബില്ല് നൽകുകയും ചെയ്തു. ചരക്കുമായി തിരിച്ചുവന്ന ശ്യാംലാൽ ആയൂരിന് സമീപം ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ജിഎസ്ടി ഉദ്യോഗസ്ഥരെത്തി സാധനങ്ങളുടെ ബിൽ പരിശോധിച്ചു. സാധനങ്ങളിൽ യാതൊരു കള്ളത്തരവുമില്ലാത്തതിനാൽ സധൈര്യം ബില്ല് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ഭക്ഷണം കഴിക്കാൻ കയറിയ ശ്യാംലാൽ തിരിച്ചിറങ്ങുമ്പോൾ കാണുന്നത് 50000 രൂപ ഫൈൻ ചുമത്തിയ രസീതാണ്.

50000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങിയാൽ ഉടമസ്ഥന്റെ പേരിലാണ് ബില്ല് നൽകേണ്ടത് എന്ന നിയമപ്രകാരമാണ് ഈ ഫൈൻ. ഇവിടെ ബിൽ ശ്യാംലാലിന്റെ പേരിലായിരുന്നു, യാതൊരു തട്ടിപ്പുകളും അവിടെ നടന്നിട്ടില്ല. തികച്ചും സാങ്കേതികമായ കാരണം മാത്രം. അതിന് ഇത്രയും ഭീമമായ ഫൈൻ ചുമത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് ജിഎസ്ടി കൊട്ടാരക്കര സർക്കിളിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

ശ്യാംലാൽ ആദ്യമായാണ് ഇത്രയും വലിയ ബജറ്റിലുള്ള പണി ചെയ്യുന്നതെന്നതിനാൽ ഏഷ്യൻ ഗ്ലാസ് ബിൽ അടിച്ചപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാനും സാധിച്ചില്ല. പിഴ രസീത് എഴുതിയിരിക്കുന്നത് എഷ്യൻ ഗ്ലാസിന്റെ പേരിലാണെന്നതിനാൽ പിഴ അടയ്ക്കേണ്ട ചുമതലയും അവർക്കാണ്. എന്നാൽ പിഴ അടയ്ക്കുന്നത് വരെ വണ്ടി ചരക്കുസഹിതം ജിഎസ്ടി കസ്റ്റഡിയിലെടുക്കും. ഇത്രയും ബില്ലടച്ച് വാങ്ങിയ സാധനങ്ങൾ കസ്റ്റഡിയിലെടുത്താൽ അത്രയുംദിവസം പണി മുടങ്ങുമെന്നതുകൊണ്ട് തുടർപണിക്കായി വീട്ടുടമ തന്ന പണവും അപ്പോൾ തന്നെ കൂട്ടുകാരെ ഫോണിൽ വിളിച്ച് കടമായി വാങ്ങിയ പണവും ചേർത്ത് 50000 രൂപ ഫൈൻ അടച്ച് ശ്യാംലാൽ തലയൂരി.

എന്നാൽ അത്താഴപ്പഷ്ണിക്കാരനായ ശ്യാംലാലിന് 50000 രൂപയെന്നാൽ അങ്ങനെ വിട്ടുകൊടുക്കാൻ കഴിയുന്ന ഒരു സംഖ്യ ആയിരുന്നില്ല. സ്വന്തമായി ഒരു വീടോ സ്ഥലമോ ഇല്ലാത്ത ശ്യാം കുറച്ചുസ്ഥലം വാങ്ങി ഒരു വീട് തട്ടിക്കൂട്ടാനുള്ള പെടാപ്പാടിലാണ്. അതുകൊണ്ടുതന്നെ 50000 രൂപയെന്നാൽ ശ്യാംലാലിനത് സ്വന്തം ജീവിതത്തിന്റെ വിലയാണ്. അതുകൊണ്ടാണ് പണം തിരിച്ചുലഭിക്കാൻ അപ്പീൽ പോകാനുള്ള ശ്രമങ്ങൾ ശ്യാംലാൽ നടത്തിയത്. അറിവില്ലായ്മ കൊണ്ടുണ്ടായ ഒരു സാങ്കേതികപിഴവിന് ഈ ഭീമമായ പിഴ അനീതിയാണെന്നും അപ്പീൽ പോയാൽ ഉറപ്പായും പണം തിരിച്ചുലഭിക്കുമെന്നും ശ്യാംലാലിനോട് പറഞ്ഞത് ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെയാണ്. എന്നാൽ ഫൈൻ ഏഷ്യൻ ഗ്ലാസിന്റെ പേരിലായതിനാൽ അവർക്ക് മാത്രമേ അപ്പീൽ പോകാൻ കഴിയുകയുള്ളു.

കഴിഞ്ഞ ഒരു മാസമായി ശ്യാംലാൽ ഏഷ്യൻ ഗ്ലാസിന് പിന്നാലെ നടക്കുകയാണ്. എന്നാൽ അപ്പീൽ നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഏഷ്യൻ ഗ്ലാസ് അധികൃതർ. അവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച്ചയ്ക്കാണ് ശ്യാംലാലിന് 50000 രൂപ ഫൈൻ അടയ്ക്കേണ്ടി വന്നത്. എന്നാൽ അപ്പീൽ നൽകി തങ്ങളുടെ സ്ഥിരം കസ്റ്റമറായ ശ്യാംലാലിന് ആ പണം തിരിച്ചുവാങ്ങിനൽകാനോ അല്ലെങ്കിൽ ശ്യാമിന് നഷ്ടപ്പെട്ട 50000 രൂപ അദ്ദേഹത്തിന് നൽകാനോ ഏഷ്യൻ ഗ്ലാസ് അധികൃതർക്ക് യാതൊരു താൽപര്യവുമില്ല. ഏഷ്യൻ ഗ്ലാസ് അധികൃതരുടെ പിന്നാലെ നടന്ന് തളർന്നിരിക്കുകയാണ് ശ്യാം.

അതിസമ്പന്നരായ ഏഷ്യൻ ഗ്ലാസ് ഉടമകൾക്ക് 50000 രൂപ എന്നത് ഒരു ചെറിയ സംഖ്യയായിരിക്കാം. എന്നാൽ ശ്യാംലാലിനെ പോലുള്ള പാവങ്ങൾക്ക് അത് മൂന്ന് മാസത്തെ അധ്വാനത്തിന്റെ ആകെ മൂല്യമാണ്. ഈ കോവിഡ് കാലത്ത് 50000 രൂപയ്ക്ക് ലക്ഷത്തിന്റെ വിലയാണെന്ന് ശ്യാംലാൽ പറയും.

ജിഎസ്ടിയിൽ ഒരു അപ്പീൽ നൽകുന്നതുകൊണ്ട് ഏഷ്യൻ ഗ്ലാസിന് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് വിഷാദക്കുണ്ടിൽ വീണ ഒരു ജീവിതം ചിലപ്പോൾ വീണ്ടും പൂവിടും തളിരിടും. എന്നാൽ തങ്ങളെകൊണ്ട് മറ്റാർക്കും ഗുണമുണ്ടാകരുതെന്ന പിടിവാശിയിലാണോ ഏഷ്യൻ ഗ്ലാസ് എന്നറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP