Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

അനിതാ പുല്ലയിലിനെ സഭയിൽ എത്തിച്ചത് ജീവനക്കാരല്ല; ബിട്രൈറ്റ് സൊല്യുഷൻസിലെ മാനേജിങ് ഡയറക്ടറും ഡയറക്ടറും; കമ്പനിയുടെ പേരു പോലും പറയാതെ നടത്തിയ വാർത്താ സമ്മേളനത്തിൽ ജീവനക്കാരെന്ന് സ്പീക്കർ പറഞ്ഞത് പച്ചക്കള്ളം; ആ ഓപ്പൺ ഫോറം പാസും വ്യാജമാകാൻ സാധ്യത; നടന്നത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ കേസ് ഒതുക്കി തീർത്ത നിയമസഭാ മാജിക്ക്

അനിതാ പുല്ലയിലിനെ സഭയിൽ എത്തിച്ചത് ജീവനക്കാരല്ല; ബിട്രൈറ്റ് സൊല്യുഷൻസിലെ മാനേജിങ് ഡയറക്ടറും ഡയറക്ടറും; കമ്പനിയുടെ പേരു പോലും പറയാതെ നടത്തിയ വാർത്താ സമ്മേളനത്തിൽ ജീവനക്കാരെന്ന് സ്പീക്കർ പറഞ്ഞത് പച്ചക്കള്ളം; ആ ഓപ്പൺ ഫോറം പാസും വ്യാജമാകാൻ സാധ്യത; നടന്നത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ കേസ് ഒതുക്കി തീർത്ത നിയമസഭാ മാജിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരളസഭ നടക്കവേ നിയമസഭാമന്ദിരത്തിൽ പ്രവേശിച്ച സംഭവത്തിൽ സഭാ ടി.വിയിലെ നാല് ജീവനക്കാരെ പുറത്താക്കുമെന്നാണ് സ്പീക്കർ എംബി രാജേഷ് പ്രഖ്യാപിച്ചത്. എന്നാൽ സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരെ പുറത്താക്കാനുള്ള അധികാരം സ്പീക്കർക്കില്ലെന്നതാണ് വസ്തുത. നിയമസഭാ പാസ് റദ്ദാക്കാൻ മാത്രമേ അവർക്ക് അധികാരമുള്ളൂ. സഭാ ടി.വിക്ക് സാങ്കേതിക സഹായം നൽകുന്ന ബിട്രൈറ്റ് സൊല്യുഷൻസിലെ ജീവനക്കാരുടെ വീഴ്ചയായാണ് സ്പീക്കർ എല്ലാം വിശദീകരിച്ചത്. എന്നാൽ ഇതിൽ ചില പ്രശ്‌നമുണ്ടെന്ന് മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞു.

ബിട്രൈറ്റ് സൊല്യുഷൻസിലെ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീൺ എന്നിവരെയാണ് പുറത്താക്കുക എന്നായിരുന്നു സ്പീക്കറുടെ പ്രഖ്യാപനം. നിയമസഭയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നാല് പേരെ മാറ്റുകയെന്ന തീരുമാനം അനുസരിക്കാൻ ബന്ധപ്പെട്ട ഏജൻസി ബാദ്ധ്യസ്ഥമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നാലു പേരും ഇനി സഭയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഏജൻസിയുമായുള്ള കരാർ റദ്ദാക്കുന്നത് സാങ്കേതികവും സാമ്പത്തികവും നിയമപരവുമായി പരിശോധിച്ചാണ് തീരുമാനിക്കുകയെന്നും സ്പീക്കർ പറഞ്ഞു. ഫലത്തിൽ ബിട്രൈറ്റ് സൊല്യുഷൻസിന് കരാർ തുടരാവുന്ന സ്ഥിതും വന്നു. ഇതിന് പിന്നാലെയാണ് മറുനാടൻ അന്വേഷണം നടത്തിയത്.

കേന്ദ്ര കമ്പനികാര്യ വകുപ്പിന്റെ വെബ് സൈറ്റിൽ ഈ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. സ്പീക്കർ പുറത്താക്കിയെന്ന് പറയുന്ന നാലു പേരിൽ രണ്ടു പേർ സ്ഥാപന ഉടമകളാണ്. ബിട്രൈറ്റ് സൊല്യുഷൻസിന്റെ മാനേജിങ് ഡറയക്ടറാണ് വിഭുരാജ്. ഫസീല ഡയറക്ടറും. ജേക്കബ് ജോർജും ബിബു രാജും ഫസീലയും മാത്യു ഷിനോയിയും ആണെന്ന് വ്യക്തമാണ്. ഇതിൽ ബിബു രാജും ജേക്കബ് ജോർജും 2019 മുതൽ ഡയറക്ടറാണ്. ഫസീല 2020ലാണ് കമ്പനിയുടെ ഭാഗമായത്.

അതായത് സ്ഥാപന ഉടമകൾക്കെതിരെയാണ് ജീവനക്കാർ എന്ന് തെറ്റിധരിച്ച് സ്പീക്കർ എംബി രാജേഷ് നടപടി എടുത്തത് എന്ന് വേണം കരുതാൻ. ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണ് പ്രവീൺ. സീരിയലുകൾ അടക്കം നിർമ്മിക്കുന്ന വ്യക്തി. പ്രവീണും സ്ഥാപനത്തിന്റെ ജീവനക്കാരനാണോ എന്ന് ആർക്കും വ്യക്തമല്ല. ഇത്രയും വിവാദമുണ്ടായിട്ടും കമ്പനി പ്രതികരണങ്ങൾ നടത്തിയതുമില്ല. ബിട്രൈറ്റ് സൊല്യുഷൻസിന്റെ പേരു പോലും പറയാതെയാണ് സ്പീക്കർ നടപടികൾ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ എംഡിയും ഡയറക്ടറും ചെയ്ത തെറ്റിന് ഈ കമ്പനിയുടെ കരാർ റദ്ദാക്കുകയാണ് സ്പീക്കർ ചെയ്യേണ്ടത്.

ടെക്‌നോപാർക്കിന്റെ വെബ് സൈറ്റിലും ഈ കമ്പനിയുടെ വിവരങ്ങളുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ഈ സ്ഥാപനത്തിന് ഓഫീസുണ്ട്. ഇതിൽ തിരുവനന്തപുരത്തെ സ്ഥാപനമാണ് ടെക്‌നോപാർക്കിലെ തേജസ്വിനിയിലുള്ളത്. ഇതിന്റെ വിശദാംശങ്ങളിൽ മാനേജിങ് ഡയറക്ടർ വിഭുരാജ് ആണെന്ന് രേഖപ്പെടുത്തുന്നുണ്ട്. രശ്മി മേനോനാണ് ജനറൽ മാനേജർ. റെഗ്ഗീ മാത്യുവാണ് മാർക്കറ്റിങ് വിഭാഗത്തെ നയിക്കുന്നതും വ്യക്തമാണ്. സോഷ്യൽ മീഡിയാ പ്രൊഫൈലുകളിലും ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ താനാണെന്ന് വിഭുരാജ് വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം മുഖവിലയ്‌ക്കെടുക്കുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ നടന്ന നടപടി പ്രഖ്യാപനമാണ് സ്പീക്കർ നടത്തിയതെന്ന് വ്യക്തം.

മുതിർന്ന മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജും ബിട്രൈറ്റ് സൊല്യുഷൻസിന്റെ ഡയറക്ടറാണ്. കരാർ അനുവദിക്കുന്നതിൽ പോലും പല ആരോപണങ്ങൾ ഉയർന്നു. ഇത്തരത്തിലൊരു സ്ഥാപനത്തിന്റെ എംഡിയും ഡയറക്ടറും എല്ലാം ചേർന്ന് അനിതാ പുല്ലയിലിനെ നിയമസഭയിൽ കൊണ്ടു വന്നത്. ഈ വിവാദത്തിൽ അനിതാ പുല്ലയിലിനെ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ട്. അതു പോലും ചെയ്യാതെയാണ് ഓപ്പൺ ഫോറത്തിന്റെ പാസുമായാണ് അനിത എത്തിയതെന്ന നിഗമനത്തിലേക്ക് നിയമസഭയിലെ അന്വേഷണം എത്തുന്നതും അവസാനിക്കുന്നതും. ഓപ്പൺ ഫോറത്തിന്റെ പാസു പോലും വ്യാജമായി ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇതൊന്നും അന്വേഷണ പരിധിയിലേക്ക് എത്തുന്നില്ല.

വിവാദ വനിത ലോക കേരളസഭ നടന്ന ഹാളിനകത്തോ അതിന്റെ പരിസരത്തോ എത്തിയിട്ടില്ലെന്നാണ് നിയമസഭയിലെ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ടിൽ എന്നും സ്പീക്കർ പറഞ്ഞിരുന്നു. എന്നാൽ സഭയുടെ അടുത്ത് വരെ പുല്ലയിൽ എത്തിയെന്നതിന് ദൃശ്യ തെളിവുകളുമുണ്ട്. സഭാ ടിവിയുടെ ഓഫീസിലും അവർ എത്തി. ഇത്തരത്തിലൊരു വീഴ്ചയയെയാണ് ചെറുതാക്കി കാണിക്കുന്നത്. ഓപ്പൺഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായാണ് ഇവർ സഭാവളപ്പിലെത്തിയത്. പാസില്ലാത്തയാൾ അവിടെ നിന്നെങ്ങനെ സഭയുടെ വരാന്തയിലേക്കും സഭാ ടിവിയുടെ മുറിയിലേക്കും കടന്നുവെന്നതാണ് പ്രശ്‌നം.

സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ഏജൻസിയിലെ ജീവനക്കാരിക്കൊപ്പമാണ് കയറിയതെന്ന് കണ്ടെത്തിയെന്ന് സ്പീക്കർ പറയുന്നു. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇതിൽ വീഴ്ചയില്ല.നാല് പേർക്ക് വീഴ്ചയുണ്ടായെന്ന് ഏജൻസി സമ്മതിച്ചു. അനിത പുല്ലയിലിനൊപ്പമുണ്ടായ സ്ത്രീക്ക് നിയമസഭാ പാസും സംഘാടക പാസുമുണ്ടായിരുന്നു. അതുകൊണ്ടാണ് അവർക്കൊപ്പം വന്നയാളെയും വാച്ച് ആൻഡ് വാർഡ് കടത്തിവിട്ടത്. വന്നത് വിവാദ വനിതയാണോയെന്ന് വാച്ച് ആൻഡ് വാർഡിനറിയില്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു.

ഡെലിഗേറ്റ്, ഒഫിഷ്യൽ, ഓർഗനൈസർ, വോളന്റിയർ, മീഡിയ എന്നിങ്ങനെ അഞ്ച് തരം പാസുകളാണ് ലോക കേരള സഭയ്ക്കുണ്ടായിരുന്നത്. ഓപ്പൺഫോറത്തിനുള്ള അഞ്ച് ക്ഷണക്കത്തുകളിൽ 250 വീതം പ്രവാസിസംഘടനകൾക്കും മലയാളം മിഷനിലൂടെ വിദ്യാർത്ഥികൾക്കുമാണ് നൽകിയത്. വ്യക്തിപരമായി ആർക്കും നൽകിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പാസുകളിൽ ഒന്ന് എങ്ങനെ അനിതാ പുല്ലയിലിന് കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP