Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

7500 രൂപ വാടകയുള്ള ദർബാർഹാൾ ആർട്ട് ഗാലറി ബുക്ക് ജനുവരി ഒന്നിന് ചിത്രപ്രദർശനത്തിനായി ചെയ്തു; ബുക്കിങ് ലഭിച്ചത് ഡിസംബർ 26 മുതൽ 30 വരെയുള്ള തീയതികളിലും; ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരവേ നിനച്ചിരിക്കാതെ എത്തിയത് ചിത്രങ്ങൾക്ക് നിലവാരം ഇല്ലാത്തതിനാൽ താങ്കൾക്ക് അനുവദിച്ച തീയതി പിൻവലിക്കുന്നു എന്ന അക്കാദമി സെക്രട്ടറിയുടെ കത്ത്; ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് നാഴികയ്ക്ക്‌ നാൽപ്പതുവട്ടം പറയുന്ന ലളിതകലാ അക്കാദമി ഷൈനി സുധീറിനോട് പകപോക്കുന്ന വിധം

7500 രൂപ വാടകയുള്ള ദർബാർഹാൾ ആർട്ട് ഗാലറി ബുക്ക് ജനുവരി ഒന്നിന് ചിത്രപ്രദർശനത്തിനായി ചെയ്തു; ബുക്കിങ് ലഭിച്ചത് ഡിസംബർ 26 മുതൽ 30 വരെയുള്ള തീയതികളിലും; ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരവേ നിനച്ചിരിക്കാതെ എത്തിയത് ചിത്രങ്ങൾക്ക് നിലവാരം ഇല്ലാത്തതിനാൽ താങ്കൾക്ക് അനുവദിച്ച തീയതി പിൻവലിക്കുന്നു എന്ന അക്കാദമി സെക്രട്ടറിയുടെ കത്ത്; ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് നാഴികയ്ക്ക്‌ നാൽപ്പതുവട്ടം പറയുന്ന ലളിതകലാ അക്കാദമി ഷൈനി സുധീറിനോട് പകപോക്കുന്ന വിധം

എം മനോജ് കുമാർ

കൊച്ചി: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞു പ്രഖ്യാപിച്ച അവാർഡുകൾ പിൻവലിക്കില്ലെന്നു തീരുമാനിച്ച  കേരള ലളിതകലാ അക്കാദമി ഒരു മുതിർന്ന ചിത്രകാരിക്ക് മുൻപിൽ ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ വാതിലുകൾ അടച്ചിടുന്നു. കേരളത്തിലെ മികച്ച ചിത്രകാരികളിൽ ഒരാളും രണ്ടു പതിറ്റാണ്ടായി ചിത്രപ്രദർശനങ്ങൾ നടത്തുന്ന ചിത്രകാരിയുമായ ഷൈനി സുധീറിന്റെ ചിത്രപ്രദർശനത്തിനു ദർബാർഹാൾ ആർട്ട് ഗ്യാലറി നിഷേധിച്ചാണ് ലളിതകലാ അക്കാദമി അവകാശ നിഷേധം നടത്തുന്നത്. സോളോ, ഗ്രൂപ്പ് എക്‌സിബിഷനുകൾ നടത്തി രണ്ടു പതിറ്റാണ്ടായി ചിത്രരംഗത്ത് നിലകൊള്ളുന്ന ഈ മുതിർന്ന ചിത്രകാരിയുടെ ചിത്രങ്ങൾക്ക് ദർബാർ ഹാളിൽ പ്രദർശിപ്പിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞാണ് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ചിത്രകാരിക്ക് മുൻപിൽ ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ വാതിലുകൾ കൊട്ടിയടച്ചത്. അക്കാദമിയുടെ തീരുമാനം ചിത്രകാരന്മാർക്കിടയിൽ വൻ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡുകൾ വിവാദമായപ്പോൾ സർക്കാർ നിലപാട് തള്ളിയാണ് അവാർഡുകൾ പിൻവലിക്കില്ലെന്ന തീരുമാനം പിൻവലിക്കാൻ കൂട്ടാക്കാതെ അക്കാദമി പറഞ്ഞ ന്യായം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രശ്‌നമായിരുന്നു. കാർട്ടൂൺ പുരസ്‌ക്കാര വിവാദം ഉയർന്നപ്പോൾ സർക്കാരിനെയും മന്ത്രി എ കെ ബാലനെയും തള്ളിയാണ് ലളിതകലാ അക്കാദമി മുന്നോട്ടു വന്നത്. ജൂറി തീരുമാനം അന്തിമമാണെന്നും തീരുമാനം ഏകകണ്ഠമാണെന്നുമാണ് അക്കാദമി വ്യക്തമാക്കിയത്. അവാർഡുകൾ പിൻവലിക്കുകയും ചെയ്തില്ല. ഇങ്ങിനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച ഇതേ അക്കാദമിതന്നെയാണ് മുതിർന്ന ചിത്രകാരിക്ക് ചിത്രപ്രദർശനം നടത്താൻ ദർബാർ ഹാൾ വിട്ടുകൊടുക്കാതിരിക്കുന്നത്. .

7500 രൂപ വാടകയുള്ള ദർബാർ ഹാൾ ജനുവരി ഒന്നിന് ബുക്ക് ചെയ്യുകയും ഡിസംബർ മാസം പ്രദർശനത്തിന് അനുമതി നൽകുകയും ചെയ്ത ശേഷമാണ് ഈ മുതിർന്ന ചിത്രകാരിയെ അപമാനിക്കും വിധം ചിത്രങ്ങൾ പ്രദർശന യോഗ്യമല്ല എന്ന മുരട്ടുന്യായം പറഞ്ഞു അനുമതി നിഷേധം നടത്തുന്നത്. പെയിന്റിംഗുകൾ വിലയിരുത്തുക കലാ നിരൂപകർക്ക് തന്നെ വെല്ലുവിളി ഉയർത്തുന്ന കാര്യമായിരിക്കയാണ് ചിത്രങ്ങൾക്ക് നിലവാരമില്ലെന്നു അക്കാദമി ഏകപക്ഷീയമായി കണ്ടെത്തിയത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധത്തിന്നെതിരായ പ്രതിഷേധങ്ങളുടെ ഒരുപാട് പ്രക്ഷോഭമുഖങ്ങൾക്ക് സാക്ഷിയായ അതേ ദർബാർ ഹാൾ തന്നെയാണ് ചിത്രകാരിയുടെ മുന്നിൽ അവകാശ നിഷേധമായി ഇപ്പോൾ കൊട്ടിയടക്കപ്പെടുന്നത് എന്നത് വിരോധാഭാസമായി നിലനിൽക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് ബുക്ക് ചെയ്തപ്പോൾ വരുന്ന ഡിസംബറിൽ തീയതികൾ നൽകിയശേഷമാണ് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ കത്ത് ഷൈനി സുധീറിന് ലഭിക്കുന്നത്. നിങ്ങളുടെ ചിത്രങ്ങൾ ദർബാർ ഹാൾ പോലുള്ള ഒരു അക്കാദമി ഹാളിൽ പ്രദർശിപ്പിക്കാൻ നിലവാരമില്ലെന്നാണ് കത്തിലൂടെ അക്കാദമി സെക്രട്ടറി വ്യക്തമാക്കുന്നത്.

മൂന്നു വർഷം ചിത്രകലയിലെ കെജിടിഇ കോഴ്സും കഴിഞ്ഞു അഞ്ച് വർഷം ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പഠിച്ച് ബിരുദമെടുത്ത് ഇറങ്ങിയ മുതിർന്ന ചിത്രകാരിക്കാണ് അക്കാദമി ഭാരവാഹികൾ നിന്നും ഇങ്ങിനെ തിക്താനുഭവമുണ്ടായത്. കേരളത്തിലെ ലളിതകലാ അക്കാദമിയുടെ പ്രവർത്തനത്തേയും രീതികളെയും കുറിച്ച് ഒട്ടനവധി സംശയങ്ങൾ ഉയർത്തുന്നതാണ് ഷൈനി സുധീറിന് ദർബാർ ഹാൾ നിഷേധിച്ച അക്കാദമി ഭാരവാഹികളുടെ നടപടികൾ. ലളിതകലാ അക്കാദമി എപ്പോഴും ഒരു കോക്കസിന്റെ കയ്യിൽ അകപ്പെടും എന്നാണ് ചിത്രകാരന്മാരിൽ നിന്നും ഉയരുന്ന ആരോപണം. എല്ലാ കാലവും അക്കാദമി ഭരിക്കാനെത്തുന്നവർക്ക് എപ്പോഴും ഒരു കോക്കസുണ്ടാകും. അക്കാദമി പരിപാടികളിൽ ഭാഗഭാക്കാകുകയും സഹായം എത്തിക്കുകയും ചെയ്യുന്നത് ഒപ്പമുള്ളവർക്കാകും. മറ്റുള്ളവർ അവഗണിക്കപ്പെടുകയും നിരാശരാകുകയും ചെയ്യും. ഇത് എല്ലാ കാലവും ചിത്രകാരന്മാർക്കിടയിൽ എതിർപ്പും രോഷവുമുണ്ടാകുന്ന കാര്യമാണ്.

ദർബാർ ഹാളിനെ സംബന്ധിച്ചാണെങ്കിൽ പലപ്പോഴും ദർബാർ ആർട്ട് ഗ്യാലറി ഒഴിഞ്ഞു കൊടുക്കും. പക്ഷെ ചിത്രകാരന്മാർക്ക് നൽകില്ല. തീയതി നൽകണമെങ്കിൽ ജനുവരി ഒന്നിന് തന്നെ ബുക്ക് ചെയ്യണമെന്നു പറഞ്ഞു. ഒന്നാം തീയതി ബുക്ക് ചെയ്തിട്ടില്ലെങ്കിൽ തീയതി ലഭിക്കില്ല. ഒന്നാം തീയതി ബുക്ക് ചെയ്താൽ തന്നെ അക്കാദമി അധികൃതർക്ക് കണ്ണ് തുറക്കാൻ ബുദ്ധിമുട്ടുമാകും. തീയതി ഇല്ലാ എന്ന് പറയും. നൽകിയ തീയതികൾ തന്നെ മാസങ്ങൾ കഴിഞ്ഞുമാകും. ഇത് ചിത്രകാരന്മാർക്കിടയിൽ മുൻപ് തന്നെ പ്രതിഷേധമുണ്ടാക്കിയ കാര്യമാണ്. ഇതേ പ്രതിഷേധം തന്നെയാണ് ചിത്രകാരി ഷൈനി സുധീറും ഉയർത്തുന്നത്.

നേരിട്ട തിക്താനുഭവങ്ങൾ ഷൈനി സുധീർ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:

ദർബാർ ഹാളിൽ രണ്ടു വർഷമായി ഗാലറി കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഇക്കുറി ജനുവരി ഒന്നിന് തന്നെ ചിത്രപ്രദർശനം ബുക്ക് ചെയ്തു. ബുക്കിങ് ലഭിച്ചത് ഡിസംബർ മാസവും. 26 മുതൽ 30 വരെയുള്ള ഡേറ്റുകൾ അങ്ങിനെ തീയതികൾ ചിത്രപ്രദർശനത്തിന്റെ ഭാഗമായി ദർബാർ ഹാൾ അധികൃതർ തന്നെ ബ്ലോക്ക് ചെയ്തു. പ്രദർശനത്തിന്റെ ഭാഗമായി ഞാൻ ചിത്രങ്ങളുടെ ഫോട്ടോകൾ ബയോഡാറ്റ എന്നിവ അയച്ചു. എന്നാൽ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ജൂലൈ ആദ്യവാരം അക്കാദമിയുടെ ലെറ്റർ വന്നു. നിങ്ങളുടെ ചിത്രങ്ങൾ ദർബാർ ഹാളിൽ പ്രദർശിപ്പിക്കാൻ കഴിയില്ല. അതിനുള്ള നിലവാരം ഇല്ല എന്നാണ് കത്തിൽ പറയുന്നത്. ഞാൻ പകച്ചുപോയി.... സ്ഥിരമായി പ്രദർശനങ്ങൾ നടത്തുന്നയാളാണ്. ഇതുവരെ അക്കാദമിയുടെ ഭാഗത്ത് നിന്ന് അങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അഞ്ച് വർഷം ഫൈൻ ആർട്‌സ് കോളേജിൽ പഠിച്ചയാളാണ്. മൂന്നു വർഷം കെജിടിഇ കോഴ്സും ചെയ്തിട്ടുണ്ട്.എല്ലാം പാസായ ആളാണ്. അവരൊക്കെ എനിക്ക് തന്ന സർട്ടിഫിക്കറ്റുകൾ നിലവാരം ഇല്ലാത്ത ചിത്രങ്ങൾ വരയ്ക്കാൻ ഉള്ളതാണോ? എന്നാണ് എനിക്ക് സംശയം. ഇത് ഒരു ദുരനുഭവമായി എനിക്ക് തോന്നുകയും ചെയ്തു.

തീരുമാനം അക്കാദമിയുടെ സെക്രട്ടറി പൊന്ന്യം ചന്ദ്രന്റേത് എന്ന് അക്കാദമി

കാര്യങ്ങൾ അറിയാൻ ഞാൻ അക്കാദമിയിലേക്ക് വിളിച്ചു. അക്കാദമിയിൽ നിന്ന് എന്നോട് പറഞ്ഞത് ചിത്രകലാ പ്രദർശനത്തിന് അനുമതി നിഷേധിച്ചത് പൊന്ന്യം ചന്ദ്രനാണെന്നാണ്. അദ്ദേഹമാണ് അക്കാദമി സെക്രട്ടറി. കൂടുതൽ വിവരങ്ങൾക്ക് അദ്ദേഹത്തെ വിളിച്ച് വിവരം തിരക്കാൻ അക്കാദമിയിൽ നിന്നും പറഞ്ഞു. നമ്പറും തന്നു. ഞാൻ അദ്ദേഹത്തിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞു. ഞാൻ പൊന്ന്യം ചന്ദ്രനെ വിളിച്ചു. നിങ്ങളുടെ ചിത്രങ്ങൾക്ക് നിലവാരം ഇല്ലെന്നു കണ്ടെത്തിയത് ഒരു കമ്മറ്റിയാണ്. കമ്മറ്റിയാണ് തീരുമാനം എടുത്തത്. ഞാൻ പറഞ്ഞു ബയോഡാറ്റ വച്ചിട്ടുണ്ടായിരുന്നു..ചിത്രങ്ങളുടെ നല്ല ഫോട്ടോഗ്രാഫ് തന്നെയാണ് വെച്ചിരുന്നത്...പിന്നെ എങ്ങിനെയാണ് ചിത്രങ്ങളുടെ നിലവാര തകർച്ച എന്ന് ചോദിച്ചു. ഇതിനു മുൻപ് ഇങ്ങിനെ സംഭവിച്ചിട്ടില്ലല്ലോ എന്നും ചോദിച്ചു. നല്ല നല്ല ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിക്കാറ്. . നിങ്ങളുടെ ചിത്രങ്ങൾ സൂക്ഷ്മ പരിശോധനയിൽ യോഗ്യതയില്ല എന്ന് കണ്ടെത്തി. ..എന്താണ് അയോഗ്യത എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഫോൺ കട്ട് ചെയ്തു. തിരിച്ചു വിളിച്ചപ്പോൾ ഫോൺ പിന്നീട് എടുത്തതുമില്ല.

ചിത്രപരിശോധനയ്ക്കുള്ള കമ്മറ്റി ഏകാംഗ കമ്മറ്റി; അംഗമായി പൊന്ന്യം ചന്ദ്രൻ മാത്രം

വിവരാവകാശ പ്രകാരം കമ്മറ്റി മെംബേർസ് ആരൊക്കെ എന്ന് തിരക്കാൻ ഞാൻ തീരുമാനിച്ചു. അതിനായി വിവരാവകാശ പ്രകാരം അപേക്ഷ നൽകി. വിവരാവകാശ പ്രകാരം എനിക്ക് ലഭിച്ച വിവരങ്ങൾ ഇങ്ങനെ: ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ യോഗ്യതയില്ല എന്ന് കണ്ടെത്തിയത് ഏകാംഗ കമ്മറ്റിയാണ്. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ മാത്രമാണ് ഈ കമ്മിറ്റിയിലെ അംഗം. ഒരൊറ്റയാൾ കമ്മറ്റിയാണിത്. ആ കമ്മറ്റിയിൽ ഉള്ളത് പൊന്ന്യം ചന്ദ്രൻ മാത്രമാണ്. ചിത്രങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഒരൊറ്റയാൾ കമ്മറ്റി എന്ന് ഞാൻ കേട്ടിട്ടുപോലുമില്ല. പൊന്ന്യം ചന്ദ്രൻ മാത്രം അംഗമായ ഒറ്റയാൾ കമ്മറ്റിയാണ് എന്റെ ചിത്രപ്രദർശനത്തിനുള്ള അനുമതി നിഷേധിച്ചത്. അത് എന്തിന്റെ പേരിലാണ് എന്ന് എനിക്ക് അറിയില്ല. 7500 രൂപ നൽകി ദർബാർ ഹാൾ ബുക്ക് ചെയ്ത എനിക്കാണ് അക്കാദമി സെക്രട്ടറി യോഗ്യതയില്ല എന്ന് പറഞ്ഞു അനുമതി നിഷേധം നടത്തിയത്. അപ്പോഴും ഈ തീയതികളിൽ ദർബാർ ഹാൾ ഒഴിഞ്ഞു കിടക്കുകയാണ് എന്ന് ഓർക്കണം. വാടക നൽകിയാണ് ഗാലറി ബുക്ക് ചെയ്യുന്നത്. 7500 സർക്കാരിലേക്കാണ് പോകുന്നത്. അതും ഓർക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാൻ ചിത്രം വരയ്ക്കുന്നത്. നേരം പോക്കിനും വേണ്ടിയല്ല. ചിത്രകല എന്റെ ആത്മാവിന്റെ ഭാഗമാണ്.

 

ഇതൊരു സപര്യകൂടിയാണ് എനിക്ക്. അതും ഓർക്കണം. ഇത്തരമൊരു ഭരണപക്ഷ അനുഭാവമുള്ള ആളുകൾക്ക് മാത്രമാണ് ഇവിടെ സ്ഥാനം. ക്യാമ്പുകളും അങ്ങിനെയുള്ള ആളുകൾക്ക് മാത്രമാണ്. ചിത്രപ്രദർശനത്തിനു അക്കാദമി ഗ്രാന്റ് അനുവദിക്കുന്നുണ്ട്. 50000 രൂപ.. എന്നാൽ ഇതൊക്കെ ലഭിക്കുന്നത് ചിത്രകാരന്മാർ അല്ലാത്ത ആളുകൾക്കാണ്...ഒരു ക്യാമ്പ് അറ്റൻഡ് ചെയ്യാൻ പോയപ്പോൾ ഒരാൾ എന്നോട് പറഞ്ഞത് ഞാൻ ചിത്രകാരനല്ല. രാഷ്ട്രീയക്കാരനാണ് എന്നാണ്. ആർക്കും ചിത്രകാരൻ ആകാവുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ചിത്രകാരിയാകാൻ കൊതിച്ച് അതിനുള്ള കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ ഒരു കലാകാരിയോടാണ് അവഗണന. ചിത്രരംഗത്ത് രാഷ്ട്രീയക്കാർ കേറി മേയുകയാണ്. വർഷങ്ങൾ ആയി ഞാനീ രംഗത്തുണ്ട്. എനിക്ക് ഇതുവരെ അക്കാദമിയിൽ നിന്ന് ഇതുവരെ ദുരനുഭവം ഉണ്ടായിട്ടില്ല. മറ്റൊരു കാര്യം ഇതുപോലുള്ള ഒരു മുദ്ര മുതിർന്ന ചിത്രകാരിയായ എനിക്ക് അക്കാദമി ചാർത്തി തന്നാൽ പിന്നീട് വരുന്നവരെ എന്നെ കാണുന്നത് എങ്ങനെയാകും? വലിയൊരു അസ്തിത്വ പ്രശ്‌നം കൂടി പൊന്ന്യം ചന്ദ്രന്റെ പ്രതികരണത്തിൽ ഒളിഞ്ഞിരിപ്പുമുണ്ട്. പാർട്ടി പരിപാടികൾക്ക് പോകാറില്ല. സിപിഎം വിളിച്ചാൽ ചുമരിൽ ചിത്രം വരയ്ക്കാനും പോകാറില്ല. ഇതാണ് അയോഗ്യതയ്ക്ക് കാരണമായി എനിക്ക് തോന്നുന്നത്. രാഷ്ട്രീയമാണ് വിധി നിർണ്ണയിക്കുന്നത്-ഷൈനി സുധീർ പറയുന്നു.

ചിത്രങ്ങൾക്ക് നിലവാരമില്ല; ദർബാർ ഹാൾ നിഷേധിച്ചത് മോശം കാര്യമായി തോന്നുന്നില്ല: പൊന്ന്യംചന്ദ്രൻ

ദർബാർ ഹാൾ സാധാരണ ഗാലറിയല്ല. വളരെ പ്രധാനപ്പെട്ട ഒരു ഗാലറിയാണ്. നിലവാരം ഉള്ള ചിത്രങ്ങൾ മാത്രമേ അവിടെ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന് എന്ന് ഒരു തീരുമാനം എടുത്തിട്ടുണ്ട്-ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ മറുനാടനോട് പറഞ്ഞു. പ്രദർശന ചിത്രങ്ങളുടെ ഫോട്ടോ സമർപ്പിക്കണം എന്ന് ആവശ്യപ്പെടാറുണ്ട്. പക്ഷെ ഫോട്ടോ കണ്ടപ്പോൾ നിലവാരം ഇല്ലെന്നു മനസിലായി. അതുകൊണ്ട് പ്രദർശനം നിഷേധിച്ചു. പല ചിത്രകാരന്മാർക്കും പ്രദർശനം നിഷേധിക്കുന്നുണ്ട്. ലളിതകലാ അക്കാദമി ചിത്രകാരന്മാർക്ക് വേണ്ടിയല്ലേ? നാല്പതുകൊല്ലക്കാലം അക്കാദമി എന്നെ പരിഗണിച്ചതേയില്ല. പക്ഷെ ഈ നാല്പതുകൊല്ലവും ഞാൻ ഈ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഞാൻ ചിത്രകാരൻ അല്ലാതാകുമോ? ഷൈനി സുധീറിന് ദർബാർ ഹാൾ നിഷേധിച്ചത് മോശം കാര്യമായി തോന്നുന്നില്ല. ലളിതകലാ അക്കാദമി കോക്കസിന്റെ പിടിയിലാണല്ലോ എന്ന ആക്ഷേപമുണ്ടല്ലോ എന്ന നിങ്ങളുടെ ചോദ്യമെല്ലാം വേണ്ടാത്ത ചോദ്യമാണ്. ഇതിൽ ഒന്നും ഒരു കോക്കസുമില്ല. ഇനി ഷൈനി സുധീർ ഫോട്ടോ മാറ്റി നൽകിയാൽ അതും പരിശോധിക്കും. എന്നിട്ടു വേണമെങ്കിൽ വീണ്ടും തീരുമാനം കൈക്കൊള്ളും-പൊന്ന്യം ചന്ദ്രൻ പറയുന്നു.

എന്തായാലും ഷൈനി സുധീറിന് അക്കാദമി ദർബാർ ഹാൾ നിഷേധിച്ച പ്രശ്‌നം ചിത്രകാരന്മാർക്കിടയിൽ പുകയുകയാണ്. വാടക നൽകി പ്രദർശനം നടത്തുമ്പോൾ അതിനു എന്തിനു വിലക്ക് ഏർപ്പെടുത്തണം എന്ന ചോദ്യമാണ് ചിത്രകാരന്മാരിൽ നിന്നും ഉയരുന്നത്. ചിത്രങ്ങളെ വിലയിരുത്തുമ്പോൾ അതിനു എന്ത് മാനദണ്ഡം എന്നും ചോദ്യം ഉയരുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് എപ്പോഴും ചിത്രകാരന്മാർക്ക് വേണ്ടി നിലകൊള്ളേണ്ട ലളിതകലാ അക്കാദമി തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP