Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമ്യ നമ്പീശനേയും റിമ കല്ലിംഗലിനേയും ഗീതു മോഹൻദാസിനേയും തിരിച്ചെടുത്താൽ ദിലീപിന്റെ രാജിയും തള്ളിക്കളയണം! അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടന വിട്ടവരെ തിരിച്ചെടുക്കാൻ തടസ്സവാദങ്ങൾ സജീവം; വനിതാ പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ ഭേദഗതിയും ഉടനൊന്നും ഇനി നടക്കില്ല; ഡബ്ല്യുസിസിയുമായി ഒത്തുപോകാനുള്ള മോഹൻലാലിന്റെ നീക്കത്തിന് തിരിച്ചടി; മെഗാ സ്റ്റാറിന്റെ ഇടപെടലും വെറുതെയാകും; താരസംഘടനയിൽ മമ്മൂട്ടിയുടെ നയതന്ത്രവും പൊളിയും: 'അമ്മ' പഴയതു പോലെ തുടരും

രമ്യ നമ്പീശനേയും റിമ കല്ലിംഗലിനേയും ഗീതു മോഹൻദാസിനേയും തിരിച്ചെടുത്താൽ ദിലീപിന്റെ രാജിയും തള്ളിക്കളയണം! അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടന വിട്ടവരെ തിരിച്ചെടുക്കാൻ തടസ്സവാദങ്ങൾ സജീവം; വനിതാ പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ ഭേദഗതിയും ഉടനൊന്നും ഇനി നടക്കില്ല; ഡബ്ല്യുസിസിയുമായി ഒത്തുപോകാനുള്ള മോഹൻലാലിന്റെ നീക്കത്തിന് തിരിച്ചടി; മെഗാ സ്റ്റാറിന്റെ ഇടപെടലും വെറുതെയാകും; താരസംഘടനയിൽ മമ്മൂട്ടിയുടെ നയതന്ത്രവും പൊളിയും: 'അമ്മ' പഴയതു പോലെ തുടരും

എം മനോജ് കുമാർ

കൊച്ചി: വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയുടെ ഭരണഘടനാ ഭേദഗതി ഉടൻ ഉണ്ടാകില്ലെന്ന് സൂചനകൾ. വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകി താര സംഘടന അമ്മയുടെ ഭരണഘടന അഴിച്ചു പണിയുക എളുപ്പമല്ലെന്നാണ് കഴിഞ്ഞ ദിവസം കൂടിയ അമ്മയുടെ യോഗത്തിൽ നിന്നും വരുന്ന വിവരങ്ങൾ. അമ്മയുടെ ഭരണഘടനാ ഭേദഗതി ഉടൻ വേണമെന്ന ഡബ്ലുസിസിയുടെ ആവശ്യത്തിൽ താരസംഘടനയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായി നിലനിൽക്കെ തന്നെയാണ് ഭരണഘടനാ ഭേദഗതി വൈകുമെന്ന സൂചനകൾ പുറത്തുവരുന്നത്.

അതേസമയം താരസംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഭേദഗതികളിൽ കൂടുതൽ ചർച്ച നടത്തുമെന്നാണ് പ്രസിഡന്റ് മോഹൻലാൽ ഞായറാഴ്ച അറിയിച്ചത്. . ഭരണഘടനയുടെ ചില ഭേദഗതികളിൽ ഡബ്ലുസിസി അംഗങ്ങളായ പാർവതി തിരുവോത്തും, രേവതിയും എതിരഭിപ്രായങ്ങൾ യോഗത്തിൽ ഉന്നയിച്ചിരുന്നു. ഈ അഭിപ്രായങ്ങളെ മാനിച്ച് മമ്മൂട്ടിയും ജോയ് മാത്യുവും നടത്തിയ നിർണായക ഇടപടലാണ് ഭരണഘടനാ ഭേദഗതി വനിതകൾക്ക് കൂടുതൽ അനുകൂലമാക്കാൻ അവസരമൊരുക്കിയത്. ഇത് മനസ്സിലാക്കിയാണ് മറു വിഭാഗവും കരുക്കൾ നീക്കുന്നത്. എങ്ങനേയും രമ്യ നമ്പീശനേയും റിമ കല്ലിംഗലിേേനയും ഗീതു മോഹൻദാസിനേയും തിരിച്ചെടുക്കുന്നത് തടയാനാണ് നീക്കം. ദിലീപിന്റെ രാജിയും സമാനമാണെന്ന് വരുത്താനാണ് നീക്കം. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടന വിട്ടവരെ തിരിച്ചെടുക്കാൻ മമ്മൂട്ടിയും മോഹൻലാലും അനുകൂലമാണ്.

ഈ സാഹചര്യത്തിൽ വനിതാ പ്രാതിനിധ്യത്തിനുള്ള ഭരണഘടനാ ഭേദഗതിയും ഉടനൊന്നും നടക്കില്ല; ഡബ്ല്യുസിസിയുമായി ഒത്തുപോകാനുള്ള മോഹൻലാലിന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്. ഇനി അടുത്ത ജനറൽ ബോഡിയിൽ മാത്രമേ ഭരണ ഘടനാ ഭേദഗതി അവതരിപ്പിക്കാനാകൂ. അടുത്ത വർഷമേ ഇത് നടക്കൂ. വേണമെങ്കിൽ മോഹൻലാലിന് പ്രത്യേക താൽപ്പര്യമെടുത്ത് യോഗം വിളിക്കാം. എന്നാൽ മോഹൻലാലിനൊപ്പം ഭാരവാഹിത്വത്തിലുള്ള ബഹുഭൂരിഭാഗവും മനസ്സു കൊണ്ട് നടിമാരുടെ കൂട്ടായ്മയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ ഈ യോഗം ഉടനൊന്നും നടക്കില്ല. ഈ സാഹചര്യത്തിൽ അടുത്ത അമ്മയിലെ തെരഞ്ഞെടുപ്പും പഴയ ഭരണഘടന അനുസരിച്ചാകും.

'അമ്മ' നിർമ്മാതാക്കളുടെ സംഘടനപോലുള്ള സംഘടനയല്ല. 'അമ്മ ഒരു തൊഴിൽ സംഘടനയുമല്ല. 'അമ്മ അംഗങ്ങൾക്ക് സ്വന്തമായി തൊഴിൽ നൽകുന്നില്ല. നിർമ്മാതാക്കളെയും സംവിധായകരെയും ആശ്രയിച്ച് നിൽക്കുന്ന സംഘടനയാണ്. കാൾ ഷീറ്റിനനുസരിക്ക് പോയി അഭിനയിക്കുക എന്ന ചുമതല മാത്രമാണ് 'അമ്മയിലെ അംഗങ്ങൾ നിർവഹിക്കുന്നത്. അങ്ങിനെയുള്ള താരസംഘടനയിൽ വനിതാപ്രാതിനിധ്യം എന്നൊക്കെ ഭരണഘടനയിൽ എഴുതിവയ്ക്കേണ്ടതുണ്ടോ എന്നാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ. ഡബ്ല്യുസിസിയെ 'അമ്മ ചർച്ചയ്ക്ക് വിളിച്ചിട്ടുമില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നു. രേവതിയെയും പാർവതിയെയും ചർച്ചയ്ക്ക് വിളിച്ചത് അവർ 'അമ്മ അംഗങ്ങൾ എന്ന നിലയിലാണ്. അല്ലാതെ ഡബ്ല്യുസിസി നേതാക്കൾ എന്ന നിലയിലല്ല. പക്ഷെ ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കേണ്ടതിലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് തന്നെയാണ് 'അമ്മ നേതാക്കൾ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയത്.

അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുക എന്നല്ലാതെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കവുമായി 'അമ്മ ഭാരവാഹികൾ മുന്നോട്ടു പോയേക്കില്ല. അതേസമയം രാജിവെച്ച വനിതാ അംഗങ്ങളെ പൊടുന്നനെ തിരിച്ചെടുക്കാനും 'അമ്മ തയ്യാറായേക്കില്ല. രമ്യ നമ്പീശൻ, റിമ കല്ലിംഗൽ, ഗീതു മോഹൻദാസ് തുടങ്ങിയ നടിമാരാണ് രാജിവെച്ചത്. ഇവരെ തിരിച്ചെടുക്കുമ്പോൾ എങ്ങിനെ എന്ന കാര്യത്തിൽ വീണ്ടും ആലോചനകൾ വേണം എന്നാണ് അംഗങ്ങൾ പറഞ്ഞത്. നടികൾ മാത്രമല്ല ദിലീപും രാജിവെച്ചതാണ്. നടീ ആക്രമണക്കേസുമായി ബന്ധപ്പെട്ടാണ് ദിലീപ് രാജിവെച്ചതെങ്കിലും അതും രാജി തന്നെയാണ്. അപ്പോൾ ദിലീപിനെയും തിരിച്ചെടുക്കേണ്ടി വരും. രാജിവെച്ച നടികളെ തിരിച്ചെടുക്കുമ്പോൾ ഒപ്പം ദിലീപിനെകൂടി തിരിച്ചെടുക്കാനും ഇതുമായ യോഗത്തിൽ ആവശ്യം ഉയർന്നേക്കും.

അതുകൊണ്ട് തന്നെ രാജിവെച്ച നടികളെ ആലോചിച്ച ശേഷം തിരിച്ചെടുത്താൽ മതിയെന്നുള്ള ആലോചനകളാണ് മുറുകുന്നത്. രേവതിക്കും പാർവതിക്കുമൊന്നും 'അമ്മ വനിതാ അംഗങ്ങൾക്കിടയിൽ കാര്യമായ പിന്തുണയില്ലാത്ത പ്രശ്‌നവുമുണ്ട്. രേവതിയെയും പാർവതിയെയും എതിർത്താണ് വനിതാ അംഗങ്ങളിൽ പലരും സംസാരിക്കുകയും ചെയ്തത്. വാർത്താ സമ്മേളനത്തിൽ 'അമ്മ നേതാക്കൾക്ക് ഈ കാര്യത്തിൽ ഏകാഭിപ്രായവും ഉണ്ടായിരുന്നില്ല. യോഗവേദിക്ക് പുറത്ത് രേവതിയും പാർവതിയും തമ്മിലുള്ള സംസാരത്തിന്നിടയിലാണ് നടികളുടെ കാര്യം വീണ്ടും ചർച്ചയായത്. ജോയ് മാത്യുവും മെഗാ സ്റ്റാർ മമ്മൂട്ടിയും തമ്മിൽ പുറത്ത് നടന്ന സംസാരത്തിനിടയിലാണ് ഡബ്ല്യുസിസിയുടെ ആവശ്യങ്ങൾ വീണ്ടും ചർച്ചയായത്. 'അമ്മ യോഗത്തിലെ ഷമ്മി തിലകന്റെ പ്രസംഗം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

എഴുതി തയ്യാറാക്കിയ പ്രസംഗമാണ് ഷമ്മി വായിച്ചത്. അതിൽ തിലകന് നേരെ 'അമ്മ'ഭാരവാഹികൾ മുൻപ് ഉയർത്തിയ എതിർപ്പുകളുടെ രത്നചുരുക്കമുണ്ടായിരുന്നു. 'അമ്മ യോഗത്തിൽ പൊലീസിനെ കയറ്റണം എന്ന തിലകന്റെ ആവശ്യവും ഈ പ്രസംഗത്തിന്നിടയിൽ യോഗത്തിൽ സംസാരവിഷയമായി. തിലകന് പൊലീസ് സംരക്ഷണമുള്ള കാലത്താണ് ഈ യോഗം നടന്നിരുന്നത്. ഷമ്മിയുടെ പ്രസംഗം പുരോഗമിച്ചപ്പോൾ ഷമ്മിയെ ഉൾപ്പെടെ ആരെയും വിശ്വാസമില്ലെന്ന് തിലകൻ പറഞ്ഞ കാര്യം ഒരു നടി ഷമ്മി തിലകനെ ഓർമ്മിക്കുകയും ചെയ്തു. ബ്ല്യുസിസിയുമായുള്ള തർക്കങ്ങളിലും മറ്റും മമ്മൂട്ടി ഇതുവരെ നിശ്ശബ്ദനായിരുന്നു. തർക്കത്തിന് പരിഹാരം കണ്ടെത്താൻ ജോയ് മാത്യുവിന്റെ പിന്തുണയോടെ അദ്ദേഹം മുന്നിട്ടിറങ്ങി എന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കിയത്. എന്നാൽ അതും പൊളിയുമെന്നാണ് സൂചന.

യോഗം നടക്കുന്ന ഹാളിന് പുറത്ത് വച്ച് രേവതിയുമായും, പാർവതിയുമായും മമ്മൂട്ടിയും ജോയ് മാത്യുവും വ്യക്തിപരമായി സംസാരിച്ചു. അവർ ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേട്ടു. ആവശ്യങ്ങൾ ന്യായമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അത് കൂടി ബൈലോയിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് മമ്മൂട്ടി പറഞ്ഞത്. ഉപാധികൾ അംഗീകരിച്ചാൽ, അമ്മയിൽ നിന്ന രാജി വച്ച അംഗങ്ങൾ-രമ്യ നമ്പീശൻ, റിമ കല്ലിംഗൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ സംഘടനയിലേക്ക് മടങ്ങുമോയെന്ന് മമ്മൂട്ടി ഇരുവരോടും ആരാഞ്ഞു. അമ്മയുടെ ഭാഗമായി തന്നെ ഡബ്ല്യൂസിസിക്ക് പ്രവർത്തിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു. രാജി വച്ചവർക്ക് അംഗത്വത്തിനായി വീണ്ടും അപേക്ഷിക്കേണ്ടി വരും. എന്നിരുന്നാലും പ്രത്യേക പരിഗണന നൽകി അംഗത്വ ഫീസ് ഒഴിവാക്കി പുനഃ പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ, ഇക്കാര്യങ്ങൾ മമ്മൂട്ടി വിശദീകരിച്ചു. ആരും തന്നെ എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ, പുതിയ ബൈലോ തൽക്കാലം മരവിപ്പിക്കേണ്ടി വന്നു. കാരണം ഒരേ യോഗത്തിൽ തന്നെ അത് ഭേദഗതി ചെയ്യുക നിയമപരമായി സാധുവല്ല. ഇതോടെ പഴയ ബൈലോ വീണ്ടും സാധുവായി.

അമ്മയുടെ ജനറൽ ബോഡിക്ക് മുമ്പ് തന്നെ തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് രേവതിയും പാർവതിയും ഇ-മെയിൽ വഴി ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുമതി ലഭിക്കുകയും ചെയ്തു. അമ്മയ്ക്ക് ഉചിതമായ ബൈലോ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇരുവരും യോഗത്തിൽ വിശദീകരിച്ചത്. ഓരോ ഭേദഗതിയും അതിന്റെ പ്രത്യാഘാതങ്ങളും എടുത്തുകാട്ടി. വിശദമായ പരിശോധനകൾക്ക് ശേഷമേ ഭേദഗതികൾ അംഗീകരിക്കാവൂയെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഡബ്ല്യുസിസി ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ സാംഗത്യം മനസ്സിലാക്കാൻ അംഗങ്ങൾ താൽപര്യം കാട്ടി. അമ്മയെ കൂടുതൽ ജനാധിപത്യപരവും, ക്ഷേമപ്രവർത്തനത്തിൽ ഊന്നിയ സംഘടനയുമാക്കണം. ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ അമ്മ നടത്തുന്നുണ്ട്. അത് സ്വാഗതാർഹമാണ്. എന്നാൽ, സുരക്ഷ, ലൈംഗിക പീഡനം, തൊഴിൽ നിഷേധം തുടങ്ങിയ കാര്യങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.

ജയസൂര്യ, ശ്രീദേവിക, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളോട് അനുകൂലമായി പ്രതികരിച്ചുവെന്നും ചർച്ചയിൽ പങ്കാളികളായെന്നും പാർവതിയും രേവതിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP