Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

കേരളത്തിലെ ഏറ്റവും സമർത്ഥനായ കുറ്റാന്വേഷകനായിട്ടും ടി.പി വധക്കേസ് പ്രതികളെ പിടിച്ചെന്ന കാരണത്താൽ പിണറായി സർക്കാർ ട്രാഫിക്കിലേക്ക് ഒതുക്കിയ അനൂപ് കുരുവിള ജോണിനെ കാബിനറ്റ് സെക്രട്ടേറിയറ്റിൽ നിയമിച്ച് കേന്ദ്രം; പിണറായിയുടെ അപ്രീതിക്ക് പാത്രമായ അനൂപ് ഇനി പ്രധാനമന്ത്രിയുടെ ടീമിൽ;  അന്താരാഷ്ട്ര തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാൻ ഇനി അനൂപ്

കേരളത്തിലെ ഏറ്റവും സമർത്ഥനായ കുറ്റാന്വേഷകനായിട്ടും ടി.പി വധക്കേസ് പ്രതികളെ പിടിച്ചെന്ന കാരണത്താൽ പിണറായി സർക്കാർ ട്രാഫിക്കിലേക്ക് ഒതുക്കിയ അനൂപ് കുരുവിള ജോണിനെ കാബിനറ്റ് സെക്രട്ടേറിയറ്റിൽ നിയമിച്ച് കേന്ദ്രം; പിണറായിയുടെ അപ്രീതിക്ക് പാത്രമായ അനൂപ് ഇനി പ്രധാനമന്ത്രിയുടെ ടീമിൽ;  അന്താരാഷ്ട്ര തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാൻ ഇനി അനൂപ്

സായ് കിരൺ

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനിയെയും സംഘത്തെയും അർദ്ധരാത്രിയിൽ മുടക്കോഴി മലയിലെ ഓപ്പറേഷനിൽ ഏറ്റുമുട്ടലിൽ കീഴടക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിന്റെ വിരോധത്തിന്, ട്രാഫിക്കിലേക്ക് ഒതുക്കപ്പെട്ട ഐ.ജി അനൂപ് കുരുവിള ജോണിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ നിയമിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയെ ഭരണനിർവഹണത്തിൽ സഹായിക്കുന്ന കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്‌സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ അനൂപിനെ നിയമിക്കാനാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാബിനറ്റ് സെക്രട്ടേറിയറ്റ്. കേരളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേകരിൽ പ്രമുഖനും അന്താരാഷ്ട്ര തീവ്രവാദ സംഘടനകളെ ഒതുക്കാൻ പരീശീലനം സിദ്ധിച്ചയാളുമാണ് അനൂപ് കുരുവിള ജോൺ.

ദേശീയ അന്വേഷണ ഏജൻസിയിലും (എൻ.ഐ.എ) തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലും പ്രവർത്തിച്ച് കാര്യക്ഷമത തെളിയിക്കുകയും നിരവധി തീവ്രവാദക്കേസുകൾ അന്വേഷിച്ച് കണ്ടെത്തുകയും അന്താരാഷ്ട്ര തീവ്രവാദ സംഘടനകളെ ഒതുക്കാൻ പ്രത്യേക പരിശീലനം നേടുകയും ചെയ്ത അനൂപ് കുരുവിള ജോണിനെ സംസ്ഥാനത്ത് ഒതുക്കി മൂലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. പൊലീസ് അക്കാഡമിയിലും ട്രാഫിക്കിലും റോഡ് സുരക്ഷയിലുമൊക്കെയായിരുന്നു അനൂപിനെ നിയോഗിച്ചത്. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ക്രമസമാധാന ചുമതല നൽകിയില്ല.

പകരം മതിയായ സംവിധാനങ്ങളും തസ്തികകളുമില്ലാത്ത തീവ്രവാദ വിരുദ്ധ സേനയിലാണ് നിയമിച്ചത്. ഐ.ജിയായപ്പോഴും കാക്കിയിടുന്ന തസ്തികകളൊന്നും അനൂപിന് നൽകാതെ ഒതുക്കി. ടെലികമ്മ്യൂണിക്കേഷൻ അടക്കം അപ്രധാന തസ്തികകളാണ് നൽകിയത്. ഇതേത്തുടർന്ന് നിരാശനായിരുന്ന അനൂപിന്റെ രക്ഷയ്ക്ക് കേന്ദ്രസർക്കാർ എത്തുകയായിരുന്നു. ഇത്രയും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്‌സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ നിയമിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. 2004ബാച്ച് കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അനൂപ് കുരുവിള ജോൺ.

ആദ്യഘട്ടത്തിൽ നാലു വർഷത്തേക്കാണ് നിയമനം. എത്രയും വേഗം അനൂപ് കുരുവിള ജോണിനെ സംസ്ഥാന സർവീസിൽ നിന്ന് വിടുതൽ നൽകി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് അയയ്ക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. ഇതോടെ, ട്രാഫിക്, റോഡ് സുരക്ഷ എന്നിവയുടെ ചുമതലയുള്ള ഐ.ജിയായിരുന്ന അനൂപിനെ കേന്ദ്രസർവീസിലേക്ക് വിട്ടുനൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടർ, പൊലീസ് മേധാവി, പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ എന്നിവർക്ക് ഉത്തരവ് കൈമാറി.

പാർട്ടിക്കെതിരേ പ്രവർത്തിച്ചെന്ന കുറ്റം പറഞ്ഞ്, സ്വന്തം ജോലി നിർവഹിച്ച അനൂപിനെ സർക്കാർ ക്രൂശിക്കുകയായിരുന്നു. അനൂപ് കുരുവിളയുടെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം തടഞ്ഞത്. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിങ് ഗ്രൗണ്ടായി കേരളം മാറിയെന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ തുറന്നുസമ്മതിച്ചിട്ടു പോലും അനൂപ് കുരുവിളയെ സുപ്രധാന തസ്തികയിൽ നിയമിച്ചതേയില്ല. തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ (ഐ.എസ്‌ഐ.ടി) വിഭാഗത്തിലൊന്നും അനൂപിനെ നിയമിച്ചില്ല. പകരം മാവോയിസ്റ്റുകളെ വേട്ടയാടാൻ കാട്ടിലേക്ക് വിടുകയായിരുന്നു.

അനൂപിന്റെ നിർദ്ദേശപ്രകാരം 2012 ജൂലൈ 14ന് മുടക്കോഴിമലയിൽ വച്ച് ടി.പി. വധക്കേസ് കൊലയാളി സംഘാംഗങ്ങളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതാണ് അദ്ദേഹത്തെ സിപിഎമ്മിന്റെയും സർക്കാരിന്റെയും ശത്രുവാക്കിയത്. കൊടി സുനിയെയും സംഘത്തെയും മുടക്കോഴി മലയിൽ അർധരാത്രിയെത്തി സാഹസികമായി പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച വാൾ കിണറ്റിലിട്ട ലംബു പ്രദീപനെ കുടുക്കിയത്, കൊലയാളി സംഘാംഗമായ ടി.കെ. രജീഷിനെ തിരഞ്ഞ് മുംബൈയിലേക്കുള്ള യാത്ര, ടി.പി. കേസിൽ കോളിളക്കം സൃഷ്ടിച്ചു നടന്ന പി. മോഹനന്റെ അറസ്റ്റ് എന്നിവയും അനൂപിനെ പാർട്ടിയുടെ കണ്ണിലെ കരടാക്കി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു അനൂപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP