Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യഥാർത്ഥ വില്ലൻ ഖനന വ്യവസായി ഗണേശ് എന്ന് പൊലീസ്; ബംഗ്ളൂരു കിഡ്നാപ്പിങ് കേസിൽ ആന്റി ക്ളൈമാക്സ്; ഓർത്തഡോക്സ് സഭാ നേതാവ് ബാബുപാറയിലിനെ തട്ടിപ്പുകേസിൽ തിരക്കഥമെനഞ്ഞ് കുടുക്കിയതെന്ന് പുതിയ ട്വിസ്റ്റ്; മലേഷ്യയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയപ്പോൾ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ജീവിതപങ്കാളിയെ തടഞ്ഞു വച്ച് പൊലീസ്; പ്രവാസി വ്യവസായി മഠത്തിൽ സണ്ണിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെന്ന് ആരോപണം

യഥാർത്ഥ വില്ലൻ ഖനന വ്യവസായി ഗണേശ് എന്ന് പൊലീസ്; ബംഗ്ളൂരു കിഡ്നാപ്പിങ് കേസിൽ ആന്റി ക്ളൈമാക്സ്; ഓർത്തഡോക്സ് സഭാ നേതാവ് ബാബുപാറയിലിനെ തട്ടിപ്പുകേസിൽ തിരക്കഥമെനഞ്ഞ് കുടുക്കിയതെന്ന് പുതിയ ട്വിസ്റ്റ്; മലേഷ്യയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയപ്പോൾ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ജീവിതപങ്കാളിയെ തടഞ്ഞു വച്ച് പൊലീസ്; പ്രവാസി വ്യവസായി മഠത്തിൽ സണ്ണിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെന്ന് ആരോപണം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ബംഗളൂരുവിൽ മലയാളി വ്യവസായിയെ കിഡ്നാപ് ചെയ്തുവെന്ന കേസിൽ വാദി പ്രതിയാകുന്നു. ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗം ബാബു പാറയിലിനെതിരെ ഉയർന്ന തട്ടിക്കൊണ്ടുപോകൽ കേസിലെ പരാതിക്കാരൻ കുടുങ്ങുകയാണ്. തന്നേ തട്ടിക്കോണ്ടുപോയി എന്ന് പൊലീസിൽ മൊഴി നൽകിയ ഈ കേസിലെ വാദി എസ് എൻ ഗണേശ് ആണ് നെടുമ്പാശേരിയിൽ എയർപോർട്ട് പൊലീസിന്റെ പിടിയിലായത്.

പ്രവാസി വ്യവസായി മഠത്തിൽ സണ്ണി, ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മറ്റിയംഗം ബാബു പാറയിൽ മകൻ പ്രഭാത് എന്നിവർ പ്രതിചേർക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത ബംഗളൂരുവിലെ തട്ടിക്കോണ്ടുപോകൽ കേസിൽ വമ്പൻ വഴിത്തിരിവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ഭർത്താവാണ് എസ് എൻ ഗണേശ്.

മലേഷ്യയിൽ നിന്നും വരുന്ന വഴിയാണ് എയർപോർട്ടിൽ നിന്നും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ഹൊളേമാവ് പൊലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഉടനെ ഇയാൾ കസ്റ്റഡിയിലായത്. വിവരം കൈമാറിയതിനെ തുടർന്ന് ഗണേശിനെ കസ്റ്റഡിയിൽ എടുക്കാൻ ഹൊളേമാവ് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

പത്തനംതിട്ട സ്വദേശിയും ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗവുമായ ജോസഫ് സാം അഥവാ ബാബുപാറയിൽ ബംഗളൂരുവിൽ അറസ്റ്റിലായതോടെയാണ് സംഭവം വെളിച്ചത്തുവരുന്നത്. തട്ടിപ്പും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഗണേശ് നൽകിയ പരാതിയിൽ പത്തോളം പേർ അറസ്റ്റിലാവുകയായിരുന്നു. ബാബു പാറയിൽ, മകൻ പ്രഭാത്, പ്രവാസി ബിസിനസ്സുകാരനായ മഠത്തിൽ സണ്ണി എന്നിവരും കൂട്ടരും ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയാണ് ഉയർന്നത്. ഇതോടെ ഇവർ അറസ്റ്റിലായി.

30 വർഷമായി ബംഗളൂരുവിൽ ഖനന വ്യവസായം നടത്തുന്ന എൻ.എസ്.ഗണേശുമായി ചേർന്ന് പങ്കാളിത്തകൃഷി തുടങ്ങുകയും തമ്മിൽ തെറ്റുകയും ചെയ്തു. ബാബുപാറയിലും കൂട്ടരും, ഗൂണ്ടകളെ ഉപയോഗിച്ച് ഗണേശിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടവെന്നും ആയിരുന്നു ആക്ഷേപം. പൊലീസ് പിടിയിലായപ്പോഴും ഇവർ കേരളത്തിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നു പറഞ്ഞ് ഉന്നതരുടെ പേരുപയോഗിച്ച് രക്ഷപ്പെടാനും ശ്രമിച്ചതായും എന്നാൽ ഈ അവകാശവാദങ്ങൾ ചെവിക്കൊള്ളാതെ പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയും ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു അറസ്റ്റ്.

എന്നാൽ അറസ്റ്റിലായ ബാബുപാറയിലും സംഘവും ജാമ്യത്തിൽ ഇറങ്ങിയ ശേഷം കാര്യങ്ങളെല്ലാം വിശദമാക്കി ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിൽ അന്വേഷണം നടത്തിയതോടെ പൊലീസിന് ഗണേശിന്റെ ഇടപാടുകളിലും സംശയമുയർന്നു. ഇതോടെ ബാബുവിന്റെ പരാതിയിൽ അേന്വഷണം നടത്തിയ ഹൊളേമാവ് പൊലീസ് ഗണേശിനെതിരെ കേസെടുക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇതിനിടെ ഗണേശ് വിദേശത്തേക്ക് കടന്നിരുന്നു.

ബംഗളൂരുവിലെ താമസം സംബന്ധിച്ച് ഗണേശ് നൽകിയിരുന്ന വിലാസങ്ങൾ എല്ലാം തന്നെ വ്യാജമായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാസങ്ങളോളം ഇയാളെ കണ്ടെത്താൻ ബാംഗ്ലൂർ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടൂരിലെ വിലാസം ഇതിനിടെ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

സലീംസദൻ, ഏഴംകുളം, ചെനിക്കുഴി, അടൂർ എന്നാണ് എയർപോർട്ട് പൊലീസിന് ഇയാൾ നൽകിയിരുന്ന വിലാസം. കേസിൽ ഗണേശ് നൽകിയമൊഴി വ്യാജമായിരുന്നെന്നും മഠത്തിൽ സണ്ണിയുടെ കൈയിൽ നിന്നും കബളിപ്പിച്ച് തരപ്പെടുത്തിയ ഒരു കോടിയിൽപരം രൂപ തിരിച്ച് നൽകാതിരിക്കാൻ മെനഞ്ഞ തിരക്കഥയായിരുന്നു തട്ടിക്കൊണ്ടുപോകൽ കേസ് എന്നുമാണ് ഹോളിമാവ് പൊലീസിന്റെ കണ്ടെത്തൽ.

ജി എസ് ജെ എന്നപേരിൽ രൂപീകരിച്ച കമ്പനിയുടെ പേരിൽ ഭൂമിപാട്ടത്തിനെടുത്ത് തുല്യമുതൽ മുടക്കിൽ കൃഷിചെയ്യുവാനുമായി അറസ്റ്റിലായ ബാബു പാറയിൽ ,സണ്ണിമഠത്തിൽ,ഗണേശ് എന്നിവർ തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. കൃഷി നോക്കി നടത്താൻ ഗണേശിന് അധികാരവും നൽകി. ഈ സാഹചര്യത്തിൽ ഗണേശ് പണം കൈക്കലാക്കി സ്ഥലം വിട്ടെന്നും തിരിച്ച് ചോദിച്ചപ്പോൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു വരുത്തി കേസിൽ പെടുത്തുകയായിരുന്നു എന്നുമാണ് ബാബു പാറയിൽ മറുനാടനുമായി പങ്കുവച്ച വിവരം.

പൊലീസിനെ പോലും കബളിപ്പിച്ച കിഡ്‌നാപ്പിങ് നാടകം

ബാബു പാറയിലിനേയും കൂട്ടരേയും അതീവ കൗശലത്തോടെയാണ് ഗണേശ് കുടുക്കിയത്. ഇതിനായി തിരക്കഥയും തയ്യാറാക്കി. ബാബു ബാറയിലിനേയും സംഘത്തേയും അറസ്റ്റ് ചെയ്ത സംഭവത്തോടെയാണ് ബംഗളൂരുവിൽ മലയാളി ്പ്രമുഖർ ഉൾപ്പെട്ട കിഡ്‌നാപ്പിങ് വിവരങ്ങൾ പുറത്തുവന്നത്. ഇതിന് വലിയ പ്രചാരവും ലഭിച്ചു. ബാബുവും സംഘവും അറസ്റ്റിലായ സംഭവത്തിൽ ഗണേശിന്റെ പരാതി പ്രകാരം പൊലീസ് ആദ്യം പറഞ്ഞ വിവരങ്ങൾ ഇങ്ങനെയായിരുന്നു.

എൻ.എസ്.ഗണേശ്, ബാബു പാറയിൽ, സണ്ണിമഠത്തിൽ, ബാബു പാറയിലിന്റെ മകൻ പ്രഭാത് എന്നിവർ ചേർന്ന് കഴിഞ്ഞ വർഷം ജിഎസ്ബി എന്ന പേരിൽ പാർട്ണർഷിപ്പ് കമ്പനി രൂപീകരിച്ചിരുന്നു. കൃഷിയും അനുബന്ധപ്രവർത്തനങ്ങളും നടത്താൻ വേണ്ടി 70 ഏക്കറോളം ഭൂമി പാട്ടത്തിനെടുത്തു. ബിസിനസിനായി മൂവരും തുല്യനിലയിലാണ് നിക്ഷേപം നടത്തിയത്. എന്നാൽ പിന്നീട് തമ്മിൽ തർക്കമുണ്ടായി.

നാൽവരും തമ്മിലുള്ള ചൂടേറിയ തർക്കത്തെ തുടർന്ന് പങ്കാളിത്തം ഓഴിയണമെന്ന് എൻ.എസ്.ഗണേശിനോട് മറ്റുള്ളവർ ആവശ്യപ്പെട്ടു. ഫാമിലെ വനിതാ ജീവനക്കാരോട് ബാബു പാറയിൽ നിരന്തരം മോശമായി പെരുമാറിയെന്നും ഇത് ചോദ്യംചെയ്തതാണ് ബാബു പാറയിൽ തനിക്കെതിരെ തിരിയാൻ കാരണമെന്നും ഗണേശ്് പൊലീസിനെ ധരിപ്പിച്ചു. ഈ സ്ത്രീ ബാബുവിനെതിരെ ഉന്നയിച്ച പരാതി കേസിലേക്ക് വഴുതാതെ ഒതുക്കി തീർത്തത് താൻ മുൻകൈയെടുത്തായിരുന്നു എന്നായിരുന്നു ഗണേശിന്റെ വാദം.

പാർട്ട്‌നർഷിപ്പിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും എന്നാൽ തന്റെ നിക്ഷേപമായ 67 ലക്ഷം രൂപ മടക്കി തരണമെന്നും താൻ ആവശ്യപ്പെട്ടെന്നും ഗണേശ് വ്യക്തമാക്കി. അനുരഞ്ജന ചർച്ചകൾക്കായി ബെംഗളൂരുവിലെ ശിവാനന്ദ സർക്കിളിലുള്ള പ്രണാം കംഫർട്ട് ഹോട്ടലിൽ മൂന്ന് പേരുമായി ഗണേശ് കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചകളിൽ തങ്ങൾക്ക് 1 കോടി രൂപ തന്നാൽ മാത്രമേ പാർട്ണർഷിപ്പിൽ നിന്ന് പിന്മാറുകയുള്ളുവെന്ന് മൂവരും വാശി പിടിച്ചതായും ഇതിനിടെ ഗുണ്ടകളെ കൊണ്ടുവന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഗണേശ് പരാതി നൽകിയത്.

എന്നാൽ പണം തിരികെ നൽകാതെ തങ്ങളെ കേസിൽ കുടുക്കുകയായിരുന്നു എന്ന ് ബാബുപാറയിലും സംഘവും ബോധ്യപ്പെടുത്തിയതോടെ ആണ് പൊലീസിന് കാര്യങ്ങൾ വ്യക്തമായത്. ഇതോടെയാണ് ഇപ്പോൾ വാദി പ്രതിയാകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതും ഗണേശിന്റെ അറസ്റ്റുണ്ടാകുന്നതും.

നേരത്തെ ഗണേശ് പറഞ്ഞ വാദങ്ങൾ ഇങ്ങനെ

ചർച്ച നടക്കുന്നതിനിടെ മുറിയിലേക്ക് പത്തോളം ഗൂണ്ടകൾ ഇരച്ചുകയറിവന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം തങ്ങളുടെ നേതാവിനെ കണ്ട് തീരുമാനങ്ങൾക്ക് വഴങ്ങണമെന്ന് ഗണേശിനോട് ആവശ്യപ്പെട്ടു. ബാബു പാറയിൽ,സണ്ണി മഠത്തിൽ, പ്രഭാത് എന്നിവരുടെ പിന്തുണയോടെ ഗൂണ്ടകൾ ഗണേശിനെ മഹാലക്ഷ്മി ലേഔട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഗുംഗുരു വെങ്കിടേഷ് എന്ന് കുപ്രസിദ്ധ ഗൂണ്ടാനേതാവുണ്ടായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഗണേശ് കരാറിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. നിക്ഷേപം മടക്കി വാങ്ങാതെ കരാറിൽ നിന്ന് പിൻവാങ്ങണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അടുത്ത ദിവസം 10 മണിക്ക് താൻ കരാറിന്റെ അസൽ രേഖകളുമായി എത്താമെന്ന് ഗണേശ് സമ്മതിച്ചു. നിക്ഷേപം മടക്കി വാങ്ങാതെ ഗണേശ് പിൻവാങ്ങുമെന്ന വിശ്വസിച്ച സംഘം രേഖകൾ കൊണ്ടുവരാനായി വിട്ടയച്ചു. ബന്ധുക്കളും കൂട്ടുകാരുമായി ആലോചിച്ചതിനെ തുടർന്ന് താൻ പൊലീസിൽ പരാതി നൽകുകയായിരുന്നു എന്നാണ് ഗണേശ് ആദ്യം വ്യക്തമാക്കിയത്. ഇതോടെ ബാബു പാറയിലും സംഘവും അറസ്റ്റിലായി. എന്നാൽ ബോധപൂർവം പൊലീസിനെ വഴിതെറ്റിക്കാൻ ഗണേശ് ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ആണ് ബംഗളൂരു തട്ടിക്കൊണ്ടുപോകൽ സംഭവത്തിന് ഇപ്പോൾ ആൻഡ്ി ക്‌ളൈമാക്‌സ് ഉണ്ടായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP