Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്‌സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ

കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്‌സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ

ആർ പീയൂഷ്

തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെൺമതിയിൽ ആനി(48)യുടെ മരണത്തിന് കാരണം ഓഫീസിലെ സി.എ (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) ഉദ്യോഗസ്ഥയെന്ന് ആത്മഹത്യാ കുറിപ്പിൽ നിന്നും കണ്ടെത്തി. ഏറെ നാളായി ഇവർ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നും ആനി ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

ആത്മഹത്യാകുറിപ്പിൽ സൂചിപ്പിക്കുന്ന സി.എ ഉദ്യോഗസ്ഥ മുൻപ് ഡിസാസ്റ്റർ മാനേജ്മെന്റിലായിരുന്നു. ഇവിടെയും ഇവർക്കൊപ്പമാമായിരുന്നു ആനി ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നത്. അന്ന് ഇവരുടെ കമ്മലിന്റെ ആണി കാണാതായപ്പോൾ ആനിയോട് അത് കണ്ടെത്തി കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആനി അതിന് തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും വാക്കു തർക്കമുണ്ടാവുകയും ആനിയുടെ കവിളിൽ സി.എ ഉദ്യോഗസ്ഥ അടിച്ചിരുന്നു. ഇടയ്ക്ക് വന്ന് ശരീരത്തിൽ നുള്ളി വേദനിപ്പിച്ച് ഫയൽ എടുത്തു കൊണ്ട് വരാൻ പറയുന്നത് പതിവായിരുന്നു. ഒരു ദിവസം നുള്ളിയപ്പോൾ നന്നായി വേദനിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥയോട് ദേഷ്യപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് വലിയ രീതിയിൽ മാനസിക പീഡനമായിരുന്നു.

അടുത്തിടെ ആനി ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാറ്റം കിട്ടി. കമ്മീഷ്ണറുടെ സി.എ ട്രാൻസ്ഫറായി പോയപ്പോൾ പകരം എത്തിയതും ഡിസാസ്റ്റർ മാനേജ്മെന്റിലെ സി.എ ഉദ്യോഗസ്ഥയായിരുന്നു. വീണ്ടും അവർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. ഫയൽ മനഃപൂർവ്വം കമ്മീഷ്ണറുടെ മുന്നിലെത്തിക്കാതെ ഇരിക്കുകയും കമ്മീഷണർ ചോദിക്കുമ്പോൾ ആനിയുടെ കുഴപ്പം മൂലമാണെന്ന് സി.എ പറഞ്ഞ് വഴക്ക് കേൾപ്പിക്കുമായിരുന്നു.

ഏതാനം ദിവസങ്ങൾക്ക് മുൻപ് കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് അൽപ്പനേരം ഓഫീസിൽ ഇരുന്ന് ഉറങ്ങിയിരുന്നു. ഇത് സഹപ്രവർത്തകർ മൊബൈൽ ഫോണിൽ പകർത്തുകയും കളിയാക്കുകയും ചെയ്തു. ഓഫീസ് സമയത്ത് ഉറങ്ങിയതിന് സി.എ ആനിയെ വിളിച്ച് പരസ്യമായിശാസിച്ചിരുന്നു. കൂടാതെ ഇക്കാര്യം കമ്മീഷ്ണറുടെ മുന്നിലെത്തിച്ച് ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മാനസികമായി ആനി ഏറെ തളർന്നു. ഇക്കാര്യങ്ങളെല്ലാം ആനി എഴുതിയ ആത്മഹത്യാ കുറിപ്പിലേതാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ആനി ഏറെ മാനസിക സംഘർഷത്തിലായിരുന്നു എന്ന് വീട്ടുകാർ മറുനാടനോട് പറഞ്ഞു. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ഓഫിസിൽ സഹപ്രവർത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതിൽ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഓഫീസിലേക്ക് പോകാതെ ലീവെടുത്ത് ഇരുന്ന ആനിയെ നിർബന്ധിപ്പിച്ചാണ് വെള്ളിയാഴ്ച ഓഫീസിലേക്ക് പറഞ്ഞു വിട്ടത്. അന്ന് രാത്രിയിലാണ് ആനി കടുംകൈ ചെയ്തതെന്ന് സഹോദരൻ പറഞ്ഞു.

നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണർ ഓഫിസിൽ എത്തുന്നത്. കോവിഡ് വാക്സീൻ എടുത്തതിന്റെ ക്ഷീണത്തിൽ ഉറങ്ങിയപ്പോൾ അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഓഫിസിലെ സഹപ്രവർത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയിൽ കുറിച്ചിട്ടുള്ളതായാണ് വിവരം. പത്തോലം ജീവനക്കാരുടെ പേരുകളാണ് ഡയരിയിൽ ഉണ്ടായിരുന്നത്.

ഇതിൽ പ്രധാനമായി സി.എ ഉദ്യോഗസ്ഥയെ കുറിച്ചാണ് ആരോപണം ഉള്ളത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തുമെന്നു അറിയിച്ചു. അതേ സമയം ബന്ധുക്കൾ ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ വീണ്ടും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ആനിയുടെ വീട്ടിലേക്ക് ഓഫീസിൽ നിന്നും ആരും പോകേണ്ടെന്ന് കമ്മീഷ്ണർ നിർദ്ദേശം നൽകി. ജനവികാരം എതിരായതിനാലാണ് ഇങ്ങനെ ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP