Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത്ഷായെ കാണാൻ കളമൊരുക്കി കത്തോലിക്കാ സഭ; നാളെ കൊച്ചി കലൂരിലെ റിന്യൂവൽ സെന്ററിൽ മാർ ആലഞ്ചേരിയും അമിത്ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിൽ നിരവധി മെത്രാന്മാരും സഭ നേതാക്കളും; മാണിയുടെയും മകന്റെയും പദവികൾ മുഖ്യ ചർച്ചാവിഷയം; എതിർപ്പുമായി വിശ്വാസികളും രംഗത്ത്

അമിത്ഷായെ കാണാൻ കളമൊരുക്കി കത്തോലിക്കാ സഭ; നാളെ കൊച്ചി കലൂരിലെ റിന്യൂവൽ സെന്ററിൽ മാർ ആലഞ്ചേരിയും അമിത്ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിൽ നിരവധി മെത്രാന്മാരും സഭ നേതാക്കളും; മാണിയുടെയും മകന്റെയും പദവികൾ മുഖ്യ ചർച്ചാവിഷയം; എതിർപ്പുമായി വിശ്വാസികളും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്നു കൂടിക്കാഴ്‌ച്ചക്ക് കളമൊരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്‌ച്ചക്കാണ് അരങ്ങൊരുങ്ങുന്നത്. ഇരുവരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച്ചക്ക് സമയവും വേദിയും നിശ്ചയിച്ചതായി മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. നാളെ കൊച്ചിയിൽ എത്തുന്ന അമിത് ഷാ കലൂർ റിന്യൂവൽ സെന്ററിൽ വെച്ച് ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച്ചക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയും എത്തും എന്നതാണ് മറുനാടന് ലഭിച്ച വിവരം. കേരള രാഷ്ട്രീയത്തിൽ നിർണായമാകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന് കൂടി ഈ കൂടിക്കാഴ്‌ച്ച ഇടവരുത്തും. കെ എം മാണിയാണ് ഈ കൂട്ടുകെട്ടിലെ പ്രധാന കണ്ണി.

ദേശീയ തലത്തിൽ അതിശക്തമായ ബിജെപിയെ കേരളത്തിലെ വേരുകൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രമാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. കേരളത്തിലെ മുസ്ലിം സമുദായം ഒരു കാരണവശാലും ബിജെപി പക്ഷത്ത് നിൽക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കത്തോലിക്കാ സഭയെ അടുപ്പിക്കാനാണ് അമിത് ഷായ്ക്ക് താൽപ്പര്യം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്. ബിഷപ്പുമാരിൽ ചിലർ എത്തുമെങ്കിലും കേരളത്തിലെ സഭയുടെ പരമാധ്യക്ഷനായ കർദ്ദിനാൾ എത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. അതുകൊണ്ട് അതീവ രഹസ്യമായി തന്നെ ബിജെപി നേതാക്കൾ ശ്രമം തുടർന്നു. ഇതിന് ഒടുവിലാണ് കർദിനാൾ അമിത് ഷാ കൂടിക്കാഴ്‌ച്ചക്ക് കളമൊരുങ്ങിയത്.

മൂന്നു ദിവസത്തെ സന്ദർശനത്തിനായി നാളെ രാവിലെ പത്ത് മണിയോടെയാണ് അമിത് ഷാ കൊച്ചിയിൽ എത്തുക. ഇവിടെ ഏഴ് പരിപാടികൾ അദ്ദേഹത്തിനായി ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കർദ്ദിനാളുമായുള്ള കൂടിക്കാഴ്‌ച്ചയും. കേരള രാഷ്ട്രീയത്തിൽ ഒറ്റയാനായി ഇപ്പോൾ നിൽക്കുന്ന കെ എം മാണിയും കർദ്ദിനാളിന് മേൽ കൂടിക്കാഴ്‌ച്ചക്ക് സമ്മർദ്ദം ചെലുത്തിയതായാണ് അറിയുന്നത്. ജോസ് കെ മാണിക്ക് കേന്ദ്രത്തിൽ സുപ്രധാന പദവിയോ മാണിയെ ഉപരാഷ്ട്രപതി ആക്കുകയോ ചെയ്യുക എന്ന ഡീലാണ് ബിജെപി നേതാക്കൾ മുന്നോട്ടു വെച്ചത്. ഇതോടെയാണ് കൂടിക്കാഴ്‌ച്ചക്കും കളമൊരുങ്ങിയത്. മാണിയുടെയും മകന്റെയും പദവികൾ തന്നെയാകും കൂടിക്കാഴ്‌ച്ചയിലെ പ്രധാന ചർച്ചാ വിഷയം.

അതേസമയം ബിഷപ്പുമാരെ കൂടാതെ കർദ്ദിനാളും അമിത് ഷായെ കാണുന്നതിൽ സഭയ്ക്കുള്ളിൽ നിന്നും തന്നെ വിമതശബ്ദങ്ങൾ ഉയരുന്നുണ്ട്. ആലഞ്ചേരി പിതാവുമായി ബിജെപി അധ്യക്ഷൻ കൂടിക്കാഴ്‌ച്ച നടത്തുന്നതിന്റെ കാരണം ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് കൂടിക്കാഴ്‌ച്ച നടത്തരുത് എന്നതാണ് ഒരു വിഭാഗം പറയുന്നത്. മാത്രമല്ല, കത്തോലിക്കാ സഭയ്ക്ക് രാജ്യത്ത് മുഴുവനായി ഒരു നയമാണ് വേണ്ടതെന്നും എതിർപ്പുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. ബിഹാർ, ഝാർഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ ആക്രമിക്കുന്ന വിധത്തിലുള്ള സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ സഭ ബിജെപിക്കൊപ്പം നിൽക്കുന്നത് ശരിയല്ലെന്നാണ് എതിർപ്പുയർത്തുന്ന വിഭാഗം വ്യക്തമാക്കുന്നത്.

നാളെ നാലിനും അഞ്ചിനും ഇടെയിലാണ് കർദ്ദിനാളുമായുള്ള കൂടിക്കാഴ്‌ച്ചക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ബീഫ് രാഷ്ട്രീയം അടക്കം കേരളം ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വേളയിൽ കർദ്ദിനാളും അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച്ചക്ക് എതിരാണ് വിശ്വാസികളിൽ നല്ലൊരു ശതമാനവും. കേന്ദ്രത്തിൽ മോദിയുടെ ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീതിയുള്ളതിനാൽ ക്രൈസ്തവ സമൂഹം ബിജെപിയെ കൈവിടില്ലെന്നാണ് പ്രതീക്ഷയാണ് അമിത് ഷായ്ക്കുമുള്ളത്. എൻഡിഎക്കാരനായ പിസി തോമസും അൽഫോൻസ് കണ്ണന്താനവും ജോർജ് കുര്യനുമാണ് ക്രൈസ്തവ സഭാ നേതൃത്വത്തെ അടുപ്പിക്കാൻ പ്രധാനവുമായി ചരടുവലിക്കുന്നത്. ഇവർ ചർച്ച ചെയ്താണ് മാണിയെ ചാക്കിലാക്കിയതും.

കെ എം മാണിയെ ഉപരാഷ്ട്രപതിയാക്കിയാൽ ക്രൈസ്തവ സഭ ബിജെപിക്കൊപ്പം നിൽക്കാമെന്ന വിധത്തിലാണ് ചർച്ചകൾ നടന്നത്. പാല, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമാരും കൂടിക്കാഴ്‌ച്ചക്ക് അവസരം ഒരുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏതായാലും അമിത് ഷാ ഈ വരവിൽ കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. പാർട്ടിയുടെ പൊതുജന സമ്മിതി ഉയർത്തുകയും ബഹുജനാടിത്തറ വിപുലമാക്കുകയുമാണ് അമിത് ഷായുടെ ആഗമനോദ്ദേശ്യം. ബിജെപിയിലേക്ക് വരാൻ സന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളെ അമിത് ഷായ്ക്കു മുന്നിൽ കൊണ്ടുവരാനുള്ള നീക്കവും തകൃതിയായി നടക്കുന്നു. ചില അപ്രതീക്ഷിത മുഖങ്ങൾ അമിത് ഷായുടെ സന്ദർശനത്തിനിടെ ബിജെപിയിൽ ചേരുമെന്നാണ് സൂചനയുമുണ്ട്.

നാളെ കൂടിക്കാഴ്‌ച്ചയിൽ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന വാഗ്ദാനം അമിത് ഷാ മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മാണിയെ ഇനി എൻഡിഎയിലേക്ക് കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇടതുമുന്നണി ലക്ഷ്യമിട്ടാണ് മാണി നീങ്ങുന്നത്. എന്നാൽ, ഇവിടെ സിപിഐ തടസം നിൽക്കുന്നതാണ് പ്രശ്‌നം. അതുകൊണ്ട് കൂടിയാണ് ബിജെപി മാണിയെ ഉന്നം വെക്കുന്നതും. കേന്ദ്രത്തിൽ ജോസ് കെ മാണിക്ക് പദവിയോ മാണിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനവും നൽകി ഒപ്പം നിർത്താനുള്ള ശ്രമം എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിലും പലർക്കും സംശയമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷായുടെ ലക്ഷ്യം അത്രകണ്ട് വിജയിച്ചിരുന്നില്ല. എന്നാൽ, എൻഡിഎക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏഴ് സീറ്റ് വരെയെങ്കിലും നേടുക എന്നതാണ് അമിത്ഷാ പദ്ധതിയിടുന്നത്. അത് ലക്ഷ്യമിട്ടുള്ള നീക്കമാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നതും. നിരവധി പ്രമുഖരുമായി അമിത് ഷാ കൂടിക്കാഴ്‌ച്ച നടത്തുമ്പോൾ അത് കേരളത്തിലെ മുന്നണി സംവിധാനത്തിലെ പൊളിച്ചെഴുത്തലുകൾക്കും ഇടയാക്കുമെന്ന വിലയിരുത്തലുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP