Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റവന്യൂഭൂമി കൈയേറി പാറ പൊട്ടിച്ച ക്വാറി ഉടമയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി തഹസിൽദാർ 22 ലക്ഷം കോഴ വാങ്ങി; കാര്യം നടക്കാതെ വന്നപ്പോൾ 20 ലക്ഷം തിരിച്ചു കൊടുത്തു: മടക്കി നൽകിയ 47 നോട്ടുകൾ വ്യാജനെന്ന് ക്വാറി ഉടമ; കെണിയിൽ വീണത് മന്ത്രിയുടെ വിശ്വസ്തൻ

റവന്യൂഭൂമി കൈയേറി പാറ പൊട്ടിച്ച ക്വാറി ഉടമയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി തഹസിൽദാർ 22 ലക്ഷം കോഴ വാങ്ങി; കാര്യം നടക്കാതെ വന്നപ്പോൾ 20 ലക്ഷം തിരിച്ചു കൊടുത്തു: മടക്കി നൽകിയ 47 നോട്ടുകൾ വ്യാജനെന്ന് ക്വാറി ഉടമ; കെണിയിൽ വീണത് മന്ത്രിയുടെ വിശ്വസ്തൻ

പത്തനംതിട്ട: റവന്യൂഭൂമി കൈയേറി പാറ പൊട്ടിച്ച വിഷയത്തിൽ അനുകൂല നടപടി എടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്വാറി ഉടമയിൽ നിന്നും 22 ലക്ഷം കോഴ കൈപ്പറ്റിയ ഡെപ്യൂട്ടി തഹസിൽദാർ കുരുക്കിലായി. കോന്നി ഡെപ്യൂട്ടി തഹസിൽദാർ പി.ആർ. ഷൈനാണ് വെട്ടിലായിരിക്കുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് ഇയാളെ പവർഗ്രിഡിലേക്ക് സ്ഥലം മാറ്റി. റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് ഷൈൻ. വി. കോട്ടയം അമ്പാടി ഗ്രാനൈറ്റ്‌സിലെ സർവേ നടപടികളുമായി ബന്ധപ്പെട്ട് ഉടമ അമ്പാടി സദാനന്ദനിൽ നിന്നുമാണ് ഡെപ്യൂട്ടി തഹസിൽദാർ 22 ലക്ഷം കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്നത്. പറഞ്ഞതു പോലെ ചെയ്യാൻ പറ്റാതെ വന്നതോടെ 20 ലക്ഷം ഇദ്ദേഹം തിരികെ നൽകി. തിരിച്ചു കൊടുത്ത തുകയിൽ 47 എണ്ണം കള്ളനോട്ടായിരുന്നുവെന്ന് അമ്പാടി സദാനന്ദൻ ആരോപിക്കുന്നു. ഡെപ്യൂട്ടി തഹസിൽദാർ 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് തെളിവായി ക്വാറി ഉടമയുമായുള്ള ഫോൺ സംഭാഷണവും പുറത്തു വന്നു. ഡെപ്യൂട്ടി തഹസിൽദാർ പി.ആർ. ഷൈനിനോട് ഉടമ കെ. സദാനന്ദൻ നടത്തിയ 13 മിനിറ്റ് നീളുന്ന ടെലിഫോൺ സംഭാഷണമാണ് പുറത്തായത്.

വി. കോട്ടയം തുടിയുരുളിപ്പാറയിൽ നടത്തിയ ഖനനം സംബന്ധിച്ച് ഉടമയ്‌ക്കെതിരെ ഗ്രാമരക്ഷാ സമിതി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരംസർവേ അടക്കമുള്ള നടപടി ആരംഭിക്കുകയും ചെയ്തു. മൂന്നു മാസം മുമ്പാണ് സർവേ നടന്നത്. ഇതിൽ അനുകൂല റിപ്പോർട്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഉടമയിൽ നിന്നും ഷൈനും സംഘവും പണംവാങ്ങിയത്. 35 ലക്ഷം രൂപയാണ് തുടക്കത്തിൽ ഇവർ ആവശ്യപ്പെട്ടതെന്ന് സംഭാഷണത്തിൽ വ്യക്തമാകുന്നു. എന്നാൽ ഇതിനു തയാറാകാതെ 25 ലക്ഷം രൂപ നൽകാമെന്ന് സദാനന്ദൻ സമ്മതിച്ചു. ഇതിൽ 23 ലക്ഷം രൂപ നൽകിയെന്നും സദാനന്ദൻ പറയുന്നുണ്ട്. എന്നാൽ 22 ലക്ഷം മാത്രമാണ് തങ്ങൾ കൈപ്പറ്റിയതെന്ന് ഷൈൻ ഉടമയെ തിരുത്തുന്നുമുണ്ട്.

താലൂക്ക് സർവേ വിഭാഗത്തിന്റെ തലവൻ രമേഷാണ് ഇവർക്കിടയിലെ ഇടനിലക്കാരൻ എന്നും സംഭാഷണത്തിൽ നിന്നും മനസിലാകുന്നു. ഇയാളാണ് വിവാദ സ്ഥലത്തിന്റെ സർവേ നടപടികൾക്ക് നേതൃത്വം നൽകിയത്. 22 ലക്ഷത്തിൽ 20 ലക്ഷവും രമേശ് കൈപ്പറ്റി എന്നാണ് ഷൈൻ പറയുന്നത്. രണ്ടു ലക്ഷം മാത്രമേ താൻ കൈപ്പറ്റിയിട്ടുള്ളുവെന്നും ഷൈൻ വ്യക്തമാക്കുന്നു.
എന്നാൽ സർവേയിൽ സദാനന്ദന്റെ അമ്പാടി ഗ്രാനൈറ്റ്‌സ് രണ്ടേക്കറോളം റവന്യൂ ഭൂമി കൈയേറിയെന്ന് കണ്ടെത്തി. ഇതേ തുടർന്ന് 4.57 കോടി രൂപ പിഴയടക്കാൻ തഹസിൽദാർ നോട്ടീസയച്ചു.

വാക്ക് പാലിക്കാൻ കഴിയാതെ വന്നതോടെ 20 ലക്ഷം രൂപ രമേശ് തിരികെ നൽകി. തെറ്റായ ഫീൽഡ് മാപ്പ് ഉപയോഗിച്ചതാണ് സർവേ റിപ്പോർട്ട് ഉടമയ്‌ക്കെതിരാകാനുള്ള കാരണമായി രമേശ് പറഞ്ഞതത്രേ. ബാക്കി തുക ആവശ്യപ്പെട്ട് അമ്പാടി സദാനന്ദൻ ഷൈനിനോട് നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ബാക്കി തുക ഉടൻതന്നെ തിരികെ നൽകാമെന്ന് സംഭാഷണമധ്യേ ഷൈൻ ഉറപ്പു നൽകുന്നുണ്ട്. അതേസമയം രമേശ് തന്റെ മകനെ തിരികെ ഏൽപിച്ച 20 ലക്ഷത്തിൽ 47 കള്ളനോട്ടുകൾ ഉണ്ടായിരുന്നെന്ന കാര്യം സദാനന്ദൻ വെളിപ്പെടുത്തുന്നു. ഇത് താൻ കത്തിച്ചു കളഞ്ഞെന്നും അദ്ദേഹം പറയുന്നു.

25 വർഷമായി പരിചയമുള്ള തന്നെ ഷൈൻ ചതിക്കുകയായിരുന്നു എന്നും സദാനന്ദൻ കുറ്റപ്പെടുത്തുന്നു. രമേശ് ഗ്രാമരക്ഷാ സമിതിയുടെ പ്രവർത്തകൻ ആയിരുന്നു എന്നും ആരോപിക്കുന്നു. സമിതിയുടെ പക്കൽ നിന്നും കൂടുതൽ പണംവാങ്ങി ചതിക്കുകയായിരുന്നുവെന്നുംകുറ്റപ്പെടുത്തുന്നു. ഇതിനിടെ താലൂക്ക് സർവയറായി പിരിഞ്ഞ മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് സ്ഥലം വീണ്ടും അളന്ന വിവരവും ഷൈനെ ധരിപ്പിച്ചിരുന്നു. ഇതിൽ വറന്യൂ ഭൂമി കൈയേറിയതായി തെളിഞ്ഞിട്ടില്ല. അതിനാൽ വീണ്ടും കലക്ടർക്ക് പരാതി നൽകുമെന്നും സദാനന്ദൻ പറയുന്നു.

വാക്കാലുള്ള വാചകമടിയല്ലാതെ സദാനന്ദൻ ഇതുവരെ ആർക്കും രേഖാമൂലം പരാതി നൽകിയിട്ടില്ല. ഷൈൻ പണം വാങ്ങിയെന്ന വിവരം സദാനന്ദൻ തന്നോട് പറഞ്ഞിരുന്നതായി കോന്നി തഹസിൽദാർ രാജൻ പറഞ്ഞു. പരാതി എഴുതി നൽകാൻ താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്നും രാജൻ പറഞ്ഞു. അമ്പാടി ഗ്രാനൈറ്റ്‌സിന്റെ ഭൂമി അളന്നപ്പോൾ കൈയേറ്റം കണ്ടെത്തുകയും അതിന് നാലരക്കോടി പിഴ ഈടാക്കുകയും ചെയ്തതിന്റെ പകയാണ് സദാനന്ദന് തന്നോട് എന്നാണ് ഡെപ്യൂട്ടി തഹസിൽദാർ ഷൈൻ പറയുന്നത്. പക പോക്കലിനായി തന്നെ മനഃപൂർവം കെണിയിൽപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങുന്ന പാരമ്പര്യമുള്ളയാളാണ് ഷൈൻ എന്നാണ് മറ്റ് ഉദ്യോഗസ്ഥർ പറയുന്നത്. റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ വിശ്വസ്തനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP