Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലേഡിസൂപ്പർസ്റ്റാറിനെ മോഹൻലാൽ അനുനയത്തിൽ വീഴ്‌ത്തിയപ്പോൾ തുറുപ്പു ഗൂലാനെടുത്ത് പൃഥ്വിരാജും കൂട്ടരും; ആക്രമിക്കപ്പെട്ട നടിയുടെ രാജിയിൽ തെളിയുന്നത് സൂപ്പർതാര മേധാവിത്വത്തിനെതിരായ അമർഷം തന്നെ; താര സംഘടനയുടെ പൊതു യോഗത്തിൽ നിറഞ്ഞത് ദിലീപ് അനുകൂലികളുടെ ഒത്തുകളിയെന്ന് വിമർശനം; 'തിലകൻ' വിഷയം ചർച്ചയാക്കിയതും ബോധപൂർവ്വം; ഇടവേള ബാബു-ദിലീപ് കൂട്ടുകെട്ടിനെ തുറന്നുകാട്ടാനുറച്ച് ഒരുവിഭാഗം; 'അമ്മ'യിൽ ഭിന്നത രൂക്ഷം

ലേഡിസൂപ്പർസ്റ്റാറിനെ മോഹൻലാൽ അനുനയത്തിൽ വീഴ്‌ത്തിയപ്പോൾ തുറുപ്പു ഗൂലാനെടുത്ത് പൃഥ്വിരാജും കൂട്ടരും; ആക്രമിക്കപ്പെട്ട നടിയുടെ രാജിയിൽ തെളിയുന്നത് സൂപ്പർതാര മേധാവിത്വത്തിനെതിരായ അമർഷം തന്നെ; താര സംഘടനയുടെ പൊതു യോഗത്തിൽ നിറഞ്ഞത് ദിലീപ് അനുകൂലികളുടെ ഒത്തുകളിയെന്ന് വിമർശനം; 'തിലകൻ' വിഷയം ചർച്ചയാക്കിയതും ബോധപൂർവ്വം; ഇടവേള ബാബു-ദിലീപ് കൂട്ടുകെട്ടിനെ തുറന്നുകാട്ടാനുറച്ച് ഒരുവിഭാഗം; 'അമ്മ'യിൽ ഭിന്നത രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയിലെ മുഖമായിരുന്നു മഞ്ജു വാര്യർ. അതുകൊണ്ട് 'അമ്മ'യെക്കെതിരെ സ്തീകളുടെ വനിതാ കൂട്ടായ്മ നടത്തിയ ഫെയ്‌സ് ബുക്ക് പ്രചരണത്തിൽ മഞ്ജുവിനെ അടർത്തിയെടുത്ത് മുഖം രക്ഷിക്കാനായിരുന്നു 'അമ്മ' കരുനീക്കം നടത്തിയത്. മോഹൻലാൽ തന്നെ ഇതിന് നേതൃത്വം നൽകി. വനിതാ കൂട്ടായ്മയിലെ മറ്റുള്ളവർക്ക് വിശദീകരണ നോട്ടീസ് നൽകാനും തീരുമാനിച്ചു. വിശദീകരണ നൽകാതെ പുറത്തുപോയി 'അമ്മ'യെക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് വനിതാ സംഘടന. ഇതിന് പിന്നിൽ ചരടു വലിക്കുന്നത് പൃഥ്വിരാജാണെന്നാണ് 'അമ്മ'യിലെ പ്രമുഖരുടെ നിലപാട്. താരസംഘടന പിടിക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ പൃഥ്വിരാജ് നടത്തുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. വനിതാ സിനിമാക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പൃഥ്വിരാജും അമ്മ വിടുമെന്ന സൂചനകളുണ്ട്.

നടിക്ക് പിന്തുണയുമായി അമ്മയുടെ ശത്രുക്കളെല്ലാം ഒരുമിക്കുകയാണ്. സംവിധായകൻ വിനയനെ പോലുള്ളവർ അമ്മയ്‌ക്കെതിരെ പ്രതികരണവുമായി എത്തികഴിഞ്ഞു. വിനയന്റെ മാക്ടയെ തകർത്തത് അമ്മയുടെ ഇടപടെലാണ്. അതിന് പകരം വീട്ടാനുള്ള സുവർണ്ണവസരായി വിനയനെ പോലുള്ളവർ ഈ വിഷയത്തെ കാണുന്നുണ്ട്. അമ്മയിൽ തിലകനുണ്ടായ ക്രൂരത വീണ്ടും ചർച്ചയാക്കിയത് ഇതുകൊണ്ട് കൂടിയാണ്. തിലകന് ഒരു നീതി നടിയെ അക്രമിച്ച കേസിലെ പ്രതിക്ക് മറ്റൊരു ന്യായമെന്ന ചർച്ചയാകും സജീവമാക്കുക. ഇതിലൂടെ അമ്മയുടെ പ്രസക്തി പൊതു സമൂഹത്തിൽ കുറയും. സുപ്പർതാരങ്ങളുടെ മേധാവിത്വമാണ് അമ്മയിലുള്ളതെന്ന് വരുത്താനും കഴിയുമെന്നാണ് മറുഭാഗത്തിന്റെ വിലയിരുത്തൽ. ഭിന്നത രൂക്ഷമാണെങ്കിലും അവസരം കുറയുമോ എന്ന ഭയം കാരണം ആരും തുറന്നുപറയുന്നില്ലെന്നാണ് പൃഥ്വിരാജിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഏതായാലും നടിയെ ആക്രമിച്ച കേസിലെ പ്രതിയെ തിരിച്ചെടുത്തത് ശുദ്ധ അസംബന്ധമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലാകുമ്പോഴും അമ്മയുടെ ഭൂരിപക്ഷം നടനൊപ്പമായിരുന്നു. എന്നാൽ പൃഥ്വിരാജിന്റെ ഉറച്ച നിലപാടായിരുന്നു ദിലീപിനെ പുറത്താക്കാൻ കാരണം. ചട്ടപ്രകാരം നടപടിയെടുക്കാനാവില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ അത് പറ്റില്ലെന്ന് പൃഥ്വി തറപ്പിച്ചു പറഞ്ഞു. അന്ന് താരസംഘടന പിളർപ്പിന്റെ വക്കിലെത്തി. ഇതൊഴിവാക്കാനും പ്രതിസന്ധി മറികടക്കാനുമായിരുന്നു ദിലീപിനെ അവൈലബിൾ എക്‌സിക്യൂട്ടീവ് പുറത്താക്കിയത്. എന്നാൽ ജയിലിൽ നിന്ന് ദിലീപ് പുറത്തിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ദിലീപിനെ ക്രൂശിക്കരുതെന്ന ആവശ്യവുമായി പലരും രംഗത്തു വന്നു. ഇതിന്റെ തുടർച്ചയായി ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തു. പുറത്താക്കൽ തീരുമാനത്തിലെ സാങ്കേതികത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് സ്ത്രീ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൽ അമ്മയെ വിമർശിച്ച് കുറിപ്പുമെത്തി. ഇതിലെ കളങ്കം മാറ്റാൻ മഞ്ജു വാര്യരെ മറുപക്ഷത്തേക്ക് അമ്മ എത്തിച്ചു. ഇത് മനസ്സിലാക്കിയാണ് തുറുപ്പു ചീട്ടിൽ കളി തുടരുന്നത്. ആക്രമത്തിനിരയായ നടി തന്നെ തനിക്ക് നീതി കിട്ടിയില്ലെന്ന് പ്രഖ്യാപിക്കുമ്പോൾ വിശദീകരണങ്ങൾക്ക് 'അമ്മ'യും മോഹൻലാലും വിഷമിക്കും.

അമ്മയുടെ ഭരണസമിതിയിൽ നേരത്തെ പൃഥ്വിയും അംഗമായിരുന്നു. ഇത്തവണ ദിലീപ് വിഷയത്തിലെ എതിർപ്പുകൾ തിരിച്ചറിഞ്ഞ് എക്‌സിക്യൂട്ടീവിൽ നിന്ന് പോലും പൃഥ്വി ഒഴിവായി. ഒരു ഘട്ടത്തിൽ സംഘടനയുടെ നേതൃത്വം പോലും ഏറ്റെടുക്കാൻ തയ്യാറായ നടനാണ് പൃഥ്വിരാജ്. ഇത്തരത്തിലൊരു വ്യക്തിയെയാണ് അമ്മയുടെ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കിയത്. ദിലീപിന്റെ അനിഷ്ടമാണ് പൃഥ്വിയെ മാറ്റാൻ കാരണമെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പൃഥ്വി എത്തിയതുമില്ല. എന്നാൽ പൃഥ്വിയുടെ സഹോദരനായ ഇന്ദ്രജിത്ത് എത്തുകയും ചെയ്തു. ഇതിനിടെയാണ് ദിലീപിനെ അകത്താക്കാൻ തീരുമാനിച്ചത്. ദിലീപിന്റെ ഡിസ്മിസൽ മാറ്റി സസ്‌പെന്റ് ചെയ്യുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ അച്ചടക്ക നടപടി പൂർണ്ണമായും വേണ്ടെന്ന് വച്ച തീരുമാനത്തിൽ പൃഥ്വി ക്യാമ്പ് ഞെട്ടി. ഈ സാഹചര്യത്തിലാണ് നാലു പേരെ കൊണ്ട് രാജിവയ്‌പ്പിച്ച് തിരിച്ചടി കൊടുക്കുന്നത്. ഇതോടെ അമ്മയ്‌ക്കെതിരായ വികാരം പൊതു സമൂഹത്തിൽ സജീവ ചർച്ചയാകും.

ഇടവേള ബാബുവാണ് അമ്മയുടെ ജനറൽ സെക്രട്ടറി. മമ്മൂട്ടിയും മോഹൻലാലും വഹിച്ചിരുന്ന പദവിയാണ് ഇത്. ഇവിടേക്ക് ഇടവേള ബാബു എത്തിയത് ദിലീപിന്റെ പിന്തുണയുമായാണ്. അമ്മയിലെ വെറുമൊരു സെക്രട്ടറിയെ താരസംഘടനയുടെ തലപ്പത്തിരുത്തിയതിൽ അമർഷം ശക്തമാണ്. ഇതിൽ പൃഥ്വിരാജും ബോബൻ കുഞ്ചാക്കോയും അടക്കമുള്ളവർ എതിർപ്പ് പ്രകടിച്ചിരുന്നു. എന്നാൽ താരസംഘടനയിൽ ഇപ്പോഴും ദിലീപിന് മേൽകൈയുണ്ട്. അതുകൊണ്ട് തന്നെ ഇടവേള ബാബുവിനെ തൊടാനാകില്ലെന്ന് ഇവർ മനസ്സിലാക്കി. ഈ സാഹചര്യത്തിലാണ് അമ്മയിൽ മത്സരത്തിന് പോലും നിൽക്കാതെ പിന്മാറിയത്. ദിലീപിനെതിരെയുള്ള പുറത്താക്കൽ ചട്ടപ്രകാരമല്ലെങ്കിൽ അത് സസ്‌പെൻഷനായി മാറ്റായിരുന്നു. അച്ചടക്ക നടപടികൾ തുടരുകയും വേണം. ഇതൊന്നും ചെയ്യാതെ ഏകപക്ഷീയമായി ദിലീപിന്റെ പുറത്താക്കൽ തീരുമാനം പിൻവലിച്ചത് ശരിയല്ലെന്നാണ് പൃഥ്വിയും കൂട്ടരും പറയുന്നത്. പരസ്യ കലാപത്തിന് ഉടൻ ഇറങ്ങില്ലെങ്കിലും നേതൃത്വത്തെ ദുർബലമാക്കുന്ന ചർച്ചകൾ തുടരും.

ഇത്തരത്തിലൊരു നീക്കം അമ്മയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അക്രമത്തിനിരയായ നടി രാജിവയ്ക്കുമെന്ന് ആരും കരുതിയില്ല. പൃഥ്വിരാജുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് നടി. പല ഘട്ടങ്ങളിലും നടിക്ക് താങ്ങാവുന്ന തീരുമാനങ്ങൾ പൃഥ്വി എടുത്തിരുന്നു. ഈ സൗഹൃദമാണ് അക്രമത്തിനിരയായ നടിയെ രാജിക്ക് നിർബന്ധിതമാക്കിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ പൃഥ്വിരാജും ബോബൻ കുഞ്ചാക്കോയും അടക്കമുള്ളവർ കടുത്ത നിലപാട് എടുക്കുമെന്നും സൂചനയുണ്ട്. ഫഹദ് ഫാസിലിന്റെ നിലപാടിലും ആർക്കും വ്യക്തതയില്ല. പൃഥ്വിയുടെ നേതൃത്വത്തിൽ നിരവധി ന്യൂജെൻ സിനിമാക്കാരും ഉടൻ അമ്മ വിടുമെന്നാണ് പ്രചരണം. എന്നാൽ ഇത് പ്രചരണം മാത്രമാണെന്നും പൃഥ്വി അമ്മയുടെ ഭാഗമായി നിന്ന് തന്നെ പ്രതികരണം തുടരുമെന്നും പൃഥ്വിരാജിന്റെ സുഹൃത്ത് മറുനാടനോട് പറഞ്ഞു. മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന സൂചനയാണ് ഇദ്ദേഹവും നൽകുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർത്തിരിക്കുന്ന നടൻ ദിലീപിനെ മലയാളം സിനിമാപ്രവർത്തകരുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്ന് നാലു നടിമാർ രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിയെ കൂടാതെ രമ്യാനമ്പീശൻ, റീമാ കല്ലിങ്കൽ, ഗീതുമോഹൻദാസ് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് ഇവർ രാജി വെച്ചത്. അതേസമയം വുമൻ ഇൻ സിനിമാ കളക്ടീവിലെ എല്ലാ അംഗങ്ങളും രാജി വെച്ചിട്ടില്ല. എന്നിരുന്നാലും വരും ദിവസങ്ങളിൽ കൂടുതൽ വിവാദം ഉണ്ടാകാൻ സാധ്യതയിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായതിന് പിന്നാലെ നടൻ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കുകയും കഴിഞ്ഞ ദിവസം ചേർന്ന പുതിയ ജനറൽ ബോഡി മീറ്റിംഗിൽ തിരിച്ചെടുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരേ വുമൺ ഇൻ സിനിമാ കളക്ടീവിലെ ഏതാനും അംഗങ്ങൾ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വനിതാസംഘടനയുടെ പേജിലൂടെയാണ് ഇവർ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസത്തെ അമ്മ യോഗത്തിൽ നിന്നും ഒട്ടേറെ നടിമാർ വിട്ടു നിന്നിരുന്നു. അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് എന്ന പറഞ്ഞാണ് ആക്രമണത്തിനിരയായ നടി രംഗത്ത് വന്നത്. അവർക്കൊപ്പം എന്ന പറഞ്ഞ് മറ്റുള്ള നടിമാരും വന്നു.

അമ്മസംഘടനയിൽ നിന്നും നീതി കിട്ടുമെന്ന് കരുതുന്നില്ലെന്നും തനിക്ക് നേരിട്ടു മോശമായ അനുഭവം ഉണ്ടായിട്ടു പോലും താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ ആളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അത്തരം ഒരു സംഘടനയിൽ പ്രവർത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി ആദ്യം രാജിവെച്ചു. അവർക്കൊപ്പം ഞങ്ങളും രാജിവെയ്ക്കുന്നു എന്ന് പറഞ്ഞായിരുന്നു മറ്റുള്ളവർ രാജിവെച്ചത്. നടിയെ അക്രമിച്ച കേസിൽ ജയിലിൽ കിടന്ന ദിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹൻലാലിന്റെ നടപടി വിശ്വസിക്കാനായില്ലെന്ന് നിർമ്മാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ നേരത്തെ ആരോപിച്ചിരുന്നു. ലാലിൽ നിന്നും അത്തരം ഒരു നടപടി പ്രതീക്ഷില്ലെന്ന് ലിബർട്ടി ബഷീർ ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു. ലാലേട്ടനെ സനേഹിക്കുന്നവർപോലും ഇത് വിശ്വസിക്കാൻ തയ്യാറാവില്ല. പക്ഷേ മോഹൻലാൽ ഈ തീരുമാനം കൈക്കൊണ്ടില്ലായിരുന്നുവെങ്കിൽ അമ്മ എന്ന സംഘടന തന്നെ രണ്ടായി പിളരുമായിരുന്നുവെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തിട്ടുണ്ട്.

നടിയെ അക്രമിച്ച കേസിൽ ഇപ്പോ ഒരു വർഷവും നാല് മാസവും പിന്നിടുമ്പോൾ നിശബ്ദമായി നടിക്കൊപ്പം നിന്നവരാണ് മോഹൻലാലും മമ്മൂട്ടിയും. നടിയെ അക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അന്ന് അവർ മിണ്ടാതിരുന്നത്. ഒരു കാര്യം പറയാലോ ദിലീപിനെ പുറത്താക്കുമ്പോൾ തന്നെ ബൈലോ പ്രകാരമൊന്നുമായിരുന്നില്ല. അന്ന് വിശദീകരണം ഒക്കെ ചോദിച്ച് പുറത്താക്കാൻ നിന്നിരുന്നെങ്കിൽ സംഘടന അപ്പോ തന്നെ പിളർന്നേനെ. ദിലീപിന് വേണ്ടി ബഹളം ഉണ്ടാക്കുന്നവർ അന്നും കൂടുതലായിരുന്നു. ഇന്ന് തിരിച്ചെടുത്തത് ചില വ്യക്തികൾക്ക് ഉള്ള താൽപര്യത്തിന്റെ പുറത്താണ്. അല്ലാതെ അന്യായമായി പെരുമാറുന്ന കൂട്ടത്തിലല്ല മോഹൻലാലൊന്നും. ദിലീപും മഞ്ജുവും പിണക്കമായിരുന്ന സമയത്ത് ദിലീപിന്റെ എതിർപ്പ് പോലും അവഗണിച്ചാണ് അന്ന് മഞ്ജുവുമൊത്ത് മോഹൻലാൽ അഭിനയിച്ചത്. അപ്പോ ആരെയും പിണക്കുന്ന ആളല്ല മോഹൻലാൽ-എന്നായിരുന്നു ലിബർട്ടി ബഷീറിന്റെ പ്രതികരണം.

ഊർമ്മിള ഉണ്ണി ഒക്കെ ആരുടേയോ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുകയാണ്. ദിലീപിനെ തിരിച്ചെടുക്കാൻ വേണ്ടി കാര്യം പറയാൻ വേണ്ടിയുള്ള പ്രസക്തി ഒന്നും ഇല്ല ആ നടിക്ക്. പൃഥ്വിരാജ് ഇപ്പോൾ മിണ്ടാതിരിക്കുന്നത് അദ്ദേഹത്തെ ഒതുക്കിയിട്ടൊന്നും അല്ല. സുകുമാരൻ ചേട്ടൻെ മകനാണ് പൃഥ്വി, അപ്പോൾ ആര് വിചാരിച്ചാലും അങ്ങനെ ഒന്നും ഒഴിവാക്കാൻ കഴിയുക ഒന്നും കഴിയില്ല. പറഞ്ഞ വാക്ക് മാറ്റി പറയുന്ന ഒരാളല്ല രാജുവെന്നും 100 ശതമാനം അറിയാവുന്നതാണ്. പിന്നെ ഒരു വിഭാഗം ആളുകൾ അമ്മയുടെ യോഗത്തിൽ പങ്കെടുത്തുമില്ല. ജനറൽ സെക്രട്ടറിയായിരുന്ന മമ്മൂട്ടി ഇപ്പോൾ ഒരു പദവിയും വഹിക്കുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. നടി അക്രമിക്കപ്പെട്ടുവെന്നും അതിന് ഉത്തരവാദികളായവർ സംഘടനയിലേക്ക് വരുമ്പോൾ അകത്ത് പദവികൾ വഹിക്കാൻ താൽപര്യമില്ലാത്തത് തന്നെയാണ് മമ്മൂട്ടിയുടെ പിന്മാറ്റത്തിന് കാരണം എന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.

ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്ത നടപടിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായമയായ വിമെൻ ഇൻ സിനിമാ കളക്ടീവ് രംഗത്തെത്തിയിരുന്നു. വനിതാ സംഘടനക്ക് പിന്നാലെ സംവിധായകൻ ആഷിഖ് അബുവും അമ്മയുടെ നടപടിയെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP