Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

ഗൾഫിൽ നിന്നെത്തിയത് തട്ടിപ്പിന്റെ റാണിയായി; കൊല്ലം നഗരത്തിലെ ബാർ സ്വന്തമാക്കിയത് നാട്ടുകാരുടെ സമ്പാദ്യം മുഴുവൻ അടിച്ചുമാറ്റി; ആഡംബര കാറിൽ കറങ്ങുമ്പോൾ കൂട്ടിന് കിട്ടിയത് ഡിവൈഎസ്‌പിയെ; അശ്വതി അച്ചുവിന് നിയമോപദേശം ചെയ്ത ആനന്ദ് ആളു ചില്ലറക്കാരനല്ല; കട്ടിലിലെ ആ ചിത്രങ്ങൾ മറുനാടൻ പുറത്തു വിടുമ്പോൾ

ഗൾഫിൽ നിന്നെത്തിയത് തട്ടിപ്പിന്റെ റാണിയായി; കൊല്ലം നഗരത്തിലെ ബാർ സ്വന്തമാക്കിയത് നാട്ടുകാരുടെ സമ്പാദ്യം മുഴുവൻ അടിച്ചുമാറ്റി; ആഡംബര കാറിൽ കറങ്ങുമ്പോൾ കൂട്ടിന് കിട്ടിയത് ഡിവൈഎസ്‌പിയെ; അശ്വതി അച്ചുവിന് നിയമോപദേശം ചെയ്ത ആനന്ദ് ആളു ചില്ലറക്കാരനല്ല; കട്ടിലിലെ ആ ചിത്രങ്ങൾ മറുനാടൻ പുറത്തു വിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി ആത്മഹത്യയുടെ വക്കിലെത്തിച്ച അശ്വതി അരുൺ അഭിയെ സഹായിച്ചത് കേരളാ പൊലീസിൽ ഉണ്ടായിരുന്ന ഒരു റിട്ടയേർഡ് എസ് പിയായിരുന്നു. റിട്ടയേർഡ് ആയ ശേഷം ഇയാൾ ലിമ എന്ന തട്ടിപ്പുകാരിയുമായി ചേർന്ന് നടത്തിയത് വലിയ തട്ടിപ്പുകളുടെ തെളിവുകളാണ് ഇപ്പോൾ മറുനാടന് ലഭിച്ചിരിക്കുന്നത്. നിലവിൽ വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ ചീഫ് സെക്യുരിറ്റി ഓഫീസറായിരിക്കുന്ന ആനന്ദ് ദാമോദരൻ തുറമുഖത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്.

2019ൽ തന്നെ ലിമയുടെ തട്ടിപ്പുകൾ പുറത്തു വന്നിരുന്നു. കേരള കൗമുദി അടക്കം വിശദമായി തന്നെ ഇവരുടെ തട്ടിപ്പുകൾ വാർത്തയാക്കി. ഇത്തരത്തിലൊരു വ്യക്തിയുമായാണ് ആനന്ദ് ദാമോദരൻ അടുത്ത ബന്ധം സ്ഥാപിച്ചത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള ഒരു പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ഇതിന്റെ പേരിലായിരുന്നു അവസാനം പുറത്തു വന്ന ലിമയുടെ തട്ടിപ്പ്. ഇതിന് ആനന്ദും പിന്തുണ നൽകി. ആനന്ദും ലിമയും ചേർന്ന് ഇരിക്കുന്നതും കിടക്കുന്നതുമായ ചിത്രങ്ങൾ മറുനാടന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഇവർ തമ്മിലെ ബന്ധത്തിലെ ആഴവും പുറത്തു വരികയാണ്.

ഇത് സംബന്ധിച്ച് കല്ലറ സ്വദേശി സുഹൈൽ നൽകിയ പരാതിയിൽ പാങ്ങോട് പൊലീസ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലിമയുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ മറുനാടൻ ലഭിക്കുന്നത്. തുറമുഖത്തിന്റെ പേരിലെ ഇടപാടിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച ലിമയാണ് കേസിലെ ഒന്നാംപ്രതി. വിഴിഞ്ഞ തുറമുഖത്തിൽ പാറ എത്തിക്കുന്ന കോൺട്രാക്ടറെ കബളിപ്പിച്ചു പണം കൈപ്പറ്റി എന്നതാണ് എസ് പിയായി റിട്ടയർ ചെയത് ആനന്ദ് ദാമോദരന് എതിരായ പരാതി. തുറമുഖത്തിൽ പാറ എത്തിക്കുന്ന കോൺട്രാക്ടാണ് സുഹൈൽ.

അയാളെ പാറ കൊണ്ടുവരാൻ വാഹനം ലീസിന് എടുത്ത് തരാമെന്ന് വിശ്വസിപ്പിച്ച് ടോറസ് ലോറികൾ ലീസിനെടുക്കുന്നതിനുള്ള എഗ്രിമെന്റ് വയ്‌പ്പിച്ച് 21,86800 രൂപ പറ്റിച്ചു എന്നതാണ് പരാതി. പണം തിരിച്ചു ചോദിച്ച സുഹൈലിനെതിരെ കള്ളക്കേസെടുത്ത് അകത്താക്കാനും ആനന്ദ് ദാമോദരൻ മടിച്ചില്ല. ഈ സംഭവത്തിൽ പൊലീസ് ആനന്ദിനെതിരെ കേസെടുത്തിട്ടുണ്ട്. സുഹൈൽ നൽകിയ പരാതിയിലാണ് ഇപ്പോൾ പാങ്ങോട് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആർ ഇട്ടിരിക്കുന്നത്. കേരളത്തിന്റെയാകെ അഭിമാന പദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ മറവിലാണ് സുഹൈലിൽ പണം തട്ടിയത്.

നേരത്തെ പ്രസ്തുത ഹണിട്രാപ്പ് നായികയ്ക്ക് ഉപദേശങ്ങൾ നൽകുന്ന റിട്ട. ഡിവൈഎസ്‌പിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ആനന്ദനും അശ്വതിയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നത്. ഈ സ്ത്രീയെ കൊണ്ട് ഹണിട്രാപ്പ് ചെയ്യിക്കുന്നതിൽ പ്രധാനറോളാണ് ഈ ഉദ്യോഗസ്ഥനുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ഫോൺ സംഭാഷണം. സേനയിലെ വിവരങ്ങൾ പോലും ഇയാൾ അശ്വതിക്ക് ചോർത്തി നൽകുന്നു. എങ്ങനെയാണ് കേസിൽ പ്രതികരിക്കേണ്ടതെന്ന് പോലും ഉപദേശിക്കുന്നു. പരാതി പിൻവലിച്ച ശേഷം എന്റെ അടുത്തോട്ട് വരരുതെന്ന് പറഞ്ഞ് വിഷയം സജീവമാക്കി നിർത്തുന്നുമുണ്ട് ഈ ഉദ്യോഗസ്ഥൻ.

സ്വർണ്ണ കടയിൽ ലീമ നടത്തിയ തട്ടിപ്പ് ഇങ്ങനെ

മുമ്പും ലീമ മാധ്യങ്ങളിൽ വാർത്താ താരമായിരുന്നു. കൊട്ടിയം തഴുത്തല എസ്.എൻ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന കിളികൊല്ലൂർ സ്വദേശിനി ലീമ തട്ടിച്ചത് ഒരു ജൂവലറിയുടെ ആറര കിലോ സ്വർണവും നാട്ടുകാരുടെ സമ്പാദ്യവുമായിരുന്നുവെന്ന് 2019ൽ കേരള കൗമുദിയും റിപ്പോർട്ട് ചെയ്തിരുന്നു. ആ കഥ വിശദമായി തന്നെ അവർ റിപ്പോർട്ട് ചെയ്തിരുന്നു. ആഭരണ ശാലയിൽ ഒരാവശ്യത്തിന് എത്തി ആദ്യ സന്ദർശനത്തിൽ തന്നെ മാനേജർ കണ്ണൂർ സ്വദേശി ജോർജ് തോമസുമായി അടുപ്പം ഉറപ്പിച്ചാണ് ലീമ മടങ്ങിയത്. ജോർജ് തോമസ് സ്ഥാപനത്തിൽ താക്കോൽ സ്ഥാനം വഹിക്കുന്നതായി മനസിലാക്കിയപ്പോഴാണ് ലീമയുടെ കണ്ണ് ലോക്കറിലുടക്കിയത്. കുടുങ്ങിയ ഇരയുടെ മാറ്ര് മനസിലാക്കിയ ലീമ പത്ത് തവണയായി ആറര കിലോ സ്വർണമാണ് മാനേജരെ കൊണ്ട് മോഷ്ടിപ്പിച്ചത്. ജോർജ് തോമസിന് മാത്രമായിരുന്നു സ്ഥാപനം തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ലോക്കറിൽ കയറാനുള്ള അനുമതി.

ചില്ലലമാരയിൽ പ്രദർശനത്തിന് വച്ചിരുന്ന ആഭരണങ്ങളിലായിരുന്നില്ല മാനേജരുടെ കണ്ണ്. അവിടെ നിന്ന് സ്വർണം എടുത്ത് പുറത്തേക്ക് പോകുമ്പോൾ ബിൽ ക്ലിയറൻസ്, സെക്യൂരിറ്റി പരിശോധന തുടങ്ങിയ കടമ്പകളുണ്ടായിരുന്നു. പകരം കല്യാണ പാർട്ടികൾ മുൻകൂർ പണമടച്ച് തിരഞ്ഞെടുത്ത് ലോക്കറിൽ സൂക്ഷിച്ച ശേഷം വിവാഹ ദിവസത്തിന് തലേന്ന് കൈപ്പറ്റാൻ കരുതിയിരുന്ന ആഭരണങ്ങളാണ് ജോർജ് തോമസ് മോഷ്ടിച്ചത്. തന്നെ വിളിച്ചിട്ട് വേണം സ്വർണം വാങ്ങാൻ എത്തേണ്ടതെന്ന് മാനേജർ എന്ന നിലയിൽ ജോർജ് തോമസ് ഇടപാടുകാരോട് നിഷ്‌കർഷിച്ചിരുന്നു. വിളി വരുമ്പോൾ അതെ ഡിസൈനിലും ഫാഷനിലും തൂക്കത്തിലുമുള്ള ആഭരണങ്ങൾ ഈ സ്ഥാനത്ത് എടുത്തിച്ചാണ് ജോർജ് തോമസ് ഇത്രയും നാൾ കളവ് പുറത്താകാതെ നോക്കിയത്.ഇതിനായി ജോർജ് തോമസ് ഒരു ദിവസം പോലും അവധിയെടുത്തിരുന്നില്ല. ഇത് മാനേജ്മെന്റിന്റെ വിശ്വസ്തനാക്കുന്നതിന് എളുപ്പമായി.

എന്നാൽ മയ്യനാട് കൂട്ടിക്കടയിലുള്ള ഒരു വിവാഹപാർട്ടി മുന്നറിയിപ്പില്ലാതെ പറഞ്ഞ ദിവസത്തിനും മുമ്പേ, 2018 ഒക്ടോബറിൽ സ്വർണമെടുക്കാൻ വന്നതോടെയാണ് കള്ളി വെളിച്ചത്തായത്. ലോക്കറിൽ നിന്ന് മാറ്റിയ വിവാഹ പാർട്ടിയുടെ സ്വർണത്തിന് പകരം വയ്ക്കാൻ കഴിയാതെ വന്നതോടെ ജോർജ് തോമസ് മൊബൈൽ ഫോൺപോലും എടുക്കാതെ സ്ഥാപനത്തിൽ നിന്ന് മുങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയുടെ തട്ടിപ്പ് പുറത്തായത്. പൊലീസ് കേസായതോടെ പത്ത് തവണ ജോർജ് തോമസ് സ്വർണമെടുത്തുകൊടുക്കുന്ന രംഗങ്ങൾ നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ചു. മൊബൈൽ പരിശോധിച്ചതിൽ നിന്ന് ആഭരണം സ്ഥിരമായി ഏറ്റുവാങ്ങാൻ വന്ന വ്യക്തിയുടെ കാർ നമ്പർ പരിശോധിച്ചതിൽ നിന്ന് ലീമയാണ് തട്ടിപ്പിലെ പങ്കാളിയെന്ന് വ്യക്തമായി.

ആഭരണശാലയിലെ തട്ടിപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കിളികൊല്ലൂർ സ്വദേശിനി ബീന, ലീമക്കെതിരെ പരാതിയുമായി കിളികൊല്ലൂർ പൊലീസ് സ്റ്രേഷനിലെത്തുന്നത്. ലീമയുടെ ഭർതൃ വീടിനോട് ചേർന്ന് ബീനയ്ക്ക് സ്ഥലമുണ്ടായിരുന്നു. കൂടാതെ ബീന നടത്തിയിരുന്ന ലേഡീസ് സ്റ്റിച്ചിങ് സെന്ററിലും ബ്യൂട്ടി പാർലറിലും ലീമ നിത്യ സന്ദർശകയായി. ഒരു രാത്രി ലീമ നിലവിളിച്ച് ബീനയുടെ വീട്ടിലെത്തി. തനിക്ക് ഗർഭപാത്രത്തിൽ അർബുദമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഭർത്താവ് ഇറക്കിവിട്ടെന്നും അതിനാൽ ഒരുരാത്രി തങ്ങാൻ അനുവദിക്കണമെന്നും ലീമ അപേക്ഷിച്ചു.

മനുഷ്യത്വം മുൻനിറുത്തി സമ്മതിച്ച ബീനയ്ക്ക് ഇത് പിന്നീട് ഒഴിയാബാധയായി. ഒരാഴ്ചയോളം അവിടെ തുടർന്നു. ഭർത്താവും കുട്ടികളും എതിർത്തതോടെ ബീന തന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ ഒരു വീടെടുത്ത് ലീമയെ മാറ്റി താമസിപ്പിച്ചു.എന്നാൽ തനിയെ താമസിക്കാൻ ഭയമാണെന്ന് ചൂണ്ടിക്കാട്ടി അന്ന് രാത്രി തന്നെ ലീമ ബീനയുടെ വീട്ടിൽ തിരികെ വന്നു. ആറുമാസം അവിടെ താമസമായി. അർബുദ ചികിത്സയ്ക്കെന്ന വ്യാജേന തിരുവനന്തപുരത്തെ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ ഇടയ്ക്കിടെ ലീമ ബീനയെയും കൂട്ടി പോയി. ഡോക്ടറെ കാണാൻ എന്ന വ്യാജേന ആശുപത്രി ചുറ്റിയടിച്ച് തിരികെ വരുന്നതായിരുന്നു രീതി. വീട്ടിലെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ബീനയുടെ കിടപ്പ് മുറിയിൽ വരെ കയറി അരിച്ചുപെറുക്കി ലീമ.

ഒരു പൊതുമേഖലാ ബാങ്കിലും സ്വകാര്യ സ്ഥാപനത്തിലും 60 പവന്റെ ഉരുപ്പടികൾ പണയം വച്ചതിന്റെ രസീത് അടിച്ചുമാറ്റിയാണ് ലീമ ആറുമാസത്തെ പൊറുതി അവസാനിപ്പിച്ചത്. പണയ രസീതുകൾ നഷ്ടമായ വിവരം ബാങ്കിനെ ധരിപ്പിച്ച് സ്വർണം വീണ്ടെടുക്കാൻ ബീന എത്തിയപ്പോൾ രണ്ടിടത്ത് നിന്നും ആഭരണങ്ങൾ മറ്റാെരോ തന്റെ കത്തും അസൽ രസീതും ഹാജരാക്കി കൈപ്പറ്റിയെന്നാണ് അറിഞ്ഞത്.തർക്കിച്ചപ്പോൾ ഒറിജിനൽ രസീതും വ്യാജ കത്തും ബീനയെ ബന്ധപ്പെട്ടവർ ബോദ്ധ്യപ്പെടുത്തി. തന്റെ ഒപ്പിനെ വെല്ലുന്ന ഒപ്പിട്ട അപേക്ഷയിൽ ലീമ ബീനയുടെ സഹോദരിയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ബീന ചികിത്സയിലാണെന്ന കാരണമായിരുന്നു നിരത്തിയത്. വജ്രവും മാണിക്യവും പതിച്ച ആഭരണങ്ങൾ മറിച്ചുവിറ്റ വകയിൽ ലീമ നല്ലൊരു തുക അടിച്ചുമാറ്റിയാണ് മുങ്ങിയത്.

ബീനയുടെ പരാതിയിൽ ലീമയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ ജൂവലറി മുൻ മാനേജർ ജോർജ് തോമസ് കോടതിയിൽ കീഴടങ്ങിയതോടെ ആ കേസിലും അറസ്റ്റ് രേഖപ്പെടുത്തി.

സാജുവിനേയും പറ്റിച്ചു

ഒരു വസ്തു എഴുതുന്നതിന് ഒരാഴ്ചത്തെ സാവകാശത്തിൽ ബീനയുടെ പരിചയക്കാരനായ സാജുവിന്റെ കൈയിൽ നിന്ന് മുങ്ങുന്നതിന് മുമ്പ് അഞ്ച് ലക്ഷം രൂപാ ലീമ തട്ടിയെടുത്തു. കൂടാതെ ബീനയുടെ മകന്റെ സുഹൃത്തിന്റെ സഹോദരന് മെഡിസിന് സീറ്റ് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മാതാപിതാക്കളെ കബളിപ്പിച്ച് 12.5 ലക്ഷവും തട്ടി. പട്ടത്താനത്ത് രണ്ടര സെന്റിലെ കൊച്ചു കൂരയിൽ താമസിക്കുന്ന ആ കുടംബം കിടപ്പാടം നഷ്ടമായേക്കുമെന്ന ഭീതിയിലാണ്. വെള്ളിമണിൽ ഒരു അദ്ധ്യാപികയുടെ വീടുമായി അടുപ്പം സ്ഥാപിച്ച് മൂന്നര ലക്ഷം തട്ടി. മകന് വിവാഹാലോചനയുമായെത്തിയായിരുന്നു തട്ടിപ്പ്.

പള്ളിമുക്കിൽ ഉപയോഗിച്ച കാറുകൾ കൈമാറ്റം ചെയ്യുന്ന യുവാവിനെ കബളിപ്പിച്ച് സി.സി നിലവിലുള്ള രണ്ട് കാറുകൾ തട്ടിയെടുത്ത് ലീമ മുങ്ങി. ജൂവലറിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് നൽകിയ ജോർജ് തോമസിനെയും ലീമ കബളിപ്പിച്ചു. നഴ്സായ ജോർജിന്റെ ഭാര്യ ഇറ്റലിയിൽ ജോലി ചെയ്ത് സമ്പാദിച്ച 45 ലക്ഷം രൂപയും ലീമ കൈക്കലാക്കിയിരുന്നു. കൊല്ലം നഗരത്തിലെ ബാർ സ്വന്തമാക്കാൻ നാട്ടുകാരുടെ സമ്പാദ്യം മുഴുവൻ അടിച്ചുമാറ്റിയെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

ആഴ്ചകൾ തോറും വാഹനങ്ങൾ മാറ്റുന്നതിലായിരുന്നു ലീമ ഹരം കൊണ്ടിരുന്നത്. ഓട്ടോ ഡ്രൈവറായ ഭർത്താവും കുടുംബവും ഈ തട്ടിപ്പിൽ ഭാഗമല്ല. ചന്ദനത്തോപ്പിലെ സാധാരണ കുടംബത്തിൽ ജനിച്ച ലീമ വിവാഹ ശേഷം ഗൾഫിൽ പോയി മടങ്ങിവന്ന ശേഷമാണ് ഇത്തരം വിവാദങ്ങളിൽ കുടുങ്ങിയത്. ഇതിന് ശേഷം കുടുംബത്തിലും പ്രവേശനം കിട്ടിയില്ല. പൊലീസിൽ അത്യാവശ്യം ബന്ധങ്ങളുള്ള ലീമയ്ക്ക് തമിഴ്‌നാട്ടിലും സ്വാധീനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP