Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഓപ്പറേഷൻ കൂടാതെ മൂലക്കുരു ചികിത്സ കേരളത്തിൽ വ്യാപകം; ഗ്ലാസ് പൊടിച്ചുചേർത്ത ചരടു കൊണ്ടുള്ള പ്രാകൃത പ്രയോഗം അപകടകരം: ചികിത്സിക്കുന്ന പലരും സ്‌കൂളിന്റെ പടി കയറാത്ത ബംഗാളികൾ

ഓപ്പറേഷൻ കൂടാതെ മൂലക്കുരു ചികിത്സ കേരളത്തിൽ വ്യാപകം; ഗ്ലാസ് പൊടിച്ചുചേർത്ത ചരടു കൊണ്ടുള്ള പ്രാകൃത പ്രയോഗം അപകടകരം: ചികിത്സിക്കുന്ന പലരും സ്‌കൂളിന്റെ പടി കയറാത്ത ബംഗാളികൾ

പാലക്കാട്: മൂലക്കുരു, ഭഗന്ദരം എന്നിവയ്ക്ക് ഓപ്പറേഷൻ കൂടാതെ ചികിത്സ എന്ന ബോർഡ് വച്ച് നഗരങ്ങൾ തോറും വ്യാജചികിത്സ നടത്തുന്ന ബംഗാളികളുടെ എണ്ണം പെരുകുന്നു. ശസ്ത്രക്രിയയെ ഭയപ്പെടുന്ന ശരാശരി മലയാളിയുടെ മനഃശ്ശാസ്ത്രം മനസിലാക്കി തികച്ചും പ്രാകൃതമായ ചികിത്സ ചെയ്യുന്ന ഇവർ ഗ്ലാസ് പൊടിച്ച കുഴമ്പിൽ മുക്കി ഉണക്കിയെടുത്ത ചരടുപയോഗിച്ചാണു അർശസും മൂലക്കുരുവുമൊക്കെ വരിഞ്ഞു കെട്ടുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്്.

കഴിഞ്ഞ ഒരു വർഷത്തിനകംതന്നെ നൂറുകണക്കിനു വ്യാജചികിത്സാകേന്ദ്രങ്ങളാണ് പലയിടത്തായി മുളച്ചു പൊന്തിയത്. റോഡരികിൽ ഒരു കൊച്ചുമുറി, രോഗിയെ കിടത്തി പരിശോധിക്കാൻ കട്ടിൽ, പിന്നെ നോട്ടീസ് അടിച്ച് പരസ്യപ്രചരണത്തിനുള്ള പണവുമുണ്ടെങ്കിൽ ആശുപത്രി തുടങ്ങാം. കേരളത്തിൽ ഏതു ചെറിയടൗണിലും കാണാവുന്ന ഇത്തരം ചികിത്സാലയങ്ങളിലെ വൈദ്യന്മാർ സ്‌കൂളിന്റെ പടി പോലും കാണാത്ത അന്യസംസ്ഥാനക്കാരാണ്, കൂടുതലും ബംഗാളികൾ. പാരമ്പര്യമായി കിട്ടുന്ന ചികിത്സാ പാടവം കൊണ്ടാണത്രേ ഇവരുടെ ചികിത്സ.

Stories you may Like

വൻകുടലിന്റെ അവസാനഭാഗത്തോ മലദ്വാരത്തിലോ ഉണ്ടാകുന്ന മുഴയാണ് മൂലക്കുരു എന്നു നാടൻഭാഷയിൽ വിളിക്കുന്ന അർശസ് അഥവാ പൈൽസ്. തുടക്കത്തിലാണെങ്കിൽ മരുന്നു കഴിച്ചോ അല്ലെങ്കിൽ ശാസ്ത്രീയമായ മാർഗത്തിലൂടെ കരിച്ചുകളഞ്ഞോ നിസാരമായ ഓപ്പറേഷനിലൂടെയോ ഇല്ലാതാക്കാവുന്നതാണ് ഈ രോഗം. എന്നാൽ ബംഗാളികളിൽ പലരും ചില്ലു പൊടിച്ചുണ്ടാക്കുന്ന കുഴമ്പിൽ മുക്കിയെടുത്തുണക്കിയ ചരടുപയോഗിച്ചു അർശസ്മുഴയുടെ ചുവട്ടിൽ കെട്ടിയിടുന്നു. പിന്നീട് ഓരോ ദിവസവും ഈ കെട്ടു മുറുക്കിക്കൊണ്ടിരിക്കും. രക്തയോട്ടം നിലയ്ക്കുന്നതോടെ ക്രമേണ ആ മാംസഭാഗം അടർന്നു പോകും. ഇതാണ് ഇവരുടെ പ്രധാന ചികിത്സാരീതി. എന്നാൽ ഈ ചരട് രോഗികളിൽ അണുബാധയുണ്ടാക്കുന്നതായതിനാൽ കൂടുതൽ സങ്കീർണതകളിലേക്കാവും രോഗി നയിക്കപ്പെടുന്നത്. അതിലേറെ ഗുരുതരമായ പ്രശ്്‌നം അർശസ് എന്നു തോന്നിക്കുന്ന പലതും കാൻസറായിരിക്കുമെന്നതാണ്.

മലാശയ കാൻസർ(rectal cancer) പ്രത്യക്ഷത്തിൽ ഇതേ ലക്ഷണങ്ങളാണു കാട്ടുന്നത്. അർശസാണെന്നു കരുതി കാൻസറിനെ ചരടുകൊണ്ടു ചുവട്ടിൽ കെട്ടിയിടുന്ന അവസ്ഥയുണ്ടാകുന്നത് എത്രമാത്രം പ്രാകൃതമാണ്! വിദഗ്ധനായ സ്‌പെഷലിസ്റ്റിനു മാത്രമേ ഇതു രോഗനിർണയത്തിലൂടെ തിരിച്ചറിയാനാവൂ. വിദ്ഗ്ധ പരിശോധന കൂടാതെ ചികിത്സ നടത്തി നിരവധി പേർ ഗുരുതരാവസ്ഥയിലായ സംഭവങ്ങളുണ്ട്. തുടക്കത്തിലേ ചികിത്സകിട്ടിയാൽ ഭേദമാക്കാവുന്ന റെക്ടൽ കാൻസറുകൾ ഇക്കൂട്ടരുടെ രോഗനിർണയത്തിലൂടെ അർശസാണെന്നു തെറ്റിദ്ധരിച്ചു ചികിത്സിക്കുകയും പിന്നീട് കുളമാകുകയും ചികിത്സ വൈകിപ്പോയതിനാൽ രോഗി മരിച്ചുപോവുകയുംചെയ്ത എത്രയെത്ര സംഭവങ്ങളുണ്ട്്! വർഷങ്ങൾക്കുമുമ്പ് ഒരു സിപിഐ നേതാവ് ഈ ചികിത്സയിലൂടെ മരിച്ച സംഭവം കോട്ടയംകാർ മറന്നിട്ടില്ല.

ഇക്കൂട്ടർ ചികിത്സിക്കുന്ന മറ്റൊരു രോഗമാണ് ഭഗന്ദരം എന്നറിയപ്പെടുന്ന ഫിസ്റ്റുല. മലദ്വാരത്തിനടുത്തു അണുബാധയും മറ്റും മൂലം ദ്വാരം പിടിപെട്ടു പഴുക്കുന്ന അവസ്ഥയാണിത്. ദ്വാരത്തിന്റെ ട്രാക്ക് മനസിലാക്കുന്നത് ഒരു ലോഹദണ്ഡുപയോഗിച്ചാണ്. തുടർന്ന് മേൽപറഞ്ഞ ചരട് ദ്വാരത്തിലേക്കു കടത്തി രണ്ടഗ്രങ്ങൾ തമ്മിൽ കൂട്ടിക്കെട്ടുന്നു. പിന്നീട് ഓരോ ദിവസവും മുറുക്കിക്കെട്ടുകയാണു ചെയ്യുക. ആയുർവദ വിധിപ്രകാരം വിവിധ ഔഷധങ്ങളിൽ മുക്കി ഉണക്കിയെടുത്ത ക്ഷാരസൂത്രയെന്നപേരിലറിയപ്പെടുന്ന ചരടുപയോഗിച്ചാണ് ചികിത്സ. ഇവിടെ പകരം ഗ്ലാസ് പൊടിച്ചു ചേർത്ത ചരടുപയോഗിച്ചുള്ള പ്രാകൃതചികിത്സയും.

ചികിത്സ തേടി പോകുന്നവർക്കെല്ലാം മിക്കവാറും ഒരു രോഗം ഇങ്ങോട്ട് സമ്മാനിച്ച് പണം തട്ടിയെടുക്കുന്ന ഇത്തരം ചികിത്സാ കേന്ദ്രങ്ങൾക്കെതിരേ പരാതിപ്പെട്ടാലും നടപടി ഇല്ലാത്ത അവസ്ഥയാണ്. മൂലക്കുരു, ഭഗന്ദരം തുടങ്ങിയവ കൂടാതെ സ്ത്രീപുരുഷന്മാർ പുറത്തു പറയാൻ മടിക്കുന്ന രഹസ്യരോഗങ്ങളും വന്ധ്യതാ ചികിത്സയും ഇവിടങ്ങളിൽ നടക്കുന്നുണ്ട്. ഓപ്പറേഷൻ കൂടാതെ എന്നതാണ് ഇത്തരം വ്യാജ ചികിത്സാകേന്ദ്രങ്ങളിലെ പരസ്യവാചകങ്ങൾ. ചരടുപയോഗിച്ചുള്ള വരിഞ്ഞു കെട്ടലിനെത്തുടർന്നുഅണുബാധയുണ്ടായാൽ വേദനസംഹാരികളും ലേപനങ്ങളും ലഭിക്കുമെങ്കിലും, അലോപ്പതി ഗുളികകളും മരുന്നും ചേർത്തരച്ച് തയ്യാറാക്കുന്ന പച്ചമരുന്നുകളാണ് ഇവയിൽ അധികവും. ഇത്തരം ചികിത്സ പ്രമേഹരോഗമുള്ളവരിലാണ് കൂടുതൽ ഗുരുതരമാവുക.

മുറിവ് ഉണങ്ങാതെ പഴുപ്പ് ഉള്ളിലേക്കു കയറി രോഗി ഗുരുതരാവസ്ഥയിലെത്തും. ഇവർ പിന്നീട് വിദഗ്ധചികിത്സ തേടി സ്വകാര്യ ആശുപത്രികളിലോ, മെഡിക്കൽ കോളേജിലോ എത്തുമ്പോൾ ശസ്ത്രക്രിയയും മറ്റും അത്യാവശ്യമായി വരും. തുടക്കത്തിൽ ആശുപത്രികളിൽ എത്തി ഇത്തരം രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ തേടിയാൽ അയ്യായിരം രൂപ ചെലവിൽ തന്നെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കരിച്ചുകളയാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. പരസ്യവാചകത്തിൽ വിശ്വസിച്ചെത്തുന്നവരാണ് ഇവിടെ വഞ്ചിക്കപ്പെടുന്നത്. പുറത്തുപറയാൻ മടിക്കുന്ന രോഗങ്ങൾക്ക് ഇവിടെ വരുന്നവർ ചികിത്സ വഴി പണം നഷ്ടപ്പെട്ടാലും കാര്യങ്ങൾ പുറത്തുപറയില്ല എന്നിവർക്കറിയാം. വന്ധ്യതാ ചികിത്സക്ക് അധികവും നൽകുന്നത് ഒരു തരം എണ്ണയാണ്. ഇതിന് അലോപ്പതി ചികിത്സ ചെയ്യുന്നുണ്ടെങ്കിൽ അതു നിർത്തേണ്ടതില്ലെന്നും ഉപദേശിക്കും. അലോപ്പതി ചികിത്സ കൊണ്ട് ഗുണം കിട്ടിയാലും പേര് ഇവർക്കാവും.

വ്യാജ ചികിത്സാ കേന്ദ്രങ്ങളിൽ അയ്യായിരം മുതൽ ഇരുപത്തി അയ്യായിരം രൂപവരെയാണ് ഇത്തരം രോഗങ്ങൾക്ക് ഫീസായി ഈടാക്കുന്നത്. വൈദ്യന്മാർ എന്നവകാശപ്പെടുന്ന ഇത്തരക്കാർ ഭൂരിഭാഗവും ബംഗാളിൽ നിന്നെത്തിയവരാണ്. ഹിന്ദി, തമിഴ്, മലയാളം ഭാഷകൾ നന്നായി സംസാരിക്കുമെങ്കിലും ഭൂരിഭാഗം പേർക്കും ചികിത്സ നടത്താനായി ഒരു യോഗ്യതയും ഇല്ലാത്തവരാണ്. കൂടാതെ വേദനയുമായി ചെന്നാൽ അലോപ്പതി മരുന്നുകളാണ് വേദനാ സംഹാരിയായി ഇവർ നൽകുക.ഒരു വ്യാജഡോക്ടർ തന്നെ പല സ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുന്നതും പതിവാണ്. ഒരു സ്ഥലത്തുള്ള പേരിലാവില്ല മറ്റിടങ്ങളിൽ അറിയപ്പെടുന്നത്്. എന്നാൽ കൺസൾട്ടിങ്ങ് സമയത്തിൽ മാത്രം മാറ്റം വരും. റോഡരികിലെ ഷട്ടറിട്ട ഒരു മുറിയും രോഗിയെ കിടത്തി ഒറ്റമൂലി ഓപ്പറേഷൻ നടത്താനുള്ള ഒരു ബെഡുമല്ലാതെ മറ്റൊന്നും ഇത്തരം ചികിത്സാ കേന്ദ്രങ്ങൾക്ക് ആവശ്യമില്ല. ഏതെങ്കിലും ആയുർവേദ മരുന്ന് വിൽക്കാനുള്ള ലൈസൻസ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നു കരസ്ഥമാക്കി അതിന്റെ പേരിലാണ് ചിലയിടങ്ങളിൽ ചികിത്സ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP