Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മഴവിൽ മെഗാഷോ' കഴിഞ്ഞതോടെ താരങ്ങൾക്ക് ഇനി മറ്റു ചാനലുകളുടെ സ്‌റ്റേജ് ഷോയിൽ പങ്കെടുക്കാം; അപ്രഖ്യാപിത വിലക്കു നീക്കി 'അമ്മ' പച്ചക്കൊടി കാണിച്ചതോടെ ഏഷ്യാനെറ്റ് ഫിലിം അവാർഡും വൈകാതെ; മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾ മെഗാഷോയിൽ പങ്കെടുത്ത് ആടിപ്പാടിയത് പ്രതിഫലം വാങ്ങാതെ സ്വന്തം നിലയിൽ; അടിസ്ഥാന സൗകര്യം ഒരുക്കി കരാർ പ്രകാരമുള്ള കോടികൾ താരസംഘടനക്ക് നൽകിയാലും ചാനൽ യുദ്ധത്തിൽ തൽക്കാലിക നേട്ടം കൊയ്ത് മഴവിൽ മനോരമ

'മഴവിൽ മെഗാഷോ' കഴിഞ്ഞതോടെ താരങ്ങൾക്ക് ഇനി മറ്റു ചാനലുകളുടെ സ്‌റ്റേജ് ഷോയിൽ പങ്കെടുക്കാം; അപ്രഖ്യാപിത വിലക്കു നീക്കി 'അമ്മ' പച്ചക്കൊടി കാണിച്ചതോടെ ഏഷ്യാനെറ്റ് ഫിലിം അവാർഡും വൈകാതെ; മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾ മെഗാഷോയിൽ പങ്കെടുത്ത് ആടിപ്പാടിയത് പ്രതിഫലം വാങ്ങാതെ സ്വന്തം നിലയിൽ; അടിസ്ഥാന സൗകര്യം ഒരുക്കി കരാർ പ്രകാരമുള്ള കോടികൾ താരസംഘടനക്ക് നൽകിയാലും ചാനൽ യുദ്ധത്തിൽ തൽക്കാലിക നേട്ടം കൊയ്ത് മഴവിൽ മനോരമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മെഗാ ഷോ സംഘടിപ്പിച്ചത് വിജയകരമായി പൂർത്തിയായി. മഴവിൽ മനോരമ ചാനലുമായി അസോസിയേറ്റ് ചെയ്തുകൊണ്ടു സംഘടിപ്പിച്ച സ്റ്റേജ് ഷോയിൽ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ആസിഫലിയും മഞ്ജു വാര്യരും അടക്കം ഒരു വിഭാഗം താരങ്ങൾ വിട്ടു നിന്നെങ്കിലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും തമിഴ് സൂപ്പർതാരം സൂര്യയുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 'മഴവിൽ മെഗാഷോ' എന്ന നിലയിൽ താരസംഘടനയുടെ ഷോ തങ്ങളൂടെ ചാനലിലൂടെ സംപ്രേഷണം ചെയ്യാൻ സാധിക്കുന്നത് ചാനൽ യുദ്ധത്തിൽ മുന്നിലെത്താൻ മഴവില്ലിന് സഹായകരമാകുമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്.

അടുത്തകാലത്തായി ചാനൽ ടാം റേറ്റിംഗിൽ മുന്നിലെത്താൻ വേണ്ടി താരങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള മെഗാ ഷോകളായിരുന്നു ചാനലുകൾ സംഘടിപ്പിച്ചിരുന്നത്. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ ഏഷ്യാനെറ്റ് ചാനലായിരുന്നു. ഏഷ്യാനെറ്റ് ഫിലിം അവാർഡ് മറ്റ് ചാനലുകളുടെ സിനിമാ അവാർഡ് പരിപാടികളേക്കാൾ ശ്രദ്ധ നേടാറുമുണ്ട്. ചാനലിന് ലഭിക്കുന്ന വൻ ബിസിനസിന്റെ അവസരമായിരുന്നു ഈ അവാർഡ് പരിപാടി. എന്നാൽ, പതിവായി എല്ലാവർഷവും ജനുവരി മാസം സംഘടിപ്പിക്കാറുള്ള ഷോ ഇത്തവണ മുടങ്ങിയിരുന്നു. ഏഷ്യാനെറ്റിന് സിനിമകളുടെ സാറ്റലൈറ്റ് ലഭിച്ചത് കുറവായതു കൊണ്ടായിരുന്നു ഇതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ. എന്നാൽ, താരസംഘടനയായ അമ്മ താരങ്ങൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതാണ് ഏഷ്യാനെറ്റിന് ഇതുവരെ അവാർഡ് നിശ സംഘടിപ്പിക്കാൻ സാധിക്കാതെ പോയതെന്നാണ് ലഭിക്കുന്ന വിവരം.

സിനിമാലോകത്തെ അവശകലാകാരന്മാരെ സഹായിക്കാൻ പണം കണ്ടെത്തുന്നതിനായി മഴവിൽ മനോരമയുടെ സഹായത്തോടെ മഴവിൽ മെഗാ ഷോ താരസംഘടന മാസങ്ങൾക്ക് മുമ്പ് പ്ലാൻ ചെയ്യുകയായിരുന്നു. ഇത് മുന്നിൽ കാണ്ടാണ് ചാനലുകളുടെ അവാർഡ് ഷോയിൽ താരങ്ങൾ പങ്കെടുക്കരുതെന്ന നിർദ്ദേശം അമ്മ അംഗങ്ങളായവർക്ക് നൽകിയത്. ഇതോടെ ജനുവരി ആദ്യം നടക്കേണ്ടിയിരുന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡിന് താരങ്ങളെ ലഭിക്കാത്ത അവസ്ഥ വന്നു. ഇതിനിടെ വനിത ഫിലിം ഫെയർ അവാർഡും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി മഴവിൻ മനോരമയിൽ സംപ്രേഷണം ചെയ്ത് നേട്ടം കൊയ്യാനും മഴവില്ലുകാർക്ക് സാധിച്ചു.

അമ്മ മെഗാ ഷോക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയതല്ലാതെ മറ്റു ചിലവുകളെല്ലാം താരസംഘടനയായിരുന്നു വഹിച്ചിരുന്നത്. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള പ്രമുഖരും ഷോയിൽ പങ്കെടുത്ത് ആടിപ്പാടിയത് സ്വന്തം ചെലവിലായിരുന്നു. ഷോയുടെ സാറ്റലൈറ്റ് റൈറ്റ് ചാനലിന് വിറ്റത് വഴി താരസംഘടനക്ക് വരുമാനം ലഭിക്കുകയും ചെയ്യും. എന്നിരുന്നാലും സ്വന്തം നിലയിൽ താരങ്ങളെ അണിനിരത്ത് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നതിനേക്കാൾ എളുപ്പത്തിൽ വൻതാരനിരയെ അണിനിരത്തി ഷോ സംഘടിപ്പിക്കാൻ മഴവില്ലിന് സാധിച്ചു.

അതേസമയം ഒരു വിഭാഗം താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുമെന്ന സൂചനയും നേരത്തെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഷോ ആകർഷകമാക്കാൻ എന്തെങ്കിലും പ്രത്യേകത വേണമെന്ന ചാനൽ അധികൃതർ അമ്മ ഭാരവാഹികളുമായി സംസാരിച്ചത്. ഇതോടെയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾക്ക് പുറമേ സൂര്യയെയും ഷോയിൽ പങ്കെടുപ്പിച്ചത്. എന്തായാലും മഴവിൽ ഷോയുടെ പേരിൽ താരങ്ങളെ വരുതിയാലാക്കാൻ സാധിച്ചത് ചാനലിന് നേട്ടമായി മാറി. ഇത് മലയാളക്കരയിൽ ചാനൽ യുദ്ധം കൊഴുക്കുമ്പോഴും മനോരമ എന്ന ബ്രാൻഡിന് ലഭിച്ച അംഗീകാരമായും വിലയിരുത്തപ്പെടുന്നു.

അമ്മ ഷോ കഴിഞ്ഞ സാഹചര്യത്തിൽ ഏഷ്യാനെറ്റും അവാർഡ് നിശക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഫിലിം അവാർഡ് വൈകുമെന്ന ഘട്ടത്തെ ടെലിവിഷൻ അവാർഡുമായാണ് ഏഷ്യാനെറ്റ് ചാനൽ പിടിച്ചു നിന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം താരസംഘടനയിൽ ഭിന്നത രൂക്ഷമായിരുന്നു. ദിലീപിനെ പുറത്താക്കാൻ ശക്തമായി വാദിച്ചത് രമ്യാ നമ്പീശൻ, പൃഥ്വിരാജ്, ആസിഫലി തുടങ്ങിയവരായിരുന്നു. ഇവർക്കെതിരെ ഗണേശും മുകേഷും അടക്കമുള്ളവർ രംഗത്തുണ്ടായിരുന്നു താനും. ഈ ഭിന്നത നിലനിൽക്കേയാണ് മോഹൻലാലിനും മമ്മൂട്ടിക്കും കൂടുതൽ ഇടപെടൽ മഴവിൽ ഷോക്ക് വേണ്ടി നടത്തേണ്ടി വന്നത്.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പങ്കെടുക്കാതിരുന്ന ഷോയിൽ പൃഥ്വിരാജും വിട്ടു നിന്നിരുന്നു. എന്നാൽ, ജയറാമിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോയി. ഇതോടെ നല്ലരീതിയിൽ ഷോ പര്യവസാനിക്കുകയും ചെയ്തു. ആദ്യാവസാനം ഷോയിൽ നിറഞ്ഞു നിന്നത് മോഹൻലാൽ തന്നെയായിരുന്നു. ആട്ടവും പാട്ടും ഡാൻസും കോമഡി സ്‌കിറ്റുമായി മോഹൻലാൽ അത്യുൽസാഹത്തോടെ തന്നെ പരിപാടിയിൽ പങ്കെടുത്തു.

താമസിയാതെ അമ്മയുടെ ജനറൽ ബോഡി നടക്കുന്നുണ്ട്. ഇതിൽ സ്ഥാനം ഒഴിയുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തണം. ഇത് വലിയ ഭിന്നതയ്ക്ക് കാരണമാകുമെന്ന് കരുതുന്നുണ്ട്. എന്നാൽ, മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചു നിൽക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. അതിന് മഴവിൽ മെഗാഷോയുടെ വിജയവും ഒരു ഘടകമായി മാറും. മുതിർന്ന നടൻ മധുവിനെ സർവ്വസമ്മതനായി തെരഞ്ഞെടുക്കാനാണ് സാധ്യത. എന്നാൽ മധുവിനെ കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കാൻ കഴിയുമോ എന്ന സംശയവും ബാക്കിയാണ്. മോഹൻലാലിനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP