Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈസ്റ്റേൺ പറയുന്നത് പച്ചക്കള്ളം; മായം ചേർത്ത കേസിൽ നിരോധനം വന്നിട്ടും പാഠം പഠിച്ചില്ല; രോഗം വിതറുന്ന വസ്തുക്കൾ ചേർത്തെന്ന് കണ്ടെത്തി അമേരിക്കയിൽ ഈസ്‌റ്റേൺ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ

ഈസ്റ്റേൺ പറയുന്നത് പച്ചക്കള്ളം; മായം ചേർത്ത കേസിൽ നിരോധനം വന്നിട്ടും പാഠം പഠിച്ചില്ല; രോഗം വിതറുന്ന വസ്തുക്കൾ ചേർത്തെന്ന് കണ്ടെത്തി അമേരിക്കയിൽ ഈസ്‌റ്റേൺ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിറപറയിലെ മായത്തിന്റെ വാർത്ത വെളിയിൽ വന്നപ്പോൾ ചിലർ ചോദിച്ചത് എന്തുകൊണ്ടാണ് ഈസ്‌റ്റേണിനെ കുറിച്ച് മിണ്ടാതിരുന്നത് എന്നാണ്? ഈസ്‌റ്റേൺ കറി പൗഡറിലെ മായത്തിന്റെ കഥ ലോകത്തോട് ആദ്യം വിളിച്ചു പറഞ്ഞ മാദ്ധ്യമം എന്ന നിലയിൽ അത് ഞങ്ങളെ അപമാനിക്കുന്ന പരാതിയായിരുന്നു. വിഷം കലർത്തിയ വസ്തുക്കൾ കണ്ടെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും ഈസ്റ്റേൺ നന്നായില്ല എന്ന് പറഞ്ഞ് ഞങ്ങൾ വ്യക്തമായ രേഖകൾ സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. അപ്പോൾ ഈസ്‌റ്റേൺ പറഞ്ഞത് അത് പച്ചക്കള്ളം ആണെന്നാണ്. അനുഭവത്തിൽ നിന്നും പാഠം പഠിച്ചെന്നും ഗുണനിലവാരം ഉയർത്താൻ സർവ വഴികളും നോക്കുന്നു എന്ന് പറഞ്ഞ് ഈസ്റ്റേൺ മറുനാടന് വിശദീകരണം നൽകി. ആ കുറിപ്പ് ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലേക്ക് കയറ്റിവിട്ട ഉൽപ്പന്നങ്ങൾ ആയിരുന്നു അന്ന് തിരസ്‌ക്കരിക്കപ്പെട്ടതെന്നും മറ്റും പറഞ്ഞായിരുന്നു ഈസ്റ്റേണിന്റെ വാദം. എന്നാൽ, സിഎജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വാർത്ത പ്രസിദ്ധീകരിച്ചത് എന്ന് ഞങ്ങൾ ആ രേഖകൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ ഉൽപ്പന്നങ്ങളിൽ മായം ഇല്ലെന്ന ഈസ്റ്റേണിന്റെ അവകാശവാദം പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് ഇന്ന് ഞങ്ങൾ പുറത്തുവിടുന്നത്. വിഷം കലർത്തിയ കേസിൽ ഏറെ പഴി കേട്ടിട്ടും കൊള്ളലാഭം ഉണ്ടാക്കുന്നതിനായി മായം ചേർക്കൽ ഈസ്റ്റേൺ തുടർന്നു എന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ ഫിലാഡൽഫിയയിലേക്ക് കയറ്റിവിട്ട ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ ഗുരുതരമായി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട വിവരമാണ് ഞങ്ങൾ ഇന്ന് പുറത്തുവിടുന്നത്.

മുൻകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പ്രത്യേക ഗുണനിലവാര പരിശോധന നടത്താറുണ്ടെന്നായിരുന്നു ഈസ്റ്റേൺ വാദിച്ചിരുന്നത്. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ചക്ക് തയ്യാറല്ലാത്ത അമേരിക്കയിൽ ഈസ്‌റ്റേണിന്റെ കറിപ്പൗഡർ ഉൽപ്പന്നങ്ങൾ പരിശോധനയിൽ പിടിക്കപ്പെടുകയും അവ നശിപ്പിക്കാൻ നിർദ്ദേശിക്കുകയുമാണ് ഉണ്ടായത്. മഹാരാജാ ഫുഡ് ഇംപോർട്ടേഴ്‌സിന്റെ കീഴിലാണ് ഈസ്‌റ്റേൺ ഉൽപ്പന്നങ്ങൾ അമേരിക്കയിലെ ഫിലാഡൽഫിയയിലേക്ക് കയറ്റി അയച്ചത്. ഇതിൽ ചിക്കൻ മസാല, സാമ്പാർ പൗഡർ മസാല, മല്ലിപ്പൊടി എന്നീ കറിപൗഡറുകളിലാണ് ഗുണനിലവാരം കുറവാണെന്നും മായമുണ്ടെന്നും കണ്ട് വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ ഉൽപ്പന്നങ്ങൾ നശിപ്പിക്കാനും അധികൃതർ നിർദ്ദേശിക്കുകയുണ്ടായി. 

ഈസ്റ്റേണിലെ മുളകുപൊടിൽ സുഡാൻ ഡൈയുടെ അളവ് കണ്ടെത്തിയ സാഹചര്യത്തിൽ ഈ ഉൽപ്പന്നം രണ്ട് വർഷങ്ങൾക്ക് മുമ്പ് കമ്പനി അധികൃതർ തന്നെ കുഴിച്ചുമൂടുകയാണ് ഉണ്ടായത്. ആ സംഭവത്തിന് ശേഷം തങ്ങൾക്ക് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദമാണ് അമേരിക്കയിൽ പിടിക്കപ്പെട്ടതോടെ പൊളിഞ്ഞത്. 2015 ജനുവരി 20ാം തീയ്യതിയോടെയാണ് ഈസ്റ്റേൺ കറിപൗഡർ അമേരിക്കയിലെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന മാനുപ്പിലേറ്റ് എക്‌സാമിനിൽ ഈസ്റ്റേണിന്റെ കറിപ്പൗഡറുകൾ പരാജയപ്പെടുകയായിരുന്നു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നവയാണ് ഈസ്‌റ്റേൺ ഉൽപ്പന്നങ്ങൾ എന്നു കണ്ടാണ് വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. 

മായം കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പാക്കറ്റ് പൊളിച്ച് ഗാർബേജ് ബാഗിൽ ഇട്ട് ബ്ലീച്ച് ചെയ്ത് നശിപ്പിക്കാനാണ് യുഎസ് കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ഈ നിർദ്ദേശത്തിന് 2015 മാർച്ച് അഞ്ചാം തീയ്യതി അംഗീകരിക്കുകയും ചെയ്തു. ഇങ്ങനെ ഈസ്‌റ്റേൺ ഉൽപ്പന്നങ്ങൾ നിരോധിക്കാൻ നിർദ്ദേശം നൽകിയ വിവരം സംബന്ധിച്ച രേഖകളാണ് മറുനാടൻ മലയാളി വാർത്തക്കൊപ്പം പുറത്തുവിടുന്നത്. ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥർ നശിപ്പിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം നൽകുന്നു.

മായം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ നശിപ്പിക്കാൻ നിർദ്ദേശിച്ചത് പ്രകാരം ജീവനക്കാർ പാക്കറ്റുകളിൽ നിന്നും ഈസ്റ്റേൺ കറിപൗഡർ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റുന്നതാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. നശിപ്പിക്കാൻ അനുമതി നൽകിയ മാർച്ച് അഞ്ചാം തീയ്യതിക്ക് ശേഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മായം ചേർത്ത ഈസ്‌റ്റേൺ ഉൽപ്പന്നങ്ങൾ നശിപ്പിച്ചത്. ഈ ചിത്രങ്ങളിൽ ഈസ്റ്റേണിന്റെ ലേബൽ പതിച്ചിരിക്കുന്നതും വ്യക്തമാണ്.

ആരോഗ്യകാര്യത്തിൽ വിദേശരാജ്യങ്ങൾ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഈസ്റ്റേൺ അടക്കുള്ള ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്കും മറ്റും കയറ്റുമതി ചെയ്യുന്നത്. അവിടുത്തെ പരിശോധനകൾ കർക്കശമായതുകൊണ്ട് പരമാവധി ഗുണനിലവാര ഉറപ്പാക്കാൻ കമ്പനികൾ ശ്രമിക്കാറുമുണ്ട്. എന്നാൽ, കറിപ്പൗഡറുകളിൽ മായം ചേർക്കാതെ ശുദ്ധമായി അയക്കാൻ കമ്പനികൾക്കുള്ള വൈമനസ്യം പലപ്പോഴും അവരെ തന്നെ വെട്ടിലാക്കുന്നു എന്നതിന്റെ തെൡവാണ് ഈസ്റ്റേണിന് പറ്റിയ അമിളി.

2011 ലാണ് ഈസ്റ്റേണിന്റെ മുളകുപൊടിയിൽ സൊഡാൻ കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അധികൃതർ തന്നെ ഈ ഉൽപ്പന്നങ്ങൾ കുഴിച്ചിട്ടത്. കയറ്റുമതി ചെയ്യാൻ വച്ച് മുളകുപൊടിയിലായിരുന്നു മായം കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അധികൃതർ തന്നെ കുഴിച്ചുമൂടിയത്. ഇതിന് ശേഷം തങ്ങളുടെ ഉൽപ്പന്നങ്ങളിയിൽ യാതൊരു വിധത്തിലുള്ള മായവും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ വാദം.

നേരത്തെ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ യാതൊരു വിധ മായവും ഇല്ലെന്ന് വാദിച്ചാണ് ഈസ്റ്റേൺ മറുനാടൻ വാർത്തയ്ക്ക് വിശദീകരണം നൽകിയത്. സ്വന്തം ഉൽപ്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ മികച്ച ലബോറട്ടറി സംവിധാനങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ടെന്നും പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനങ്ങളോട് കൂടിയ ബയോമെറിക്‌സ് കമ്പനിയുടെ യന്ത്രങ്ങളിലൂടെ ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നു എന്നുമായിരുന്നു കമ്പനിയുടെ അവകാശ വാദം.

കറിപ്പൗഡറുകളിൽ കൃത്രിമ പ്രിസർവേറ്റീവുകളോ ആർട്ടിഫിഷ്യൽ കളറുകളോ ചേർക്കുന്നില്ലെന്നുമാണ് ഈസ്‌റ്റേൺ അധികൃതർ വിശദീകരിക്കുന്നത്. ഇത് കൂടാതെ പാക്കിങ് സമയത്തും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഗുണമേന്മ ഉയർന്ന വസ്തുക്കളാണ് പാക്ക് ചെയ്യാൻ വേണ്ടിയും ഉപയോഗിക്കുന്നത്. കറിപ്പൗഡറുകളുടെ കാര്യത്തിൽ ചേരുവകൾ കൃത്യമായ അളവിലും സൂക്ഷ്മതയോടെയുമാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും ഈസ്‌റ്റേൺ വിശദീകരിച്ചിരുന്നു. ഇങ്ങനെയൊക്കെ ശ്രദ്ധ പുലർത്തിയിട്ടും എന്തുകൊണ്ടാണ് ഈസ്റ്റേൺ ഉൽപ്പന്നങ്ങളിൽ വീണ്ടും മായം കാണപ്പെട്ടതെന്നുമുള്ള ചോദ്യത്തിന് കമ്പനി മറുപടി പറയേണ്ടി വരും. ഇന്ത്യയിൽ കാശുകൊണ്ട് എല്ലാം ഒതുക്കി തീർക്കാൻ ഈസ്റ്റേൺകാർക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു സിഎജി റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ഈസ്‌റ്റേണിനെതിരെ ചെറുവിരൽ അനക്കാൻ പോലും നമ്മുടെ ഭരണാധികാരികൾ തയ്യാറാകാത്ത സംഭവം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP